കൊച്ചി: അശാസ്ത്രീയവും കുട്ടനാടിന്റെ ശാപവുമായി മാറിയ തണ്ണീര്‍മുക്കം ബണ്ട് പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് വാദം. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമായത് തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നിട്ടും, മുഖ്യമന്ത്രിയുടെ സമയക്കുറവു മൂലം ഉദ്ഘാടനം ചെയ്യാഞ്ഞതുമൂലമാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ വാദം ശ്രദ്ധേയമാകുന്നു. കുട്ടനാട്ടുകാരനായ ജയകൃഷ്ണന് കാവാലം എഴുതുന്നു:
കുട്ടനാടിന്റെ തീരാശാപവും, അശാസ്ത്രീയവും, ദീര്‍ഘവീക്ഷണമില്ലാത്തതുമായ വികസനത്തിന്റെ മകുടോദാഹരണവുമാണ്, 1972 മുതല്‍ നിലനില്‍ക്കുന്ന തണ്ണീര്‍മുക്കം ബണ്ട്. വര്‍ഷത്തില്‍ മൂന്നു കൃഷിയിറക്കുക എന്ന ആവശ്യത്തിനായി നിര്‍മ്മിച്ച ഈ കീറാമുട്ടി കുട്ടനാട്ടിലെ, പ്രത്യേകിച്ച് ലോവര്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ചെയ്യുന്ന ദ്രോഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
വര്‍ഷത്തില്‍ മൂന്നു കൃഷിയിറക്കി കൂടുതല്‍ ലാഭമുണ്ടാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെങ്കില്‍, കുട്ടനാട്ടില്‍ നെല്‍കൃഷി വളരുകയാണോ തളരുകയാണോ ചെയ്തതെന്ന് കര്‍ഷകരും, അധികൃതരും നിരീക്ഷിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നാള്‍ക്കുനാള്‍ നെല്‍കൃഷിയും, നെല്ലുല്‍പ്പാദനവും കുറയുകതന്നെയാണ്. അതുകൊണ്ടുതന്നെ തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രാഥമിക ലക്ഷ്യം അമ്പേ പരാജയമായി എന്ന് തറപ്പിച്ചു പറയാം.
ബണ്ടുമൂലം പ്രകൃതിക്കും, പ്രദേശവാസികള്ക്കുമുണ്ടായിട്ടുള്ള തിരിച്ചടികള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. പ്രകൃതി കനിഞ്ഞു നല്കിയ വലിയൊരു അനുഗ്രഹത്തെയാണ് കോട്ടകെട്ടി തളച്ചിടുന്നത്. വര്‍ഷംതോറും ഓരുവെള്ളം (കടല്‍വെള്ളം) കയലിലും പുഴയിലും തോടുകളിലും കയറിയിറങ്ങുക എന്നതായിരുന്നു ആ അനുഗ്രഹം. കുട്ടനാടിന്റെ 500 ചതുരശ്രകിലോമീറ്ററിലധികം പ്രദേശം സമുദ്രനിരപ്പിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഏറിയ ശതമാനവും ജലാവൃതമായ ഈ പ്രദേശത്ത് പ്രകൃതി ചെയ്തു കൊണ്ടിരുന്ന വലുതും, ഏറ്റവും പ്രായോഗികമായതുമായ ശുദ്ധീകരണപ്രക്രിയയായിരുന്നു ഈ ഓരുവെള്ളക്കയറ്റം.
കുട്ടനാടു പായ്ക്കേജില്നിന്ന് കുട്ടനാട്ടിലെ കുളവാഴ (പായല്‍) നീക്കം ചെയ്യാനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെലവഴിച്ച തുക 7.20 കോടിരൂപയാണ്. കുളവാഴകളെല്ലാം നശിപ്പിച്ചതിനേക്കാള്‍ പതിന്മടങ്ങു വേഗത്തില്‍ വളര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ ഉപ്പുവെള്ളം കയറിയിറങ്ങിയിരുന്നപ്പോള് ഇവ സ്വയം നശിച്ചിരുന്നു. പകരമാണ്, ഇന്നിപ്പോള്‍ വ്യര്‍ത്ഥമാകുന്ന ഈ മനുഷ്യാദ്ധ്വാനവും, പണച്ചെലവും.
കായലിലും, കൃഷിയിടങ്ങളിലും ഇറങ്ങുന്നവര്‍ക്ക് നിത്യശല്യമായ കുളയട്ടകള്‍ ഒറ്റയൊരെണ്ണം ഓരുവെള്ളം കയറിയിറങ്ങിയാല്‍ പിന്നെ കാണുമായിരുന്നില്ല. ജലജീവികളുടെയും, സസ്യങ്ങളുടെയും ജൈവിക ഘടനയെത്തന്നെ യുക്തിബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ വികസനം താറുമാറാക്കി.
കുട്ടനാടന്‍ കായല്‍പ്പരപ്പുകളില്‍ സമൃദ്ധമായിരുന്ന കൊഞ്ചും, കരിമീനുമെല്ലാം ഇന്ന് ഏറെക്കുറേ അപ്രത്യക്ഷമായി. ഉപ്പുവെള്ളം കയറിയിറങ്ങിയിരുന്നത് അവയുടെ പ്രജനനത്തിന് അനുകൂലവും, അനിവാര്യവുമായ ഘടകമായിരുന്നു. പള്ളത്തി, പരല്‍ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ജലം ഭീതിദമാം വിധം മലിനമായതാണ് കാരണം. വര്‍ഷകാലത്ത് വെള്ളപ്പൊക്കമുണ്ടായാല്‍ അതിന് കടലിലേക്ക് ഒഴുകാനുള്ള വഴി തടയപ്പെട്ടു. ഉണ്ടായിരുന്ന നാട്ടുതോടുകള്‍, കുട്ടനാടന്‍ ജീവിതത്തിന്റെ ജീവ നാഡികള്‍ തന്നെയായിരുന്നു. അവ നികത്തി അതിനു മുന്നിലൂടെ റോഡ് പണിയുകകൂടി ചെയ്തപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ രൂക്ഷതയും, ദുരിതവും വര്‍ദ്ധിച്ചു. ഇടത്തോടുകളിലും നാട്ടുതോടുകളിലും ഒഴുക്കു നിലച്ചതും, എക്കലടിഞ്ഞതും ജലത്തെ മലീമസമാക്കുക വഴി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ കുട്ടനാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു.
അശാസ്ത്രീയവും, അമിതലാഭേച്ഛയോടെയുമുള്ള രാസവളകൃഷിസമ്പ്രദായം മണ്ണിന്റെ ജൈവികമൂല്യത്തെ നശിപ്പിച്ചു. കൃഷിക്കുശേഷം കയറ്റുന്ന വെള്ളം പിന്നീട് കായലിലേക്കു തുറന്നു വിടുമ്പോള്‍ പടരുന്ന മാരകവിഷവും, രാസവസ്തുക്കളും ചേര്‍ന്ന ജലം അക്ഷരാര്‍ത്ഥത്തില്‍ കുട്ടനാടന്‍ കായലുകളെ വിഷനദിയാക്കി. ഇവ കടലിലേക്ക് ഒഴുകിപ്പോകാനോ, കടലിന് വര്‍ഷത്തിലൊരിക്കല്‍ സ്വയം വന്നെത്തി ശുദ്ധീകരിക്കാനോ കഴിയാത്ത വിധം തടവറ തീര്‍ത്താണ് തണ്ണീര്‍മുക്കം ബണ്ട് തലയുയര്‍ത്തി നില്‍ക്കുന്നത്.
കൃഷിയെ ആശ്രയിച്ചും, ജലത്തെ ആശ്രയിച്ചും കഴിഞ്ഞിരുന്ന നിരപരാധികളായ ഒരു വലിയ ജനസമൂഹത്തോടു ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് തണ്ണീര്‍മുക്കം ബണ്ടെന്നതില് എനിക്ക് സംശയമില്ല. ഇനിയും പറഞ്ഞാലൊടുങ്ങാത്ത പാരിസ്ഥിതിക ദോഷങ്ങള്‍ ഈ ബണ്ട് നിലനില്‍ക്കുന്നതുകൊണ്ട് മാത്രമുണ്ട്. അത് പുനര്‍നിര്‍മ്മിക്കുകയല്ല, പൂര്‍ണ്ണാമായും പൊളിച്ചു കളയുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: