കുട്ടികളുടെ കാര്‍ട്ടൂണ്‍ കൂട്ടുകാരന് പോപായ്യെ കണ്ടിട്ടില്ലേ. ശുദ്ധവെജിറ്റേറിയനായ പോപായുടെ തകര്‍പ്പന്‍ മസിലിന്റെ രഹസ്യമറിയാമോ? അവന്റെ പ്രിയ ഭക്ഷണമായ ചീര. പോപായുടെ മസിലുകണ്ടാല്‍ മതി ശത്രുക്കള്‍ തെറിച്ചു വീഴും. അത്രയ്ക്കുണ്ട് ചീരയുടെ മഹത്വം. ചീരക്കൂട്ടത്തിലാകട്ടെ മുന്‍പന്തിയിലാണ് പാലക് ചീര.
ഉത്തരേന്ത്യക്കാര്‍ക്ക് പ്രിയങ്കരമായ പാലക് ചീരയ്ക്ക് മലയാളത്തില്‍ പറയുന്ന പേര് ‘വഷള ചീര’. പക്ഷേ പേരുപോലെ വഷളനല്ല പാലക്. ഗുണത്തിലും രുചിയിലും കേമന്‍. മധ്യേഷ്യയിലാണ് പാലകിന്റെ പിറവി.
കടും പച്ച നിറത്തില്‍ ഒരടി പൊക്കത്തില്‍ വളരുന്ന പാലക്കിന്റെ ഇലകള്‍ക്ക് ചെറിയൊരു ചവര്‍പ്പുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ് പാലകിന്റെ ഔഷധഗുണങ്ങളില്‍ മുഖ്യം. അയണ്‍ സമ്പുഷ്ടമായ ഈ ഇലക്കറിയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും അകാലനരയെ ചെറുക്കാനും തൊലിയുടെ തിളക്കത്തിനും പാലക് ധാരാളമായി കഴിച്ചോളൂ. വീട്ടുമുറ്റത്തോ അടുക്കളത്തോട്ടത്തിലോ വളര്‍ത്താനും മറക്കേണ്ട.
പാലക് കൊണ്ടുള്ള വിഭവങ്ങള്‍ മലയാളിക്ക് പൊതുവെ പരിചിതമല്ല. എങ്കിലുമൊന്ന് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ, എരിവും പുളിയും ചേര്‍ന്ന പാലക് രുചികള്‍.
പാലക് പനീര്‍: ആവശ്യമായ സാധനങ്ങള്‍
പനീര്‍ 250 ഗ്രാം
പാലക് ചീര രണ്ടു കെട്ട്
സവാള മൂന്ന്
തക്കാളി മൂന്ന്
പച്ചമുളക് രണ്ട്
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
ഗരം മസാല ഒരു ടീസ്പൂണ്‍
പഞ്ചസാര ഒരു ടീസ്പൂണ്‍
പാചക എണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം: പാലക് അഞ്ചു മിനുട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക. തണുത്ത ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. പനീര്‍, ക്യൂബുകളായി മുറിച്ച് ചെറുതായി വറുത്തെടുക്കുക.
പാനില്‍ എണ്ണ ചൂടാക്കി ജീരകമിട്ട ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേര്‍ത്ത് ഇളക്കുക. സവാള വഴന്നതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ക്കുക. പച്ചമണം മാറിയശേഷം മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് വഴറ്റണം.
പിന്നീട് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് എണ്ണ തെളിയുംവരെ വഴറ്റുക. ഇതിലേക്ക് പാലക് അരച്ചത് ചേര്‍ത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കി തിളപ്പിച്ച ശേഷം പനീര്‍ കഷ്ണങ്ങള്‍, ഗരം മസാല, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് വെള്ളം ഏറെയില്ലാത്ത പരുവത്തില്‍ പാകപ്പെടുത്തി ചൂടോടെ ഉപയോഗിക്കാം.
അല്പം ക്രീം അല്ലെങ്കില്‍ പാല് ചേര്‍ക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: