തമസോ മാ ജ്യോതിര്‍ഗ്ഗമയ, ഇരുളില്‍ നിന്നു വെളിച്ചത്തിലേയ്ക്ക്. അതാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതോടെ, അക്കാര്യത്തിലെ സുപ്രധാനമായൊരു നാഴികക്കല്ല് കഴിഞ്ഞ ദിവസം പിന്നിട്ടു. 597,484 ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കഴിഞ്ഞു. ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും മൂലയിലൂടെ വൈദ്യുതി ലൈന്‍ കൊണ്ടുപോയി അതിന്റെ പേരില്‍ ആ ഗ്രാമം വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കലല്ല നടത്തിയിരിക്കുന്നത്. ഓരോ ഗ്രാമത്തിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും വൈദ്യുതി എത്തിയാലാണ് ആ ഗ്രാമം വൈദ്യുതീകൃതമായി അംഗീകരിക്കപ്പെടുക. അങ്ങനെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങളില്‍ മോദി സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ പദ്ധതിയുടെ കീഴില്‍ വന്നു. ബിജെപി അധികാരത്തിലേറുമ്പോള്‍ അത്രയും ഗ്രാമങ്ങളാണ് വൈദ്യുതീകരിക്കപ്പെടാന്‍ ബാക്കിയുണ്ടായിരുന്നത്.
എല്ലാ വീടുകളിലും വൈദ്യുതി എന്നതാണു സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം. അതിലേയ്ക്കുള്ള നീക്കമാണ് ഇനി. ദൗത്യം പൂര്‍ത്തിയാകുന്നത് രാജ്യത്തെ അവസാന ഭവനത്തിലും ഇത്തരം വിളക്കു തെളിയുമ്പോള്‍ മാത്രം. അടുത്ത വര്‍ഷം മാര്‍ച്ചോടെ അതും യാഥാര്ഥത്ഥ്യമാക്കാനാണു ശ്രമം. നാലുകോടിയിലേറെ വീടുകളില്‍ വൈദ്യുതി എത്താനുണ്ടെന്നാണ് കണക്ക്. ഇതിനായുള്ള സൗഭാഗ്യ പദ്ധതി (സഹജ് ബിജലി ഹര് ഘര്‍ യോജന) ഏറ്റെടുത്തു നടത്തുന്നത് ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷനാണ്. ദേശീയ മാധ്യമങ്ങള്‍ അടക്കം ശ്രദ്ധിക്കാതെ പോയതോ മറച്ചുവച്ചതോ ആയ ഈ നേട്ടം രാജ്യം കണ്ട ഏറ്റവും മികച്ച വെളിച്ച വിപ്ലവമായിരിക്കും.
മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അവിടംകൊണ്ട് അവസാനിക്കുന്നില്ല. സാമ്പത്തിക രംഗത്തേയും നീതിന്യായ വ്യവസ്ഥിതിയിലേയും അഴിമതി നിവാരണത്തിന്റെ കാര്യത്തിലേയും നികുതികളുടെ കാര്യത്തിലേയും സുതാര്യമായ ഭരണ വ്യവസ്ഥയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രകാശമാണ് ഏറ്റവും നല്ല പോലീസെന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ് സാഹിത്യകാരനുണ്ട്. അദ്ദേഹം ഉദ്ദേശിച്ചതും ആ സുതാര്യതയാവണം. അഴിമതിയും വെട്ടിപ്പും നിയമലംഘനവും നടക്കുന്നത് ഇരുളിന്റെ മറവിലാണല്ലോ. മറ കൃത്രിമമായി സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ശക്തമായ നിയമപാലനത്തിലൂടെയേ അവിടെ ഇരുട്ടിനെ മറികടക്കാനൊക്കൂ. ആ പ്രക്രിയയിലൂടെ സാധ്യമാകുന്ന ശുദ്ധമായ സാമൂഹ്യ ജീവിതമാണ് രാജ്യത്ത് ശരിയായ പ്രകാശം പരത്തുന്നത്. ധനവിനിയോഗം ബാങ്കുകള്‍ വഴിയാക്കി സാമ്പത്തിക അഴിമതിയുടെ പഴുതടച്ചതും അനധികൃത വിദേശ സാമ്പത്തിക പ്രവാഹത്തിനു തടയിടുന്നതും അഴിമതിയ്ക്കു മറപിടിച്ച ഇരുട്ടിനെതിരെ തെളിച്ച വെളിച്ചമായിരുന്നു.
വികസനത്തിലൂടെയേ രാജ്യത്തെ പ്രകാശപൂര്ണമാക്കാന് പറ്റൂ. വികസനം പക്ഷെ, ഗ്രാമീണ മേഖലയിലേയ്ക്കു കാര്യമായി എത്തിയിരുന്നില്ല എന്നതാണു സത്യം. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും കഴിയുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ദയനീയമാണവിടത്തെ ജീവിത സാഹചര്യം. കുടിനീരും പോഷകാഹാരവും ശുചിത്വവും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും റോഡുകളും വാഹന സൗകര്യവും അടക്കമുള്ള അടിസ്ഥാന സൗകര്യമില്ലായ്മയാണ് ഗ്രാമങ്ങളിലെ ശരിയായ ഇരുട്ട്. ആ ഗ്രാമീണരടക്കമുള്ള യഥാര്‍ത്ഥ ദരിദ്രരെ ഭരണ വര്‍ഗവും ഉദ്യോഗസ്ഥ വര്‍ഗവും അടക്കം അധികമാരും ശ്രദ്ധിക്കാറുമില്ല. ഈ മേഖലയിലേയ്ക്കാണ് മോദി സര്‍ക്കാര്‍ കടന്നുചെല്ലുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഒരു കോടിയിലേറെ കുടുംബങ്ങള്‍ക്കു സൗജന്യമായി പാചക ഗ്യാസ് ലഭ്യമാക്കിയതും ഭവന, കുടിനീര്, ശൗചാലയ പദ്ധതികള്‍ നടപ്പാക്കിവരുന്നതും ഇതൊക്കെ മുന്നില്‍ക്കണ്ടാണ്. രാജ്യത്തെ സാമൂഹ്യജീവിതത്തില്‍ അത്തരക്കാരേയും പങ്കാളികളാക്കുമ്പോഴേ യഥാര്‍ത്ഥ വികസനം യാഥാര്‍ത്ഥ്യമാകൂ. അവിടേയ്ക്കാണു കേന്ദ്രസര്‍ക്കാരിന്റെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: