”ആയിരക്കണക്കിനാളുകള്‍ പട്ടിണിമൂലം മരിച്ചുവീണപ്പോള്‍ രാസവളവും കീടനാശിനിയും ഉപയോഗിച്ച് ഉത്പാദനം കൂട്ടേണ്ടിവന്നു. അത് പാരിസ്ഥിതിക സന്തുലനാവസ്ഥയെ ബാധി ച്ചു.”
-ഡോ. എം.എസ്. സ്വാമിനാഥന്.
ഹരിതവിപ്ലവം ഇന്ത്യയില്‍ നടപ്പിലാക്കിയത് ഡോ. സ്വാമിനാഥനാണെന്നും, അതുമൂലം ഭാരതത്തിലെ സസ്യജന്തുജാലങ്ങള്‍ നാമാവശേഷമായെന്നും പൊതുവേയുള്ള പരാതിയാണ്. രാസവസ്തുക്കള്‍ കൃത്യമായ അളവിലല്ല പ്രയോഗിക്കുന്നതെങ്കില്‍ ഒരു ജീവജാലവും ഭൂമുഖത്ത് അവശേഷിക്കുകയില്ല. അത് എം. എസ്. സ്വാമിനാഥന് 1968 ജനുവരി മൂന്നിന് (ഹരിതവിപ്ലവം ആരംഭിക്കുന്നതിന് മുമ്പു തന്നെ) വാരാണസിയിലെ സയന്‍സ് കോണ്‍ഗ്രസ്സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വഴികാട്ടിയായി സ്വമിനാഥന്‍ ഗവേഷണനിലയങ്ങള് തലയുയര്‍ത്തി നില്ക്കുന്നു. കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ ദ്രുതഗതിയിലുള്ള ശോഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്വാമിനാഥന് ഈ ഗവേഷണ സ്ഥാപനം സ്ഥാപിച്ചത്. ഗവേഷണം, വിജ്ഞാനവ്യാപനം, കാര്‍ഷിക ജൈവവൈവിധ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള കര്മ്മപരിപാടികളിലൂടെഈ ഗവേഷണ നിലയം അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു.
1960 കളില്‍ ഇന്ത്യയില്‍ നടന്ന ഹരിതവിപ്ലവത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കി ഭക്ഷ്യസുരക്ഷ സുസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ 1988-ല്‍ സുസ്ഥിര കാര്‍ഷിക ഗ്രാമവികസന ഗവേഷണ കേന്ദ്രം എന്ന പേരില്‍ മൂന്ന് അംഗങ്ങളോടെയാണ് ഗവേഷണ കേന്ദ്രത്തിന്റെ തുടക്കം. ഇന്ന് 250ലധികം ജീവനക്കാരുമായി ഏഴ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. പശ്ചിമഘട്ടത്തിലെ കാര്‍ഷിക ജൈവവൈവിധ്യവും പാരമ്പര്യ അറിവും ഉപയോഗപ്പെടുത്തി എങ്ങനെ കാര്ഷികഭക്ഷ്യസുരക്ഷ നിത്യഹരിതമായി കൊണ്ടുപോകാം എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ 1997-ല്‍ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യകേന്ദ്രം എന്ന പേരില്‍ വയനാട്ടില്‍ ഈ സ്ഥാപനം നിലവില്‍ വന്നു.
തുടക്കം ഇങ്ങനെ
സുസ്ഥിരകൃഷി, ഗ്രാമവികസനം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യകേന്ദ്രം നിലവില്‍ വന്നത്. സംരക്ഷണം, കൃഷി, ഉപഭോഗം, വിപണനം എന്നിങ്ങനെ നാല് സമീപനങ്ങളാണ് ഈ കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ 13 ഏക്കര്‍ സ്ഥലം സംഭാവന ചെയ്തത് എം. എസ്. സ്വാമിനാഥനും അദ്ദേഹത്തിന്റെ ഭാര്യ മീനാ സ്വാമിനാഥനുമാണ്. കേന്ദ്രത്തിന് 41 ഏക്കര്‍ സ്ഥലം ഇന്ന് സ്വന്തമായുണ്ട്.
സംരക്ഷണ പരിപാടികള്‍
പരമ്പരാഗത വിത്തുകളുടെ മാതൃദ്രവ്യം ശേഖരിക്കുകയും അവ ഈ കേന്ദ്രത്തില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 20 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സസ്യോദ്യാനത്തില്‍ 2000ത്തില്‍ പരം സസ്യജനുസ്സുകള്‍ സംരക്ഷിക്കപ്പെടുന്നു. 50 ഇനം ഓര്‍ക്കിഡുകള്‍, 65 തരത്തിലുള്ള പന്നല് സസ്യങ്ങള്‍, പൂമ്പാറ്റകള്‍ മുട്ടയിടാന്‍ ആശ്രയിക്കുന്ന 150 ഇനം സസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന 120 സസ്യഇനങ്ങള്‍, 26 തരം മുളകള്‍, വയനാടിന്റെ 250 തനതു വൃക്ഷജനുസ്സുകള് എന്നിവ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. ഗ്രാമീണ കര്‍ഷകരും ആദിവാസിവിഭാഗങ്ങളും അവരുടെ ഭക്ഷ്യകലവറയുടെ ഭാഗമായി ഉപയോഗപ്പെടുത്തിവരുന്ന 120 ഇനം വന്യഭക്ഷ്യസസ്യങ്ങള് ഇവിടെയുണ്ട്. ഇതില്‍ ചേന, ചേമ്പ് എന്നിവയുടെ 21 ഇനങ്ങള്‍, ജാതിക്കയുടെ 20 തരം വന്യജാതികള്, 22 ഇനം കാച്ചിലുകള്‍, 14 തരം ഇലക്കറികള്‍, 600-ലേറെ ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രാദേശിക വിളകളുടെയും മാതൃദ്രവ്യശേഖരം കേന്ദ്രത്തിന്റെ സസ്യോദ്യാനത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ കൃഷിചെയ്യുന്ന ചേനയുടെ 25 ഇനങ്ങളും, വന്യമായവയുടെ 17 ഇനങ്ങളും, പയര്‍വിളകളുടെ 35 ഇനങ്ങളും, കുരുമുളകിന്റെ 25 ഇനങ്ങളും, ഇഞ്ചിയുടെ 9 ഇനങ്ങളും, നാരങ്ങയുടെ 17 ഇനങ്ങളും, 18 ഇനം വാഴകളും, 26 വെള്ളരി ഇനങ്ങളും, 6 ഇനം വഴുതനയും ഉള്‍പ്പെടുന്നു.
മാനന്തവാടി പഴശ്ശികുടീരം, പൊഴുതന പഞ്ചായത്തിലെ കൂട്ടക്കാവ്, മീനങ്ങാടി പഞ്ചായത്തിലെ മാനിക്കാവ് എന്നിങ്ങനെ ജില്ലയിലെ മൂന്ന് പ്രധാന കാവുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഈ കേന്ദ്രം ഏറ്റെടുത്ത് നടപ്പാക്കുന്നു. വയനാടിന്റെ സസ്യവൈവിധ്യ പഠനത്തില്‍ കണ്ടെത്തിയ അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ 200 സസ്യജാതികളുടെ നഴ്സറി തയ്യാറാക്കി തൈകള്‍ വിതരണം ചെയ്തുവരുന്നു. തനത് ആവാസവ്യവസ്ഥകളില്‍ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വിവിധ വിളയിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നു.വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരെ പങ്കാളികളാക്കി സ്ഥാപിച്ച വിത്ത് ഗ്രാമങ്ങളിലൂടെ 10 പാരമ്പര്യനെല്ലിനങ്ങളുടെ സംരക്ഷണവും അവയുടെ കൃഷിയുമുണ്ട്. ആദിവാസി വിഭാഗങ്ങളുടെ ഭക്ഷ്യ സുരക്ഷയ്ക്കായി പോഷകമൂല്യമുള്ള തനതു സസ്യങ്ങളുടെ വീട്ടുമുറ്റകൃഷി നടപ്പാക്കിവരുന്നു.വീട്ടുമുറ്റ ഔഷധ സസ്യ ഉദ്യാനങ്ങളിലൂടെ ഔഷധ സസ്യങ്ങളുടെ സംരക്ഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നു.പരമ്പരാഗത വിളയിനങ്ങളുടെ വിത്തുല്‍പ്പാദനത്തിനായി പ്രാദേശിക സര്‍ക്കാരുകളുമായി ചേര്‍ന്ന് ഗ്രാമീണ വിത്തുബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.
ഗവേഷണവും വിവരശേഖരണവും
1997 മുതല്‍ വയനാട്ടിലെ സസ്യജനിതക സമ്പത്തിനെക്കുറിച്ച് ഈ കേന്ദ്രം നടത്തിവരുന്ന ശാസ്ത്രീയ പഠനങ്ങളിലൂടെ 171 കുടുംബങ്ങളില്‍പ്പെട്ട 2034 പുഷ്പിത സസ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ഇതില്‍ത്തന്നെ എട്ട് സപുഷ്പിത സസ്യ ജനുസ്സുകള്‍ തെക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയും, 59 എണ്ണം കേരളത്തില്‍ മാത്രം കാണപ്പെടുന്നവയും, 596 ജനുസ്സുക്കള് വയനാട്ടില്‍ മാത്രം കാണപ്പെടുന്നവയുമാണ്. 23 തരം പുതിയ സസ്യങ്ങളെ കേന്ദ്രം ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്ന ആദിവാസി പാരമ്പര്യകര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിത്തിനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ രേഖപ്പെടുത്തുകയും. പാരമ്പര്യ കൃഷിരീതികള്‍ അവലംബിക്കുന്ന 17 കര്‍ഷകരെ പൊതുവേദികളില്‍ ആദരിക്കുകയുമുണ്ടായി. വന്യ ഭക്ഷ്യ വിഭവങ്ങളെ സംബന്ധിച്ച് സമഗ്രമായ വിവരശേഖരണം നടത്തി. ഇതില്‍ സസ്യങ്ങള്‍, കൂണുകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ സംബന്ധിച്ച ഗവേഷണപഠനങ്ങളും ഈ സെന്റര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സ്ഥാനീയ സസ്യങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു വിവരവിനിമയ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 3000 പുഷ്പിത സസ്യങ്ങളുടെ ഹെര്‍ബേറിയം ഇതിന്റെ ഭാഗമാണ്.
ജൈവവൈവിധ്യം, കാര്‍ഷിക ജൈവവൈവിധ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തി ഈ കേന്ദ്രത്തിനു കീഴില്‍ 198 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, കൃഷി, ഉപഭോഗം, വിപണനം എന്നിവയിലൂടെ സുസ്ഥിര വികസനം എന്ന ആശയം കേന്ദ്രം മുന്നോട്ടുവച്ചു. ഈ ആശയത്തിലൂന്നി വയനാട് ജില്ലയുടെ സുസ്ഥിര വികസന നയം രൂപീകരിക്കുന്നതിനായി വിദഗ്ധരുടെ സമിതി 2014-ല്‍ രൂപീകരിച്ചു. ഈ സമിതി ഓരോ വിഷയത്തിലും അഭിപ്രായങ്ങളും ശുപാര്‍ശകളും ക്രോഡീകരിച്ച് നയരേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ജനകീയവല്‍ക്കരിക്കുക, നാടന്‍ വിത്തിനങ്ങളുടെ കൃഷിയും കൈമാറ്റവും ഉറപ്പാക്കുക, പ്രാദേശിക സര്‍ക്കാരുകളെക്കൂടി ഈ പ്രവര്‍ത്തനങ്ങളില്‍ കണ്ണിചേര്‍ക്കുക എന്നീ ലക്ഷ്യങ്ങളോടെ 2014 മുതല്‍ വയനാട് വിത്തുല്‍സവം നടത്തിവരുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജൈവവൈവിധ്യ പരിപാലന സമിതികള്‍ വിത്തുത്സവത്തില്‍ പങ്കെടുത്തുവരുന്നു.
നയരൂപീകരണചര്‍ച്ചകളും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തിവരുന്നു. വയനാടു ജില്ലയിലെ നാല് പഞ്ചായത്തുകള്‍ ഗ്രാമീണ വിത്തു ബാങ്കുകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് കര്‍ഷകരുടെയും ആദിവാസികളുടെയും കൂട്ടായ്മകള്‍ക്ക് ഈ ഗവേഷണ നിലയം രൂപംനല്കിയിട്ടുണ്ട്. പാരമ്പര്യ കാര്‍ഷിക വിളകള്‍ കൃഷിചെയ്ത് സംരക്ഷിക്കുന്ന കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപംകൊടുത്ത സീഡ്കെയര്‍ എന്ന സംഘടന, വിത്തുകളുടെമേല്‍ കര്‍ഷകര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. വയനാടിന്റെ തനതായ 20 നെല്‍വിത്തുകള്‍ ഈ കേന്ദ്രം ‘സീഡ്കെയര്‍’ എന്ന സംഘടന മുഖേന കര്‍ഷരുടെ വിത്തിനങ്ങളായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിത്തുകളുടെ വിപണനത്തിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കലാണ് സംഘടനയുടെ ലക്ഷ്യം. ജില്ലയിലെ ആദിവാസി വിഭാഗങ്ങളെ സംഘടിപ്പിച്ച് രൂപീകരിച്ച വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാര സുരക്ഷ, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 22 ആദിവാസി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകൂട്ടങ്ങള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വൈവിധ്യമാര്‍ന്ന നാട്ടു ഭക്ഷ്യ വിഭവങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പൊതുവിപണിയിലെത്തിക്കുന്നതിനുമായി ചന്തകള്‍ നടത്തിവരുന്നു.
പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി പരമ്പരാഗത കര്‍ഷകരുടെ നേതൃത്ത്വത്തില്‍ വയനാട് അഗ്രി മാര്‍ക്കറ്റിങ് പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപംനല്കിയിട്ടുണ്ട്.
ജൈവവൈവിധ്യ സംരക്ഷണത്തിലൂന്നിയുള്ള സുസ്ഥിരഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രത്തിന്റെ മുഖ്യമായ ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലെ കൈരളി ആദിവാസി ഗ്രാമത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് സംയോജിത സുസ്ഥിര ആദിവാസി വികസന പദ്ധതി നടപ്പാക്കി. സുസ്ഥിരവിഭവ പരിപാലന പരിപാടികള്‍, തേനീച്ച വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കൂണ്‍കൃഷി, പശുവളര്‍ത്തല്‍, വെര്‍മ്മി കമ്പോസ്റ്റ് നിര്‍മ്മാണം എന്നീ വരുമാനദായക സംരംഭങ്ങളും ഔഷധസസ്യ ഉദ്യാനങ്ങളും ആരംഭിച്ചു. പൂര്‍ണ്ണമായും മണ്ണ് ഉപയോഗിച്ചുകൊണ്ടുള്ള സുസ്ഥിര ഗൃഹനിര്‍മ്മാണ മാതൃകയായി 10 വീടുകള്‍ നിര്‍മ്മിക്കുകയും നിര്‍മ്മാണത്തിന് ആദിവാസി യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. പുല്‍പ്പള്ളി പഞ്ചായത്തിലെ ചീയമ്പം ആദിവാസി കോളനിയില്‍ നബാര്‍ഡിന്റെ സഹായത്തോടെ ഇതേ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കൂണ് കൃഷി പ്രോത്സാഹിപ്പിച്ചുവരുന്നു.
അംഗീകാരങ്ങളും ബഹുമതികളും
– 2011 മുതല്‍ ദേശീയ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 25 സാമൂഹിക സന്നദ്ധ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ കേന്ദ്രം. ജപ്പാന് ഗവണ്മെന്റും ഐക്യരാഷ്ട്രസംഘടനയും സംയുക്തമായി അന്തര്‍ദേശീയ തലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതിയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അംഗമാണ് ഈ ഗവേഷണ നിലയം.
– എം.എസ്. സ്വാമിനാഥന് ബൊട്ടാണിക്കല്‍ ഗാര്ഡന് 2006 മുതല്‍ ബൊട്ടാണിക് ഗാര്ഡന് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിന്റെ അംഗത്വമുണ്ട്.പശ്ചിമഘട്ടത്തിലെ അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജനുസ്സുക്കളുടെ സംരക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ എം. എസ്. സ്വാമിനാഥന് ബൊട്ടാണിക് ഗാര്ഡന് 2010-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.
– അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജനുസ്സുക്കളുടെ സംരക്ഷണത്തിനും, അവയെ സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണത്തിനുമായി സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ അംഗീകാരത്തിന് ഈ ഗവേഷണ നിലയം അര്‍ഹമായി
– കേരള സര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായി ഈ കേന്ദ്രത്തെ അംഗീകരിച്ചു. ഭാരതസര്‍ക്കാരിന്റെ കീഴിലുള്ള ജൈവസാങ്കേതിക വകുപ്പിന്റെ 2017-ലെ ബയോടെക്നോളജി സോഷ്യല്‍ ഡവലപ്മെന്റ് അവാര്‍ഡ് ഈ കേന്ദ്രത്തിന് ലഭിക്കുകയുണ്ടായി.
പ്രധാന നേട്ടങ്ങള്‍
– പശ്ചിമഘട്ടത്തിലെ അപൂര്‍വ്വവും സ്ഥാനീയവും വംശനാശഭീഷണി നേരിടുന്നവയുമായ സസ്യജനുസ്സുക്കളുടെ സംരക്ഷണം ഉറപ്പാക്കി. 40 ജനുസ്സുകളെ സംരക്ഷിക്കുകയും, 180 ജനുസ്സുകളെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.
– 20 സസ്യജനുസ്സുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുകയും, മൂന്ന് ജനുസ്സുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും, ഒരെണ്ണം പുതിയതായി കണ്ടെത്തുകയും ചെയ്തു.
– പശ്ചിമഘട്ടത്തിലെ സ്ഥാനീയ സസ്യജനുസ്സുക്കളുടെ വിവരവിനിമയകേന്ദ്രവും, 1200 സസ്യജനുസ്സുക്കള് ഉള്‍പ്പെടുന്ന നിലവിലുള്ളവയില്‍ മുന്നിരയില്പ്പെടുന്ന ഒരു സസ്യോദ്യാനവും
– ഔഷധസസ്യങ്ങളുടെ സംരക്ഷണത്തെയും, അവയുടെ സുസ്ഥിരമായ ഉപയോഗത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണത്തിനൊപ്പം ഗാര്‍ഹിക ഔഷധനിര്‍മ്മാണ രീതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
– പാരമ്പര്യ സസ്യജനിതകവിഭവങ്ങളുടെ കൃഷിയും സംരക്ഷണവും കൂടാതെ വന്യ ഭക്ഷ്യവിഭവങ്ങളെ സംബന്ധിച്ച ഗവേഷണവും.
– ജൈവവൈവിധ്യസംരക്ഷണത്തിലൂന്നി ഓരോകുട്ടിയും ഒരു ശാസ്ത്രജ്ഞന് അല്ലെങ്കില്‍ ശാസ്ത്രജ്ഞ എന്ന പദ്ധതി.
– കര്‍ഷകര്‍ക്കും യുവതീയുവാക്കള്‍ക്കുമായുള്ള സാമൂഹ്യപരിശീലനകേന്ദ്രം
– സംയോജിത ആദിവാസി വികസന മാതൃക
– ജൈവകീടനിയന്ത്രണ രീതികളുടെ ഉല്‍പ്പാദനവും അവയിലുള്ള പരിശീലനവും
– തനതായ രീതിയിലുള്ള നീര്‍ത്തട വികസന പദ്ധതി.
– സുസ്ഥിര കാര്‍ഷിക വികസനത്തിനും സാമൂഹ്യവികസനത്തിനുമായി സമൂഹത്തിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാമൂഹ്യ സ്ഥാപനങ്ങളുടെ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: