ആതുരശ്രുശ്രൂഷാ രംഗത്ത് സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട വര്‍ഷമാണ് 1998. കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായ മാതാ അമൃതാനന്ദമയീ ദേവിയുടെ മനസ്സില്‍ ഉയിര്‍ക്കൊണ്ട അമൃത ആശുപത്രിയെന്ന സങ്കല്‍പ്പം അന്നാണ് സാക്ഷാത്കരിക്കപ്പെട്ടത്. ലോകത്തിന്റെ പലഭാഗങ്ങളിലും അന്ന് ലഭ്യമായിരുന്ന ഏറ്റവും അത്യാധുനികമായ ചികിത്സാ സമ്പ്രദായങ്ങള്‍ അതോടെ കേരളത്തിലേക്കെത്തുകയായിരുന്നു. ഏറ്റവും മികച്ച ചികിത്സ ഏറ്റവും പാവപ്പെട്ടവനും ലഭ്യമാകണമെന്ന അമ്മയുടെ ആഗ്രഹം പ്രവൃത്തിപഥത്തില്‍ എത്തുകയായിരുന്നു.
ആതുരസേവന രംഗത്ത് രണ്ട് ദശാബ്ദക്കാലം പൂര്‍ത്തിയാക്കുകയാണ് കൊച്ചി ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ലോകമെമ്പാടും വിശ്വാസമര്‍പ്പിക്കുന്ന ആശുപത്രികൂടിയാണ് അമൃത. ഈ ആതുരാലയം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത് പ്രവര്‍ത്തനമികവും രോഗികളോടുള്ള പ്രതിബദ്ധതയുംകൊണ്ടാണ്. ഇന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച, അതിനൂതന സാങ്കേതിക സംവിധാനങ്ങളുള്ള ആശുപത്രിയായി അമൃത മാറിയിരിക്കുന്നു.
മൂന്നുകോടി സാന്ത്വനം
അമ്മയുടെ ദര്‍ശനംതന്നെ സ്നേഹത്തിന്റെയും അനുകമ്പയുടെയും അനുഗ്രഹവര്‍ഷമാണ്. മനുഷ്യന് അനുകമ്പയും സഹനവും സഹജീവി സ്നേഹവും നഷ്ടപ്പെടുന്ന കാലത്ത് ഇവയുടെയൊക്കെ പുതിയ നീരുറവകളെ കണ്ടെത്തുന്ന അപാരതയാണ് അമ്മ. ലോകമെങ്ങുമുള്ള അശരണരായ മനുഷ്യരെ തന്റെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുകയും, അവരുടെ സങ്കടമൊക്കെ ഇല്ലാതാക്കുകയും ചെയ്യുന്ന അമ്മയുടെ ആശയം ഉള്‍ക്കൊണ്ടാണ് അമൃത ആശുപത്രി മുന്നോട്ടുപോകുന്നത്. രണ്ടു ദശാബ്ദക്കാലം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മൂന്നുകോടിയിലേറെ ജനങ്ങളാണ് അമൃത നല്കിയ ആതുരസേവനത്തിലൂടെ ജീവിതദുഃഖം ഇറക്കിവച്ചത്.
1998-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയാണ് 150 കിടക്കകളുള്ള ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തത്. 150 കിടക്കകള്‍ എന്നത് ഇന്ന് 1300 കിടക്കകളായിരിക്കുന്നു. രോഗനിര്‍ണയത്തിന് അതിനൂതന സാങ്കേതിക വിദ്യകള്‍ ആശുപത്രിയില്‍ ഉറപ്പാക്കാനും അമൃതയ്ക്ക് കഴിഞ്ഞു.
പൊതുജന നന്മയ്ക്കായി ആരംഭിച്ച ഈ ആശുപത്രിക്ക് ഇക്കാലമത്രയും ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. നിര്‍ധനര്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ സമ്പൂര്‍ണ ആരോഗ്യപരിരക്ഷ നല്കാന് കഴിയുക എന്നതായിരുന്നു അമൃത സ്ഥാപിക്കുന്നതിന് പിന്നിലെ അമ്മയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കര്‍മ്മനിരതരായ ഒരുപറ്റം മനുഷ്യര്‍ അമ്മയ്ക്കൊപ്പം നിലകൊണ്ടു.
ജാതിമത ഭേദമെന്യേ എല്ലാവരും അമൃതയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ചു. അമ്മയോടുള്ള വിശ്വാസംതന്നെയാണ് ആശുപത്രിയില്‍ തങ്ങളെ എത്തിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞപ്പോള്‍ ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അമ്മയ്ക്കും കഴിഞ്ഞു. അഥവാ അമ്മ ഏര്‍പ്പെടുത്തിയ സേവനസദ്ധതയും പ്രതിബദ്ധതയുമുള്ള ആതുരസേവകര്ക്കു സാധിച്ചു.
അത്യാധുനിക സംവിധാനങ്ങളുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 28 നൂതന സാങ്കേതികസംവിധാനങ്ങളോടുകൂടിയ ഓപ്പറേഷന് തീയേറ്ററുകള്‍, 275 ഇന്റന്‍സീവ് കെയര്‍ ബെഡ്ഡുകള്‍, കമ്പ്യൂട്ടര്‍വത്കരിച്ച ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്ഐഎസ്), പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത റേഡിയോളജി വിഭാഗം, 17 എന്‍എബിഎല്‍ (നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഓഫ് ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അംഗീകാരമുള്ള ക്ലിനിക്കല്‍ ലബോറട്ടറികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സര്‍വീസ് എന്നിവ മികവിന് മാറ്റുകൂട്ടുന്നു. 12 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും 45 മറ്റു വിഭാഗങ്ങളും, 4500 തൊഴിലാളികളും 670 അദ്ധ്യാപകരും. പൂര്‍ണമായും ഡിജിറ്റല്‍ ഇമേജിങ് സിസ്റ്റം ഉപയോഗപ്പെടുത്തുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏക ആശുപത്രിയും അമൃതയാണ്.
അംഗീകാരങ്ങളുടെ പരമ്പര
ഇന്ന് 125 ഏക്കറില്‍ 3.33 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ‘അമൃത’ സ്ഥിതിചെയ്യുന്നത്. പ്രതിവര്‍ഷം 800,000 ഔട്ട്പേഷ്യന്റ്സും 50,000 ഇന്‍പേഷ്യന്റ്സും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
‘അമൃത’യെത്തേടി ഇതിനകം നിരവധി അംഗീകാരങ്ങളുമെത്തി. 2016-ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ അവാര്‍ഡ് (ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇനീഷ്യേറ്റീവ്), അതേവര്‍ഷം എഫ്ഐസിസിഐ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ്, (പേഷ്യന്റ് സേഫ്റ്റി ആന്‍ഡ് ഇന്നോവേഷന്‍ ഇന്‍ മെഡിക്കല്‍ ടെക്നോളജി), 2014ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍-ഇന്ത്യ ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകള്‍ (പീഡിയാട്രിക് ഹാര്‍ട്ട് പ്രോഗ്രാം), 2013 എഫ്സിസിഐയുടെ നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് എക്സലന്‍സ് അവാര്‍ഡ് (ബെസ്റ്റ് ഹോസ്പിറ്റല്‍ ഇന്‍ ഇന്ത്യ, സിഎസ്ആര്‍ കാറ്റഗറി) എന്നിവ കരസ്ഥമാക്കി. ഏറ്റവും വിരളമായ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അമൃതയില്‍ നടന്നു-രണ്ടുതവണ. രണ്ടും പൂര്‍ണ വിജയം. 2015-ലായിരുന്നു ഇത്. ഇതേതുടര്‍ന്ന് ആ വര്‍ഷത്തെ ദക്ഷിണേഷ്യയിലെ ബെസ്റ്റ് സര്‍ജിക്കല്‍ ടീമിനുള്ള ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ അവാര്‍ഡും അമൃതയെ തേടിയെത്തി.
അത്യന്താധുനിക സംവിധാനങ്ങള്‍
ആരോഗ്യപരിപാലന രംഗത്ത് കമ്പ്യൂട്ടര്‍ നെറ്റ്വര്ക്കുകള് നല്കുന്ന സൗകര്യം വിലമതിക്കാനാകാത്തതാണ്. കമ്പ്യൂട്ടറുകള്‍ നല്കുന്ന വേഗവും സമയലാഭവവും പരമാവധി ഉപയോഗിക്കുയാണ് അമൃത. 2800-ലധികം കമ്പ്യൂട്ടറുകളാണ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലുമായി സജ്ജമാക്കിയിരിക്കുന്നത്.
-ന്യൂറോസര്‍ജറിയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഡാ വിന്‍സി സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം- റോസ.
-ജോയിന്റ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയകളില്‍ പുതിയ ചുവടുവയ്പ്പായ മാക്കോ റോബോട്ടിക് ആം അസിസ്റ്റന്‍ഡ് ടെക്നോളജി
-റേഡിയോ തെറാപ്പിയിലെ പുതുയുഗം കുറിക്കുന്ന സൈബര്‍നൈഫ് എം-6, ടോമോതെറാപ്പി
-കാന്‍സറിന്റെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്ന ഫിലിപ്സ് 256 സ്ലൈസ് ഐസിടി സ്കാനര്‍, പിഇടി3 ടെസേല എംആര്‍ഐ സ്കാനര്‍
-ലാബ് ടെസ്റ്റുകള്‍ക്ക് കൃത്യവും കണിശവുമായ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ ടെക്നീഷ്യന്മാര്ക്ക് ഉപകരിക്കുന്ന ഡിജിറ്റല്‍ പാത്തോളജി സൊലൂഷന്-വെര്‍ച്വല്‍ മൈക്രോസ്കോപ്പ്
–നിര്‍ധന രോഗികള്‍ക്കായി ആശുപത്രി കോംപ്ലക്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീ ഡ്രഗ് ബാങ്ക്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ കഴിവില്ലാത്തവരാണെങ്കില്‍ ഈ വിഭാഗവുമായി ബന്ധപ്പെടാം. തികച്ചും സൗജന്യമായി മരുന്നു ലഭിക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ ഇവിടെയുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ വാട്ട്സ്ആപ് ഗ്രൂപ്പും രൂപീകരിച്ചു. ആശുപത്രിയിലെതന്നെ 500 രോഗികളെ ചേര്‍ത്താണ് സഹായ ഗ്രൂപ്പ് രൂപീകരിച്ചത്. ഇതില്‍ രാജ്യത്തെ ഏതൊരു പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും അംഗമാകാം. ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ചായിരുന്നു ഗ്രൂപ്പിന്റെ ഉദ്ഘാടനം.
അമൃത ഇന്ന് മഡഗാസ്കറില്‍നിന്നുള്ള രോഗികളുടെ പ്രധാന റഫറല്‍ ആശുപത്രി കൂടിയാണ്. 2.2 കോടി ജനസംഖ്യയുള്ള ആഫ്രിക്കയിലെ ദക്ഷിണ പൂര്‍വ തീരത്തെ മഡഗാസ്കര്‍, അമൃത ആശുപത്രിയുമായി ഇതുസംബന്ധിച്ച ധാരണാപത്രം 2016-ല്‍ ഒപ്പിട്ടു. ഇതിന്‍പ്രകാരം മഡഗാസ്കറില്‍ നിന്നുള്ള രോഗികളെ ആധുനിക ചികിത്സയ്ക്കും സര്‍ജറികള്‍ക്കുമായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. ഇവിടെനിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കീര്‍ണ ചികിത്സകളിലും ശസ്ത്രക്രിയകളിലും അമൃത ആശുപത്രിയില്‍ പരിശീലനവും നല്കി വരുന്നു.
അമൃതയില്‍ നടന്ന ചില അപൂര്‍വ്വ ശസ്ത്രക്രിയകള്‍
ഒറ്റ ദിവസം മൂന്നു ശസ്ത്രക്രിയകള്‍
ഒറ്റ ദിവസം മൂന്നു രോഗികളിലായി പ്രധാന മൂന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തി. ചെറുകുടല്‍, ഹൃദയം, കരള്‍ എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളാണ് ഒരേസമയം വിജയകരമായി നടത്തിയത്. റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച മിനി ആന്റണിയുടെ ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ, ചെറുകുടല്‍ എന്നിവയാണ് ദാനംചെയ്തത്. ഇതില്‍ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമാണ്.
ഇരിങ്ങാലക്കുട സ്വദേശിനിയായ അറയ്ക്കല്‍ വീട്ടില്‍ സീന ഷോജനാണ് ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ചെലവ് മാതാ അമൃതാനന്ദമയീ മഠമാണ് വഹിച്ചത്.
നോര്‍ത്ത് പറവൂരിലുള്ള വട്ടേപ്പറമ്പില്‍ ഗിരീഷിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോ മയോപ്പതി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഡോ. പ്രവീണ്‍ വര്‍മയുടെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 15 ലക്ഷം രൂപയോളം ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് മാതാ അമൃതാനന്ദമയീ മഠം നടത്തിയത്.
കോട്ടയം സ്വദേശി വലിയതോട്ടത്തില്‍ സിന്ധുവിനാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കരളിനു ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സിന്ധു, കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി അവയവദാതാവിനെ കാത്തിരിക്കുകയായിരുന്നു.
മുപ്പത് വര്‍ഷത്തെ മന്തില്നിന്ന് മോചനം
മുപ്പത് വര്‍ഷത്തിലേറെയായി മന്ത് ബാധിച്ച് 14 കിലോ ഭാരമുള്ള വീര്‍ത്ത കാലുമായി നടന്ന 46-കാര ന് ശസ്ത്രക്രിയയിലൂടെ മോചനം നേടി.
തൃശ്ശൂര്‍ സ്വദേശി സൈദലവിയാണ് ദുരിതത്തില്‍നിന്ന് കരകയറിയത്. ഇടത് തുടയില്‍ 14 കിലോ ഭാരമുള്ള വീര്‍ത്ത ഭാഗവുമായാണ് സൈദലവി കഴിഞ്ഞിരുന്നത്. അമൃതയിലെ അഞ്ച് സര്ജന്മാരും മൂന്ന് അനസ്തിറ്റിസ്റ്റുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
മണികണ്ഠനിത് മറ്റൊരു ജന്മം
പാലക്കാട് പറമ്പിക്കുളം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനായ വനവാസി ബാലന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പതിമൂന്നുകാരനായ മണികണ്ഠനാണ് മുഖത്തിന്റെ വൈരൂപ്യം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്സിഫ്ളോസെലിന് എന്ന അവസ്ഥ ബാധിച്ച് ഒറ്റപ്പെട്ട് കഴിയുകയായിരുന്നു മണികണ്ഠന്. 11 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പുറത്തേക്ക് വളര്‍ന്നുനിന്ന ഭാഗം നീക്കി മുഖം പുനഃസ്ഥാപിച്ചത്.
അഫ്ഗാന് സൈനികന്റെ കൈപ്പത്തികള്‍
ഭീകരവാദികള്‍ വിതച്ച കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടെ പൊട്ടി ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അഫ്ഗാന് സൈനികന് അബ്ദുല്‍ റഹീമിന്റെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃതയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ബൈക്കപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ഏലൂര്‍ ഫെറി തൈപ്പറമ്പില്‍ ടി.ജി.ജോസഫിന്റെ കൈകളാണ് റഹീമിനുവേണ്ടി ദാനം ചെയ്തത്.
പ്രേംനായര്‍ പറയുന്നു
അമ്മയുടെ സ്നേഹസ്പര്‍ശം പാവപ്പെട്ടവനുകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യം നേടുവാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേംനായര്‍ പറയുന്നു. നാളിതുവരെ 400 കോടി രൂപ സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ പാവപ്പെട്ടവര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. മൂന്നുകോടിയിലേറെ രോഗികള്‍ക്കാണ് പരിപൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുള്ളത്. രോഗികളുടെ ശുശ്രൂഷയ്ക്കൊപ്പം വികസനപദ്ധതികള്‍, സ്പോണ്‍സേഡ് ഗവേഷണപദ്ധതികള്‍, സാമൂഹിക പദ്ധതികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത് മാത്രമായ ഗവേഷണങ്ങള്‍ എന്നിവയും കാര്യക്ഷമമായി നടക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണമായ പിന്തുണയ്ക്കു പുറമേ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും നല്കുന്ന സഹകരണമാണ് അമൃതയെ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി നിലനിര്‍ത്തുന്നതെന്ന് ഡോ.പ്രേംനായര്‍ പറയുന്നു.
ലോകം വൈദ്യശാസ്ത്ര രംഗത്ത് അനുദിനം പുരോഗമനത്തിന്റെ പുതിയ പടവുകള്‍ താണ്ടുകയാണ്. ഈ രംഗത്ത് നടക്കുന്ന അത്യാധുനിക ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വൈദ്യശാസ്ത്രരംഗത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് അമൃത ആശുപത്രി കരുതുന്നു. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും മികച്ച ചികിത്സാരീതികള്‍ക്കൊപ്പം മികച്ച പഠന നിലവാരവും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നു.
വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാകുന്നതോടെ തന്റെ ജീവിത കാലയളവ് മനുഷ്യരാശിക്കു വേണ്ടി സമര്‍പ്പിക്കുവാനുള്ള പ്രതിജ്ഞയാണ് ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ അറിവുകള്‍ ഉപയോഗിച്ച് രോഗങ്ങള്‍ ഭേദമാക്കുന്നതിനൊപ്പം അനുകമ്പയുടെയും സ്നേഹത്തിന്റെയവും ചേര്ത്തുനിര്ത്തല്കൂടി വേണമെന്ന സന്ദേശം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പകര്ന്നുനല്കാന് അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ശ്രദ്ധാലുക്കളാണ്. മാനവസേവയാണ് മഹത്തായ ജീവിതലക്ഷ്യമെന്ന് പഠിപ്പിച്ച അമ്മയുടെ സ്നേഹദര്ശനങ്ങളാണ് ആശുപത്രിയുടെ വളര്‍ച്ചയുടെ ഓരോ ചുവടുവയ്പിലും തങ്ങള്‍ക്ക് പ്രചോദനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: