കോഴിക്കോട്: തൊഴില്‍ പീഡനത്തില്‍ നട്ടം തിരിഞ്ഞ് കേരളാ പോലീസ്. മതിയായ അംഗ സംഖ്യയോ അവധിയോ ഇല്ലാതെ മനം മടുക്കുന്ന ജോലിഭാരവും. പോലീസില്‍ നടക്കുന്നത് കടുത്ത തൊഴില്‍ പീഡനം. വിവിധ ആവശ്യങ്ങളുടെ പേരില്‍ ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക പിടിച്ചെടുക്കും. വനിതാ പോലീസുകാര്‍ക്ക് യൂണിഫോം മാറാനുള്ള അടിസ്ഥാന സൗകര്യം പോലും പല സ്റ്റേഷനുകളിലും ഇല്ല. സേനയിലെ മാനസിക പീഡനം സഹിക്കാനാകാതെ അത്മഹത്യചെയതവരും സ്വയം വിരമിച്ചവരും നിരവധി.
ഒരു വര്‍ഷത്തിനിടെ പോലീസില്‍ ആത്മഹത്യചെയ്തത് 17 പേരാണ്. അതിനെതുടര്‍ന്ന് കൗണ്‍സലിങ് നല്കാന് ഡിജിപി നിര്‍ദ്ദേശിച്ചു. ശമ്പളത്തില്‍ നിന്ന് വിവിധആവശ്യങ്ങളുടെ പേരില്‍ അനുവാദം ഇല്ലാതെയാണ് പോലീസ് അസോസിയേഷനുകള്‍ പണം ഈടാക്കുന്നത്. ശമ്പളത്തില്‍ നിന്ന് പണം പിരിക്കണമെങ്കില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് അനുമതി പത്രം വാങ്ങണം. പക്ഷെ സംസ്ഥാനത്ത് ഉദ്യോഗസ്ഥന് പോലും അറിയില്ല.
അസോസിയേഷന് സെക്രട്ടറി ജില്ലാപോലീസ് മേധാവിയോട് പണം പിരിച്ചുനല്‍കാന്‍ ആവശ്യപ്പെടും. അതോടെ എസ്പി പണം പിരിക്കാന്‍ നിര്‍ദ്ദേശിക്കും. ശമ്പളം കയ്യില്‍ കിട്ടിക്കഴിഞ്ഞശേഷമാണ് ഉദ്യോഗസ്ഥന്‍പോലും അറിയുക. അസോസിയേഷന് സമ്മേളനങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപയാണ് ഈടാക്കിയത്. വെല്‍ഫെയര്‍ ഫണ്ട്, കുടുംബസഹായ ഫണ്ട് എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പേരില്‍ എല്ലാ മാസങ്ങളിലും നാനൂറിനും അഞ്ഞൂറിനും ഇടയില്‍ പിരിവ് ഉണ്ടാകും. വെല്‍ഫെയര്‍ ഫണ്ട് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എആര്‍ ക്യാമ്പിലുള്ള 150ഓളം പോലീസുകാര്‍ കൂട്ടമായി ഫെബ്രുവരിയില്‍ എഴുതി നല്കി. എന്നാല്‍ എഴുതി നല്‍കിയാല്‍പോലും പണം പിരിക്കുമെന്ന് പോലീസുകാര്‍ പറയുന്നു.
പല സ്റ്റേഷനുകളിലും മതിയായ ശുചിമുറികള്‍ ഇല്ല. വനിതാ പോലീസുകാര്‍ക്ക് വസ്ത്രം മാറാന്‍ സഹപ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കണം. മതിയായ അംഗസംഖ്യ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം രാപകലില്ലാതെ ജോലി ചെയ്യേണ്ട സ്ഥയിലാണ് വനിതാപോലീസ്. എആര്‍ ക്യാമ്പില്‍ നിന്ന് കോടതി ഡ്യൂട്ടിക്ക് പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നവര്‍. കോടതി ഡ്യൂട്ടിക്ക് പ്രതിയെയും കൊണ്ടുപോകുന്നതിനെ സിറ്റി(ടൗണ്‍ പ്രദേശം), ഫസ്റ്റ് (കൊല്ലം വരെ), ഷോര്‍ട്ട് ഔട്ട്(തിരുവല്ല വരെ), ഔട്ട്(ആലപ്പുഴ, പത്തനംതിട്ടയ്ക്ക് അപ്പുറം), ലോങ് ഔട്ട് (തൃശൂരിന് പുറത്തേക്ക്) തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഔട്ടിന് ഒരുദിവസവും ലോങ് ഔട്ടിന് രണ്ട് ദിവസവുമാണ് ഓഫ്. പക്ഷെ ഔട്ടിന്റെ ഓഫ് വെട്ടിക്കുറച്ചു. സിറ്റി ആണ് ലഭിക്കുന്നതെങ്കില്‍ ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യേണ്ട. സിറ്റിയും ലോങ് ഔട്ടും അസോസിയേഷന് അനുഭാവികള്ക്കുമാത്രം.
ദേശീയ നയം അനുസരിച്ച് 500 പേര്‍ക്ക് ഒരു പോലീസുകാരന് എന്നതാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്ത് ഇത് 1000 പേര്‍ക്ക് ഒരാളാണ്. പോലീസ് സ്റ്റേഷന് കണക്ക് വച്ച് നോക്കിയാല്‍ ഇത് 1600 പേര്‍ക്ക് ഒരാള്‍ എന്ന നിലയിലേക്ക് താഴും. അതിനാല്‍ കൃത്യസമയത്ത് അവധിയെടുക്കാനോ റെസ്റ്റ് ഓഫ് എടുക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: