മൂന്നര പതിറ്റാണ്ടോളം ഇടതുമുന്നണി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇക്കാലയളവില്‍ ഭരണത്തിന് നേതൃത്വം നല്കിയ സിപിഎം നൂറുകണക്കിനാളുകളെ കൊന്നുതള്ളിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് എന്നീകക്ഷികളായിരുന്നു ഇരകള്‍. ഇന്ന് ബംഗാളില്‍ സിപിഎം നിലംപരിശായി. കോണ്‍ഗ്രസും ഏതാണ്ട് അസ്തമിച്ചു. 2011 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് മുഖ്യമന്ത്രി. സിപിഎം ഭരണത്തില്‍ ഏത് രീതിയിലാണോ രാഷ്ട്രീയ കൊലപാതകങ്ങള്‍ വ്യാപിപ്പിച്ചത് അതേ രീതിയിലാണ് കഴിഞ്ഞ ഏഴുവര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണവും. സിപിഎമ്മുകാരെ കൊന്നുകൊണ്ടിരുന്ന തൃണമൂല്‍ കോണ്ഗ്രസ്സുകാര് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.
ഇതുവരെ 17 ബിജെപി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊന്നു. അടിച്ചും കല്ലെറിഞ്ഞും വെട്ടിയും കുത്തിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ടുദിവസം മുമ്പാകട്ടെ കൊലപ്പെടുത്തിയ ശേഷം രണ്ടുപേരെ കെട്ടിത്തൂക്കി. ബിജെപി പ്രവര്‍ത്തകനായ പിന്നാക്ക ജാതിക്കാരന് ദുലാല്‍കുമാറിനെ പുരുളിയ ജില്ലയിലെ ബലരാമപ്പൂര്‍ ഗ്രാമത്തിലാണ് വൈദ്യുതി ടവറില്‍ കെട്ടിതൂക്കിയത്.
മെയ് 30ന് ഇതേ ഗ്രാമത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനും ബലറാംപൂര്‍ കോളേജ് വിദ്യാര്‍ത്ഥിയും ദളിതനുമായ ത്രിലോചന്‍ മഹാതോയെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു. രണ്ടും ആത്മഹത്യയാണെന്നാണ് പോലീസിന്റെ ഭാഷ്യം. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ തൃണമൂലാണെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ബിജെപി ആഞ്ഞടിച്ചിട്ടുണ്ട്. പുരുളിയ ജില്ലയെ ബിജെപി മുക്തമാക്കാന്‍ വേണ്ടി തൃണമൂലുകാര്‍ നടത്തിയ കൊലപാതകമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. പോലീസ് തൃണമൂലിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഈ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മമത ബാനര്‍ജി കൊലപാതകങ്ങളെ അപലപിക്കാനോ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിക്കാനോ കൂട്ടാക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് പോലീസ് സൂപ്രണ്ടിനെ മാറ്റാനും സിഐഡി അന്വേഷിക്കാനും ഉത്തരവിറക്കി.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ഫാസിസ്റ്റ് സ്വഭാവം ജനങ്ങളാകെ കണ്ടതാണ്. 20,000ല്‍ പരം വാര്‍ഡുകളില്‍ തൃണമൂലിനല്ലാതെ നാമനിര്‍ദ്ദേശ പത്രിക നല്കാന് കഴിഞ്ഞിട്ടില്ല. പത്രിക നല്കാന് ചെന്നവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും തിരിച്ചയയ്ക്കുന്ന കാഴ്ചയായിരുന്നു എങ്ങും. കുറേ സ്ഥലങ്ങളിലെങ്കിലും അക്രമികളെ നേരിട്ട് പത്രിക നല്കാന് ബിജെപിക്ക് സാധിച്ചു. വോട്ടെടുപ്പ് സമയത്തും സ്ഥിതി അതായിരുന്നു. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് തൃണമൂലാണെങ്കില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്.
സിപിഎം മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമായി. തെരഞ്ഞെടുപ്പു വേളയില്‍ പലസ്ഥലത്തും ബിജെപിയുടെ കൊടിയും കൂട്ടിക്കെട്ടിയതുകൊണ്ടുമാത്രമാണ് മൂന്നാം സ്ഥാനത്തെങ്കിലും എത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിനേ സാധിക്കൂവെന്ന് നേതാക്കള്‍ വീമ്പടിക്കുമ്പോള്‍ ബംഗാളില്‍ സിപിഎം രക്ഷതേടിയെത്തുന്നത് ബിജെപി, ആര്‍എസ്എസ് ഓഫീസുകളിലാണ്. ബംഗാളില്‍ ബിജെപിയെ കയ്യൂക്കിലൂടെ ഇല്ലാതാക്കാനാണ് തൃണമൂലിന്റെ മമതയുടെ ലക്ഷ്യം. അത് നടക്കാന്‍ പോകുന്നില്ല.
മമതയുടെ സാരിത്തുമ്പും പിടിച്ച് നരേന്ദ്രമോദിയെ തടയാന്‍ ഒരുമ്പെടുന്ന കോണ്‍ഗ്രസും സിപിഎമ്മും ബംഗാളിനെ കുരുതിക്കളമാക്കുന്നതിനെ അപലപിക്കാന്‍ തയ്യാറാകാത്തത് അവരുടെ കാപട്യമാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: