വ്യത്യസ്തമായ കൃഷിരീതികള്‍ അവലംബിക്കുന്ന കര്‍ഷകരുടെ നാടാണ് കേരളം. സമ്മിശ്രക്കൃഷികള് ഇതിന് ഉദാഹരണമാണ്. ഇതിന്റെ ഭാഗമായി വിദേശത്ത് മാത്രം കൃഷിചെയ്യുന്ന പഴവര്‍ഗങ്ങള്‍ ഇന്ന് കേരളത്തിന്റെ കാലാവസ്ഥയില്‍ തളിര്‍ത്ത് വളരുന്നുണ്ട്. അതുപോലെ കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്ന ഫല വൃക്ഷമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. പഴത്തിന് വെണ്ണയുടെ രുചിയാണ്.
വെണ്ണപ്പഴം വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ചിലി എന്ന കൊച്ചുരാജ്യത്താണ്. ദക്ഷിണ അമേരിക്കയുടെ പശ്ചിമദിക്കില്‍ ശാന്തസമുദ്രത്തോടു ചേര്‍ന്നാണ് ചിലി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പെറ്റോര്ക്ക പ്രവിശ്യയിലെ വാല്പരസിയോ പ്രദേശമാണ് അവക്കാഡോയുടെ ഈറ്റില്ലം. യുറോപ്യന്‍ രാജ്യങ്ങളില്‍ വെണ്ണപ്പഴത്തിന് ആവശ്യക്കാര്‍ ഏറിയതോടെ മറ്റ് രാജ്യങ്ങളിലേക്കും കൃഷി വ്യാപിക്കുകയായിരുന്നു. ശ്രീലങ്കയില്‍ നിന്നാണ് വെണ്ണപ്പഴം ഇന്ത്യയിലേക്ക് എത്തുന്നത്. വയനാട്ടിലെ അമ്പലവയല്‍ കൃഷിഗവേഷണ കേന്ദ്രത്തിലായിരുന്നു ആദ്യകാലത്ത് ഇവയുടെ കൃഷി പരീക്ഷിച്ചത്. മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയായതിനാല്‍ കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഇത് നന്നായി വളരും.
ആദ്യകാലത്ത് കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ കര്‍ഷകര്‍ വിവിധ ഭാഗങ്ങളില്‍ വെണ്ണപ്പഴക്കൃഷി വിജയകരമായി നടത്തുന്നുണ്ട്. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ശാഖകള്‍ തിരശ്ചീനമായി വളരുന്ന ഇവയുടെ വേരുകള്‍ അധികം ആഴത്തില്‍ പോകുന്നില്ല. ഇലകള്‍ വലുതും പരുപരുത്തതുമാണ്. ചില്ലകളുടെ അഗ്രഭാഗത്താണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. കായ്കള്‍ വലുതും മാംസളവുമാണ്. ഒരു വിത്ത് അടങ്ങിയതുമാണ്. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് അഞ്ചുമുതല്‍ 20 സെന്റിമീറ്റര്‍ വരെ നീളം ഉണ്ടാകും. പുറംതൊലി ഇളം പച്ചയോ പിങ്ക് നിറത്തിലോ ആയിരിക്കും. ദശ മഞ്ഞയോ മഞ്ഞകലര്ന്ന പച്ച നിറത്തിലോ ആയിരിക്കും കാണുക.
ദശ ആദ്യം ദൃഢവും പഴുക്കുമ്പോള്‍ വെണ്ണപോലെ മൃദുലവുമായിരിക്കും. വിത്തുമുളപ്പിച്ചാണ് സാധാരണയായി തൈകളുണ്ടാക്കുന്നത്. മുളയ്ക്കുവാന് 50 മുതല്‍ 100 ദിവസം വരെ സമയം വേണ്ടിവരും. കമ്പുനടല്‍, പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡിങ് മുതലായ കായിക പ്രജനന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് സ്വീകരിക്കാം. വെള്ളം കെട്ടിനിക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണാണു അവക്കാഡോ കൃഷിക്ക് അനുയോജ്യം. തൈകള്‍ നടുമ്പോള്‍ രണ്ടു തൈകള്‍ തമ്മില്‍ ആറ് മുതല്‍ 12 മീറ്റര്‍ വരെ അകലം നല്‍കണം. തൈകള്‍ നടുന്നതിനായി കുഴികള്‍ എടുക്കുമ്പോള്‍ ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലുമായിരിക്കണം.
ആദ്യവര്‍ഷം നനയ്ക്കേണ്ടിവരും. സമൃദ്ധമായ വിളവിന് ക്രമമായ വളപ്രയോഗവും ആവശ്യമാണ്. വിത്തുപാകി ഉണ്ടാകുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. എന്നാല്‍ ഒട്ടു തൈകള്‍ നാലുവര്‍ഷത്തിനുള്ളില്‍ ഫലങ്ങള്‍ നല്കിത്തുടങ്ങും. ദക്ഷിണേന്ത്യയില്‍ വെണ്ണപ്പഴം പൂക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലും കായ പാകമാകുന്നത് ജൂലായ്, ആഗസ്റ്റു മാസങ്ങളിലുമാണ്. പൂവിരിയുന്നതുമുതലുള്ള കാലദൈര്‍ഘ്യം, കായയുടെ വലിപ്പം മുതലായവ കണക്കിലെടുത്ത് വേണം വിളവെടുക്കേണ്ടത്. ഒരു മരത്തില്‍ നിന്നും 100 മുതല്‍ 500 വരെ കായ്കള്‍ ലഭിക്കും.
പ്രജിത പ്രതാപന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: