മഴമേഘങ്ങളുടെ പെയ്ത്തുത്സവങ്ങള്‍ക്കിടയില്‍ മുഖം കനപ്പിച്ചെത്തുന്ന കര്‍ക്കടകത്തിന്റെ അരിഷ്ടതകളെ പാട്ടിലാക്കാന്‍ മര്യാദാ പുരുഷോത്തമനായ രാമന്റെ യാത്രകള്‍ പറഞ്ഞ് മനസിനെ ശാന്തമാക്കുന്ന രാമായണ സന്ധ്യകള്‍ വീണ്ടും. എഴുത്തച്ഛന്റെ ശാരിക പൈതല്‍ ഇന്നുമുതല്‍ വീടുകളില്‍ പറന്നിറങ്ങി അധ്യാത്മരാമായണം ഈണത്തില്‍ ചൊല്ലിത്തുടങ്ങും.
ഹിന്ദുക്കള്‍ക്ക് രാമായണ മാസമാണ് കര്‍ക്കടകം. പഞ്ഞകര്‍ക്കടകമെന്നു വിളിപ്പേരുള്ള ഈ നാളുകളിലെ ദുരിത ദുഖങ്ങളകറ്റാന്‍ ജീവിതത്തിലെ ഏറ്റവും തീവ്രമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാമന്റെ കഥകളെക്കാള്‍ വലിയ മറ്റു കഥകളില്ലതന്നെ. രാമായണം ഹൃദ്യമായ പാരായണവും മഹത്തായ ബോധ്യവുമാണ്. എല്ലാഹൈന്ദവ കുടുംബങ്ങളും ക്ഷേത്രങ്ങളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദു വിശ്വാസപ്രകാരം ഈ മാസം പുണ്യമാസമാണ്. എല്ലാത്തരം പ്രതിസന്ധികളേയും മറികടന്ന് മനോവ്യഥകളുടേയും ദുഷ്പ്രവണതകളുടേയും മാറാലകള്‍ തൂത്തുകളഞ്ഞ് മനശുദ്ധിയിലേക്കുള്ള ഉണര്‍ച്ചയേയാണ് രാമായണം വായന ലക്ഷ്യമിടുന്നത്.
ആര്‍ക്കും മനസിലാകും വിധം എഴുതപ്പെട്ട എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭക്തിസാന്ദ്രവും ധാര്‍മിക സമ്പന്നവുമാണ്. മികച്ച ഉപമകള്‍കൊണ്ട് ജീവിത യാഥാര്‍ഥ്യത്തെ ദാര്‍ശനികമായി അവതരിപ്പിക്കുകയാണ് രാമായണം. ഇതിഹാസമായ വാത്മീകി രാമായണത്തെ അധികരിച്ച് എഴുത്തച്ഛന് രചിച്ച ഈ കൃതി കൂടുതല്‍ സരളമാണ്. സ്വപ്നമെന്ന പുകമറയെ സത്യമായി തെറ്റിദ്ധരിക്കാതെ വസ്തുതകള്‍ നേര്‍കാണാന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട് ഇതിലെ ഉള്ളടക്കം. നീണ്ട യാത്രയ്ക്കിടയില്‍ തളര്‍ച്ചമാറ്റാനുളള സത്രമാണ് കുടുംബമെന്ന വലിയ തിരിച്ചറിവിലേക്കു ബോധ്യപ്പെടുമ്പോള്‍ വിവിധ മത്സരങ്ങള്‍കൊണ്ട് എന്തിന് മലിനമാക്കണം ജീവിതത്തെയെന്നുകൂടി നാം മനസിലാക്കുന്നു. രാമന് അനുജനായ ലക്ഷ്മണനു നല്കുന്ന ഇത്തരം ഉപദേശങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ നിസാരരായ നമ്മെക്കൂടി പ്രാപ്തമാക്കുകയാണ് രാമായണം വായനയുടെ വിവിധോദ്ദേശ്യങ്ങളില്‍ ഒന്ന്.
കര്‍ക്കടകം ഒന്നിനു തുടങ്ങി മാസാവസാനം തീരുന്ന രാമായണം വായന മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം പുതിയൊരു ആത്മവിശ്വാസം വളര്‍ത്തും. നൂറ്റാണ്ടുകളായി തുടരുന്ന ഈ വായനയുടെ ശ്രേഷ്ഠ പാരമ്പര്യം ഇന്നും വലിയ ഭക്തിയോടെ തന്നെയാണ് ആചരിക്കുന്നത്. ശരീരശുദ്ധി വരുത്തി കത്തിച്ച നിലവിളക്കിനു മുന്നിലിരുന്നാണ് രാമായണം വായിക്കുന്നത്. ഒരാള്‍ വായിക്കുന്നു. മറ്റുള്ളവര്‍ കേട്ടിരിക്കുന്നു. വായനയുടെ ഈണത്തിനുമുണ്ട് പ്രത്യേകത. വായിക്കുന്നവര്‍ മാത്രമല്ല കേള്‍ക്കുന്നവര്‍പോലും അതില്‍ ലയിച്ച് ചുറ്റുപാടുകള്‍ മറന്നിരിക്കും. കര്‍ക്കടകം കൊള്ളപ്പിടിച്ച മഴക്കാലമെന്നാണ് പണ്ടേയുള്ള വിശ്വാസം. ഇപ്പോള്‍ കേരളം മുഴുവന്‍ മഴപ്പെയ്ത്തില്‍ നിറയുകയാണ്. ദുരിത ദുഖങ്ങളകറ്റാന്‍ ഭക്തിപാരവശ്യത്തോടെ നമുക്ക് രാമായണം വായിച്ചു തുടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: