തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ തൊയ്ക്കാവ് ചിറയത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് സ്നേഹപ്പൂക്കളായിരിക്കും. ഓര്‍ക്കിഡും ആന്തൂറിയവും ഹെലിക്കോണിയും വിവിധയിനം ഇലച്ചെടികളും പറമ്പിലും മറ്റത്തും ഗ്രീന്‍ ഹൗസുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ 17 വര്‍ഷമായി ചിറയത്ത് വീട്ടില്‍ അല്ബിയും ഭര്‍ത്താവ് ജോണി തോമസും ഉപജീവനം നടത്തുന്നത് പൂക്കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ്.
ആല്‍ബിയുടെ സ്വപ്നങ്ങളിലുള്ള ഉദ്യാനം തീര്‍ക്കുകയായിരുന്നു ആദ്യം. മുറ്റത്ത് ഒരു നല്ല ചെടിത്തോട്ടം എന്ന ആശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെടിത്തോട്ടം വിജയിച്ചപ്പോള്‍ ഇത് ഒരു വരുമാനമാര്‍ഗമായി തിരഞ്ഞെടുത്തൂടെ എന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യത്തില്‍ നിന്നാണ് പൂക്കൃഷിയിലേക്ക് ആല്‍ബി തിരിയുന്നത്. ഇടക്കാലത്ത് ആല്ബിക്കുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തുടര്‍ച്ചയായ ചികിത്സ വേണ്ടിവന്നിരുന്നു. ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ജോലിപോലും ജോണിക്ക് ഉപേഷിക്കേണ്ടിവന്നു. ഇതോടെ ജോണിയും മുഴുവന്‍ സമയവും പുഷ്പകൃഷിക്കായി നീക്കിവെയ്ക്കുകയായിരുന്നു.
ഒരേക്കര്‍ വരുന്ന സ്ഥലത്ത് നാലു ഗ്രീന്‍ ഹൗസുകളില്‍ ആന്തൂറിയവും ഓര്‍ക്കിഡും കൃഷിചെയ്യുന്നു. പറമ്പിലെ തെങ്ങുകള്‍ക്കിടയിലാണ് ഹെലിക്കോണിയയും വിവിധയിനം ഇലച്ചെടികളും കൃഷിചെയ്യുന്നത്. ഗ്രീന്‍ ഹൗസുകളിലെ കൃഷിപോലെതന്നെ മികച്ച രീതിയില്‍ തെങ്ങുകള്‍ക്കിടയില്‍ പൂക്കൃഷിയും വിജയകരമായി നടത്താന്‍ സാധിക്കുന്നുണ്ടെന്ന് ആല്‍ബിയും ജോണിയും പറഞ്ഞു. ആന്തൂറിയത്തിനും ഓര്‍ക്കിഡിനും ഇലച്ചെടികള്‍ക്കും ആദ്യഘട്ടങ്ങളില്‍ വിപണിയില്ലാതിരുന്നത് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ഗുരുവായൂരിലെ ചെറുകിട പുഷ്പവിപണന ശാലയിലായിരുന്നു അന്ന് വില്‍പ്പന നടത്തിയിരുന്നത്.
വീട്ടു ചെലവുകള്‍ നടത്താനുള്ള വരുമാനം ഇതില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ മികച്ച കര്‍ഷകയ്ക്കുള്ള ‘ആത്മ’ പുരസ്കാരം ലഭിച്ചതോടെയാണ് ഉദ്യാനക്കൃഷി കൂടുതല്‍ ശക്തമാക്കിയത്. ഇതോടെ പൂര്‍ണ്ണമായും പൂക്കൃഷിയിലേക്ക് തിരിയുകയായിരുന്നു. പൂക്കള്‍ക്കൊപ്പം ജൈവ പച്ചക്കറികൃഷിയും കോഴി, വിവിധയിനം അലങ്കാര പക്ഷികള്‍ എന്നിവയെയും വീട്ടില്‍ വളര്‍ത്തുന്നുണ്ട്. വീട്ടിലെ ആവശ്യത്തിനുശേഷം മിച്ചം വരുന്ന പച്ചക്കറി സമീപ പ്രദേശങ്ങളിലെ വീടുകളിലും നല്‍കാറുണ്ട്.
നിലവില്‍ ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ നേരിട്ടെത്തിയാണ് പൂക്കള്‍ ശേഖരിക്കുന്നത്. 2014-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യാനശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.
ഫോണ്‍: 9388558500
പ്രതികരിക്കാൻ ഇവിടെ എഴുതുക: