ദല്‍ഹി മുഖ്യമന്ത്രി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തിയ കുത്തിയിരിപ്പ് സമരം തീര്‍ന്നിരിക്കുകയാണ്. കേരളത്തിന്റേതടക്കം ചില മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സമരം ഒന്‍പതാം ദിവസമാണ് പിന്‍വലിച്ചത്. തികച്ചും അപഹാസ്യമായ സമരത്തെ തുടക്കം മുതല്‍ തന്നെ ഗവര്‍ണര്‍ അവഗണിച്ചതായിരുന്നു. ഒരു ന്യായവും മര്യാദയുമില്ലാത്തതായിരുന്നു സമരം. ഗവര്‍ണറുടെ സ്വീകരണമുറിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുത്തിയിരിപ്പ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്.
സമരമിരുന്നാല്‍ ബലപ്രയോഗത്തിലൂടെ നീക്കുമ്പോള്‍ രാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാമെന്ന ചൂല് പാര്‍ട്ടിയുടെ മോഹത്തെ മൗനം കൊണ്ട് നേരിടുകയാണ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ചെയ്തത്. മൂന്ന് വര്‍ഷമായി അധികാരം കയ്യാളുന്ന ചൂല് പാര്‍ട്ടിക്ക് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല. ജനങ്ങളുടെ അമര്‍ഷം അണപൊട്ടി ഒഴുകാന്‍ തുടങ്ങിയപ്പോഴാണ് പുതിയ സമരപാത ചൂലുപാര്‍ട്ടി തുറന്നത്. അതിന് അരാജകവാദികളായ രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിമാരും പിന്തുണച്ച് ജനശ്രദ്ധനേടാന്‍ ശ്രമിക്കുകമായിരുന്നു. ഒടുവില്‍ സമരം തീര്‍ക്കാനുള്ള തത്രപ്പാടാണ് കാണാന്‍ കഴിഞ്ഞത്.
മുഖ്യമന്ത്രി കേജ്രിവാളിന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് ഐഎഎസ്സുകാര്‍ നിസ്സകരണസമരം നടത്തിയിരുന്നു. ഇത് തീര്‍ക്കാനാണ് ഗവര്‍ണറുടെ സ്വീകരണമുറി സമര വേദിയാക്കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടലായി വ്യാഖ്യാനിച്ചാണ് സമരം അവസാനിപ്പിച്ച് കേജ്രിവാള് മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരുമായി കേജ്രിവാളിന് നേരത്തെ തന്നെ ചര്‍ച്ച നടത്താന്‍ സാധിക്കുമായിരുന്നു. ഇതിന് ഒന്‍പത് ദിവസം സമരം നടത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
ഭരണപരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ചൂല്പാര്‍ട്ടി നടത്തിയ നാടകമായിരുന്നു സമരമെന്ന വിലയിരുത്തലുമുണ്ട്. ചീഫ് സെക്രട്ടറി അന്‍ശു പ്രകാശിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചൂല്പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിച്ചിട്ടും പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.
തരംതാണ രാഷ്ട്രീയ ആരോപണങ്ങള്‍ ചൂല്പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചപ്പോഴും ഗവര്‍ണര്‍ അവഗണിച്ചു. ഇതോടെ വിഷയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിച്ചിഴയ്ക്കാനായി ശ്രമം. പിണറായി വിജയന് ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഹൈക്കോടതി കണക്കിന് വിമര്‍ശിക്കുകയും ചെയ്തതോടെ കേജ്രിവാള് പ്രതിരോധത്തിലായി.
ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതും പിന്തുണയില്ലാത്തതും കണക്കിലെടുത്താണ് ഒരുറപ്പും ലഭിക്കാതെ നാണംകെട്ട് പിന്‍വാങ്ങിയത്. അതേതായാലും നന്നായി. ഒന്‍പത് ദിവസം ഗവര്‍ണറുടെ സ്വീകരണമുറിയില്‍ കഴിയാനായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഔദാര്യം കൊണ്ടുമാത്രമാണ്. ഇമ്മാതിരി തരികിട ഏര്‍പ്പാടുകളൊന്നും ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: