ലോകത്ത് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളാണുള്ളത്. ഇതില്‍ 177 രാജ്യങ്ങളും ഇക്കഴിഞ്ഞ അന്താരാഷ്ട്രാ യോഗദിനം ആചരിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ”ഡറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും, ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും, ജക്കാര്‍ത്ത മുതല്‍ ജോഹനസ്ബര്‍ഗ്വരെയും, സ്റ്റോക്ഹോം മുതല്‍ സാവോപോളോ വരെയും” ലോകജനതയെ ഒന്നിപ്പിച്ച് ദശലക്ഷക്കണക്കിനാളുകള്‍ ആ ദിവസം യോഗ ചെയ്തു. ഇവരിലൊരാള്‍ പക്ഷേ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തയാണ്. ലോകം അദ്ഭുതത്തോടെ മാത്രം വീക്ഷിക്കുന്ന യോഗയെപ്പോലെ തന്നെ ആശ്ചര്യപ്പെടുത്തുകയാണ് ഈ വനിതയും.
കോയമ്പത്തൂരില്‍ ഒരു യോഗാഭ്യാസ മത്സര വേദി. മെയ്വഴക്കം തെളിയിച്ച്, യോഗയിലെ കടുകട്ടിയായ മാറ്റുരയ്ക്കുകയാണ് മത്സരാര്‍ത്ഥികള്‍. മത്സരം തീര്‍ന്നു. മാര്‍ക്കിടലും കഴിഞ്ഞു. അടുത്തത് സമ്മാന പ്രഖ്യാപനം. വിജയിയുടെ പേരു പറഞ്ഞതും നിനച്ചിരിക്കാതെ ഒരു പ്രതിഷേധ സ്വരം. പ്രതിഷേധിച്ചതൊരു മുത്തശ്ശി. സംഘാടകര്‍ നെറ്റിചുളിച്ചു. യോഗയും മുത്തശ്ശിയുടെ പ്രായവും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ”സമ്മാനം വാങ്ങാന്‍ വരട്ടെ, ചെയ്തു കാണിച്ചതെല്ലാം തെറ്റാണ്.” വെറുതെ പറച്ചിലല്ല. സംഘാടകരുടെ അനുവാദത്തോടെ, അപാര മെയ്വഴക്കത്തോടെ അനായാസം മുത്തശ്ശി ‘തെറ്റുകള്‍’ തിരുത്തിക്കാട്ടി. കണ്ടവരെല്ലാം മിഴിച്ചുനിന്നു.
അദ്ഭുത വനിതയെ അറിയുന്നു
നാനാമ്മാളെന്ന യോഗാഗുരുവിനെ ലോകമറിഞ്ഞു തുടങ്ങിയത് അവിടുന്നങ്ങോട്ടാണ്. ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്ന, തീര്‍ത്തും ഭാരതീയമായ യോഗശാസ്ത്രത്തെ ആസന, പ്രാണായാമാദികളിലൂടെ, തൊണ്ണൂറു പിന്നിട്ടിട്ടും ഉപാസിക്കുകയാണ് നാനാമ്മാള്‍. എണ്ണമറ്റ ശിഷ്യഗണം. കൈനിറയെ ബഹുമതികള്‍. കൂട്ടത്തില്‍ ഇത്തവണ ‘പത്മശ്രീ’ യുമെത്തി-നാനാമ്മാളിനെത്തേടി.
ജീവിതത്തിലെ യൗവ്വനത്തുടിപ്പാര്‍ന്ന കാലത്തുപോലും ചുമതലകളില്‍നിന്നും, എന്തിനേറെ സ്വപ്നങ്ങളില്‍നിന്നും ഓടിയൊളിക്കുന്നവരാണ് പലരും. ഇവിടെയാണ് നാനാമ്മാള്‍ യുവതലമുറയ്ക്കും പ്രായംചെന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുന്നത്. തൊണ്ണൂറ്റിയെട്ട് വയസ്സുകാരിയായ ഈ മുത്തശ്ശി യോഗയിലൂടെ അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കുകയാണ്. മുത്തച്ഛനില്‍നിന്ന് ഏഴാം വയസ്സില്‍ യോഗ പഠിച്ച നാനാമ്മാള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രായത്തെ കീഴടക്കിയിരിക്കുന്നു. വയസ്സ് എന്നാല്‍ വെറും അക്കങ്ങള്‍ മാത്രമാണെന്ന് അരോഗദൃഢഗാത്രയായ ഈ അദ്ഭുത വനിത അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഏതെങ്കിലുമൊരു ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചിട്ടില്ല എന്നറിയുമ്പോള്‍ വൈദ്യശാസ്ത്രത്തെപ്പോലും വിസ്മയിപ്പിക്കുകയാണ് ഈ മുത്തശ്ശി.
യോഗയിലെ ‘സെലിബ്രിറ്റി’യാണ് കോയമ്പത്തൂര്‍ ഗണപതിയിലെ നാനാമ്മാള്‍. പതിനാറിന്റെ പ്രസരിപ്പാണ്. തെളിഞ്ഞ കണ്ണുകള്‍. ഓര്‍മ്മത്തെറ്റില്ലാത്ത വാക്കുകള്‍. മുറതെറ്റാത്ത ജീവിതചര്യ. വളര്‍ന്നു വലുതായി, വധുവായി, അമ്മയായി, അമ്മൂമ്മയായി. ഇപ്പോള്‍ ആയുസ്സ് നൂറാണ്ട് തികയ്ക്കാനൊരുങ്ങുമ്പോഴും നാനാമ്മാളിന് യോഗയാണ് എല്ലാം. കോടികള്‍ കൊയ്യുന്ന വ്യവസായമല്ല നാനാമ്മാളിന് യോഗ. ഒറ്റയടിക്ക് നൂറു സൂര്യനമസ്ക്കാരം ചെയ്യുന്നതിലോ, ശ്വാസം തുടര്‍ച്ചയായി പിടിച്ചുനിര്‍ത്തുന്നതിലോ ഒന്നുമല്ല യോഗയുടെ ശക്തിയെന്ന് നാനാമ്മാള്‍ പറയുന്നു. സമാധാനത്തോടെ സ്വച്ഛമായി ചെയ്യുന്നതാണ് യോഗ.
ഓസോണിലെ പതിനായിരങ്ങള്‍
കോയമ്പത്തൂരില്‍ മകന് ബാലകൃഷ്ണനൊപ്പം നാനാമ്മാള്‍ നടത്തുന്ന ഒാസോണ്‍ യോഗാ സെന്ററില്‍ ദിവസവും പഠിക്കാനെത്തുന്നത് നൂറുകണക്കിനാളുകള്‍. ‘മാതാ പിതാ ഗുരു ദൈവം’ എന്നുരുവിട്ട് നിവര്‍ന്നുനിന്ന്, കൈകള്‍ മേലോട്ടു പൊക്കി, മുമ്പോട്ടു കുനിഞ്ഞ്, മുട്ടു മടക്കാതെ, കാല്പ്പാദങ്ങളില് തൊട്ട് യോഗയിലെ ബാലപാഠങ്ങളില്‍ തുടങ്ങി ലളിതവും കഠിനവുമായ യോഗാഭ്യാസ പാഠങ്ങള്‍ക്ക് മേല്‍നോട്ടം ഇന്നും നാനാമ്മാളിന്റേതാണ്. പതിനായിരങ്ങളാണ് ഓസോണില്‍നിന്ന് യോഗ പഠിച്ചിറങ്ങിയത്.
1972-ലാണ് ഓസോണ്‍ യോഗാ സെന്റര്‍ തുടങ്ങിയത്. പ്രാണായാമത്തിന് പ്രാധാന്യം നല്കുന്ന പരമ്പരാഗതയോഗാപഠനമാണ്് ഓസോണിന്റെ പ്രത്യേകത. ഇരുപതു വര്‍ഷമായി ഭാരത് സേവാ സമാജിന്റെ സഹകരണത്തോടെ യോഗാധ്യാപക പരിശീലനവും നല്‍കുന്നുണ്ട്. നാച്വറോപ്പതി യോഗിക് സയന്‍സിലും ഇവിടെ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഓസോണില്‍ പഠിച്ചവരില്‍ പലരും ചൈന, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ യോഗാപരിശീലകരാണിപ്പോള്‍.
യോഗയിലെ പരിഷ്കാര സൂചകങ്ങളായ യോഗാമാറ്റ്, യോഗാപാന്റുകളൊന്നും ഓസോണിലില്ല. വളരെ അപൂര്‍വ്വമായേ യോഗാപാന്റുകള്‍ ധരിക്കാന്‍ പഠിതാക്കള്‍ക്ക് അനുമതി നല്‍കാറുള്ളൂ. യോഗാക്ലാസുകളില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. സാധാരണ പായകളിലാണ് ഓസോണില്‍ യോഗാപഠനം. അധികവും പിങ്ക് നിറത്തിലുള്ള വേഷം ധരിച്ചേ നാനാമ്മാളിനെ കാണാനാകൂ.
നാനാമ്മാളിന്റെ മക്കളും മരുമക്കളും പേരക്കിടാങ്ങളും അവരുടെ മക്കളുമായി 36 അംഗങ്ങള്‍ യോഗ പഠിപ്പിക്കുന്നുണ്ട്. ”84 ലക്ഷം അംഗവിന്യാസങ്ങളുണ്ട് യോഗയില്‍. അവയില്‍ അവശേഷിക്കുന്നത് ആയിരത്തോളം മാത്രം.” നാനാമ്മാള്‍ പറയുന്നു.
യോഗയുടെ മാസ്മരികത
കോയമ്പത്തൂരിലെ സമീന്‍ കാളിയാപുരത്താണ് നാനാമ്മാള്‍ ജനിച്ചത്. അച്ഛന് കര്‍ഷകനായിരുന്നു. ആയോധന വിദ്യയിലും പ്രസിദ്ധന്‍. കുടുംബാംഗങ്ങള്‍ എല്ലാവരും പതിവായി യോഗ ചെയ്യും. പക്ഷേ പുറത്തുനിന്നുള്ളവരെ പഠിപ്പിക്കാറില്ല. എട്ടാം വയസ്സില്‍, അപ്പൂപ്പനും അമ്മൂമ്മയുമാണ് നാനാമ്മാളിനെ യോഗപഠിപ്പിച്ചു തുടങ്ങിയത്. അമ്മൂമ്മ മരിച്ചത് നൂറ്റി ഏഴാമത്തെ വയസ്സിലായിരുന്നു. ആയുസ്സിന്റെ ദൈര്‍ഘ്യവും യോഗയുടെ മാസ്മരികതയെന്നാണ് നാനാമ്മാള്‍ പക്ഷം.
വിവാഹശേഷമാണ് നാനാമ്മാള്‍ കോയമ്പത്തൂരിലെ ഗണപതിയിലെത്തിയത്. ഭര്‍ത്താവ് സിദ്ധ വൈദ്യനായിരുന്നു. കൃഷിയുമുണ്ടായിരുന്നു ഉപജീവനത്തിന്. കൃഷി ഇപ്പോഴും കുടുംബത്തില്‍നിന്ന് വേരറ്റു പോയിട്ടില്ല. കീടനാശിനികളൊന്നുമില്ലാതെ വീട്ടിലെ തീന്മേശയിലെത്തുന്നതും നാനാമ്മാളിന്റെ മേല്‍നോട്ടത്തില്‍ വിളയുന്ന പച്ചക്കറികളാണ്.
നല്ല കാഴ്ചശക്തിയാണ് നാനാമ്മാളിന്. കേള്‍വിക്കുമില്ല കുഴപ്പം. ഓര്‍മ്മശക്തിയും അപാരം. പ്രമേഹമില്ല. എല്ലിനും നല്ല ബലം. മുടക്കമില്ലാത്ത ശീര്‍ഷാസനമാണ് അതിന്റെ രഹസ്യമെന്ന് പറയുന്നു നാനാമ്മാളിന്റെ മകനും ഓസോണിലെ യോഗാധ്യാപകനുമായ ബാലകൃഷ്ണന്. ദേഹം കുഴഞ്ഞുപോകാതെ, ആരോഗ്യത്തോടെ പ്രായത്തെ അതിജീവിച്ചു നിര്‍ത്താന്‍ ശീര്‍ഷാസനം മതിയെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
പത്മശ്രീയില്‍ തീരുന്നില്ല നാനാമ്മാളിന് ലഭിച്ച ഉയര്‍ന്ന ബഹുമതികള്‍. 2017 ലാണ് നാനാമ്മാളിന് കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്കാര്‍ നല്‍കിയത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. കര്‍ണാടക സര്‍ക്കാരിന്റെ യോഗരത്ന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. ചടങ്ങില്‍ അവര്‍ നടത്തിയ യോഗാഭ്യാസം അനുകരിച്ചത് 20,000 ത്തോളം കാണികളാണ്. കേന്ദ്രമന്ത്രി അനന്ത് കുമാറുമുണ്ടായിരുന്നു കൂട്ടത്തില്‍.
നാനമ്മാളിന്റെ ഒരു ദിവസം
$ ഉണര്ന്നെഴുന്നേല്ക്കുന്നത് രാവിലെ അഞ്ചുമണിക്ക്. പത്തു വയസ്സില്‍ തുടങ്ങിയ പതിവ്. ആര്യവേപ്പിന്റെ തണ്ടു കൊണ്ട് പല്ലുതേപ്പ്. പിന്നീട് കുളി. അത് കഴിഞ്ഞ് യോഗാഭ്യാസം.
$ തുടര്‍ന്ന് പ്രാതല്‍. വലിയൊരു കപ്പ് നിറയെ റാഗി, ചോളം, കുതിരൈവള്ളി എന്നിവ ചേര്‍ത്ത ‘സാത്തുമാവ്’ കഞ്ഞി. കൂടെക്കഴിക്കാന്‍ പീച്ചിങ്ങയുടെയോ വാഴത്തണ്ടിന്റെയോ പൊരിയല്.
$ ദിവസേന കഴിക്കുന്ന പച്ചക്കറികളില്‍ മാറ്റം കാണും. വേനലില്‍ ജലാംശം കൂടുതലുള്ള പച്ചക്കറികളാണ് കഴിക്കുക. സ്വാദിന് മേമ്പൊടിയായി ചിലപ്പോള്‍ ഏലക്കയും തേങ്ങചിരകിയതും ശര്‍ക്കരയുമൊക്കെ ചേര്‍ക്കും.
$ ചീരയും ചോറുമാണ് ഉച്ച ഭക്ഷണം. മുരിങ്ങയിലയാണ് പ്രധാനം. ഇളം ചൂടുവെള്ളത്തില്‍ തേനൊഴിച്ചുണ്ടാക്കിയ തേന്‍ തണ്ണിയാണ് പതിവു പാനീയം. ഇതേവരെ കാപ്പിയുടെയും ചായയുടെയും രുചിയറിഞ്ഞിട്ടില്ല. പനംകല്‍ക്കണ്ടവും വറുത്തെടുത്ത മല്ലിയും ജീരകവും ചുക്കും ചേര്‍ത്തുണ്ടാക്കിയ ചുക്കു കാപ്പിയും പതിവുണ്ട്.
$ വൈകീട്ട് കാരറ്റ്ജ്യൂസോ, കരിമ്പ് ജ്യൂസോ. പച്ചക്കറികളെല്ലാം സ്വന്തമായി കൃഷി ചെയ്യുന്നത്. അത്താഴം സൂര്യാസ്തമയത്തിന് മുമ്പ്. പഴങ്ങളാണ് പ്രധാനം. പാലില്‍ മഞ്ഞളിട്ട് കുടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: