ഇതെഴുതുന്ന ദിവസമാണ് മുന്‍രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി നാഗ്പൂരില്‍ രാഷ്‌ട്രീയസ്വയംസവക സംഘത്തിന്റെ തൃതീയ വര്‍ഷ ശിബിര സമാരോഹ് മഹോത്‌സവത്തിലെ മുഖ്യാതിഥിയായി സംസാരിച്ചത്. തല്‍പരകക്ഷികള്‍ അതില്‍ രോഷാകുലരായി, പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ഇളകിയാട്ടവും അഷ്ടകലാശവും നടത്തിവരുന്നുണ്ട്. അതില്‍ മതനിരപേക്ഷത പേറുന്ന രാഷ്‌ട്രീയനേതാക്കളെല്ലാം താന്‍ പിന്നിലായിപ്പോകരുതെന്ന വാശിയില്‍ത്തന്നെയാണ്. ഇന്ന് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന ആളായ, രാഷ്‌ട്രപതിയായിരുന്ന അഞ്ചു വര്‍ഷക്കാലം അദ്ദേഹം അതില്‍നിന്നും മാറിനിന്ന കാര്യം വിസ്മരിക്കുന്നില്ല- പ്രണബ്ദാ, നാഗ്പൂരില്‍ പോയാല്‍ എന്താണ് സംസാരിക്കേണ്ടത്, അഥവാ ആര്‍എസ്എസ്സിനെ ഉപദേശിക്കേണ്ടതെന്നും അക്കൂട്ടര്‍ അറിയിച്ചു. സാമ്പത്തികാഴിമതിയാരോപണത്തില്‍പ്പെട്ട് കോടതി ഉത്തരവുമൂലം മാത്രം അകത്താകാതെ വിലസുന്ന പളനിയപ്പന്‍ ചിദംബരവും രമേശ് ചെന്നിത്തലയും യച്ചൂരി സീതാരാമ സോമയാജിപ്പാടുമൊക്കെ സൗജന്യ ഉപദേശങ്ങള്‍ കൊടുത്തു. അവരെ തരിമ്പും കൂസാതെ പ്രണബ്ദാ ഒരുനാള്‍ മുമ്പുതന്നെ നാഗ്പൂരിലെത്തി. അവരുടെ വിലക്കുകളെ വകവെയ്‌ക്കാതെ, തനിക്ക് ആര്‍എസ്എസിനോടു പറയാനുള്ളത് അവരുടെ ഏറ്റവും സുപ്രധാന പരിപാടിയില്‍വച്ച് നേരിട്ടുതന്നെ പറയുമെന്നു വ്യക്തമാക്കാനുള്ള ആര്‍ജവം അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
നാഗ്പൂരിലെ ഈ പരിപാടി മുക്കാല്‍ ശതാബ്ദമായി നടന്നുവരുന്നതാണ്. അതില്‍ രാജ്യത്തെ അതിപ്രശസ്ത വ്യക്തികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. സംഘത്തിന്റെ ആദ്യ നിരോധനത്തിനുശേഷമുള്ള കാലത്ത് സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന പതഞ്ജലി ശാസ്ത്രി പങ്കെടുത്തിരുന്നു. പല അവസരങ്ങളിലായി ദേശീയ നേതാക്കളായ ഒട്ടനേകം പേര്‍ സംഘപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിതന്നെ അവരില്‍ പ്രമുഖന്‍. 1936-ല്‍ സേവാഗ്രാമില്‍ നടന്ന സംഘത്തിന്റെ ശീതകാല ശിബിരത്തില്‍ അദ്ദേഹം ചെന്ന് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ഉദ്യമിച്ചപ്പോള്‍ സംഘസ്ഥാപകന്‍ ഡോക്ടര്‍ജി അവിടെ ഉണ്ടായിരുന്നുപോലുമില്ല. പിറ്റേന്നാണ് അദ്ദേഹം ആശ്രമത്തിലെത്തി മഹാത്മജിയുമായി സംസാരിച്ചത്. 1948-ല്‍ ദല്‍ഹിയിലെ ഭങ്ഗി കോളനിയില്‍ നടന്ന സംഘപരിപാടിയിലും ഗാന്ധിജി പങ്കെടുത്തു. പന്ത്രണ്ട് കൊല്ലം മുമ്പ് സേവാഗ്രാമിലെ സന്ദര്‍ശനത്തെ അവിടെ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. രണ്ടാം സര്‍സംഘചാലക് ശ്രീഗുരുജി അതിനുശേഷം ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാരതീയ വിദ്യാഭവന്‍ സ്ഥാപകനും, ഹൈദരാബാദ് സംസ്ഥാനത്തെ സൈനിക നടപടിക്കാലത്ത് അതിന്റെ ചുമതല വഹിക്കുകയും ചെയ്ത ഡോക്ടര്‍ കെ.എം. മുന്‍ഷിയെ പൂനെയിലെ സംഘ ഉത്‌സവത്തിന് അധികൃതര്‍ ക്ഷണിച്ചപ്പോള്‍ ആര്‍എസ്എസിനെക്കുറിച്ച് നിങ്ങള്‍ക്ക് രുചിക്കാത്ത കാര്യങ്ങളാവും ഞാന്‍ പറയുകയെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പങ്കെടുക്കാന്‍ സമ്മതിച്ചത്. പരിപാടിയില്‍ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞ അടുക്കും ചിട്ടയും അച്ചടക്കവും സമയക്ലിപ്തതയും എല്ലാ മുന്‍വിധികളെയും കഴുകിക്കളഞ്ഞുവെന്ന് പരസ്യമായി പ്രസ്താവിച്ചുകൊണ്ടാണ് ഡോ. മുന്‍ഷി അവിടെ സംസാരിച്ചത്. ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, രാജഗോപാലാചാരി തുടങ്ങിയ എത്രയോ ദേശീയനേതാക്കള്‍ സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യം യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആഭ്യന്തര രംഗത്തെ ‘രണ്ടാം മുന്നണി’യായി സംഘം ചെയ്ത സേവനങ്ങളെ പരിഗണിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ ഗണവേഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നെഹ്‌റു ക്ഷണിക്കുകയും സംഘം അതു സ്വീകരിക്കുകയും ചെയ്തതും, അതിനെ രാഷ്‌ട്രപതി എസ്. രാധാകൃഷ്ണന്‍ അഭിനന്ദിച്ചതും, ഇന്നത്തെ ശകുനം മുടക്കി പ്രതിഷേധക്കാര്‍ മറക്കരുത്.
സംഘത്തെ ഒരു കൊടില്‍ കൊണ്ടുപോലും തൊടില്ലെന്ന വാശിക്കാരനാണല്ലോ സീതാരാമ സോമയാജിപ്പാടിന്റെ സിപിഎം. അദ്ദേഹത്തെപ്പോലെതന്നെയായിരുന്നു പലതവണ കേരള മുഖ്യമന്ത്രിയായിരുന്ന ശങ്കരന്‍ നമ്പൂതിരിപ്പാടും. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിനായി അതിന്റെ ചുമതല വഹിച്ചിരുന്ന ഏകനാഥ റാനഡേ സമീപിച്ചപ്പോള്‍ ഒരു സ്ഫിങ്‌സിനെ (ഈജിപ്തിലെ ഭീമാകാര പ്രതിമ)പോലെ മിണ്ടാതിരുന്ന്, ആ സംരംഭത്തിന് ചില്ലിക്കാശുപോലും സംഭാവന നല്‍കാത്ത ഏക സംസ്ഥാനമെന്ന പഴി സമ്പാദിപ്പിച്ച ആളായിരുന്നു. എന്നാല്‍ ബംഗാളിലെ മുഖ്യമന്ത്രി ജ്യോതിബസു ഏകനാഥ്ജിയെ സ്വവസതിയില്‍ സ്വീകരിക്കുകയും, തന്റെ ധര്‍മ്മപത്‌നി സ്മാരകനിധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ വിരോധമില്ലെന്നു ധരിപ്പിക്കുകയും ചെയ്തു. അവരാകട്ടെ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു, ഏകനാഥ്ജി ആര്‍എസ്എസിന്റെ ഏറ്റവും ഉന്നതതലത്തിലുള്ളയാളാണെന്നറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു അത്. പണ്ഡിറ്റ് നെഹ്‌റുവിന്റെ വലംകയ്യായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇക്കാര്യത്തില്‍ ഏകനാഥ്ജിക്കു നല്‍കിയ ഒത്താശകളുടെ പ്രാധാന്യം ‘വിവേകാനന്ദ സ്മാരകത്തിന്റെ ഇതിഹാസം’ എന്ന പുസ്തകത്തില്‍ നമുക്ക് വായിക്കാന്‍ കഴിയും.
1977-ല്‍ അടിയന്തരാവസ്ഥയ്‌ക്കുശേഷം രാഷ്‌ട്രീയമായി ബഹിഷ്‌കൃതയായ ഇന്ദിരാഗാന്ധിക്ക് അഭയമായിരുന്നത് ആന്ധ്രയ്‌ക്കു തെക്കുള്ള സംസ്ഥാനങ്ങളായിരുന്നല്ലോ. അക്കൊല്ലം നവംബറില്‍ ആന്ധ്രയിലെ കടല്‍ത്തീരത്തടിച്ചുകയറിയ വന്‍ കാറ്റില്‍പ്പെട്ട് 2000-ലേറെപ്പേര്‍ മരിക്കുകയും 10 മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക് കയറി പ്രളയം സൃഷ്ടിക്കുകയും ചെയ്തു. അവിടെ സംഘപ്രവര്‍ത്തകര്‍ ആന്ധ്രയില്‍നിന്നു മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിനെത്തി. ദുരിതാശ്വാസത്തിന് താല്‍ക്കാലികവും ചിരകാലീനവുമായ നടപടികളെടുത്തു. ആന്ധ്രയില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു.
മുഖ്യമന്ത്രി ഡോ. ചെന്നറെഡ്ഡി പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സിനെ ആഹ്വാനം ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. അവരെ പ്രോത്‌സാഹിപ്പിക്കാനും അഭിനന്ദിക്കാനുമായി ഡോ. റെഡ്ഡി ഇന്ദിരാഗാന്ധിയെ വരുത്തി. ബോട്ടുകളില്‍ ഉള്‍പ്രദേശങ്ങളിലെത്തിയ അവര്‍ക്കു ചിലയിടങ്ങളില്‍ ആനപ്പുറത്തു പോകാനും ഏര്‍പ്പാടു ചെയ്തിരുന്നു. അവിടത്തെ ആശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരുമായി ശ്രീമതി ഗാന്ധി സംസാരിച്ചപ്പോള്‍, അവര്‍ യൂത്ത് കോണ്‍ഗ്രസ്സുകാരല്ല, ആര്‍എസ്എസ്സുകാരാണെന്നറിഞ്ഞ് യാത്ര മതിയാക്കി മടങ്ങി. ഹൈദരാബാദില്‍ പത്രക്കാരുടെ ചോദ്യത്തിന് അവിടെ ആര്‍എസ്എസ് വളന്റിയര്‍മാരെ മാത്രമേ കണ്ടുള്ളൂവെന്ന് അവര്‍ പറഞ്ഞു. ബീഹാറിലെ മഹാപ്രളയത്തിലെ സ്വയംസേവകരുടെ സേവനപ്രവര്‍ത്തനങ്ങള്‍ കണ്ട് സംഘത്തോടുള്ള സമീപനവും മനോഭാവവും മൗലികമായിത്തന്നെ മാറ്റിയ ജയപ്രകാശ് നാരായണനെപ്പോലെയല്ലായിരുന്നു ഇന്ദിരാഗാന്ധി.
സംഘം ആരംഭിക്കുന്നതിനു മുമ്പ്, തന്റെ വിചാരമന്ഥനകാലത്ത് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ 1920-ലെ നിയമനിഷേധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വനനിയമം ലംഘിച്ച് ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിതനായി നാഗ്പൂരിലെത്തിയ അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും അവിടത്തെ വെങ്കിടേശ് നാട്യഗൃഹത്തില്‍ സ്വീകരണം നല്‍കപ്പെട്ടു. അതില്‍ അവരെ അഭിനന്ദിച്ചു സംസാരിച്ചവര്‍ ആരൊക്കെയാണെന്നോ, പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റു, നിമല്‍ഭായി പട്ടേല്‍, ഡോ. അന്‍സാരി, രാജഗോപാലാചാരി, കസ്തൂരിരംഗ അയ്യങ്കാര്‍ തുടങ്ങിയവര്‍. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ അവരെ അറിയുമോ ആവോ!
ഇതു വായിക്കുമ്പോഴേക്കും ഡോ. മുഖര്‍ജി സംഘപരിപാടിയില്‍ സംസാരിച്ചത് രാജ്യം മുഴുവന്‍ അറിഞ്ഞിരിക്കും. സംഘം സദാ കണ്ണും കാതും മനസ്സും തുറന്നിരിക്കുന്ന പ്രസ്ഥാനമാണ്. രാജ്യത്തെ എല്ലാവിധ ജനവികാരങ്ങളെയും വ്യക്തികളെയും നേരിട്ട് സമ്പര്‍ക്കം ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് ഉള്‍ക്കൊള്ളാന്‍തക്കവിധം വിശാലമാണ് സംഘ കാഴ്ചപ്പാട്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്തന്നെ അതിന് മുന്നിട്ട് പ്രവര്‍ത്തിക്കുന്നു. അതിന്റെ ഭാഗമായി നടത്തിയ സമ്പര്‍ക്കത്തിന്റെ ഫലമാണ് മുന്‍രാഷ്‌ട്രപതിയായ മുഖര്‍ജിക്ക് നല്‍കപ്പെട്ട ക്ഷണവും അതിന്റെ സ്വീകാരവും. അതില്‍ ആരും അരിശപ്പെടേണ്ടതില്ല.
പി നാരായണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: