കേരളത്തില്‍നിന്ന് ഇലക്ട്രിക് കാറോ സ്വയം നിയന്ത്രിത കാറോ വികസിപ്പിച്ചാല്‍ അത് വലിയ വിപ്ലവമാകും. കാരണം, തൊഴില്‍ പ്രശ്നങ്ങള്‍ മൂലം പലരും നിക്ഷേപം നത്താന്‍ മടിക്കുന്ന കേരളത്തില്‍, അത്തരമൊരു സംരംഭം തുടങ്ങാന്‍ ധൈര്യം കാണിച്ചാല്‍ അത് വലിയ കാര്യംതന്നെ. ജാപ്പനീസ് ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയായ നിസ്സാനാണ് കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിച്ച് ഇലക്ട്രിക് കാറുകളുടെ ഗവേഷണം ആരംഭിക്കുന്നത്.
തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറിലുമാണ് നിസ്സാന്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ആഗോളതലത്തില്‍ത്തന്നെ നിസ്സാന്‍ ആദ്യമായാണ് ഇത്തരമൊരു ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും സ്വയംനിയന്ത്രിത വാഹനങ്ങളുടെയും ഗവേഷണവും സാങ്കേതിക വികസനവുമാണ് ഇവിടെ നടക്കുക. പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റുണ്ടാകുമെന്ന് കണ്ടെത്തിയാണ് നിസ്സാന്റെ നീക്കം. മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയവും നിസ്സാന്‍ ഗുണമായി. നിസാന്‍, റെനോ, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്മ്മാതാക്കള്ക്കായാണ് ഫ്രാങ്കോ-ജപ്പാന് സഹകരണമായി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് ഒരുങ്ങുക.
നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വളരെ കുറവാണ്. 2030 ആകുമ്പോഴേക്കും പൊതുഗതാഗതസംവിധാനം 100 ശതമാനവും, വ്യക്തിഗത ഗതാഗതം 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ നടപടികള്‍ക്ക് കരുത്ത് പകരുന്നതാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ്. പൊതുഗതാഗതം ഇലക്ട്രിക് വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സ് നിരത്തിലിറക്കി കഴിഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും ഇതിന്റെ പരീക്ഷണ ഓട്ടം നടന്നു കഴിഞ്ഞു. രണ്ടിടത്തും പരീക്ഷണം വിജയമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി താമസിയാതെ കൂടുതല്‍ ഇലക്ട്രിക് ബസ്സ് വാങ്ങും. നേരത്തെ കെഎസ്ഇബിയും ഇലക്ട്രിക് കാര്‍ വാങ്ങിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളെല്ലാം പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങും.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകളും വന്‍തോതില്‍ ലഭിക്കും. ഇന്ധനച്ചെലവ്, മലിനീകരണം എന്നിവ ഒഴിവാക്കാന്‍ ഇ-വാഹനങ്ങള്‍ക്ക് കഴിയും. ചരക്ക് വാഹനങ്ങളടക്കം ഇലക്ട്രിക്കിലേക്ക് മാറുന്നതോടെ വിലക്കയറ്റവും തടയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: