കണ്ണൂര്‍ ജില്ലയുടെ വടക്കെ അറ്റത്തുളള പയ്യന്നൂരില്‍നിന്ന് ചീമേനിയിലേക്കുളള വഴിയില്‍ പതിനാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കിണര്‍മുക്ക് എന്ന ഗ്രാമത്തിലെത്തിച്ചേരാം.അവിടെ ഒരു സാധു ജീവിക്കുന്നുണ്ട്. ഗുഹാനിവാസിയായ സാധു വിനോദ്ജി.
”തല്ലുകൂടുകയും സാഹസികകൃത്യത്തിലേര്പ്പെടുകയുമൊക്കെ ചെയ്യുന്ന അക്കാലത്തെ നാട്ടുബാല്യം തന്നെയായിരുന്നു എന്റേതും. മൂന്നാം വയസ്സു മുതല്‍ അച്ഛനുകീഴില്‍ യോഗ അഭ്യസിച്ചിരുന്നു. സ്വന്തം താല്പര്യപ്രകാരമായിരുന്നു. എട്ടാം വയസ്സുമുതലുള്ള കളരിപ്പയറ്റ് പഠനമുള്‍പ്പെടെ മറ്റ് സഹോദരങ്ങളൊന്നും പ്രകടിപ്പിക്കാത്ത താല്പര്യങ്ങള് പലതും തനിക്കുണ്ടായിരുന്നു. എല്ലാവരോടുമൊപ്പം ഇടപഴകി അവരിലൊരാളായി കഴിയുമ്പോഴും താന്‍ അവരിലെന്നല്ല, ആരിലും ആളായിട്ടില്ല. കൂടപ്പിറപ്പുകളോടൊപ്പമായിരുന്നപ്പോഴും, വീട്ടതിരിന് പുറത്തേക്ക് ചുവടുകള്‍ വളര്‍ന്നപ്പോഴും എന്നില്‍ ഏകാന്തതയുടെ ഒരുലോകം ഉണ്ടായിരുന്നു.”
യോഗയും കളരിയുമൊക്കെ കായികക്ഷമതക്കുവേണ്ടി മാത്രമുള്ളതല്ല. ശരീരത്തിനപ്പുറത്തേക്ക്, മനുഷ്യന്റെ പൂര്‍ണ്ണതയിലേക്ക്, അദ്ധ്യാത്മികതയിലേക്ക,് ഇന്ദ്രിയങ്ങളുടെ ഏകാഗ്രതയിലേക്കുള്ളതുകൂടിയാണ് എന്ന് സാധു വിനോദ്ജി പറയുന്നു.
എല്ലാവരിലും ഒരാളായി കഴിയുമ്പോഴും തന്നിലുണ്ടായിരുന്ന ഏകാന്തതയോ ഏകാഗ്രതയോ ആവണം, ഒരു പൂവിരിഞ്ഞത് നോക്കി ഉറക്കമിളച്ച് രാത്രിയെ പുലര്‍ത്തിയത്. ഒരു ഉറുമ്പിനു പിന്നാലെ (തിരിച്ചറിയാന്‍ മഷി പുരട്ടിയിട്ടുണ്ടാകും) പകല്‍ മുഴുവന്‍ നടന്നത്. വിരിഞ്ഞ് പൂര്‍ണ്ണമായ പൂവിനെ കണ്ട് ഒന്ന് മണത്തിട്ട് പുലര്‍കാലത്ത് ഉറങ്ങാനായി പോവുന്ന, പകല്‍ മുഴുവന്‍ നിരീക്ഷിച്ച ഉറുമ്പിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകുന്ന ഒരാള്‍.
തനിക്ക് എല്ലാം നേരിട്ടറിയണം. അനുഭവിച്ചറിയണം. നേരിട്ടറിയുക, അനുഭവിച്ചറിയുക, തൊട്ടറിയുക, മണത്തറിയുക… അങ്ങനെ അനേക വിധത്തില്‍ അറിവ് നേടി ജ്ഞാനിയാകാം. അതിന് ആരവങ്ങള്‍ക്കിടയിലും ഏകാകിയായിരിക്കാന്‍ കഴിയണം.
കുട്ടിക്കാലത്തുതന്നെ കുട്ടിത്തം മാറിപ്പോയിരുന്നു. മുതിര്‍ന്ന ആളെപ്പോലെ പെരുമാറാനും തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിയുമായിരുന്നു. അതുവഴി മുതിര്‍ന്നവരുടെ ശ്രദ്ധയും പ്രീതിയും കൗമാരത്തില്‍ ലഭിച്ചിരുന്നു.
ആത്മീയതയെ പോഷിപ്പിക്കുന്ന കൂട്ടുകെട്ടോ സാഹചര്യമോ മറ്റ് ഘടകങ്ങളോ ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല, വിരുദ്ധമായ കാഴ്ചകളും കേള്വികളും അനുഭവങ്ങളുമായിരുന്നു ജീവിതപരിസരത്ത്. ഇതൊരു മടുപ്പ് തന്നെയായിരുന്നു. ക്ലാസ്മുറികള് നല്കിയതും അതുതന്നെ. മറ്റ് പുസ്തകങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അങ്ങനെയായിരിക്കണം.
സാഹിത്യത്തില്‍നിന്ന് സന്യാസത്തിലേക്ക്
സാഹിത്യകൃതികളിലൂടെയായിരുന്നു വിനോദ്ജിയുടെ തുടക്കം. ഹൈസ്കൂള്‍ കാലമാകുമ്പോഴേക്കും ഭഗവത് ഗീതയിലെത്തി. തുടര്‍ന്നിങ്ങോട്ട് ആ വഴിക്കുള്ള ഗ്രന്ഥങ്ങളിലൂടെയുള്ള തീര്‍ഥയാത്രയാണ്. അന്വേഷിച്ച് കണ്ടെത്തി വായിക്കുക എന്ന വ്രതം. കഥകളും നാടകങ്ങളുമൊക്കെ എഴുതിയിരുന്ന പാഠ്യകാലത്തുനിന്ന് എത്രയോ പീഠഭൂമികളും മലകളും താഴ്വരകളും താണ്ടിയിരിക്കുന്നു.
പ്രകൃതിയോടങ്ങേയറ്റം അടുപ്പം തോന്നിതുടങ്ങി. സര്‍വ്വജീവജാലങ്ങളോടും വല്ലാത്ത ഇഷ്ടം. വെയിലത്ത് നടന്നു. നിലാവത്ത് കിടന്നു. വീരചാമുണ്ഡ്വേശ്വരി ക്ഷേത്രത്തിലെ അഗ്രശാലയിലും ആള്‍താമസമില്ലാത്ത കോളങ്കട തറവാട്ടിലെ ഉള്‍മുറിയിലും ഏകാകിയായി ഇരുന്നു. ചുറ്റുപാടിലെ ഇളക്കങ്ങളും ശബ്ദങ്ങളും നിരീക്ഷിച്ചു.
ആയിടയ്ക്കാണ് ചീമേനിക്കടുത്തുള്ള ആലപ്പടമ്പിലേക്ക് മാറുന്നത്. ജീവിതത്തിന് കാവിയുടെ നിറം തയ്യാറാക്കി കാത്തിരിക്കുകയായിരുന്നിരിക്കണം അവിടുത്തെ ഗുഹ. തുമ്പിയേയും പഴുതാരയേയും കാറ്റിനേയും വാരിപ്പുണരുന്ന നിര്മലജീവിതത്തിനായി പ്രകൃതി നിര്മിച്ചുവച്ചതാവാം ആ ഗുഹ. ഏകാന്തമായ ഇരിപ്പ് പിന്നെ ഗുഹയിലായി. തറവാട്ടുസ്വത്തില്പ്പെടുന്ന പ്രദേശമാണത്. മയിലുകളും മരംചാടികളും ഉരഗങ്ങളും അങ്ങനെ എണ്ണമറ്റ ജീവികള്‍ കൂട്ടിന്. സംന്യാസത്തിലേക്ക് പോയതായിരുന്നു അച്ഛന്റെ അച്ഛന്. എങ്കിലും പഠനമവസാനിപ്പിച്ച് ഏകാന്തജീവിയായി ഗുഹവാസിയായി കഴിയുന്നതില്‍ എല്ലാവര്ക്കും മടുപ്പായിരുന്നു.
യുവാക്കള്‍ ആ മനുഷ്യനിലേക്ക് ആകര്ഷിക്കപ്പെടുന്നുണ്ടായിരുന്നു. പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സന്നദ്ധപ്രവര്ത്തനങ്ങളിലേര്പ്പെടുമ്പോഴും സമൂഹത്തിലൊരാളാകുമ്പോഴും അങ്ങനെയല്ലാതെ അന്തര്മുറിയിലെ ഏകാകിതന്നെയായിരുന്നു. അതിനാലാണ് പ്രകൃതിയെ ആര്‍ക്കാണ് സംരക്ഷിക്കാന്‍ കഴിയുക, പ്രകൃതി നമ്മെയല്ലേ സംരക്ഷിക്കുന്നത് എന്നുചോദിച്ചത്. പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കെങ്കിലും കഴിയു മോ? പ്രകൃതിയുടെ കേവലമായ ഒരു സൃഷ്ടി മാത്രമല്ലേ മനുഷ്യന്? പ്രകൃതിയുടെ ഭാഗമായ മനുഷ്യന് പ്രകൃതിയെ ദ്രോഹിക്കാതിരുന്നാല്‍ പോരേ? പ്രകൃതിയെ ദ്രോഹിക്കുന്ന ഏക ജീവി മനുഷ്യന് മാത്രമല്ലേ?
പൊതുപ്രവര്‍ത്തനത്തില്‍നിന്ന് ക്രമേണ മാറി ഏകാന്തതയില്‍നിന്ന് ഏകാഗ്രതയിലേക്കുള്ള വഴിയിലൂടെയായി. കൂടെ നടന്നവര്‍തന്നെ ഭ്രാന്തന് എന്ന് വിളിച്ചു; പ്രചരിപ്പിച്ചു. നാടുവിട്ടുപോകാം, ഒരു യാത്ര, അല്ലെങ്കില്‍ യാത്ര മാത്രം. സസ്യാഹാരിയായതുകൊണ്ടാണോ സന്ന്യാസ തുല്ല്യമായ ജീവിതം നയിച്ചതുകൊണ്ടാണോ എന്നറിയില്ല അങ്ങനെ തോന്നി-ഈ ഗുഹയെ അവധൂതാശ്രമം എന്നുവിളിക്കാന്‍. അന്ന് വയസ്സ് പതിനെട്ട്.
ഹിമാലയയാത്രയ്ക്ക് കാല്‍നൂറ്റാണ്ട്
ശക്തി സ്വരൂപാനന്ദ സരസ്വതിയുടെ ഗുരുവായ സ്വാമി ജ്ഞാനാനന്ദ സരസ്വതിയില്‍നിന്നാണ് ദീക്ഷ സ്വീകരിച്ചത്. കന്യാകുമാരി ആനന്ദകുടീരത്തില്‍ വച്ച് പരമേശ്വരാനന്ദ സരസ്വതിയാണ് സാധു എന്നുവിളിച്ചത്. വിദ്വത് സംന്യാസമാണ്. ബാല്യത്തിലെ അവ്വിധം ജീവിച്ച് അവനവനറിയാതെ ആയിത്തീരുന്ന സംന്യാസം. അതിനാല്‍ പേര് മാറ്റേണ്ടതില്ല. സാധു വിനോദ്ജി എന്ന് അഭ്യുദയകാംക്ഷികള്‍ വിളിച്ചു തുടങ്ങി.
ഭാരതത്തിന്റെ വടക്കോട്ടായാലും തെക്കോട്ടായാലും ഓരോ യാത്രകളും ഭാരതത്തെ അറിയുക, പ്രകൃതിയെ മനസ്സിലാക്കുക എന്നതിനായിരുന്നു. പാലായിലെ രാമകൃഷ്ണമഠത്തിലെ സ്വപ്രഭാനന്ദസ്വാമികളില് നിന്നാണ് സംസ്കൃതം പഠിച്ചത്. വീതസ്പൃഹാനന്ദ സ്വാമിയില്‍നിന്ന് ഗായത്രിയും ഹൃദിസ്ഥമാക്കി.
യാത്രകള്‍, അന്വേഷണങ്ങള്‍, പഠനങ്ങള്‍, മുടങ്ങാത്ത ഹിമാലയ യാത്ര ഇപ്പോള്‍ ഇരിപത്തിയഞ്ചാം കൊല്ലത്തിലെത്തിയിരിക്കുന്നു. എല്ലാവര്‍ഷവും മൂന്ന് മാസം ചാര്‍ധാമിലും ഹിമാലയത്തിലുമായിരിക്കും. പതിമൂന്ന് കൊല്ലം മുമ്പ് മാനസരോവരത്തിലേക്കും കൈലാസത്തിലേക്കും നടന്നുപോയി. ഇന്ത്യയിലെ ധാര്ചുലയില്നിന്ന് ആരംഭിച്ച് നേപ്പാളിലെ ധാര്ചുലയിലൂടെ കൈലാസത്തിലേക്ക് ഏഴ് ദിവസത്തെ നടത്തം.
”ചെറിയ ക്ലാസിലെ അദ്ധ്യാപകന് മാനസരസും ഹംസങ്ങളുമൊക്കെ കവി ഭാവനയാണെന്നാണ് പറഞ്ഞിരുന്നത്. അവയെല്ലാം കണ്ടു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും, ഗുജറാത്ത് മുതല്‍ ത്രിപുരവരെയും സഞ്ചരിച്ചു. ഒരുപാട് നിറങ്ങളിലുള്ള മലകള്‍, അനുഭൂതി മാത്രം തരുന്ന പ്രദേശങ്ങള്‍. അരോഗദൃഢഗാത്രരായ ഗ്രാമീണര്‍, രോഗങ്ങളില്ലാത്ത ഗ്രാമങ്ങള്‍. സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍. നേപ്പാള്‍ മുഴുവന്‍ നടന്നു. മഹാകാളി നദിയുടെ തീരത്തുകൂടെ നടന്നു. നേപ്പാള്‍ പഹാഡികളുടെ നടപ്പാതയിലൂടെ നടക്കുമ്പോള്‍ മഹാകാളി നദി അങ്ങുദൂരെ നേര്‍ത്ത് കാണാം. ഒരോ യാത്രകളും അവസാനിക്കുന്നത് ചീമേനിയിലെ അവധൂതാശ്രമത്തിലാണ്.”
ബദരിയില്‍ അഞ്ച് കൊല്ലവും നാല് കൊല്ലം കേദാരത്തിലും, യമുനോത്രിയിലും ഗംഗോത്രിയിലും മുമ്മൂന്ന് കൊല്ലവും ധ്യാനിച്ചു. കുടജാദ്രിയിലും തലക്കാവേരിയിലും മരുത്വാമലയിലും സാധനാക്യാമ്പുകള് നടത്തി. അവധൂതാശ്രമത്തില്‍ പരിസ്ഥിതി ക്യാമ്പുകള്‍ പതിവുണ്ട്.
ആശ്രമത്തിലെ ഗ്രന്ഥശേഖരം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സന്ദര്‍ശകര്‍ക്ക് ചെറിയ സൗകര്യങ്ങളൊരുക്കാനും.
ഇരുപത്തിനാല് വര്‍ഷം മുമ്പാണ്. ആശ്രമാവശ്യത്തിലേക്കും സന്ദര്‍ശകരുടെ ആവശ്യത്തിനുമായി ഒരു കിണര്‍ കുഴിച്ചു. ഒമ്പത് മാസം കൊണ്ട് ഒരു കിണര്‍ തനിയെ കുഴിച്ചു. മാനസരസ്, ഗോമുഖ്, യമുന, നര്‍മദ, ഗംഗ, കാവേരി അങ്ങനെ എണ്ണമറ്റ നദികളിലെ തീര്‍ഥം ഈ കിണറ്റിലുണ്ട്.
ഭാരതത്തിലെ എല്ലാ ധ്യാന സമ്പ്രദായങ്ങളും അറിയാവുന്ന സാധു വിനോദ്ജിയെത്തേടി ഹിമാലയമുള്‍പ്പെടെ പല ഇടങ്ങളില്‍നിന്നും സംന്യാസിമാരും യോഗിമാരും എത്തുന്നുണ്ട്.
അവധൂതാശ്രമം എന്തിനാണ്? ഇരുപത്തെട്ട് വയസ്സായി അവധൂതാശ്രമത്തിന്. ഈ ആശ്രമവുമായി ബന്ധപ്പെട്ട എല്ലാപ്രവര്ത്തനവും അധര്‍മത്തിന് വിജയമുണ്ടാകരുത് എന്ന തീരുമാനത്തിലാണ്. അതുമായി യോജിക്കുന്ന ആര്‍ക്കും എപ്പോഴും ഇവിടേക്ക് വരാവുന്നതാണ്.
സാധു വിനോദ്ജിയുടെ ഫോണ്‍: 9446697510
പ്രതികരിക്കാൻ ഇവിടെ എഴുതുക: