ഷാബു പ്രസാദ്
സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഭാരതം എറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച മേഖലയാണ് ആണവ ശക്തി. പക്ഷെ, അത് യാഥാര്‍ഥ്യമായത് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ 1998ല്‍ മാത്രം. അങ്ങകലെ അമേരിക്കവരെയെത്തിയ അതിന്റെ ഞെട്ടല്‍ പിന്നീട് ഇന്ത്യയ്ക്ക് അംഗീകാരമായി മാറി.
പ്രതിരോധ പദ്ധതികളോട് വലിയ താല്പര്യം കാട്ടാതിരുന്ന ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആണവ പദ്ധതികള്‍ക്ക് പണം മുടക്കുന്നതില്‍ വിമുഖത കാട്ടി. എങ്കിലും ഹോമി ഭാഭയുടെ വ്യക്തിത്വത്തിനു മുന്നില്‍ നെഹ്റു വഴങ്ങി. അങ്ങനെ താരാപ്പൂരില്‍ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കപ്പെടുകയും ചെയ്തു.
അപ്പോഴേക്കും, കൂടുതല്‍ രാജ്യങ്ങള്‍ ആണവശക്തി നേടുന്നത് തടയാനായി വന്‍ ശക്തികള്‍ ഐക്യരാഷ്ട്ര സഭയില്‍ ന്യൂക്ലിയര്‍ ഡെഡ് ലൈന്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തു. 1966 ആഗസ്റ്റിനു മുന്‍പ് ആണവപരീക്ഷണം നടത്തുന്നവരെ മാത്രമേ ആണവ ശക്തികളായി അംഗീകരിക്കൂ. അല്ലാത്തവ നിയമ വിരുദ്ധവും അന്താരാഷ്ട്ര നടപടികള്‍ക്ക് വിധേയവുമായിരിക്കും എന്നായിരുന്നു അത്.
നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പൂര്‍ണ്ണ പിന്തുണയോടെ 1965ല്‍ പരീക്ഷണം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി വന്ന ഘട്ടത്തില്‍ ഭാഭ സഞ്ചരിച്ച വിമാനം ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണു. പരീക്ഷണം മുടങ്ങി. ശാസ്ത്രിയുടെ ദുരൂഹ മരണം കൂടിയായതോടെ ന്യൂക്ലിയര്‍ ക്ലബ് അംഗത്വം ഇന്ത്യക്ക് നഷ്ടമായി.
അഴിമതിയിലും കെടുകാര്യസ്ഥതയിലും ആണ്ടുമുങ്ങി നിന്നിരുന്ന ഇന്ദിരാ ഗാന്ധി, ജനശ്രദ്ധ തിരിച്ചുവിടാന്‍ 1974ല്‍ ആണവ പരീക്ഷണം നടത്തിയെങ്കിലും ഫലപ്രദമായില്ല. 1994ല്‍ പരീക്ഷണം നടത്താന്‍ നരസിംഹ റാവു പദ്ധതിയിട്ടെങ്കിലും, അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.
വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ വേണ്ട ഒന്നാണ് ആണവ പരീക്ഷണം. എല്ലാം അതീവ രഹസ്യമായി ചെയ്യണം. ശൂന്യാകാശത്ത് സദാ ജാഗരൂകരായ ചാര ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കണം. ഇതെല്ലാം അതിജീവിച്ച്, 1998 മേയ് 11, ബുദ്ധപൂര്‍ണ്ണിമ ദിവസം ഭാരതം അതു സാധിച്ചു. പോഖ്രാനില്‍ വീണ്ടും അണുബോംബ് പരീക്ഷണം നടത്തുക തന്നെ ചെയ്തു. രണ്ട് ദിവസത്തിനു ശേഷം വീണ്ടും രണ്ട് പരീക്ഷണം കൂടി നടത്തി, ഇന്ത്യ അണുപരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു പരീക്ഷണത്തിന്റെ ആവശ്യമില്ലാത്ത വിധം സിമുലേഷന്‍ ഡാറ്റകള്‍, നടത്തിയ സ്ഫോടനങ്ങളിലൂടെ നമുക്ക് ലഭിച്ചു കഴിഞ്ഞിരുന്നു. ഈ ഡാറ്റകള്‍ ഉണ്ടങ്കില്‍ എല്ലാ പരീക്ഷണങ്ങളും ലാബിലെ കമ്പ്യൂട്ടറുകളില്‍ നടത്താം.
ഭാരതത്തിനു മേല്‍ സദാ കണ്ണും കാതും കൂര്‍പ്പിച്ച് ചുറ്റിത്തിരിഞ്ഞ അമേരിക്കന്‍ ചാരോപഗ്രഹങ്ങളെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് നാം ഇത് സാധിച്ചത്. ഈ ഭൂഗോളത്തിന്റെ മുക്കും മൂലയും തങ്ങളുടെ ക്യാമറക്കണ്ണുകളിലാണെന്ന് അഹങ്കരിച്ചിരുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തെയാണ് നാം വെല്ലുവിളിച്ചത്. പ്രധാനമന്ത്രി, അന്ന് വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഇക്കാര്യം ലോകം അറിഞ്ഞത് തന്നെ.
വിശാലമായ മരുഭൂമിയില്‍ ഉപഗ്രഹങ്ങളെ കബളിപ്പിച്ചത് അതി വിദഗ്ദ്ധമായാണ്. കുറേപ്പേര് ഒരു ഭാഗം വെറുതെ കുഴിക്കും, മൂടും മറ്റൊരു സ്ഥലത്ത് വീണ്ടും ഇത് തന്നെ ചെയ്യും. ഉപഗ്രഹങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ വേണ്ടിയാണിത്. അങ്ങനെ കുറെ ദിവസം കഴിയുമ്പോള്‍ ഇതില്‍ കാര്യമൊന്നുമില്ല എന്ന് കരുതി അവര്‍ നിരീക്ഷണം മാറ്റും. പരീക്ഷണ ദിവസത്തോടടുപ്പിച്ച് ഏതാണ്ട് നാനൂറു പട്ടാള ട്രക്കുകകളുടെ ഒരു വ്യൂഹം ഒറീസ തീരത്തേക്ക് നീങ്ങി. വീലര്‍ ദ്വീപില്‍ ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്താന്‍ പോകുന്നു എന്നൊരു വ്യാജ വാര്‍ത്തയും പടച്ചു വിട്ടു. ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകള്‍ ഒറീസ തീരത്ത് താണു പറന്നപ്പോള്‍, പടിഞ്ഞാറ് പോഖ്രാനില്‍ സ്ഫോടനത്തിന്റെ പൊടിപടലങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ഗരിമയും ആകാശം മുട്ടി.
പക്ഷെ, യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. വിദേശ നിക്ഷേപങ്ങളുടെ വരവ് നിലച്ചു. ഓഹരിവിപണി കൂപ്പ് കുത്തി. ഏറെ മുന്പോട്ട് പോയ ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്ന് കൈവിട്ട് പോയി. തേജസ് യുദ്ധവിമാന പദ്ധതി സ്തംഭിച്ചു. ഭാരതം ന്യൂക്ലിയര്‍ ക്ലബ്ബില്‍ അംഗമാകുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അമേരിക്കയും ചൈനയും അവര്‍ കുന്നുകൂട്ടിയ അണുവായുധങ്ങളുടെ മുകളിലിരുന്ന് ഭാരതത്തിനെതിരെ സര്‍വ്വ കുതന്ത്രങ്ങളും പയറ്റി. ലോക് ഹീല്‍ മാര്‍ട്ടിനില്‍ ട്രെയിനിംഗിനു പോയ നമ്മുടെ എഞ്ചിനിയര്‍മാരെ അവരുടെ ബാഗുകള്‍ പോലും എടുക്കാന്‍ സമ്മതിക്കാതയാണ് ഇറക്കി വിട്ടത്. വരും ദിനങ്ങള്‍ ദുഷ്കരമായിരിക്കുമെന്നും, ഇറാഖിനെപ്പോലെ, ഉത്തരകൊറിയയെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ ഭാരതവും ലോകസമൂഹത്തില്‍ ഒറ്റപ്പെട്ട്, തകര്‍ന്നടിഞ്ഞ് ഒരു പരാജയപ്പെട്ട രാജ്യമായി മാറുമെന്നും രാജ്യത്തിനകത്തെയും പുറത്തെയും ശത്രുക്കള്‍ ഒരു പോലെ അലറി വിളിച്ചു. അണുപരീക്ഷണം നടത്താന്‍ ഉത്തരവിട്ടത് ബിജെപി സര്‍ക്കാരായിരുന്നു എന്നത് എതിര്‍പ്പുകളുടെ മൂര്‍ച്ച കൂട്ടി.
പക്ഷെ, വാജ്പേയിയും അദ്വാനിയും ജോര്‍ജ്ജ് ഫെര്നാണ്ടാസുമൊക്കെ അടങ്ങിയ രാജ്യ നേതൃത്വവും സുസജ്ജമായിരുന്നു. നയതന്ത്ര രംഗത്തെ കര്മ്മകുശലതയിലൂടെ വാജ്പേയി, മെല്ലെ മെല്ലെ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മാറ്റിയെടുത്തു. ഉത്തരവാദിത്വ ബോധമുള്ള അണുശക്തിയാണ് ഭാരതം എന്ന സത്യം പതിയെ ലോകം മനസ്സിലാക്കി. ഉപരോധങ്ങള്‍ പിന്‍വലിയാന്‍ തുടങ്ങി.
അന്ന്, നമ്മെ ഉപരോധിച്ച അതേ അമേരിക്കയും, ജപ്പാനും, കാനഡയും, ഓസ്ട്രേലിയയും ഇന്ന് ഭാരതവുമായി ആണവ സഹകരണത്തിനു മത്സരിക്കുന്നു. ഉപരോധങ്ങള്‍ വലിയൊരളവു വരെ അവസരങ്ങളാക്കി മാറ്റിയിടത്താണ് നാം വിജയിച്ചത്. നിഷേധിക്കപ്പെട്ട ക്രയോജനിക് സാങ്കേതിക വിദ്യ നാം സ്വന്തമായി വികസിപ്പിച്ചെടുത്തു. കാര്‍ഗില്‍ യുദ്ധകാലത്ത്, അമേരിക്ക നമുക്ക് ജിപിഎസ് വിവരങ്ങള്‍ നിഷേധിച്ചിരുന്നു. അതിന് പകരമായി നമ്മുടെ സ്വന്തം ആകാശ ദൂതന്മാര് ശൂന്യാകാശത്ത് കണ്ണുചിമ്മാതെ കാവലിരിക്കുന്നു. പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: