ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിന് ആണവായുധ നിര്‍വ്യാപനത്തിന് ആവേശകരമായ പിന്തുണ നല്‍കിയശേഷം കബളിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് വല്ലാത്തൊരു മിടുക്കു കാട്ടിയത് ലോകം മറന്നിട്ടില്ല.
ഉത്തരകൊറിയ ആണവായുധങ്ങള്‍ നശിപ്പിച്ചശേഷം അതില്‍ ധാര്മികതയില്ലെന്ന നിലപാടില്‍ മറ്റുപലതും കൂട്ടിച്ചര്‍ത്ത് കിമ്മിനെ വെട്ടിലാക്കിയതുപോലെ പക്ഷേ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കെണിയിലാക്കാന്‍ ട്രംപിനു കഴിഞ്ഞില്ല. പകരം സ്വന്തം പാര്‍ട്ടിക്കാരുടെ മുന്നിലും അമേരിക്കയില്‍ മുഴുവനും ട്രംപ് നാണംകെടുകയായിരുന്നു. ഹെല്‍സിങ്കിയില്‍ പുടിനുമായി നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ റൊണാള്‍ഡ് ട്രംപ് സ്വയം പരിഹാസ്യനായി മാറുകയായിരുന്നുവെന്നു മാത്രമല്ല പുടിനെ അമേരിക്കയിലേക്കു ക്ഷണിച്ചിരിക്കുകകൂടി ചെയ്തിരിക്കുകയാണ് ട്രംപ്.
യൂറോപ്പിന്റെ പറുദീസയെന്നു വാഴ്ത്തുന്ന ഫിന്‍ലന്റിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ഈയിടെ നടന്ന ചരിത്രപരമായ ട്രംപ്-പുടിന് കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടാണ് പുടിനെ ട്രംപ് അമേരിക്കയ്ക്കു ക്ഷണിച്ചിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. റിപ്പബ്ളികനുകളും ഡമോക്രാറ്റുകളും രഹസ്യ ഏജന്‍സികളും ഒരുപോലെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. രണ്ടു മണിക്കൂറാണ് നയതന്ത്ര ഉദ്യോഗസ്ഥരെപ്പോലും പ്രവേശിപ്പിക്കാതെ അടച്ചിട്ട മുറിയില്‍ ട്രംപും പുടിനും സംസാരിച്ചത്. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങി വന്ന ട്രംപിനെ കാത്തിരുന്നത് രൂക്ഷമായ പരിഹാസത്തിന്റെ പൊടിപൂരമാണ്.
2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഹെല്‍സിങ്കിയിലെ കൂടിക്കാഴ്ചയില്‍ ഈ ആരോപണം പുടില്‍ നിഷേധിക്കുകയായിരുന്നു. അപ്പോള്‍ ട്രംപ് ഒരക്ഷരം മിണ്ടാതെ എന്തുകൊണ്ടാണ് മൗനം പാലിച്ചുവെന്നതാണ് വിമര്‍ശന വിഷയം. ഈ മൗനത്തില്‍ ട്രംപിനുപറ്റിയ പരിക്കില്‍ മരുന്നുപുരട്ടാനാണ് പുടിനെ ട്രംപ് അമേരിക്കയിലേക്കു ക്ഷണിച്ചതെന്നാണ് ഇപ്പോഴുള്ള ആക്ഷേപം. നിങ്ങള്‍ ആരെയാണ് പ്രസിഡന്റ് വിശ്വസിക്കുന്നത് കുറ്റമറ്റ സ്വന്തം രഹസ്യ ഏജന്‍സിയെയോ അതോ കെ ജി ബിയേയോ എന്നാണ് പത്രക്കാര് ചോദിച്ചത്. പുടിന് പഴയ കെ ജി ബി ഓഫീസര്കൂടിയാണെന്നതും ഇവിടെ പ്രസക്തം.
ട്രംപ് തുടര്‍ച്ചയായി ഉച്ചകോടികളില്‍ പരാജയപ്പെടുമ്പോള്‍ നാടകീയമായ വിജയങ്ങളാണ് പുടിനു കിട്ടിക്കൊണ്ടിരിക്കുന്നത്. തുടരെ തോല്‍ക്കാനൊരു പ്രസിഡന്റ് എന്നതിലേക്കാണോ ട്രംപിന്റെ വളര്‍ച്ച! ലോകകപ്പ് റഷ്യയിലേക്കുകൊണ്ടുവന്നതും പുടിന്റെ തന്ത്രപരമായ വിജയമായിരുന്നു. മാര്‍ച്ചില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയിലൂടെയാണ് മുന്പത്തെക്കാളും ഗംഭീരവിജയം നേടിയതെന്ന വിമര്ശനപ്പുകില് മറക്കാനുകൂടിയാണ് ലോകകപ്പ് സ്വന്തം രാജ്യത്തെത്തിച്ചു തന്റെ പ്രതാപം പുടിന് കാണിച്ചത്.
ലോകകപ്പിന്റെ ആരവത്തില്‍ റഷ്യ മുങ്ങുമ്പോള്‍ പക്ഷേ, പെന്‍ഷന്‍കാരുടെ സമരം റഷ്യന്‍ തെരുവില്‍ നടക്കുന്നുണ്ടായിരുന്നു. ലോകം അന്നതു കൂടുതല്‍ കേട്ടില്ലെങ്കിലും ലോകകപ്പിന്റെ ആരവം ഒഴിഞ്ഞ ഈ വേളയില്‍ പുടിനതു കേള്‍ക്കേണ്ടിവരും. അതിനിടയിലാണ് ഇപ്പോള്‍ പുടിന്റെ ഹെല്‍സിങ്കിയിലെ വിജയവും. ധാര്‍മികമല്ല ഈ വിജയമെങ്കിലും അതു ട്രംപിനുനേടാന് കഴിഞ്ഞില്ലല്ലോ എന്നതിലൊരു മുനകൂര്‍ത്ത തമാശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: