ഇടതുമുന്നണി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പ്രകടന പത്രികയിലും സുന്ദരമോഹന വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാകുമെന്നത്. അധികാരത്തിലേറി പിന്നിട്ട സമയക്രമം നോക്കിയാല്‍ കേരളത്തെ ആനകയറിയ കരിമ്പിന്തോട്ടം പോലെയാക്കി.
എല്ലാ മേഖലയിലും പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്. കുറ്റമറ്റ് മന്ത്രിസഭപോലും ശരിയാക്കാന്‍ കഴിഞ്ഞില്ല. സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ കഴിയും മുമ്പുതന്നെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നു. സത്യപ്രതിജ്ഞാലംഘനം നടത്തി ബന്ധുക്കള്‍ക്ക് ഉന്നത പദവി നല്‍കിയതിനെത്തുടര്‍ന്നുള്ള വിവാദത്തിനൊടുവിലാണ് രാജി. ഘടകകക്ഷിയിലെ രണ്ടുമന്ത്രിമാരും വ്യത്യസ്ത കാരണങ്ങളാല്‍ രാജിവച്ചു. ഗതാഗതമന്ത്രി സ്ഥാനം വഹിച്ചിരുന്ന തോമസ് ചാണ്ടി കായല്‍ കയ്യേറി റിസോര്‍ട്ട് പണിതതിനെച്ചൊല്ലിയുള്ള ആരോപണത്തെത്തുടര്‍ന്നാണ് രാജിവച്ചത്. പിന്‍ഗാമിയായി വന്ന എ.കെ. ശശീന്ദ്രന് പെണ് കെണിയില്‍ കുരുങ്ങി മന്ത്രിസഭയില്‍ നിന്നു വീഴുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന ഇടത് മുന്നണി എല്ലാ രാഷ്ട്രീയ അഴിമതികളുമായി സന്ധിചെയ്യുന്നതാണ് കാണാനായത്. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം വച്ച് മന്ത്രി കെ.എം മാണി കോഴ വാങ്ങി എന്നാരോപിച്ച എല്‍ഡിഎഫ് നിയമസഭയില്‍പ്പോലും കയ്യാങ്കളി നടത്തി. ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ വളഞ്ഞ മുന്നണി നിയമസഭയ്ക്കകത്ത് കാട്ടിക്കൂട്ടിയ കസര്‍ത്ത് മുമ്പൊരുകാലത്തും കാണാത്തതാണ്. പരസ്പരം അടികൂടി അംഗങ്ങള്‍, സഭാനാഥനായ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ നശിപ്പിച്ചു.
അന്ന് കുരിശിലേറ്റാന്‍ ഉത്സാഹം കാട്ടിയ ഇടത് മുന്നണി ഇന്നു കെ.എം മാണിയുടെ പാര്‍ട്ടിയെ സ്വാധീനിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മാണിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ പോലും തെറ്റ് ഏറ്റുപറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് സോളാറും സരിതയുമെല്ലാമായിരുന്നു കേരളത്തില്‍ നിറഞ്ഞത്. സോളാര്‍ കേസിന്റെ പേരില്‍ തലസ്ഥാനത്തെ സ്തംഭിപ്പിച്ച ഇടത് മുന്നണി, സോളാര്‍ കേസിനെ അട്ടിമറിച്ചിരിക്കുകയാണ്. അധികാരത്തിലില്ലാത്തപ്പോള്‍ ഏതിനൊക്കെ വേണ്ടിയാണോ പ്രക്ഷോഭം നടത്തിയത് അതിന് വിപരീത നിലപാടും തീരുമാനങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.
എല്ലാത്തിനും ഉപരി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ പിണറായി വിജയന്റെ ഭരണത്തില്‍ ക്രമസമാധാനനില പാടേ തകര്‍ന്നു. ഒരു ഡസനിലധികം രാഷ്ട്രീയകൊലപാതങ്ങള്‍ രണ്ടു വര്‍ഷത്തില്‍ നടന്നെങ്കില്‍ അതിന് ഉത്തരവാദികള്‍ സിപിഎമ്മും പോലീസുമാണ്. ഈ വര്‍ഷം നാലുമാസത്തിനിടയില്‍ നാലുകൊലപാതകങ്ങളാണ് ഉണ്ടായത്. മുഖ്യമന്ത്രിയും ഭരണകക്ഷിയും കാട്ടുനീതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൊലയ്ക്ക് കൊല എന്നതാണ് അവര്‍ സ്വീകരിക്കുന്ന നിലപാട്. ജനാധിപത്യവും പൗരാവകാശവും ഒരു നിലയ്ക്കും അംഗീകരിച്ചുകൊടുക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. പോലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ചവിട്ടിക്കൊല്ലലും ഉരുട്ടിനോക്കലുമെല്ലാം നിര്‍ബാധം നടക്കുന്നു. പ്രതികള്‍ സിപിഎംകാരാണെങ്കില്‍ സ്റ്റേഷനുകളില്‍ രാജകീയ സ്വീകരണം.
മറിച്ചാണെങ്കില്‍ പ്രാകൃത നടപടി. സിപിഎം നിയമം കയ്യിലെടുക്കുന്നു. പോലീസ് നോക്കിനില്ക്കുന്നു. സിപിഎം പ്രതികളെ സ്റ്റേഷന് ആക്രമിച്ച് മോചിപ്പിച്ചാലും കേസില്ല. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം, സസ്പെന്ഷന്. വിദേശ വനിതയുടെ മരണംപോലും നിസ്സാരവല്‍ക്കരിച്ച സര്‍ക്കാര്‍ രാജ്യത്തിന് തന്നെ അപമാനം വരുത്തിവച്ചു. ഇതെല്ലാം ശക്തമായി പ്രചരിക്കുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രവിരുദ്ധ പ്രസ്താവനയുമായി രംഗത്തിറങ്ങിയത്. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ് ഒടുവിലത്തെ ആരോപണം. ഭരണപരാജയം മൂടിവയ്ക്കാനുള്ള അടവാണിതെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: