മൂന്നര പതിറ്റാണ്ടായി ബാലഗോകുലത്തിന്റെ ചുമതല വഹിക്കുന്ന ആളാണ് കെ.ബാബു. എന്നാല്‍ ‘ബാലഗോകുലം ബാബു’ എന്നതിനേക്കാള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തലസ്ഥാന നഗരിയിലെ സാംസ്കാരിക രംഗം ഉപയോഗിക്കുന്നത് ‘വന്ദേമാതരം ബാബു’ എന്നാണ്.
ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഏത് പരിപാടിയിലും വന്ദേമാതരം ആലപിക്കുക ബാബുവായിരിക്കും എന്നതാണ് കാരണം. ബിജെപി, ബിഎംഎസ്, എബിവിപി തുടങ്ങിയ സംഘടനകളുടെ ചെറുതും വലുതുമായ പരിപാടികളെല്ലാം തുടങ്ങുന്നത് ബാബുവിന്റെ വന്ദേമാതരത്തോടെയും. വാജ്പേയിയും നരേന്ദ്രമോദിയും ദലൈലാമയും സ്വാമി ചിന്മയാനന്ദനുമൊക്കെ ബാബുവിന്റെ ദേശീയഗാനത്തിനൊപ്പം പാടിയിട്ടുള്ളവരാണ്.
ഗായകന് എന്ന നിലയില്‍ പേരെടുത്ത ബാബു ഇപ്പോള്‍ സിനിമയില്‍ സംഗീത സംവിധായകനാവുന്നു. ബാബു കൃഷ്ണ എന്ന പേരില്‍. യുവസംവിധായകന് സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രം ‘ഓര്‍മ്മ’യുടെ സംഗീത സംവിധാനം കെ.ബാബുവാണ്. അനുപമ അനില്‍കുമാറിന്റെ വരികള്‍ക്ക് ബാബു ഈണം നല്‍കിയത് ആലപിച്ചിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. നീയും ഞാനും ഒരു ശലഭം… എന്ന ഗാനം സിനിമയുടെ ഹൈലൈറ്റുകളിലൊന്നാകുമെന്നാണ് സംവിധായകന് പറയുന്നത്.
കുപ്പിവളയ്ക്കുശേഷം സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓര്‍മ്മ’. പ്രമുഖ താരങ്ങളോടൊപ്പം അനന്യയും പുതുമുഖതാരം ഓഡ്രിമിയെമ്മും മുഖ്യവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്റിനില്‍ നടന്നു. പ്രശസ്ത നടനും ഫ്ളവേഴ്സ് ചാനല്‍ കോമഡി ഉത്സവത്തിന്റെ അവതാരകനുമായ മിഥുന് മുഖ്യാതിഥിയായിരുന്നു. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന് റോബര്‍ട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രതീഷ് നെന്മാറ, തിരക്കഥ സംഭാഷണം ഡോ. രവി പര്‍ണശാല, എഡിറ്റിംഗ് കെ.ശ്രീനിവാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദന്, പി.ആര്.ഒ അജയ് തുണ്ടത്തില്‍.
‘യു ആര് മൈ വാലന്റൈന്‍’ എന്ന ആല്‍ബത്തില്‍ ‘കാറ്റേ കാറ്റേ കാറ്റേ…’ എന്ന ഗാനത്തിന് ഈണം നല്‍കിയത് ബാബുവായിരുന്നു. ഇതുകേട്ട സുരേഷ് തിരുവല്ല തന്റെ പുതിയ സിനിമയുടെ സംവിധാനത്തിന് ബാബുവിനെ ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പല ഗാനമേള സമിതികളില്‍ അംഗമായ കെ.ബാബു നിരവധി സംഗീത ആല്‍ബവുമായി ബന്ധപ്പെട്ട് പാടിയിട്ടുണ്ട്.
പി എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: