ഭോപ്പാല്‍; ആധ്യാത്മികാചാര്യന്‍ ഭയ്യൂജി മഹാരാജ് സ്വയം വെടിവച്ച് ജീവനൊടുക്കി. കുടുംബപ്രശ്‌നമാണ് കാരണമെന്ന് കരുതുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ഉദയ്‌സിങ്ങ് ദേശ്മുഖ് എന്ന ഭയ്യൂജി മഹാരാജിന്റെ( 50) കേന്ദ്രം. നാഥ സമ്പദായത്തിലുള്ള ഗുരുവെന്ന് പറഞ്ഞിരുന്ന അദ്ദേഹം വാസ്തു, രത്‌നശാസ്ത്രം, ധ്യാനം തുടങ്ങിയവയുടെ ആചാര്യനായിരുന്നു. 2016ല്‍ ആധ്യാത്മിക ജീവിതത്തില്‍ നിന്ന് വിരമിച്ച ഭയ്യൂജി ഇന്നലെ രാവിലെ ലൈസന്‍സുള്ള സ്വന്തം തോക്കെടുത്ത് നെറ്റിക്ക് സ്വയം നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍പ് മോഡലായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആധ്യാത്മികതയിലേക്ക് തിരിഞ്ഞു. ഇന്‍ഡോറിലായിരുന്നു ആശ്രമം.
കോണ്‍ഗ്രസ് നേതാക്കളായ മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, പ്രശസ്ത ഗായിക ലതാമങ്കേഷ്‌ക്കര്‍ എന്നിവരടക്കം നിരവധി പ്രമുഖരുമായി സൗഹൃദത്തിലായിരുന്നു. ഇവരുടെ ആധ്യാത്മിക ഉപദേശകനായും പ്രവര്‍ത്തിച്ചു.
ഏറെനാളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ആദ്യ ഭാര്യ മാധവി 2015ല്‍ മരണമടഞ്ഞിരുന്നു. 2017ല്‍ ഡോ, ആയുഷി ശര്‍മ്മയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ മരണ ശേഷം മകളും ഭയ്യൂജിയും തമ്മില്‍ ഭിന്നതയുണ്ടായി. 68ലാണ് ജനനം. ഒന്നര വര്‍ഷമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല.
















