അണ്ടര്ഗ്രാൗണ്ടില്, ഒളിവില്‍, മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ ഉറങ്ങിക്കഴിയുക എളുപ്പമാണ്, പ്രത്യേകിച്ച്, പിടിക്കപ്പെടില്ലെന്ന് അത്രഉറപ്പായാല്. ഒളിവിലും കൂടുതല്‍ തീവ്രമായി പ്രവര്ത്തിക്കാനുറച്ചാല് ഉറങ്ങാനല്ല, കണ്ണുചിമ്മാനാവില്ല. ഇന്ത്യയില്‍ ജനാധിപത്യത്തെ കൊന്ന് അടിയന്തരാവസ്ഥ നടപ്പാക്കിയ കാലത്ത് അതിനെ ഓരോ നിമിഷത്തിലും അണുവിലും എതിര്‍ത്ത് പോരാടി തോല്‍പ്പിച്ചവരുടെ കാര്യമാണ് പറയുന്നത്, അവര്‍ ഒളിവില്‍ ഉറങ്ങുകയായിരുന്നില്ല.
അന്ന് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുണ്ടായിരുന്നവരില്‍ ഒരാള്‍, പില്ക്കാലത്ത് സംഘടനയുടെ സംസ്ഥാന പ്രചാരകനായ എസ്. സേതുമാധവനായിരുന്നു. ആലുവ കേന്ദ്രമാക്കി ഇടുക്കി, കോട്ടയം, എറണാകുളം ഗ്രാമീണ മേഖലകളുടെ ചുമതലയുള്ള വിഭാഗത്തെ പ്രചാരകായിരുന്നു അടിയന്തരാവസ്ഥയില്‍. നാലുപതിറ്റാണ്ടു മുമ്പത്തെ, സംഘടനയുടെ ഒളിവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ‘ജന്മഭൂമി’യോട് അദ്ദേഹം സംസാരിച്ചു.
”അന്ന്, 1975 ജൂണ്‍ 26 ന് കാലത്ത്, ആര്‍എസ്എസിന്റെ കേരളത്തിലെ സ്വന്തം ആസ്ഥാന മന്ദിരമായ എറണാകുളം എളമക്കരയിലെ മാധവ നിവാസില്‍ ഗൃഹപ്രവേശമായിരുന്നു. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ പ്രചാരക് യാദവ്റാവു ജോഷി എത്തിയിരുന്നു. സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രചാരകന്മാരും വന്നിരുന്നു. അപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. യാദവ്റാവു ജോഷി അന്ന് ആസൂത്രണ യോഗത്തില്‍ പറഞ്ഞു, ”ഇത് തുടക്കം മാത്രമാണ്. സംഘത്തിന്റെ നിരോധനമാണ് അടുത്തത്. കരുതിയിരിക്കുക, തയാറാകുക. അങ്ങനെ ആസൂത്രണത്തിന് സമയം കിട്ടി, യാദവ്റാവുജിയുടെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം കിട്ടി,” സേതുമാധവന് ഓര്‍മകള്‍ പങ്കുവെച്ചു.
”ഏകാധിപത്യം ചെറുക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കണം. അപ്പോള്‍ത്തന്നെ ആദ്യ നിര്‍ദ്ദേശങ്ങള്‍ വന്നു. സംഘത്തിന്റെ സംഘചാലകന്മാരും കാര്യവാഹകന്മാരും ജോലിയുള്ളവരും സമൂഹത്തില്‍ അറിയപ്പെടുന്നവരും ഗൃഹസ്ഥരുമാണ്. അവരെയായിരിക്കും ആദ്യം പോലീസ് പിടിക്കുക. അപ്പോള്‍ അവര്‍ അറസ്റ്റിലാകാം. ചിലപ്പോള്‍ മര്‍ദ്ദനമേല്‍ക്കാം. ജയിലില്‍ പോകേണ്ടിവരാം. അതിന് ഒരുങ്ങുക,” – യാദവ്റവുജിയുടെ നിര്‍ദ്ദേശം സേതുമാധവന് ഓര്‍മിക്കുന്നു. പ്രചാരകന്മാര് കാര്യാലയം വിടുക. പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പോവുക. പ്രവര്‍ത്തനം അണ്ടര്‍ ഗ്രൗണ്ടില്‍ മുടക്കമില്ലാതെ തുടരുക.
ഇന്ദിരാസര്‍ക്കാര്‍ ജൂലൈ നാലിന് ആര്‍എസ്എസ് നിരോധിച്ചു. രാജ്യമെമ്പാടും സംസ്ഥാനത്തും കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്തു. സീല്‍വെച്ചു. പ്രാന്തകാര്യാലയത്തില്‍ ഉണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തു. ജൂണ്‍ 26 മുതലേ പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും തുടങ്ങി. പ്രാന്ത കാര്യവാഹക് അഡ്വ. ടി.വി. അനന്തന് (അനന്തേട്ടന്) ഉള്‍പ്പെടെ ആയിരത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അവര്‍ എവിടെ, എങ്ങോട്ടു കൊണ്ടുപോയി ഒന്നും അറിയില്ല. അന്വേഷിക്കാനും മാര്‍ഗമില്ല. വക്കീലന്മാര് പോലും സഹായിക്കാന്‍ തയാറായില്ല. അഡ്വ. കെ. രാംകുമാര്‍ മുന്നിട്ടിറങ്ങി. അതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ വ്യാപകമായി ഫയല്‍ ചെയ്യാന്‍ തുടങ്ങി.
ഇതിനകം നാഗ്പൂരില്‍നിന്ന് സന്ദേശം രാജ്യവ്യാപകമായി എത്തി. ‘അടിയന്തരാവസ്ഥയ്ക്കെതിരേ ആര്‍എസ്എസിന്റെ പോരാട്ടമല്ല, ജനങ്ങളുടെ പോരാട്ടമാണ് വേണ്ടത്.’ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ ലോക് സംഘര്‍ഷ സമിതി (എല്‍എസ്എസ്) രൂപീകരിച്ചു. മുതിര്‍ന്ന പ്രചാരകന് ദത്തോപാന്ത് ഠേംഗ്ഡിജി ജൂലൈ എട്ടിന് കേരളത്തിലെത്തി. അദ്ദേഹം ഉത്തരവാദപ്പെട്ടവരെ കണ്ട് പ്രവര്‍ത്തനത്തിന്റെ തന്ത്രവും ഘടനയും ശൈലിയും വിശദീകരിച്ചു. ഹരിയേട്ടന് (ആര്. ഹരി), മാധവ്ജി (പി. മാധവന്), ഭാസ്കര്‍ റാവുജി (കെ. ഭാസ്കര്‍ റാവു) തുടങ്ങിയവരാണ് മുഖ്യര്‍. (ഇനി പറയുന്നതില്‍ ഇതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവരെയും സ്ഥാപനങ്ങളെയും ഒന്നും ഒരിക്കലും ആര്‍ക്കും തിരിച്ചറിയാന്‍ ഇടകൊടുക്കാതിരിക്കുകയാണല്ലോ ധര്‍മം.)
കമ്യൂണിക്കേഷന്‍: ഫോണ്‍ ബന്ധം പാടേ വേണ്ടെന്നു വെച്ചു. തപാല്‍ മേല്‍വിലാസത്തിന് സംസ്ഥാന തലം മുതല്‍ താലൂക്ക് തലംവരെ സംവിധാനം ഉണ്ടാക്കി. ഏറ്റവും കൂടുതല്‍ കത്തിടപാടുകള്‍ നടത്തുന്ന കച്ചവട സ്ഥാപനം, ഓഫീസ് തുടങ്ങിയവ വിലാസമായി നിശ്ചയിച്ചു.
സമ്പര്‍ക്ക കേന്ദ്രം: ചില പൊതു കേന്ദ്രങ്ങള്‍ സമ്പര്‍ക്കത്തിന് നിശ്ചയിച്ചു. അവിടെ ചെന്ന് ‘കോഡ് വാക്യം’ പറഞ്ഞാല്‍ ആളെ തിരിച്ചറിയും. ഉദാഹരണത്തിന് ‘മൂകാംബികക്ക് പോകാന്‍ വന്ന’താണെന്നു പറഞ്ഞാല്‍ മതി…
സംഘടന: ശാഖ നടക്കണം, മുടക്കരുത്. അഞ്ചാറു പേര് വീതം ഒത്തു ചേരണം. പോലീസിന് പിടി കൊടുക്കരുത്. വീടുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടം കേന്ദ്രീകരിച്ച്. പ്രാര്‍ഥന മുടക്കരുത്.
യാത്രകള്‍, പരിപാടികള്‍: സംഘ അധികാരികള്‍ യാത്ര ഉപേക്ഷിക്കരുത്, നിര്‍ദ്ദിഷ്ട പരിപാടികള്‍ കൃത്യമായി നടക്കണം. അഖില ഭാരതീയ സംഘടനാ അധികാരികള്‍ മുതല്‍ താലൂക്ക് തലത്തിലുള്ളവര്വരെ അക്കാലത്ത് മുടങ്ങാതെ പരിപാടികളില്‍ പങ്കെടുത്തു.
പ്രചാരണം: മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. കൊച്ചിയില്‍നിന്നുള്ള ‘രാഷ്ട്രവാര്‍ത്ത’, കോഴിക്കോട്ടുനിന്ന് സായാഹ്ന പത്രമായിരുന്ന ‘ജന്മഭൂമി’ തുടങ്ങിയവ നിരോധിച്ചു, പൂട്ടി. ജന്മഭൂമിയുടെ മുഖ്യ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയേയും മുഖ്യചുമതലക്കാരന് പി. നാരായണനേയും (നാരായണ്‍ജി) ജയിലിലാക്കി. യഥാര്‍ഥ സംഭവങ്ങള്‍ പുറംലോകം അറിയുന്നില്ല. അറിയിക്കാന്‍ ‘കുരുക്ഷേത്രം’ എന്ന പത്രിക തുടങ്ങി. ആദ്യം മാസത്തിലൊന്ന്. പിന്നീട് രണ്ടാഴ്ചയിലൊന്നായി. അച്ചടിച്ച് വിതരണം ചെയ്തു. അണ്ടര്‍ഗ്രൗണ്ട് കാലത്തെ വിശ്വസനീയമായ പത്രികയായി മാറി. സാധാരണക്കാര്‍ മുതല്‍ വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ വരെ വാര്‍ത്തയറിയാന്‍ ആശ്രയിച്ചത് കുരുക്ഷേത്രത്തെ ആയിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ഥി രാജനെ പോലീസ് ഉരുട്ടിക്കൊന്ന സംഭവം പുറംലോകമറിഞ്ഞത് കുരുക്ഷേത്രത്തിലൂടെയാണ്. പത്രം കോണ്‍ഗ്രസുകാരുടെ പ്രസുകളില്‍ അച്ചടിച്ചു. കൂടുതല്‍ പണം കൊടുത്തപ്പോള്‍ അവര്‍ ചെയ്തു.
സംഘാടനം: വാര്‍ത്ത ശേഖരിക്കല്‍, പണം സ്വരൂപിക്കല്‍, വ്യക്തി ബന്ധമുണ്ടാക്കല്, നിലനിര്‍ത്തല്‍ ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സംവിധാനം ഉണ്ടാക്കി.
ജയിലും വീടും: അറസ്റ്റിലായി ജയിലില്‍ പോയവരുടെ കാര്യം അറിയാനും അവരെ കാര്യങ്ങള്‍ അറിയിക്കാനും ജയില്‍ വാര്ഡന്മാരെ രഹസ്യമായി കാണുന്ന സംവിധാനമുണ്ടാക്കി. ജയിലില്‍ പോയവരുടെ വീട്ടുകാര്യങ്ങള്‍ അന്വേഷിക്കേണ്ടവ അന്വേഷിച്ചു വേണ്ടത് ചെയ്തു.
ഗുരുദക്ഷിണ: സംഘത്തിന്റെ വാര്‍ഷികോത്സവമായ ഗുരുദക്ഷിണ സാധാരണപോലെ എല്ലായിടത്തും നടത്താനാവാത്ത അവസ്ഥ. വലിയ അധിക ചെലവുകള്‍ പലതരത്തില്‍ വന്നു. അന്ന് ഗുരുദക്ഷിണചെയ്യാറുള്ള, സാമ്പത്തിക ശേഷിയുള്ളവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എല്ലാ മാസവും നിശ്ചിത തുക നല്കാന് അഭ്യര്‍ഥിച്ചു. പ്രതീക്ഷിക്കാത്തത്ര സഹായം കിട്ടി. വര്‍ഷത്തിലൊരിക്കല്‍ ചെയ്തിരുന്ന ഗുരുദക്ഷിണത്തുകവീതം ചിലര്‍ എല്ലാ മാസവും നല്കി.
ആത്മബലം: സ്വയം സേവകര്‍ക്ക് ആത്മബലവും വീര്യവും നല്കാന് ബൗദ്ധിക്കുകളും പ്രചോദനങ്ങളും അടങ്ങുന്ന ‘സുദര്‍ശനം’ എന്ന മാസിക ഇറക്കി. സംഘടനാ മാര്‍ഗദര്‍ശനങ്ങള്‍ അതിലൂടെയായിരുന്നു.
പരിചയം: ആരെ പൊതുസ്ഥലത്തുവെച്ചുകണ്ടാലും പരിചയം നടിക്കരുതെന്ന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്കു നല്കി. അത് അവിശ്വസനീയമാം വിധം സംഘഅനുഭാവികളും പാലിച്ചു. നേതാക്കള്‍ പേരുമാറ്റി. ഭാസ്കര്‍ റാവു ‘അമ്മാവന്’ എന്ന പേരില്‍ പ്രവര്‍ത്തകര്‍ അറിഞ്ഞു. ആരും അസാധാരണമായ കൃത്രിമ വേഷം കെട്ടിയൊന്നും ഒളിച്ചു നടന്നില്ല. പൊതു വേദികളില്‍നിന്ന് ഒഴിഞ്ഞുനിന്നു.
പ്രവര്‍ത്തകരുടെ വീടുകളായിരുന്നു ഒളിത്താവളങ്ങള്‍. അവിടം കേന്ദ്രീകരിച്ച് പ്രവര്ത്തനംതന്നെയായിരുന്നു. അഖില ഭാരതീയ നേതൃത്വത്തിലുള്ളവര്‍ പലവട്ടം കേരളത്തില്വന്നുപോയി. ആരെയും പോലീസിന് കിട്ടിയില്ല, രഹസ്യപ്പോലീസ് അറിഞ്ഞുപോലുമില്ല.
വീട്ടമ്മമാര്‍: രഹസ്യം സൂക്ഷിക്കുകയെന്ന സംഘനിര്‍ദ്ദേശം വീട്ടമ്മമാര്‍ പോലും അന്ന് ഉള്‍ക്കൊണ്ടു. അവര്‍ എങ്ങനെ ‘ശ്രുതം’ പ്രയോഗിച്ചു, ബുദ്ധി പ്രകടിപ്പിച്ചുവെന്നതിന് ഒരുദാഹരണം: പെരുമ്പാവൂരിലെ ഒരു വീട്ടില്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ ബൈഠക് നടത്തി. പതിനഞ്ചോളം പേരുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. ആരോടും പറയരുതെന്നാണ് നിര്‍ദ്ദേശം. അടുത്ത വീട്ടുകാരോടുപോലും പറഞ്ഞില്ല. പക്ഷേ, ആളുകള്‍ ഭക്ഷണം കഴിച്ചതിന്റെ ഇലകണ്ട് അവര്‍ ചോദിച്ചു. ആ വീട്ടുകാരും സംഘ പ്രവര്‍ത്തകരാണ്. പക്ഷേ, മകളെ പെണ്ണുകാണാന്‍ വന്നതാണ് എന്നു നുണപറഞ്ഞു. ‘ഞങ്ങളറിഞ്ഞാല്‍ കല്യാണം മുടക്കുമോ’ എന്നായി അവര്‍. പിന്നൊരിക്കല്‍ ആ വീട്ടില്‍ ബൈഠക് നടന്നു. അവരും അയല്പക്കത്തറിയിച്ചില്ല. ഇരു വീട്ടുകാരും തമ്മില്‍ പിണങ്ങി, അകന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ച് ഒരിക്കല്‍ ഇരുവീട്ടുകാരെയും ഒന്നിച്ചിരുത്തി കാര്യങ്ങള്‍ വെളിപ്പെടുത്തി. രണ്ടുകൂട്ടരും സംഘ നിര്‍ദ്ദേശം പാലിച്ചുവെന്നതില്‍ അവര്‍ അഭിമാനിച്ചു. പിണക്കം തീര്‍ന്നു.
ആബാലവൃദ്ധം: ഞാന്‍ പാലക്കാട്ടെ വീട്ടില്‍ ചെന്നാല്‍ അയലത്തെ കൊച്ചുകുട്ടി വീട്ടില്‍ വരുമായിരുന്നു. ഏറെ വര്‍ത്തമാനം പറയും, അതൊക്കെ വീട്ടില്‍ പോയി അമ്മയുമായി പങ്കുവെയ്ക്കും. അടിയന്തരാവസ്ഥക്കാലത്ത് ചെന്നപ്പോള്‍ ആ കുട്ടി വീട്ടില്‍ വന്നു. ഏറെ സംസാരിച്ചു. പിന്നീട് കുട്ടിയുടെ അമ്മ വന്നപ്പോള്‍ ‘സേതുവേട്ടന് എപ്പോള്‍ വന്നു’വെന്നെല്ലാം തിരക്കി. ‘മോള് പറഞ്ഞില്ലേ ‘എന്നു ചോദിച്ചപ്പോള്‍ അവള് വന്നുകണ്ടിരുന്നോ എന്നായി. കുട്ടിയോടു ചോദിച്ചപ്പോള്‍ പറഞ്ഞു, ‘സംഘപ്രവര്‍ത്തകരെ കണ്ടാല്‍ അക്കാര്യം ആരോടും പറയാന്‍ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്ന’തെന്ന്! (അമ്മയോടും!!) അന്ന് കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും അടക്കം സമൂഹത്തിലെ വലിയൊരു വിഭാഗം സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
എല്‍എസ്എസ്: ലോക് സംഘര്‍ഷ സമിതിയെന്ന പേരില്‍ അഖിലേന്ത്യാ തലത്തില്‍ സംഘടന ഉണ്ടാക്കി, ലോക്മാന്യ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വന്‍ രാഷ്ട്രീയ പ്രക്ഷോഭം നടന്നു. രാഷ്ട്രീയം ഏകോപിപ്പിക്കുകയായിരുന്നു അതിലൂടെ. കേരളത്തില്‍ പ്രൊഫ. എം.പി. മന്മഥന് ആയിരുന്നു അധ്യക്ഷന്‍. കെ. രാമന്‍പിള്ളയായിരുന്നു സെക്രട്ടറി.
വിവിധക്ഷേത്രം: സംഘപ്രസ്ഥാനങ്ങള്‍ ഒന്നിച്ചുനിന്ന് ഒറ്റ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു. അത് വലിയ കരുത്ത് പ്രകടിപ്പിച്ചു. ആത്മ വിശ്വാസം കൂട്ടി.
ഗാന്ധിയന്‍ സമരം: അടിയന്തരാവസ്ഥയ്ക്കെതിരേ സംഘം നടത്തിയത് ഗാന്ധിയന്‍ സമരമായിരുന്നു. സത്യഗ്രഹം നടത്തി, പോലീസ് മര്‍ദ്ദിച്ചപ്പോള്‍ സഹന സമരം നടത്തി. പോലീസിനെ തിരിച്ച് ആക്രമിച്ചില്ല, ചെറുത്തില്ല. അതായിരുന്നു സംഘ നിര്‍ദ്ദേശം. സഹിക്കുക, ജീവന് പോയാലും പ്രതിക്രിയ വേണ്ട. അത് പ്രവര്‍ത്തകര്‍ പാലിച്ചു.
കൊല്ലാക്കൊലകള്‍: റഷ്യന്‍ മോഡല്‍ ആയിരുന്നു പോലീസ് ഭരണം-‘മിഡ്നൈറ്റ് നോക്ക്.’ അവര്‍ അഴിഞ്ഞാടി. ചെറുക്കുന്ന, കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു. സത്യഗ്രഹികള്‍ക്ക് അതിക്രൂര മര്‍ദ്ദനമായിരുന്നു. തല്ലിച്ചതച്ചു. ‘ഗരുഡന് പറവ’യും ‘പട്ടിപ്പൂട്ടും’ തുടങ്ങി അതിപ്രാകൃത മര്‍ദ്ദനം. ‘ആര്‍എസ്എസ് നേതാക്കളായ ഹരിയും മറ്റും എവിടെ’യെന്നാണ് അറിയേണ്ടിയിരുന്നത്.
തുടര്‍ച്ചയായി ഏഴുദിവസം ശിവദാസ് എന്ന പ്രവര്‍ത്തകനെ മര്‍ദ്ദിച്ചിട്ടും വിവരങ്ങള്‍ കിട്ടിയില്ല. അയാള്‍ക്ക് ജോലിയും സഹായങ്ങളും സമ്പത്തും മറ്റും വാഗ്ദാനം ചെയ്ത് രഹസ്യങ്ങള്‍ ചോദിച്ചു, പറഞ്ഞില്ല. ഇതില്കൂടുതല് എന്തുവേണമെന്ന് പോലീസ് ചോദിച്ചപ്പോള്‍ ”ആ റിവോള്വറില്നിന്നൊരു വെടി” എന്നായിരുന്നു മറുപടി.
സിപിഐ നേതാവ് സി. അച്യുതമേനോന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് ആഭ്യന്തരമന്ത്രിയുമായിരുന്നു. പക്ഷേ, പോലീസ് സംഘപ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പേടിച്ചു. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വരുന്ന സ്ഥലങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ മുടികെട്ടിവെയ്ക്കാന് അനുവദിച്ചില്ല. മുടിക്കെട്ടില്ബോംബുണ്ടാവുമെന്നായിരുന്നു പോലീസ് ഭയം!
ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ചില നേതാക്കളെ മോചിപ്പിച്ചു. തെരഞ്ഞെടുപ്പു നടത്തിയാല്‍ വിജയിക്കുമെന്ന രഹസ്യപ്പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ദിര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ചില പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആര്‍എസ്എസ് പറഞ്ഞു, ‘ഇത് അവസരമാണ്. തോല്‍വിയും ജയവുമല്ല പ്രശ്നം. നമുക്ക് പറയാനുള്ളത് നാടുനീളെ പറയാന്‍ അവസരമാണിത്. അതു വിനിയോഗിക്കണം,’ എന്ന്. അങ്ങനെ ജെപി ദല്‍ഹിയില്‍ റാലി നടത്തി. ജനപങ്കാളിത്തംകൊണ്ട് അത് വന്‍വിജയമായി. പിന്നെ നാടെമ്പാടും ജനം ഇളകി. തെരഞ്ഞെടുപ്പില്‍ കേരളത്തിലൊഴികെ ഇന്ദിരയുടെ കോണ്‍ഗ്രസ് തോറ്റു.
അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകരെ ഒറ്റുകൊടുത്തു. സിപിഎം നേതാക്കളില്‍ ചിലര്‍ ആദ്യംതന്നെ അറസ്റ്റുവരിച്ച് രാഷ്ട്രീയ തടവുകാരായി ജയിലില്‍ ഉണ്ടുറങ്ങി, വായിച്ച് സുരക്ഷിതരായി കഴിഞ്ഞു. മറ്റു ചിലര്‍ ഒളിച്ച് സുഖിച്ചു ജീവിച്ചു. ഇവരില്‍ ചില നേതാക്കളെ നേരില്‍ക്കണ്ട് സമരത്തിനിറങ്ങാന്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസില്‍ ഇന്ദിരാവിരുദ്ധരായ ചിലരേയും മറ്റു ചെറുപാര്‍ട്ടി നേതാക്കളോടും ചര്‍ച്ച നടത്തി. ”നിങ്ങളെപ്പോലെ സമരം ചെയ്യാനും മര്‍ദ്ദനം സഹിക്കാനുമൊന്നും ഞങ്ങളുടെ ആളുകളെ കിട്ടില്ല. അതിനാല്‍ പ്രതീക്ഷിക്കേണ്ട,” എന്നായിരുന്നു മറുപടി.
സമരത്തിനു വേണ്ടി കൂടിയാലോചനയ്ക്കും യോഗങ്ങള്‍ക്കും വന്ന മറ്റു പാര്‍ട്ടിക്കാരില്‍ പലരേയും കരുതലോടെയാണ് കണ്ടത്. അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ചിലര്‍ സ്വരക്ഷയ്ക്ക് പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവങ്ങളുണ്ട്. ”
നഷ്ടമായെന്ന് ഭയന്ന സ്വാതന്ത്ര്യം അതിവേഗം തിരികെക്കിട്ടിയത് രാഷ്ട്ര നേട്ടം. സമരത്തിലൂടെ സംഘത്തിനും നേട്ടമുണ്ടായി. രാജ്യമെമ്പാടും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളത്തില്‍ മാത്രം അയ്യായിരത്തോളം സംഘപ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. അതിനെല്ലാം കൃത്യമായ രേഖകളുണ്ട്. അവരെക്കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വേറെ. ആയിരക്കണക്കിന് പേര്‍ക്ക് കൊടും മര്‍ദ്ദനമേറ്റു, അവശരായി ഇന്നും ഏറെപ്പേര്‍ കഴിയുന്നു. ഇവര്‍ നടത്തിയ സഹന സമരം സംഘടനയ്ക്കുണ്ടാക്കിയ നേട്ടം ചെറുതല്ല.
സര് സംഘചാലക് ബാലാ സാഹേബ് ദേവറസ്ജിതന്നെ പറഞ്ഞു, ” ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്നറിഞ്ഞിട്ടും സംഘത്തെ നിരോധിച്ചതിലൂടെ സംഘടനാ പ്രവര്‍ത്തനം ഏറെ പിന്നോട്ടു പോയി. പക്ഷേ രണ്ടു വര്‍ഷത്തെ അടിയന്തരാവസ്ഥാ നിരോധനത്തിലൂടെ സംഘത്തിന് 20 വര്‍ഷത്തെ വളര്‍ച്ചയുണ്ടായി,” എന്ന്. ഗാന്ധിവധത്തില്‍ പ്രതിയാക്കുകവഴി സംഘത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനിടയാക്കി. പക്ഷേ, അടിയന്തരാവസ്ഥാ നിരോധനത്തിലൂടെ സംഘത്തെ ജനങ്ങള്‍ ഏറ്റെടുത്തു.
”നിരോധനകാലത്ത് സംഘ സന്ദേശവും പ്രവര്‍ത്തകരും എത്താത്ത ഇടമില്ല കേരളത്തില്‍. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിനും നടുനായകത്വം വഹിച്ച് പ്രാന്തപ്രചാരക് ഭാസ്കര്‍ റാവുജി ആയിരുന്നു. ‘കുരുക്ഷേത്ര’, ‘സുദര്‍ശനം’ തുടങ്ങിയ പ്രചാരണ പ്രസിദ്ധീകരണ പരിപാടികളും വ്യക്തി സമ്പര്ക്കങ്ങളുമടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഹരിയേട്ടനും എം.എ. കൃഷ്ണനും (എം.എ. സാര്‍) ആയിരുന്നു. എഴുത്തുകാരുമായുള്ള സമ്പര്‍ക്കവും കേസരി പത്രാധിപരായിരുന്ന (നിരോധിച്ചിരുന്നു)തിനാല്‍ എം.എ. സാറിന് കൂടുതല്‍ സഹായകമായി. മാധവ്ജിക്കായിരുന്നു ചിന്തകരേയും വിശിഷ്ട വ്യക്തികളേയും സമ്പര്‍ക്കം ചെയ്യുന്നതിന്റെ മേല്‍നോട്ടം.
ഇതിനെല്ലാം ഇവര്‍ക്ക് സഹായികളായി താഴേത്തലത്തില്വരെ ആളുകളും സംവിധാനങ്ങളുമുണ്ടായി.
പില്ക്കാലത്ത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയായി തപസ്യ രൂപീകരിക്കാന്‍ സഹായകമായത് എം.എ. സാറിന്റെയും മറ്റും ഈ സമ്പര്‍ക്കങ്ങളായിരുന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അതുവഴി സംഘടനാ പ്രവര്‍ത്തകര്‍ക്കും സംഗമിക്കാന്‍ ബാലഗോകുലം എന്നൊരു സംവിധാനം കോഴിക്കോട്ട് നിരോധിത കാലത്ത് രൂപപ്പെടുത്തി. 1978-ല്‍ ആദ്യമായി കോഴിക്കോട്ട് ശോഭായാത്ര നടത്തി. അതാണിന്ന് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബാലഗോകുലമായി വളര്‍ന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും പുറത്തുമായി പല സംഘടനകളുടെയും നേതാക്കള്‍ ജനസംഘം-ആര്‍എസ്എസ് പ്രവര്‍ത്തകരുമായി സമ്പര്‍ക്കത്തിലെത്തി. അന്നാണ് അധികംപേരും സംഘ ആദര്‍ശവും നിലപാടുകളും നേരിട്ട് അറിഞ്ഞത്. ഒട്ടേറെപ്പേര്‍ക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മ മാറി. ചിലര്‍ക്ക് രാഷ്ട്രീയംതന്നെ മാറി. ചിലര്‍ സംഘ പ്രവര്‍ത്തകരായി. സംഘര്‍ഷങ്ങള്‍ നീങ്ങി.
പക്ഷേ, തെരഞ്ഞെടുപ്പു വന്നപ്പോള്‍ കോണ്‍ഗ്രസിനെതിരായ പ്രതിപക്ഷ സഖ്യത്തിലെ സിപിഎം നേതാക്കള്‍ കടുംപിടുത്തത്തിലായിരുന്നു- ഒ. രാജഗോപാലിനും കെ.ജി. മാരാര്‍ക്കും മത്സരിക്കാന്‍ സീറ്റുകൊടുക്കരുത്. പക്ഷേ, സിപിഎം നേതാക്കളുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു പോലും ജനസംഘം-ആര്‍എസ്എസ് പ്രവര്‍ത്തകരിറങ്ങി. പിണറായി ബൂത്തില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ ഏജന്റായി പ്രവര്‍ത്തിച്ചത് സി.എച്ച്. ബാലന് എന്ന സംഘ സ്വയസേവകനായിരുന്നു. പക്ഷേ, സംഘത്തെയും പ്രവര്‍ത്തകരേയും സിപിഎം അന്നും ശത്രുക്കളായിത്തന്നെ കണ്ടു, ഇന്നും കാണുന്നു.”
സംഘത്തെക്കുറിച്ച് കുപ്രചാരണങ്ങള്‍വഴി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്ന തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ നിരോധനം സഹായകമായി. അടിയന്തരാവസ്ഥയ്ക്കെതിരേ ആയിരുന്നു, സംഘടനാ നിരോധനത്തിനെതിരെ ആയിരുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ സംഘടനാ പ്രവര്‍ത്തനം സാധാരണമട്ടിലാവുമെന്ന കൃത്യമായ ബോധം സംഘ നേതൃത്വത്തിനുണ്ടായിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘമെന്ന സംഘടനയുടെ രാഷ്ട്രത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അതായിരുന്നു. അങ്ങനെയായിരുന്നു സംഘടന ജനസമൂഹത്തെയും ജനങ്ങള്‍ സംഘടനയേയും സംരക്ഷിച്ച രീതി.
അടിയന്തരാവസ്ഥ ചുരുക്കിപ്പറഞ്ഞാൽ
തെരഞ്ഞെടുപ്പില്‍ അഴിമതി കാണിച്ചതിന് ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റംഗത്വം റദ്ദുചെയ്ത് അലഹബാദ് ഹൈക്കോടതി വിധിവന്നു. ഇതിന് സുപ്രീം കോടതി ഭാഗിക സ്റ്റേ ഉത്തരവേ നല്കിയുള്ളു. ഇന്ദിരയ്ക്ക് രാജി അനിവാര്യമായി.
ഇതോടെ അധികാരത്തില്‍ തുടരാന്‍ ലക്ഷ്യമിട്ട്, 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും അടക്കം റദ്ദായി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാര്യങ്ങളല്ലാതൊന്നും പുറംലോകം അറിയാതായി. ആര്‍എസ്എസ് അടക്കം 42 സംഘടനകള്‍ നിരോധിക്കപ്പെട്ടു. ഈ സംഘടനകളുടെ നേതാക്കളെ ജയിലിലടച്ചു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്നായി മുദ്രാവാക്യം. പോലീസിന്റെ തേര്‍വാഴ്ച.
ഇന്ദിരയുടെ രണ്ടാമത്തെ മകന് സഞ്ജയ് ഗാന്ധി അധികാര കേന്ദ്രമായി. അടിയന്തരാവസ്ഥയെ എതിര്‍ത്തവര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു, ജയിലിലടച്ചു. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിതി.
ഈ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും, അതിനായി മരിക്കാന്‍ പോലും തയാറായി സമരത്തിനിറങ്ങിയത് ആര്‍എസ്എസ് ആയിരുന്നു. പരസ്യ പ്രവര്‍ത്തനത്തിന് ലോക് സംഘര്‍ഷ സമിതിരൂപീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തനം രഹസ്യമായി നടത്തി.
സമരത്തിനിറങ്ങിയവര്‍ക്ക് സംഘടന കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. ജയലില്‍ പോകേണ്ടിവന്നാല്‍ അവിടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചെലവിലേക്ക് 10 രൂപ വീതം സമരക്കാരില്‍നിന്നു വാങ്ങി. പണം അങ്ങോട്ടുകൊടുത്ത് സമരത്തിനു പോയവര്‍ക്ക് അതൊരു അര്‍പ്പണമായിരുന്നു. അതുകൊണ്ടുതന്നെ ഇതിഹാസ സമാനമായി ആ സമരവും വിജയവും നിലനില്ക്കുന്നു.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: