ഇതിനും മാത്രം കല്ലുകള്‍ ഈ വൃക്കയില്‍ എവിടെയിരുന്നു? അതിശയത്തോടെ ചോദ്യം ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല. ഴാങ് എന്ന അമ്പത്താറുകാരിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാരും ഈ ചോദ്യം സ്വയം ചോദിച്ചു കാണണം.
ചൈനയിലെ ഷാങ്ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത നടുവേദനയും പനിയുമായി കഴിഞ്ഞ ആഴ്ചയാണ് ഴാങ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏകദേശം 3000 കല്ലുകളാണ് ഇവരുടെ വൃക്കയില്‍ നിന്ന് കണ്ടെടുത്തത്. ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്തു.
ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഴാങ് ആരോഗ്യവതിയായി. പുറത്തെടുത്ത കല്ലുകള്‍ എണ്ണി തീര്‍ത്തത് ശാസ്ത്രക്രിയ നടത്തിയതിനേക്കാള്‍ പ്രയാസമായിരുന്നുവെന്നാണ് ഴാങിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
ഇത്രയും കല്ലുകള്‍ വൃക്കയ്ക്കുള്ളില്‍ നിന്നും കണ്ടെടുക്കുമെന്ന് ഴാങ് പ്രതീക്ഷിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തി വരികയായിരുന്നു ഴാങ്. ഇതുവരെയുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകാരം മഹാരാഷ്ട്ര സ്വദേശി ധന്‍രാജിന്റെ വൃക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ പുറത്തെടുത്തിരിക്കുന്നത്. 1,72,155 കല്ലുകളാണ് ധന്‍രാജിന്റെ വൃക്കയില്‍ നിന്നും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: