മുതിര്‍ന്ന പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായിയുടെ വേര്‍പാട് അത്യന്തം ദുഃഖപൂര്ണമാണ്. ടിവിആര്‍ എന്ന പേരും ബൈലൈനുമൊക്കെ കൗമാര കാലം മുതല്‍ മനസ്സില്‍ നിറഞ്ഞതാണ്. ‘മാതൃഭൂമി’യിലെ വി.കെ. മാധവന് കുട്ടിയും ‘മനോരമ’യിലെ ടി.വി.ആര്. ഷേണായിയുമായിരുന്നു അക്കാലത്ത് പത്രരംഗത്തെ ആരാധനാമൂര്‍ത്തികള്‍. ഇരുവരും ദേശീയ രാഷ്ട്രീയത്തെ കീറിമുറിച്ച് അപഗ്രഥിക്കുന്നത് വല്ലാത്ത ഒരു വായനാനുഭൂതി തന്നെയായിരുന്നു. അന്നൊന്നും ടിവിആര്‍ ഏതു നാട്ടുകാരന് ആണെന്നൊന്നും അറിയില്ലായിരുന്നു. പിന്നീട് എച്ച്പിസിയില്‍ ഉദ്യോഗസ്ഥനായ എന്റെ അടുത്ത സുഹൃത്ത് രമേശ് പ്രഭുവാണ് പറഞ്ഞത് ടിവിആര്‍ തന്റെ അടുത്ത ബന്ധുവാണെന്നും ചെറായിക്കാരനാണെന്നും മറ്റും.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും ഒരു ‘കൊച്ചു’ ജേര്‍ണലിസ്റ്റായി! കേരളത്തില്‍ നടക്കുന്ന വലിയ തോതിലുള്ള സംഘപരിവാര്‍ പരിപാടികളുടെ റിപ്പോര്‍ട്ട് ദല്‍ഹിയിലെ ‘ഓര്‍ഗനൈസര്‍’ വാരികയ്ക്ക് അയച്ചിരുന്ന ഞാന്‍ അത് പ്രിന്റ് ചെയ്തുകാണുമ്പോഴുള്ള ‘യൂഫോറിയ’ ആസ്വദിച്ചു കൊച്ചിയില്‍ ജീവിച്ചുപോരുകയായിരുന്നു. അപ്പോഴേക്കും ആര്. ബാലശങ്കര്‍ വാരികയുടെ എഡിറ്റര്‍ ചുമതല ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
2013-ലെ റിപ്പബ്ലിക്ദിന സ്പെഷ്യല്‍ പതിപ്പില്‍ ബാലശങ്കര്‍ജി എന്നെ ഒരു ദൗത്യം ഏല്‍പ്പിച്ചു; കന്യാകുമാരിയിലെ വിവേകാനന്ദശില സ്മാരകത്തിന്റെ ചരിത്രം എഴുതുക. സ്വാമിജിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം ആയതിനാല്‍ അത് വിവേകാനന്ദ സ്പെഷ്യല്‍ പതിപ്പായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെ. ശിലാസ്മാരകത്തിന്റെ കഥ വീട്ടില്‍ ധാരാളം കേട്ടിട്ടുണ്ട്. ജ്യേഷ്ഠസഹോദരന് സജീവ ആര്‍എസ്എസ് പ്രവ ര്ത്തകനായിരുന്നതിനാല് അദ്ദേഹം പറഞ്ഞാണ് അതെല്ലാം കേട്ടത്. സ്വാമികളുടെ ജന്മശതാബ്ദിക്കാലത്ത് അവിടെ സ്മാരകം പണിയാന്‍ തമിഴ്നാട്ടിലെ ചിലര്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ഭക്തവല്‍സലവും പ്രധാനമന്ത്രി നെഹ്റുവും ആ നിര്‍ദ്ദേശത്തെ കഠിനമായി എതിര്‍ത്തു.
അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ മുന്‍ സര്‍കാര്യവാഹ് (ജന. സെക്രട്ടറി) ഏകനാഥ് റാനഡെയെ, കടലില്‍ കാണുന്ന ശിലയില്‍ സ്വാമികളുടെ സ്മാരകം പൂര്‍ത്തീകരിക്കാനുള്ള ഭഗീരഥ പ്രയത്നം ഏല്‍പ്പിച്ചു. ശിലയില്‍ അനധികൃതമായി നാട്ടിയിരുന്ന കുരിശുകള്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലക്ഷ്മണേട്ടന്റെയും ബാലേട്ടന്റെയും നേതൃത്വത്തില്‍ പിഴുതെറിഞ്ഞു. ഏകനാഥ്ജിയുടെ സമര്‍ഥമായ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി നെഹ്റുപോലും അതിനെ അനുകൂലിച്ചു. അവിടെ സുന്ദരമായ സ്മാരകം നിര്‍മിക്കപ്പെട്ടു. ഇതൊക്കെ വിസ്മയത്തോടെ കേട്ട ബാല്യം.
എബിവിപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാല്‍ (വേണുവേട്ടന്) എന്നെ കന്യാകുമാരിയില്‍ കൊണ്ടുപോകുന്നു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ മുഴുവന്‍ സമയ സേവാവ്രതനായ രഘുനന്ദനന് നായര്‍ എല്ലാ സഹായവും ചെയ്തുതന്നു. കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്സില്‍ പത്നിയുമൊത്ത് താമസിക്കുന്ന, എണ്പതു കഴിഞ്ഞ ലക്ഷ്മണേട്ടനുമായി നീണ്ട ആശയവിനിമയം നടത്തി. കേന്ദ്രം ജന. സെക്രട്ടറി ബാലേട്ടന് (ബാലകൃഷ്ണന്) സമ്മാനിച്ച പുസ്തകങ്ങളും എനിക്ക് സ്മാരകത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ തന്നു. ആകെ ഇരുപത്തിനാല് മണിക്കൂര്‍. തിരിച്ചുവരുമ്പോള്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രത്തില്‍ കയറി പരമേശ്വര്‍ജിയുടെ അനുഗ്രഹം വാങ്ങുന്നു. തിരിച്ചുവന്നു ദൗത്യം പൂര്‍ത്തിയാക്കുന്നു.
അങ്ങനെ ആദ്യമായി ‘ഓര്ഗനനൈസര്’ വാരികയില്‍ ഒരു ലേഖനം. കോളജ് കാലത്ത് ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍നിന്ന് വായിച്ചുകഴിഞ്ഞ പഴയ കോപ്പികള്‍ സ്വര്‍ഗീയ മോഹന്‍ജി സ്നേഹപൂര്‍വം തന്നിരുന്നത് ഓര്‍ത്തുപോയി. ആ കോപ്പികള്‍ പൊന്നുപോലെ സൂക്ഷിച്ചുവച്ചിരുന്ന ആ ‘ചെറുക്കന്’ കാലം തന്ന ദയാപുരസ്സര സമ്മാനം! സ്പെഷ്യല്‍ പതിപ്പല്ലേ. ലേഖകര്‍ എല്ലാം വിഐപികള്‍. ഡോ. സുബ്രഹ്മണ്യന് സ്വാമി, എസ്. ഗുരുമൂര്‍ത്തി, എം.ഡി. നാലപ്പാട്ട്, എം.വി. കാമത്ത്, ഡോ. ജയ്ദുബാഷി എന്നിങ്ങനെ പോകുന്നു ആ പട്ടിക. അതില്‍, ആരുമറിയാത്ത ഞാന്‍. ബാലശങ്കര്‍ജിയുടെ ഔദാര്യവും സ്വാമിയുടെ അനുഗ്രഹവും! എവിടെയെല്ലാമോ നിന്ന് അനുമോദനങ്ങള്‍; കവിതാമയമായ ഭാഷ എന്നുപോലും. ഞാന്‍ അര്‍ഹിക്കാത്ത പ്രശംസ. സഹോദര തുല്യനായ അഡ്വ. പി.എസ്. ശ്രീധരന് പിള്ള നൂറോളം കോപ്പികള്‍ പണംകൊടുത്ത് വാങ്ങി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും മുതിര്‍ന്ന അഭിഭാഷകര്‍ക്കും സൗജന്യമായി കൊടുത്തു.
ബാലശങ്കര്‍ജി വിളിക്കുന്നു. ടിവിആര്‍ അദ്ദേഹത്തെ വിളിച്ചുവെന്നും ആരാണ് ഈ ലേഖനം എഴുതിയതെന്നു അന്വേഷിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത്രയും കേട്ടപ്പോള്‍ പേടി തോന്നി. അടുത്ത വാചകം എനിക്ക് സ്ഥലജല വിഭ്രമം ഉണ്ടാക്കി. ലേഖനം നന്നായിരിക്കുന്നു എന്നും, ഉള്ളടക്കം ആര്എസ്എസ്കാര്ക്കുപോലും അറിയാത്ത കാര്യങ്ങളാണെന്നും ഷേണായി സാര്‍ പറഞ്ഞുവത്രേ. എന്നെപ്പോലുള്ള ഒരു നിസ്സാരന് ഒരു അക്കാദമി അവാര്‍ഡ് കിട്ടിയതിനെക്കാള്‍ സന്തോഷം! ഫോണ്‍ നമ്പര്‍ കിട്ടിയെങ്കിലും സാറിനെ വിളിച്ചു പരിചയപ്പെടാനോ നന്ദി പറയാനോ ധൈര്യം വന്നില്ല.
മൂന്ന് നാലു മാസങ്ങള്‍ കടന്നുപോയി. ‘ഓര്‍ഗനൈസര്‍’ വാരികയില്‍ എന്റെ അപഗ്രഥനാത്മക ലേഖനങ്ങള്‍ പതിവായി. ഹരിയേട്ടന്റെ പ്രോത്സാഹനവും ശ്രീധരന് പിള്ള സാറിന്റെ അഭിനന്ദനവും വേണുവേട്ടന്റെ ശാസന കലര്‍ന്ന ഉപദേശവും ഇ.എന്‍. നന്ദകുമാര്ജിയെപ്പോലുള്ളവരുടെ സന്തോഷപ്രകടനങ്ങളും ബാലശങ്കര്‍ജിയുടെ ഔദാര്യവും എന്നെക്കൊണ്ട് കൂടുതല്‍ എഴുതിപ്പിച്ചു.
അതിനിടെ ‘ബുദ്ധ ബുക്സ്’ എന്ന സ്ഥാപനത്തിന്റെ സാരഥികളും എന്റെ സംഘടനയിലെ സഹപ്രവര്‍ത്തകരുമായ എ.ടി. സന്തോഷ്, അശോകന്, അനില്‍ എന്നിവര്‍ എന്നെ സമീപിച്ചു. പ്രസ്തുത ലേഖനത്തെ ആസ്പദമാക്കി ഒരു പുസ്തകം എഴുതാമോ എന്നതാണ് ചോദ്യം. ചെയ്യാമെങ്കില്‍ അവരുടെ ആദ്യത്തെ പുസ്തകമായിരിക്കും എന്നും പറഞ്ഞു. ഹരിയേട്ടന്റെ അവതാരികയോടെ ‘വിഷ്ണുദാസ്’ എന്ന തൂലികാനാമത്തില്‍ ‘വിവേകാനന്ദ ശില തപസ്സും പോരാട്ടവും’ എന്ന പുസ്തകത്തിനു നല്ല സ്വാഗതം ഗള്‍ഫ് രാജ്യങ്ങളില്‍ പോലും ലഭിച്ചു. പി. നാരായണ്‍ജി ‘ജന്മഭൂമി’യിലെ വാരാദ്യ പംക്തിയായ ‘സംഘപഥത്തിലൂടെ’യില്‍ പുസ്തകത്തെക്കുറിച്ച് എഴുതി. അതൊരു ചരിത്ര ഗ്രന്ഥമാണെന്നും മലയാളി വായിക്കേണ്ട പുസ്തകമാണെന്നും അഭിപ്രായപ്പെട്ടു. അതും അവിസ്മരണീയമായ മറ്റൊരു അവാര്‍ഡ്.
ശിലാസ്മാരകത്തിന്റെ ചരിത്രത്തില്‍, പ്രത്യേകിച്ച് അതില്‍ കോഴിക്കോട്ടെ മത്സ്യപ്രവര്‍ത്തകരായ സ്വയംസേവകരുടെ പങ്കില്‍, ആദ്യമായി അച്ചടി മഷി പുരട്ടിയത് ‘ഓര്‍ഗനൈസര്‍’ വാരികയിലൂടെ ഞാനാണെന്നും, അതുവരെ അത് വായ്മൊഴിയിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു എന്നും ചില മുതിര്‍ന്ന സംഘപ്രചാരകന്മാര് ആയിടെ എന്നോട് പറഞ്ഞു. എം.എ. സാറും ഈയിടെ അന്തരിച്ച ചന്ദ്രശേഖരന് ചേട്ടനും (എന്‍ടിയു) ഇങ്ങനെ പറഞ്ഞവരില്‍ പ്പെടും.
ആ ദിവസങ്ങളില്‍ ഒരിക്കല്‍ കേട്ടു, ടിവിആര്‍ കൊച്ചിയിലുണ്ട്. തന്റെ പതിവ് സങ്കേതമായ ബിടിഎച്ചില്‍ തന്നെ. പുസ്തകവുമായി രണ്ടും കല്പ്പിച്ചു പുറപ്പെട്ടു. മുറിയില്‍ ചെന്നു; ആ ഇതിഹാസപുരുഷനെ ആദ്യമായി കണ്ടു. ഉള്‍പ്പുളകം എന്നത് എന്താണെന്ന് അറിയുന്ന നിമിഷങ്ങള്‍. ആദരപൂര്‍വം പുസ്തകം സമ്മാനിച്ചു. ഞാന്‍ ചായ കുടിക്കുമ്പോള്‍ അദ്ദേഹം പുസ്തകം മറിച്ചുനോക്കി. ഇക്കാര്യം ഒരു മലയാളി കുറച്ചുനാള്‍ മുന്‍പ് ‘ഓര്‍ഗനൈസര്‍’ വാരികയില്‍ എഴുതിയിരുന്നല്ലോ എന്ന് ചോദിച്ചു. ഞാന്‍ മടിച്ചു മടിച്ചു പറഞ്ഞു- ‘അത് ഞാനാണ്.’ എന്തുകൊണ്ട് ആദ്യം ഇക്കാര്യം പറഞ്ഞില്ല എന്നായി അടുത്ത ചോദ്യം. മാസങ്ങള്‍ക്കു മുന്‍പ് ബാലശങ്കര്ജിയോട് പറഞ്ഞ കാര്യങ്ങള്‍ അതീവസന്തോഷത്തോടെ ആവര്‍ത്തിക്കപ്പെട്ടു. എനിക്ക് മൂന്നാമത്തെ അവാര്‍ഡ്! ആ സമയം മുറിയില്‍ കടന്നുവന്ന തന്റെ സുഹൃത്തിനോടും (ഇസ്മയില്‍ എന്നാണ് പേര് എന്നുതോന്നുന്നു) അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
കന്യാകുമാരിയിലെ ശിലാസ്മാരകം അദ്ദേഹം കണ്ടിട്ടുണ്ട്. പക്ഷേ, അതിന്റെ പുറകിലുള്ള അധ്വാനവും കര്‍മശേഷിയും ആര്‍എസ്എസിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഷേണായി സാര്‍ ആ പാവത്തെ കളിയാക്കി. അത് എഴുതിയ ആളാണ് ഈ ഇരിക്കുന്നത് എന്നും എന്നെ പരിചയപ്പെടുത്തി. വീണ്ടും കാണാം എന്നു പറഞ്ഞ് ഞാന്‍ യാത്രയായി. സ്നേഹപൂര്‍വം യാത്രയയയ്ക്കുമ്പോള്‍ കൂടുതല്‍ എഴുതണമെന്ന് ഉപദേശിച്ചു. പത്രലോകത്തെ കുലപതിയുടെ നിര്യാണം അറിഞ്ഞപ്പോള്‍ ഇതെല്ലാം ഓര്‍ത്തുപോയി. ആ മഹാന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: