ശ്രീരാമനെയാണ് ശ്രീജിത്തിന് ഏറെ ഇഷ്ടം. വരകളില്‍ ഇഷ്ടദേവന്റെ രൂപം നിറയുമ്പോള്‍ ഇദ്ദേഹത്തിന്റെ മനം നിറയും. തൃശൂര്‍ ഒളരി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രന്റെ അനുഗ്രഹീതമായ കൈവിരലുകളില്‍നിന്ന് പിറവിയെടുക്കുന്നത് ഭക്തിയും ദൈവികതയും തുളുമ്പുന്ന ചുമര്‍ചിത്രങ്ങള്‍.
ദേവീ-ദേവന്മാരുടെ വര്‍ണ ചിത്രങ്ങള്‍ ക്ഷേത്ര ചുമരുകളില്‍ നയനചാരുത പകരുമ്പോള്‍ അതിന്റെ ആത്മനിര്‍വൃതിയിലാണ് ശ്രീജിത്ത്. ഈ യുവകലാകാരന്റെ വിരലുകള്‍ ക്ഷേത്രച്ചുമരുകളില്‍ വര്‍ണക്കൂട്ടുകള്‍ നിറയ്ക്കുന്നു.
ഗുരുവായൂര്‍ ദേവസ്വം ചുമര് ചിത്ര പഠന കേന്ദ്രത്തിലാണ് ശ്രീജിത്ത് ചുമര്‍ചിത്ര രചന അഭ്യസിച്ചത്. അഞ്ചു വര്‍ഷത്തെ കോഴ്സ് 2008ല്‍ പൂര്‍ത്തിയാക്കിയ ശ്രീജിത്ത് 2009-ല്‍ തൃശൂര്‍ ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപം വരച്ച് അരങ്ങേറി. വിദ്യാരംഭ ദിനത്തിന് എഴുത്തിനിരുത്തുന്ന ക്ഷേത്രത്തില്‍ ഈ ചടങ്ങുമായി ബന്ധപ്പെട്ടുള്ള കഥയും ആറാട്ടുപുഴ പൂരം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ശ്രീജിത്തിന്റെ കരവിരുതില്‍ ചുമരുകളില്‍ നിറഞ്ഞു.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം പടിഞ്ഞാറെ ഗോപുരത്തില്‍ ശ്രീരാമ പട്ടാഭിഷേകം വരച്ചതാണ് ഏറെ സന്തോഷം നല്‍കിയതെന്ന് ശ്രീജിത്ത്. എല്ലാ ദേവീ-ദേവന്മാരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ടെങ്കിലും ഇഷ്ടദേവന്റെ ക്ഷേത്രത്തില്‍ ചിത്രരചനയ്ക്ക് അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കാന്‍ ഇദ്ദേഹത്തിന് വാക്കുകളില്ല. രാമായണം ആസ്പദമാക്കി രചനകളില്‍ നിന്ന് ലഭിക്കുന്ന ആനന്ദത്തിന് അതിരില്ലെന്നും ഇദ്ദേഹം പറയുന്നു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ചുമര്‍ചിത്രം രചിക്കണമെന്ന മോഹം, തന്റെ മനസ്സു കണ്ട് ഭഗവാന് അത് സാധിച്ചുതന്നുവെന്ന ചാരിതാര്‍ത്ഥ്യവുമുണ്ട് ശ്രീജിത്തിന്.
ഒട്ടേറെ ക്ഷേത്രച്ചുമരുകള്‍ ശ്രീജിത്തിന്റെ രചനകള്‍ക്ക് അരങ്ങായി. മണലൂര്‍ അയ്യപ്പന്‍കാവില്‍ ഗോപുരത്തിലും ശ്രീകോവിലിലും അയ്യപ്പകഥകള്‍ രചിച്ചു. ഈ അനുഭവം വേറിട്ടതായി. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ സൃഷ്ടി. ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മൂന്ന് ഗോപുരങ്ങള്‍, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ ഗജ മണ്ഡപം, കാട്ടാകാമ്പാല്‍ ദേവീ ക്ഷേത്രം, പാലക്കാട് കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രം, കൂര്‍ക്കഞ്ചേരി ശ്രീനാരായണ മഹേശ്വര ക്ഷേത്രം, എല്‍ത്തുരുത്ത് ഒളരി പൂതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ ശ്രീകോവിലുകളിലെല്ലാം ശ്രീജിത്തിന്റെ കലാചാതുരി നിറഞ്ഞിട്ടുണ്ട്. നിരവധി കുടുംബ ക്ഷേത്രങ്ങളിലും ഈ കലാകാരന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണാം. പഞ്ചാബ് അമൃതസറിലെ സുവര്‍ണ ക്ഷേത്രം, ബെംഗളൂരു ആര്‍ട്ട് ഗാലറിയിലെ രചനകളും ആത്മസംതൃപ്തി നല്‍കുന്നെന്നും ശ്രീജിത്ത് പറയുന്നു.
ചുമര്‍ചിത്ര രചനയില്‍ പരമ്പരാഗത രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. പ്രധാനമായും അക്രിലിക്, പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിക്കുന്നു. നിറങ്ങള്‍ സ്വയം തയാറാക്കുകയാണ് രീതി. അരച്ചുണ്ടാക്കുകയാണ് പതിവ്. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള കല്ലുകള്‍ കൊണ്ടുവരുന്നത് മൂകാംബിക കുടജാദ്രി മലയില്‍ നിന്നാണ്. കുടജാദ്രി മലയില്‍ കിലോമീറ്ററുകളോളം നടന്നാണ് കല്ലുകള്‍ ശേഖരിക്കുക. സൗപര്‍ണികയില്‍ നിന്നും കല്ലുകളെടുക്കാറുണ്ട്.
എണ്ണക്കരിയില്‍ നിന്നാണ് കറുപ്പ് നിറം ഉണ്ടാക്കുന്നത്. നീല നിറത്തിന് പ്രാണികളുടെ ശല്യം നേരിടാന്‍ തുരിശ് ഉപയോഗിക്കും. പ്രകൃതിദത്ത നിറങ്ങള്‍ക്ക് പരമ്പരാഗത രീതി പിന്തുടരുന്നു. ചിത്രരചനയ്ക്ക് കൃത്യമായ അനുപാതത്തില്‍ ആര്യവേപ്പിന്റെ പശ ഉപയോഗിക്കും. പുരാവസ്തു വകുപ്പ് ഗവേഷണം നടത്തുന്ന തൃപ്രയാര്‍ ക്ഷേത്രത്തില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് കലാജീവിതത്തില്‍ ഏറെ ഭാഗ്യമായി ശ്രീജിത്ത് കരുതുന്നു. ചുമര് ചിത്രരചനാ രംഗത്ത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായാണ് ഇതിനെ അദ്ദേഹം വിലയിരുത്തുന്നത്.
സ്കൂള്‍ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് 2003-ലാണ് ചുമര്‍ചിത്ര പഠനത്തിന് ചേര്‍ന്നത്. ഗുരുവായൂര്‍ ദേവസ്വം ചുമര് ചിത്ര പഠന കേന്ദ്രത്തില്‍ താമസിച്ചായിരുന്നു പഠനം. ക്ഷേത്രങ്ങള്‍ക്ക് പുറമെ വീടുകളിലും ഇപ്പോള്‍ ചുമര്‍ചിത്രങ്ങള്‍ വരയ്ക്കുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി യുവകലാകാരന്മാര്ക്കുള്ള കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അര്‍ഹനായി ഈ മുപ്പത്തിമൂന്നു വയസ്സുകാരന്.
ഒളരി സ്വദേശി പരേതനായ രവീന്ദ്രന്റെയും അരുണയുടെയും മകനാണ് ശ്രീജിത്ത്. അരുണയും നന്നായി ചിത്രം വരയ്ക്കും. ആ കഴിവാണ് തനിക്ക് ലഭിച്ചതെന്ന് ശ്രീജിത്ത് കരുതുന്നു. ജ്യേഷ്ഠന് രഞ്ജിത്തും വരയ്ക്കുമെങ്കിലും ചുമര്‍ചിത്രരചനാ രംഗത്ത് ശ്രദ്ധേയനാകാന്‍ ശ്രീജിത്തിനായിരുന്നു നിയോഗം. ഭാര്യ നീതുവാണ് ഇപ്പോള്‍ പ്രോത്സാഹനമായി കൂടെയുള്ളത്. ഒന്നര വയസ്സുള്ള തീര്‍ത്ഥയാണ് മകള്‍.
ചുമര്‍ചിത്രരചനാ രംഗത്ത് കൂടുതല്‍ മികച്ച സൃഷ്ടികള്‍ സമ്മാനിക്കാനായി കലാസപര്യ തുടരുകയാണ് ശ്രീജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: