നോക്കെത്താദൂരത്തോളം മഞ്ഞു മൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിന്റെ വിജനതയിലാണ് വിത്തുകള്‍ ഉറങ്ങുന്ന വീട്. ധ്രുവത്തില്‍നിന്നും 1,300 കിലോമീറ്ററകലെ സാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലെ സ്പിറ്റ്സ് ബര്‍ഗര്‍ ദ്വീപില്‍. അവിടെ വലിയൊരു മണല്‍പ്പാറയുടെ ഉച്ചിയില്‍ തീര്‍ത്ത 120 മീറ്റര്‍ ആഴമുള്ള തുരങ്കത്തിലാണ് വിത്തുകള്‍ ഉറങ്ങുന്നത്. മഴയും മഞ്ഞും വെയിലുമറിയാതെ പിറന്ന നാടിനുവേണ്ടി ഏതു നിമിഷവും ഉണര്ന്നെണീല്ക്കാന് പാകത്തില്‍. ‘സാല്‍ബാഡ് ഗ്ലോബല്‍ സീഡ് വാലറ്റ്’ എന്നാണ് ആ ഉറക്കറയുടെ പേര്.
ഈ വീട്ടില്‍ ഇപ്പോഴുള്ളത് പത്ത് ലക്ഷം വിത്തുകളാണ്. ഉള്‍ക്കൊള്ളാവുന്നത് നാലരശതകോടി വിത്തുകള്‍. ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനിയാണിത്. അതില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. 11000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍. നിലവിലുള്ളതും അന്യംനിന്നതും നിലനില്‍പ്പിനു ഭീഷണി നേരിടുന്നതുമായ സകല വിത്തിനങ്ങളും സാല്‍ബാര്‍ഡിലുണ്ട്. ഏകദേശ കണക്കില്‍ പറഞ്ഞാല്‍ ഭൂമിയിലുള്ള സമസ്ത വിത്തിനങ്ങളുടേയും മൂന്നിലൊന്ന്. നെല്ല്, ഗോതമ്പ്, ബാര്‍ളി, തിന, ഉരുളക്കിഴങ്ങ്, ചോളം, തക്കാളി, വെണ്ട, കാരറ്റ് തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലെയും വിളകളുടെ സമ്പൂര്‍ണ പരിച്ഛേദം.
മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനായുള്ള ബദല്‍ സംവിധാനമെന്ന നിലയ്ക്കാണ് സാല്‍ബാര്‍ഡിലെ വിത്ത് വീടിന്റെ ആരംഭം. ക്രോപ് ട്രസ്റ്റ് മേധാവി കാരി ഫൗളറും ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കണ്‍സല്‍റ്റേറ്റീവ് ഗ്രൂപ്പും മുന്നോട്ടുവച്ച ആശയമാണിത്. രാജ്യാന്തര സംഘടനകള്‍ അതിനെ പിന്തുണച്ചു. നോര്‍വേ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു. തുടക്കത്തില്‍ ആയിരം ലക്ഷം ഡോളര്‍ മുടക്കിയാണ് നോര്‍വേ സര്‍ക്കാര്‍ വിത്തുകളുടെ ഉറക്കറ തീര്‍ത്തത്.
സാല്‍ബാര്‍ഡിലെ വിത്തറ നിര്‍മിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ആകസ്മികമായുണ്ടാകുന്ന ദുരന്തങ്ങളില്‍ കൃഷിനാശവും വിത്ത് നാശവും സംഭവിച്ചാല്‍ അവിടെ കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള ബദല്‍ സംവിധാനമെന്ന നിലയ്ക്കാണ് വിത്തറ ആരംഭിച്ചത്. യുദ്ധം, ഭൂകമ്പം, കാലാവസ്ഥാ മാറ്റം, വരള്‍ച്ച, രോഗ-കീട ആക്രമണം തുടങ്ങി ഏത് സാഹചര്യത്തിലും വിളയിറക്കല്‍ അപകടത്തിലാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവിടെ വിത്ത് നിക്ഷേപിച്ച രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപിച്ചതിന്റെ മൂന്നിലൊന്ന് വിത്ത് തിരിച്ചെടുക്കാം. നിക്ഷേപത്തിനും തിരിച്ചെടുക്കലിനും ചില്ലിക്കാശുപോലും സര്‍വീസ് ചാര്‍ജായി വാങ്ങുകയുമില്ല. നിലവിലുള്ളതും പണ്ട് കൃഷി ചെയ്തിരുന്നതുമായ വിത്തുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അതിലൂടെ ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കപ്പെടുന്നു. ആവശ്യം വന്നാല്‍ നാശത്തെ അഭിമുഖീകരിക്കുന്ന വിത്തുകളെ തിരിച്ചെടുത്ത് വളര്‍ത്തി പുതിയ ഇനങ്ങള്‍ സൃഷ്ടിക്കാനും ഈ നീക്കം വഴിയൊരുക്കുന്നു.
ലോകത്ത് നിലവിലുള്ള രണ്ടായിരത്തോളം വിത്ത് ബാങ്കുകളുടെ ബാക്ക് അപ്പ് സംവിധാനം കൂടിയാണ് സാല്‍ബാര്‍ഡിലെ വിത്ത് വീട്. ഫിലിപ്പൈന്‍സിലെ ദേശീയ വിത്തുശേഖരം പ്രളയത്തില്‍ നശിച്ചപ്പോള്‍ വിത്തുകള്‍ തിരികെ നല്കി തുണച്ചത് മഞ്ഞുമലയിലെ ഈ വിത്ത് വീടാണ്. അഫ്ഗാനിസ്ഥാനിലെ വിത്തുകള്‍ക്ക് പ്രശ്നം വന്നപ്പോഴും സാല്‍ബാര്‍ഡ് തുണച്ചു. സിറിയന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ആലപ്പോയില്‍ പ്രവര്‍ത്തിച്ച ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍ ഡ്രൈ ഏരിയാസ് എന്ന വിത്ത് ബാങ്കിന് സഹായം നല്കിയതും ഈ സ്ഥാപനംതന്നെ.
ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ 118 രാജ്യങ്ങള്‍ ഒപ്പുവച്ച കരാറായ ‘ഇന്റര്‍നാഷണല്‍ ട്രീറ്റി ഓണ്‍ പ്ലാന്റ് ജനിറ്റിക് റിസോഴ്സസ് ഫോര്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍’ നയങ്ങള്‍ക്കനുസൃതമായാണ് സാല്‍ബാര്‍ഡിന്റെ പ്രവര്‍ത്തനം. ഒരാള്‍ നിക്ഷേപിച്ച വിത്തുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കില്ല. മൂന്ന് അടുക്കുള്ള ഫോയില്‍ പൊതികളില്‍ മുദ്രവച്ച് ബാഷ്പം കടക്കാത്തവിധമാണ് ഇവിടെ വിത്തുകള്‍ സൂക്ഷിക്കുന്നത്. വിത്ത് പൊതികള്‍ നിറച്ച പ്ലാസ്റ്റിക് ട്രേകള്‍ ലോഹനിര്‍മിതമായ അടുക്കുകളിലാണ് സൂക്ഷിക്കുന്നത്. അറയ്ക്കുള്ളില്‍ മൈനസ് 18 ഡിഗ്രിയാണ് ചൂട്. അതായത് പൂജ്യം ഡിഗ്രിക്കും 18 ഡിഗ്രി താഴെ. ഓക്സിജന്റെ ലഭ്യതക്കുറവും തീരെ കുറഞ്ഞ താപനിലയും മൂലം വിത്തുകളിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ തീരെ കുറവായിരിക്കും. അതിനാല്‍ വിത്തുകള്‍ക്ക് വയസ്സാവാതെ നൂറ് വര്‍ഷമെങ്കിലും സൂക്ഷിക്കാനാവുമെന്ന് പറയുന്നു.
2008-ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായി ‘ടൈം വാരിക’ തെരഞ്ഞെടുത്ത ഈ വിത്തറ ഇന്ന് ലോകത്തെ ഏറ്റവും വലിയ വിത്ത് ശേഖരമാണ്. വിജനമായ മഞ്ഞുമലയിലെ തുരങ്കമാണ് വിത്തറയ്ക്ക് വേദിയൊരുക്കുന്നതെങ്കിലും സാല്‍ബാര്‍ഡിന്റെ കവാടം സ്റ്റീലും കണ്ണാടികളും പ്രിസവുമൊക്കെ പതിച്ച് മനോഹരമാക്കിയിരിക്കുന്നു. വേനല്‍ക്കാലത്തുടനീളം ധ്രുവവെളിച്ചം പ്രതിഫലിക്കുംവിധമാണ് കവാടം സജ്ജീകരിച്ചിട്ടുള്ളത്. തണുപ്പുകാലത്ത് ഫൈബര്‍ ഒപ്റ്റിക്കല്‍ സംവിധാനം ഒരുക്കുന്ന ഹരിതദീപ്തിയാണ് ആകര്‍ഷണം. പക്ഷേ പറഞ്ഞിട്ടുകാര്യമില്ല. പൊതുജനങ്ങള്‍ക്ക് വിത്തറയിലേക്ക് പ്രവേശനമില്ല.
വാല്‍ക്കഷ്ണം- നമ്മുടെ രാജ്യത്തിനുമുണ്ട് സ്വന്തമായി ഒരു വിത്തറ. സമുദ്രനിരപ്പില്‍നിന്ന് 13300 അടി ഉയരത്തില്‍ ഹിമാലയത്തിലെ ചാംഗ്ലയില്‍ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സ് (ഐസിഎആര്‍), ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ആള്‍റ്റിറ്റിയൂഡ് റിസര്‍ച്ച് (ഡിആര്‍ഡിഒ) എന്നിവയുടെ സംയുക്ത സംരംഭമായ ഇവിടെ 5000 വിത്തിനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: