ബെംഗളൂരു: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം ‘കാലാ’ ലോകമെങ്ങും ഇന്നലെ റിലീസ് ചെയ്തെങ്കിലും കര്‍ണാടകത്തിലെ തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ചില്ല. കന്നഡ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് തിയേറ്ററുകളൊന്നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. കര്‍ണാടകയില്‍ ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കാവേരി പ്രശ്നത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന രജനീകാന്തിന്റെ നിലപാടാണ് കന്നഡ സംഘടനകളെ പ്രകോപിപ്പിച്ചത്.
ബെംഗളൂരുവിലെ പ്രശസ്തമായ ബാലാജി തിയേറ്ററില്‍ ഇന്നലെ ‘കാലാ’കാണാന്‍ രജനി ആരാധകരുടെ നീണ്ട ക്യൂവായിരുന്നു. പക്ഷേ പ്രതിഷേധക്കാരെത്തിയതോടെ പ്രദര്‍ശനം ഉപേക്ഷിച്ചു. ലിഡോമാളിനു പുറത്തും പ്രതിഷേധക്കാരെ ഭയന്ന് കനത്ത പോലീസ് കാവലായിരുന്നു. സംസ്ഥാനത്തുടനീളം ഇതായിരുന്നു അവസ്ഥ. പ്രതിഷേധം ഭയന്നാണ് തിയേറ്ററുകള്‍ പ്രദര്‍ശനത്തിന് വിസമ്മതിച്ചത്. സിനിമയേക്കാള്‍ പ്രധാനമാണ് കാവേരി പ്രശ്നമെന്ന ആഹ്വാനവുമായി കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ തോറും കയറിയിറങ്ങി. കാവേരി നദീജല പ്രശ്നത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ രജനി ആരാധകരോട് സംഘടനകള്‍ ആവശ്യപ്പെടാനും മറന്നില്ല. അതേസമയം ബെല്ലാരിയിലെയും റായ്ച്ചൂരിലെയും രണ്ടു തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു.
കാവേരി പ്രശ്നത്തില്‍ രജനീകാന്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഒാഫ് കൊമേഴ്സും ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനായിരുന്നു കര്‍ണാട ഹൈക്കോടതി സര്‍ക്കാരിനു നല്കിയ നിര്‍ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം മാനിക്കുന്നതായും കുമാരസ്വാമി പറഞ്ഞു.
അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രദര്‍ശനം തടയരുതെന്നും രജനീകാന്ത് കന്നഡ സംഘടനകളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: