കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ ഗുരുസ്ഥാനീയന്‍. തിരു-കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും പാര്‍ലമെന്റിലും അംഗം. ആദ്യ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ സന്തത സഹചാരി. വിമോചനസമരത്തിന്റെ മുന്നണി പോരാളി. ഇടതുമുന്നണിയുടെ ആദ്യ കണ്‍വീനര്‍. കയര്‍ സഹകരണ പ്രസ്ഥാനത്തിന് ഊടും പാവും നല്കിയ സഹകാരി. സി പി. രാമസ്വാമി അയ്യര്‍ വെട്ടേറ്റ വാര്‍ത്ത ലോകത്തെ അറിയിച്ച പത്രപ്രവര്ത്തകന്. പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാവ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം…….
കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളില്‍ തികഞ്ഞ സംശുദ്ധിയോടെ നിറഞ്ഞുനിന്ന പി. വിശ്വംഭരന് എന്ന പൊതു പ്രവര്‍ത്തകനെ സമഗ്രമായി അവതരിപ്പിച്ച് ജന്മഭൂമിയുടെ 2012-ലെ ഓണപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ തലക്കെട്ട് ഗാന്ധിയന്‍ സോഷ്യലിസ്റ്റ് എന്നായിരുന്നു. പി. വിശ്വംഭരന്റെ പ്രിയ ശിഷ്യനായ അജിത് വെണ്ണിയൂര്‍, അദ്ദേഹത്തെക്കുറിച്ചെഴുതിയ ജീവചരിത്രത്തിനു പേരിട്ടിരിക്കുന്നതും ഗാന്ധിയന്‍ സോഷ്യലിസ്റ്റ്. ഇതിലും നല്ലൊരു തലവാചകം ഇെല്ലന്ന വിചാരം പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഉറപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകന്റെ കൈയടക്കവും വസ്തു നിഷ്ഠമായ വിലയിരുത്തലുകളും വ്യത്യസ്തമായ രചനാശൈലിയും ജീവചരിത്ര ഗ്രന്ഥത്തെ വായനാക്ഷമത ഉള്ളതാക്കുന്നു.’
സത്യസന്ധത, ആത്മാര്‍ത്ഥത, ധാര്‍മികത, സുതാര്യത എന്നീ ഗാന്ധിയന്‍ മുല്യങ്ങളുടെ സുഗന്ധം പരത്തി ജീവിച്ച പി. വിശ്വംഭരന് ആത്മകഥ എഴുതണമെന്ന് അദ്ദേഹത്തെ സനേഹിക്കുന്നവര്‍ നിര്‍ബന്ധിച്ചിരുന്നു. ”എഴുതിയാല്‍ സത്യം മാത്രമേ എഴുതാനാവൂ. സത്യം എഴുതാതിരിക്കാനുമാവില്ല. അത് പലരേയും വേദനിപ്പിക്കും” എന്നു പറഞ്ഞ് അദ്ദേഹം പിന്മാറിയപ്പോഴാണ് ജീവചരിത്ര രചനയ്ക്ക് അജിത് വെണ്ണിയൂര്‍ രംഗത്തു വന്നത്. ഗുരുവിനോട് നൂറു ശതമാനം നീതിപുലര്‍ത്താന്‍ ശിഷ്യനു കഴിഞ്ഞു.
പി. വിശ്വംഭരന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാ്രഷ്ടീയ സാമൂഹ്യ ജീവിതത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ സ്വാതന്ത്ര്യസമരകാലഘട്ടം, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയഭരണം, തിരുകൊച്ചി സംയോജനം, ഐക്യകേരളം, മന്ത്രിസഭകളുടെ ഉദയാസ്തമയങ്ങള്‍, കോണ്‍ഗ്രസ്സിലെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെയും പിളര്‍പ്പുകള്‍, അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങള്‍, ജനത-ജനതാദള്‍ കാലഘട്ടത്തിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയം, കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മുന്നണി രാഷ്ട്രീയത്തിന്റെയും മുന്നേറ്റങ്ങളും വിജയപരാജയങ്ങളും തുടങ്ങി ഒട്ടനേകം രാഷ്ട്രീയ സന്ദര്‍ഭങ്ങളും സംഭവവികാസങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന കര്‍മമേഖലകളില്‍ വ്യാപരിക്കുകയും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അനശ്വരമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പി. വിശ്വംഭരന്റെ ജീവിതചരിത്രം അദ്ദേഹത്തിന്റെ കര്‍മ്മമേഖല തിരിച്ചാണ് അധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
സമര്‍പ്പണത്തിന്റേയും സന്തുഷ്ടിയുടേയും കഥ പറയുന്ന പുസ്തകം നല്ല സമയത്ത് കിട്ടിയ നല്ല ഓര്‍മപ്പെടുത്തലാണെന്നാണ് പ്രമുഖ മാധ്യമപ്രവര്ത്തകന് ടിജെഎസ് ജോര്‍ജ് വിലയിരുത്തിയത്. മനശ്ശാസ്ത്ര പരമായ അന്വേഷങ്ങളിലേക്ക് കടക്കാതെ തന്നെ, സാഹചര്യങ്ങളെ വിലയിരുത്തുകയും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്ന സമഗ്ര ചരിത്ര വ്യാഖ്യാനമാണ് ഗ്രന്ഥകാരന് കാഴ്ചവെയ്ക്കുന്നത് എന്ന ജോര്‍ജിന്റെ വിലയിരുത്തല്‍ അക്ഷരംപ്രതി ശരിയാണ്. തിരൂവിതാംകൂറും കേരളവും കടന്നുപോയ സുപ്രധാന വഴിത്തിരിവുകളിലേക്ക് വെളിച്ചം വീശുന്ന ജീവചരിത്രം ചരിത്രരേഖ കൂടിയാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: