ഹൈന്ദവ നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും കാവിമുണ്ടുടുത്ത്, നരച്ച താടിയുമായി സംന്യാസിയെപ്പോലെ ഒരു ചെറിയ മനുഷ്യനെ കാണാം. എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം ഒട്ടും ചോരാതെ കത്തുന്ന യൗവനത്തിന്റ തീക്ഷ്ണത ആവാഹിക്കുന്ന എം.കെ. കുഞ്ഞോല്‍ മാസ്റ്ററാണിത്. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങള്‍ക്കുമായി അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന അവിരാമമായ യാത്രകള്‍ എണ്‍പത്തിയൊന്നിലും തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ആദര്‍ശനിഷ്ഠമായ ജീവിതം ഒരിക്കലും പിന്നോട്ടടിച്ചിട്ടില്ല. 1950-കളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഈ മനുഷ്യന് മനസ്സുവച്ചിരുന്നെങ്കില്‍ ഉന്നത ഉദ്യോഗസ്ഥനോ മന്ത്രിയോ എംഎല്‍എയോ ആകാമായിരുന്നു.
$ആഗമാനന്ദന്‍ പകര്‍ന്ന പുണ്യം
പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനനം. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രാമം ഹൈസ്കൂളിലുമായിരുന്നു പഠനം. എസ്എസ്എല്‍സി പാസ്സായ ഹരിജന്‍ ബാലന് എന്ന നിലയില്‍ കോതമംഗലം, മൂവാറ്റുപുഴ കോളേജുകളില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുള്ള അവസരം ലഭിച്ചു. എന്നാല്‍ അന്നത്തെ മന്ത്രിയായിരുന്ന കൊച്ചുകുട്ടന് കാലടി ആശ്രമത്തില്‍പോയി ആഗമാനന്ദ സ്വാമികളെ കാണുവാന്‍ നിര്‍ദ്ദേശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള അതിയായ വാഞ്ഛയില്‍ കാലടി ആശ്രമത്തില്‍ കാല്‍നടയായി എത്തുന്നതോടെയാണ് കുഞ്ഞോലിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. വളരെ സന്തോഷത്തോടെ ആഗമാനന്ദ സ്വാമികള്‍ കുഞ്ഞോലിനെ ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു. 1955 മുതല്‍ രണ്ടുവര്‍ഷം ആശ്രമത്തിലെ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ആശ്രമത്തിലെ ജീവിതമായിരുന്നു കുഞ്ഞോലിന്റെ സ്വഭാവരൂപീകരണത്തിലേക്ക് നയിച്ചത്. ഇത് നവോത്ഥാന പോരാട്ടങ്ങള്‍ക്കും പ്രചോദനമായി.
ഇന്റര്‍മീഡിയറ്റിനുശേഷം മെഡിസിന് അപേക്ഷിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നു. ഇക്കാലഘട്ടത്തില്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്കായി ‘ഡെമോക്രാറ്റ്സ്’ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും ശ്രദ്ധനേടുകയും ചെയ്തു. തുടര്‍ന്ന് കോളേജ് യൂണിയന് കൗണ്‍സിലിലേക്ക് ഡെമോക്രാറ്റുകള്‍ മത്സരിക്കുകയും 13 സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിനാണ് കുഞ്ഞോല്‍ വിജയിച്ചത്. കൗണ്‍സില്‍ ചേര്‍ന്ന് കുഞ്ഞോലിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയിച്ച കുഞ്ഞോലിനെ എടുത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നഗരപ്രദക്ഷിണം നടത്തിയത് അവിസ്മരണീയമായ ഓര്‍മ്മയാണ് ഇന്നും കുഞ്ഞോലിന്. 1959-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് 14 ദിവസത്തെ ജയില്‍വാസം അനുഭവിച്ചു.
$എംബിബിഎസ് എന്ന നഷ്ടം
ബിഎസ്സിക്കുശേഷം മെഡിസിന് അപേക്ഷിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കൂടിക്കാഴ്ചയ്ക്കായുള്ള ക്ഷണം ലഭിച്ചു. തിങ്കളാഴ്ച മെഡിസിന് ചേരുന്നതിനായി ശനിയാഴ്ചയാണ് അറിയിപ്പ് ലഭിക്കുന്നത്. എന്നാലും ഒരുകണക്കിന് കോഴിക്കോട്ടെത്തി. പ്രിന്‍സിപ്പാളിനെക്കണ്ട് തിരക്കിട്ട് പോന്നതുകൊണ്ട് മഹാരാജാസില്‍നിന്ന് ടിസി വാങ്ങിയിരുന്നില്ല. അതു സാരമില്ല, ടിസിയുമായി അടുത്ത ദിവസം വന്നോളാന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതനുസരിച്ച് ചെന്നപ്പോഴേക്കും ആ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. നിരാശനായി നില്‍ക്കുമ്പോഴാണ് കോഴിക്കോട് ജില്ലയില്‍ ആരോഗ്യമന്ത്രിയെത്തുന്നതായി അറിഞ്ഞത്. നടന്ന് അവിടെയെത്തി ആരോഗ്യമന്ത്രിയെ കണ്ട് കാര്യംപറഞ്ഞപ്പോള്‍, പ്രിന്‍സിപ്പാളിനെ കണ്ടോളൂ അഡ്മിഷന് ലഭിക്കുമെന്ന് പറഞ്ഞു. എന്നാല്‍ അഡ്മിഷന് ലഭിച്ചില്ല. കൈവിട്ടുപോയ മെഡിസിന് തിരികെ ലഭിക്കുന്നതിനായുള്ള ഓട്ടമായി പിന്നീട്. ഓടി തളരുമ്പോഴും നിരാശനാവാതെ ശ്രമം തുടര്‍ന്നു. അവസാനം മന്ത്രിമാരെക്കണ്ട് നിവേദനം നല്കി, പ്രത്യേക ഉത്തരവിലൂടെ അധ്യയനവര്‍ഷം അവസാനിക്കാറായപ്പോഴേക്കും പ്രവേശനം ലഭിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവുണ്ടായിരുന്നതിനാല്‍ വൈകിയാണ് ചേര്‍ന്നതെങ്കിലും വളരെ പെട്ടെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്താനായി.
എന്നാല്‍ രണ്ടാംവര്ഷമുണ്ടായ ഒരു സംഭവം പഠനത്തിന്റെ ഗതിയേയും ജീവിതത്തേയും മാറ്റിമറിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്ന രീതി അവിടെയുണ്ടായിരുന്നു. വളരെ പ്രശസ്തമായ രീതിയില്‍ വിജയിച്ച് മെഡിസിന് പ്രവേശനം ലഭിച്ച ഒരു പട്ടികജാതി പെണ്‍കുട്ടിയുടെ വാര്‍ത്തയും ചിത്രവും അക്കാലത്തെ പത്രങ്ങളില്‍ വന്നിരുന്നു. ഈ പെണ്‍കുട്ടിയെത്തുമ്പോള്‍ റാഗ് ചെയ്യാന്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ട് കാത്തിരുന്നു. ആദ്യദിനം ക്യാമ്പസിലെത്തിയ ഈ വിദ്യാര്‍ത്ഥിനിയെ ഈ സംഘം വളഞ്ഞ് റാഗ് ചെയ്യുവാന്‍ ശ്രമിക്കുകയും, ഈ പെണ്‍കുട്ടി ബോധംകെട്ട് വീഴുകയും ചെയ്തു. ഇക്കാര്യം കുഞ്ഞോല്‍ പ്രിന്‍സിപ്പാളിനെ അറിയിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. സംഭവം ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുഞ്ഞോലിനോട് വൈരാഗ്യം ഉണ്ടാക്കി. ഇവര്‍ അവസരത്തിനായി കാത്തിരിക്കുകയും, ചില അധ്യാപകര്‍ മുഖേന അത് നടപ്പിലാക്കുകയും ചെയ്തതോടെ കുഞ്ഞോല്‍ എന്ന പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥിയുടെ ഭാവിയെ തകര്‍ക്കുന്ന നിലയിലേക്ക് അത് നീങ്ങി. പല പരീക്ഷകളിലും മനഃപൂര്‍വ്വം ഈ അധ്യാപകര്‍ കുഞ്ഞോലിനെ തോല്‍പ്പിച്ചു. അനാട്ടമി പ്രാക്ടിക്കല്‍ പരീക്ഷയിലും ബോധപൂര്‍വ്വം തോല്‍പ്പിച്ചത് കുഞ്ഞോലിന് താങ്ങാവുന്നതിനപ്പുറമായിരുന്നു.
എങ്ങനെയെങ്കിലും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റം വാങ്ങണമെന്ന് തീരുമാനിച്ചു. എംഎല്‍എയെയും മന്ത്രിമാരെയും കണ്ട് നീണ്ടനാളത്തെ ശ്രമത്തിനൊടുവില്‍ തിരുവനന്തപുരത്തേക്ക് മാറ്റം ലഭിച്ചു. പഠിക്കാനുള്ള ദാഹവുമായി ഏകനായുള്ള ഓട്ടത്തില്‍ അപ്പോഴേക്കും പാവപ്പെട്ട ആ പട്ടികജാതി ബാലന് തളര്‍ന്നിരുന്നു. പത്ത് പൈസ കൈയിലില്ല. അനീതിക്കെതിരായുള്ള അടങ്ങാത്ത സമരവീര്യം മാത്രം മനസ്സില്‍. ഒരുപക്ഷേ ആഗമാനന്ദ സ്വാമികള്‍ അന്നുണ്ടായിരുന്നെങ്കില്‍ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ദുഃഖത്തോടെ കുഞ്ഞോല്‍ ഓര്‍ക്കുന്നു.
$ചരിത്രം രചിച്ച സമരവീര്യം
പിന്നീടുള്ള കുഞ്ഞോലിന്റെ ജീവിതം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്കി. കോതമംഗലം താലൂക്കിലെ നാടുകാണിയില്‍ ഹരിജന്‍ സമാജത്തിന്റെ താലൂക്ക് ഓഫീസ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതിനെതിരെ ഓഫീസ് കത്തിച്ച ചാരം നിറച്ച കുടങ്ങളുമായി നടത്തിയ രാജ്ഭവന് മാര്‍ച്ച് ചരിത്രമാണ്. നാടുകാണി ഹരിജന്‍ ശ്മശാനം കൈവശപ്പെടുത്തിയവര്‍ മൂന്ന് പ്രാവശ്യം ശവസംസ്കാരം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് നടത്തിയ സമരം അസാധ്യമായതിനെ സാധ്യമാക്കിയ സംഭവമാണ്. കൈയേറ്റക്കാരെ ഒഴിപ്പിച്ച് 25 സെന്റ് വരുന്ന ശ്മശാനം തിരിച്ചുപിടിക്കാനും സര്‍ക്കാരില്‍നിന്ന് പട്ടയം ലഭ്യമാക്കാനും ഇടയാക്കി. ശ്മശാന കൈയേറ്റത്തിനെതിരെ നടത്തിയ പ്രതിഷേധയോഗം നാല്‍പ്പതോളം പേര് വന്ന് അലങ്കോലപ്പെടുത്തി. ഇതിനെതിരെ ഗവര്‍ണര്‍ക്ക് വരെ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യോഗം കലക്കിയ സംഘത്തിന്റെ നേതാവിന് മൂവാറ്റുപുഴ കോടതി 51 രൂപ പിഴ വിധിച്ചു.
പറവൂര്‍ താലൂക്കിലെ അടുവാശ്ശേരിയിലും ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മേഖലയിലും പട്ടികജാതി വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങള്‍ നടത്തി. അടുവാശ്ശേരിയില്‍ മറ്റ് മതസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ നടത്തിയ റെയില്വേസ്റ്റേഷന് മാര്‍ച്ച് ഏറെ ജനശ്രദ്ധനേടി. ”അടുവാശ്ശേരി കാര്യത്തില്‍ പരസ്യാന്വേഷണം അനിവാര്യം, പോലീസ് കാട്ടിയ തെറ്റായ ശിക്ഷ നാട്ടാര്‍ക്കാവാന്‍ പാടില്ല” എന്ന് പ്രഖ്യാപിച്ചാണ് റെയില്‍വേസ്റ്റേഷനിലേക്ക് കുഞ്ഞോലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
കുന്നുകരയ്ക്ക് സമീപം വയല്ക്കരയില് രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ച വിഷയത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ നിരപരാധികളായ രണ്ട് പട്ടികജാതി യുവാക്കളെ ശവം കത്തിച്ച ചാരം തീറ്റിച്ച സംഭവം കേരളമനഃസക്ഷിയെ ഞെട്ടിച്ചതായിരുന്നു. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറ പ്രസംഗങ്ങള്‍ നടത്തുന്ന മാര്‍ക്സിസ്റ്റുകാര്‍ നടത്തിയ ഈ നീച പ്രവൃത്തിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കുഞ്ഞോല്‍ നടത്തിയത്. ജനമനഃസാക്ഷിയെ ഉണര്‍ത്തിയ ഈ സമരങ്ങള്‍ നവോത്ഥാന ചരിത്രത്തിന്റെ എഴുതപ്പെടാത്ത ഭാഗമാണ്.
$പുലയ ബിഷപ്പിന് സ്വീകരണം
1959-ല്‍ പുലയ ക്രിസ്ത്യാനിയായ സ്റ്റീഫന്‍ വട്ടപ്പാറയെ സിഎംഎസ് സഭ ബിഷപ്പായി വാഴിച്ചപ്പോള്‍ ഹരിജന്‍ സമാജം നാടുകാണിയില്‍ സ്വീകരണം സംഘടിപ്പിക്കുകയുണ്ടായി. ഇക്കാര്യം കത്തോലിക്ക പള്ളി വികാരിമാരെയും കോതമംഗലം ബിഷപ്പിനെയും ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. എന്നാല്‍ ഇവരുടെ ഒത്താശയോടെ സമ്മേളനം ചിലര്‍ കലക്കാന്‍ ശ്രമിച്ചു. ഒരുകണക്കിന് ബിഷപ്പിനെ അക്രമങ്ങളില്‍നിന്ന് രക്ഷിച്ച് പറഞ്ഞയച്ചതിനുശേഷം രാത്രി പ്രവര്‍ത്തകര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. വെളുപ്പിന് കോതമംഗലം അരമനയിലേക്കും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്കും ജാഥയായി ചെന്ന് നിവേദനം നല്കി. കത്തോലിക്കാ സഭയുടെ ജാതീയത വെളിവാക്കുന്ന സംഭവംകൂടിയാണിത്.
1963-ല്‍ മലാബാര്‍ ഹരിജന്‍ സമാജവും കേരളാ ഹരിജന്‍ സമാജവും തമ്മില്‍ ലയിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ലയനസമ്മേളനത്തിനുശേഷം ഒ. കോരന് എംഎല്‍എ പ്രസിഡന്റും എം.കെ. കുഞ്ഞോല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ കുടുംബജീവിതത്തെക്കുറിച്ച് ചിന്തിച്ചില്ല, വീട്ടുകാരും ബന്ധുക്കളുമെല്ലാം വലിയ വലിയ ആലോചനകള്‍കൊണ്ടുവന്നെങ്കിലും കോതമംഗലം പെരുമണ്ണുരിലെ പാവപ്പെട്ട കുടുംബത്തിലെ കാര്‍ത്ത്യായനിയെയാണ് 1970-ല്‍ കുഞ്ഞോല്‍ വിവാഹം കഴിച്ചത്.
വിവാഹശേഷവും ഹരിജന്‍സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞോല്‍ മുന്നോട്ടുപോയി. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു.
$സംഘപരിവാറിന്റെ സഹയാത്രികന്
1978-ലാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുമായി കുഞ്ഞോല്‍ ബന്ധപ്പെടുന്നത്. ഇത് തികച്ചും യാദൃച്ഛികമായിരുന്നു. ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്ത് ജനസംഘം എംപിയായിരുന്ന ഓംപ്രകാശ് ത്യാഗി മതസ്വാതന്ത്ര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മതപരിവര്‍ത്തനത്തിനെതിരായ ഈ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോല്‍ രംഗത്തെത്തി. ബില്ലിനെക്കുറിച്ച് പത്രമാധ്യമങ്ങളിലുള്‍െപ്പടെ വ്യാപകമായ പ്രചാരണവും നടത്തി. ഇക്കാര്യങ്ങളറിഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ ഓര്‍ഗനൈസിങ് സെക്രട്ടറി വി.പി. ജനാര്ദ്ദനന് (ജനേട്ടന്) കുഞ്ഞോലിനെ വീട്ടില്‍വന്ന് കാണുകയും, ബില്ലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. പിറ്റേന്ന് വിഎച്ച്പിയുടെ വേദിയില്‍ മതസ്വാതന്ത്ര്യ ബില്ലിനെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. അടുത്ത ദിവസം എറണാകുളം ഹിന്ദി പ്രചാരസഭയില്‍ നടന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ചതും കുഞ്ഞോലായിരുന്നു.
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. തുടര്‍ന്ന് നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുകയും, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമായിരുന്നു നയിച്ചത്.
പട്ടികജാതിക്കാരുടെയും ഗിരിജനങ്ങളുടെയും അവകാശങ്ങള്‍ക്കായി കുഞ്ഞോല്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഒരു കാവിമുണ്ടുമുടുത്ത് തികച്ചും സാധാരണക്കാരനായി ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി വിശ്രമമില്ലാതെ ഓടിനടക്കുന്ന ഈ ചെറിയ വലിയ മനുഷ്യനെ ആര്‍ക്കും മറക്കാനാവില്ല. പോരാട്ടങ്ങള്‍ക്കിടെ ജീവിക്കാന്‍ മറന്നുപോയ ഒരാള്‍. കുടുംബത്തോട് നീതിപുലര്‍ത്താനായില്ലെന്ന വിഷമവും അദ്ദേഹത്തിനുണ്ട്. കുഞ്ഞോലിന്റെ ആറുമക്കളുടെ പേരും സവിശേഷതയാര്‍ന്നതാണ്. അംബേദ്കര്‍, ഗോള്‍ഡ മേയര്‍ (ആധുനിക ഇസ്രായേലിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി), ദേവന് കിങ് (മാര്ട്ടിന് ലൂഥര്‍ കിങ്ങിനെ അനുസ്മരിച്ച്). ദൈവദാസ്, സായി ലക്ഷ്മി, അമൃതാനന്ദമയി.
ഹൈന്ദവ സമൂഹത്തിന്റെ, പ്രത്യേകിച്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ വിശ്രമമില്ലാത്ത യാത്രകളിലാണ് പ്രായം തളര്‍ത്താത്ത മനസ്സും ശരീരവുമായി എണ്‍പത്തിയൊന്നാം വയസ്സിലും ആചാര്യ എം.കെ. കുഞ്ഞോല്‍.
അംഗീകാരങ്ങളുടെ നാൾവഴി
$അറുപത്തിയഞ്ച് വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്ക് അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ 2002-ല്‍ പ്രഥമ അംബേദ്കര്‍ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
$കാലടി ആഗമാനന്ദ സ്മാരക സമിതിയുടെ സ്വാമി ആഗമാനന്ദ പുരസ്കാരം,
$മീനച്ചില്‍ താലൂക്ക് നദീതട ഹിന്ദുമഹാമേളയുടെ വീരമാരുതി പുരസ്കാരം.
$ടി.കെ.സി. വടുതല ഫൗണ്ടേഷന്റെ കെ.കെ. മാധവന് മാസ്റ്റര്‍ പുരസ്കാരം
$പാവക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ പാവക്കുളത്തമ്മ പുരസ്കാരം
$കൊല്ലം ലക്ഷ്മീനട ദേവീക്ഷേത്ര പുരസ്കാരം
$ദേശാഭിമാനി ടി.കെ. മാധവന് സ്മൃതി സാമൂഹിക സമരസതാ പുരസ്കാരം
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. തുടര്‍ന്ന് നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുകയും, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കഞ്ഞോലുമായിരുന്നു നയിച്ചത്. പട്ടികജാതിക്കാരുടെയും ഗിരിജനങ്ങളുടെയും അവകാശങ്ങള്‍ക്കായി കുഞ്ഞോല്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: