കേരളീയരായ പത്രപ്രവര്‍ത്തകരുടെ കുലപതിയായി കണക്കാക്കാവുന്ന ആളായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച ടി.വി.ആര്. ഷേണായി. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് സവ്യസാചിത്വം ഉണ്ടായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളോട് തികഞ്ഞ അനുഭാവം പുലര്‍ത്തിയതിനാല്‍ ഒട്ടും അവഗണന നേരിടേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്. അരനൂറ്റാണ്ടിലേറെക്കാലം ഷേണായി മാധ്യമരംഗത്ത് നിറഞ്ഞുനിന്നു. ‘മലയാള മനോരമ’യുടെ ദല്‍ഹി ലേഖകന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം എന്നെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയനായത്. ‘മനോരമ’യുടെ പ്രസിദ്ധമായ കോണ്‍ഗ്രസ് അനുകൂല നിലപാടിനനുസരിച്ചു തന്നെ ഭംഗിയായി ദേശീയ രാഷ്ട്രീയത്തേയും സംഭവങ്ങളെയും പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പ്രച്ഛന്നമായി അടല്‍ബിഹാരി വാജ്പേയിയെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. കാലം ചെന്നപ്പോള്‍ അത് പ്രത്യക്ഷമായി വരികയും ചെയ്തു.
മനോരമയുടെ വകയായി ‘ദി വീക്ക്’ എന്ന വാരിക ആരംഭിച്ചപ്പോള്‍ അതിന്റെ ആധിപത്യം ഷേണായിയില്‍ അര്‍പ്പിതമായി. കണ്ടത്തില്‍ കുടുംബ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ‘ദി വീക്ക്’ ആംഗലഭാഷാ പ്രേമികള്‍ക്ക് പ്രിയങ്കരമാവുകയും ചെയ്തു. കോട്ടയത്ത് അച്ചടിച്ച്, കൊച്ചിയില്‍ ആഫീസുമായി മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട, ഇരുത്തംവന്ന മാധ്യമ സാമ്രാജ്യക്കോയ്മകള് നടത്തിവന്ന വാര്ത്താവാരികകളെ വെല്ലുവിളിച്ച് അവ വായനക്കാര്‍ക്ക് കിട്ടുന്നതിന് ഒരു ദിവസം മുന്‍പുതന്നെ രാജ്യത്തെവിടെയും എത്തിച്ചുകൊടുക്കുന്നതിനുള്ള ‘മനോരമ’യുടെ വാണിജ്യതന്ത്രം കൂടിയായപ്പോള്‍ ‘ദി വീക്കി’ന് പിടിച്ചുനില്ക്കാന് കഴിഞ്ഞു. മറ്റു മിക്ക വാരികകളും നിലച്ചുപോയി എന്നത് വസ്തുതയാണ്. ‘ദി വീക്ക്’ ഇന്നും നിലനില്ക്കുന്നു.
ഷേണായി കേരളീയനാണെന്ന് അറിഞ്ഞിരുന്നെങ്കിലും പ്രച്ഛന്നമായ സംഘാനുകൂല്യം എങ്ങനെയുണ്ടായി എന്ന് അറിഞ്ഞിരുന്നില്ല. കേരളത്തിലെ ഏത് ഗൗഡസാരസ്വതനും സഹജമായ സംഘാനുകൂല മനോഭാവമുണ്ടായിരിക്കുമെന്ന് പി. മാധവ്ജി പറയുമായിരുന്നു. അതായിരിക്കും ടിവിആറിന്റെയും സ്ഥിതി എന്നേ കരുതിയുള്ളൂ. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി ഈ ലേഖകന്‍ നിയമിതനായപ്പോള്‍ ഇടയ്ക്കിടെ ദല്‍ഹിക്കു പോകേണ്ട അവസരം വരികയും, പരമേശ്വര്‍ജിയോടും രാജേട്ടനോടുമൊപ്പം അവിടെ ചെന്ന് പരിചയം നേടുകയും ചെയ്തു. രാജേന്ദ്രപ്രസാദ് റോഡിലെ 30, 31 നമ്പര്‍ എ.പി. ബംഗ്ലാവുകളിലായിരുന്നു താമസവും ബൈഠക്കുകളും. സംഘകാര്യാലയത്തിലെ വാസംപോലെതന്നെ.
കേന്ദ്രസമിതിയോഗത്തിന്റെ രണ്ടാം ദിവസം മൂന്നുമണിക്കു പത്രക്കാരെ കാണുന്ന ചടങ്ങുണ്ട്. ദല്‍ഹിയിലെ മലയാളം പത്രങ്ങളുടെ പ്രതിനിധികള്‍ അതിനെ അവഗണിക്കുകയായിരുന്നു പതിവ്. മറ്റു പത്രങ്ങളാകട്ടെ താഴെത്തട്ടിലുള്ള ആരെയെങ്കിലും അയയ്ക്കും. മലയാള പത്രപ്രതിനിധികളെ പോയി കണ്ട് പരിചയം സ്ഥാപിക്കാന്‍ പരമേശ്വര്‍ജി പുറപ്പെട്ടപ്പോള്‍ കൂടെ ഞാനും പോയി. ഐഎന്‍എസ് കെട്ടിടത്തില്‍ കുറേ പത്രങ്ങള്‍ക്ക് ആപ്പീസുകളുണ്ടായിരുന്നു. മാതൃഭൂമി, മനോരമ, കൗമുദി എന്നീ പത്രങ്ങള്‍ക്ക് അടുത്തടുത്തായിരുന്നു മുറികള്‍. ‘മാതൃഭൂമി’യില്‍ വി.കെ.മാധവന് കുട്ടിയായിരുന്നു പ്രതിനിധി. അകത്തുകയറി പരിചയപ്പെട്ടു. ജനസംഘ പ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ പരിഹാസത്തോടെ ചുണ്ടുകോട്ടിയ ചിരിയോടെ, സര്‍ക്കാരുദ്യോഗസ്ഥര്‍ ആഫീസില്‍ എത്തുന്നവരോടെന്നപോലുള്ള ഏതാനും വാക്കുകള്‍. ബ്രീഫിങ്ങിലേക്ക് ക്ഷണിച്ചതിനോടും അതേ രീതിയിലായിരുന്നു പ്രതികരണം. കൗമുദിയാഫീസില് കുറേക്കൂടി സൗഹാര്‍ദ്ദപരമായിരുന്നു സമീപനം.
പിന്നീടാണ് ‘മനോരമ’യില്‍ ചെന്നത്. ടി.വി.ആര്. ഷേണായി തുറന്ന ഹൃദയത്തോടെ വാതില്ക്കല് വന്ന് സ്വാഗതം ചെയ്തുവെന്നു മാത്രമല്ല, അരമണിക്കൂറിലേറെ കേരളത്തിലേയും ദല്‍ഹിയിലെയും സ്ഥിതികളെപ്പറ്റി തറന്നു സംസാരിച്ചു. കോഴിക്കോട് സമ്മേളനക്കാലത്ത് കേരളത്തില്‍ ജനസംഘത്തിനുണ്ടായ ഉണര്‍വ് നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ ആരാഞ്ഞു. സംഭാഷണത്തിനിടെ താന്‍ ചെറായിക്കാരനാണെന്നും, പല സ്വയംസേവകരുമായി അടുപ്പവും ബന്ധുതയുമുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ചായകൂടി തന്നാണ് വിട്ടത്. ആ മൂന്നു പത്രങ്ങളുടെയും ലേഖകരുടെ സമീപനങ്ങളിലുള്ള വ്യത്യാസം വ്യക്തമായിരുന്നു.
ഞാന്‍ കോട്ടയത്ത് ആര്‍എസ്എസ് പ്രചാരകനായപ്പോള്‍ അവിടെ കോടിമതയ്ക്കടുത്ത് താമസിച്ച മല്ലയ്യ സഹോദരന്മാരുടെ ഔട്ട്ഹൗസിലായിരുന്നു കുറച്ചുനാള്‍ കാര്യാലയം. ആ സഹോദരന്മാരും കുടുംബവും പൂര്‍ണമായും സംഘമയമായിരുന്നു. ജ്യേഷ്ഠന് ദിവാകര്‍ മല്ലയ്യ വിവാഹം കഴിച്ചത് ടി.വി.ആര്.ഷേണായിയുടെ ഭാര്യാസഹോദരിയെ ആയിരുന്നു. അവരാകട്ടെ ശൃംഗപുരത്തെ ഒരു സ്വയംസേവകന്റെ സഹോദരിയും. പിന്നീട് സംസാരിച്ചപ്പോള്‍ ഈ ബന്ധത്തിന്റെ ഊഷ്മളതകൂടി അതില്‍ വന്നുവോ എന്നു സംശയം. ‘ജന്മഭൂമി’ ആരംഭിച്ചതിനുശേഷമുള്ള സന്ദര്‍ശനങ്ങളില്‍, ഒരേ തൊഴിലില്‍ ഏര്പ്പെട്ടിരിക്കുന്നവരുടേതായ പുതിയ നനവുകൂടി ഉണ്ടായി. പത്രവ്യവസായത്തിന്റെ നൂതന സരണികളെക്കുറിച്ച് തന്റെ മനോരമാ സംരംഭങ്ങളിലെ അനുഭവം വച്ച് ഒരിക്കല്‍ അദ്ദേഹം വിവരിച്ചിരുന്നു. ഭാരതത്തിലെയും ഗള്‍ഫിലെയും മലയാളികള്‍ ഏറെയുള്ള കേന്ദ്രങ്ങളില്‍നിന്നെല്ലാം ‘മനോരമ’ അച്ചടിക്കാന്‍ സിങ്കപ്പൂര്‍ ആസ്ഥാനമായി ഒരു ഉപഗ്രഹ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നതത്രേ. പേജുകള്‍ സംവിധാനം ചെയ്ത് ഉപഗ്രഹത്തിലേക്ക് അപ്ലോഡ് ചെയ്ത് ഓരോ കേന്ദ്രത്തിലും എത്തിച്ച് അച്ചടിപ്പിക്കുമെന്നും, ‘ടൈം’വാരികയ്ക്കും ‘ന്യൂയോര്‍ക്ക് ടൈംസി’നും മാത്രമുള്ള ആ വിദ്യ തങ്ങളും സ്വീകരിക്കുകയാണെന്നും മറ്റും പറഞ്ഞപ്പോള്‍ വിസ്മയിച്ചുപോയി.
പില്ക്കാലത്ത് ടിവിആര്‍ ‘ഓര്‍ഗനൈസര്‍’ വാരികയില്‍ ഒരു പംക്തി എഴുതിവന്നു. ഔന്നത്യത്തോടെയാണ് അത് വായിച്ചുവന്നത്. ഭാഷയുടെ സുഖവും ആശയങ്ങളെ അവതരിപ്പിക്കുന്നതും വളരെ ശ്രദ്ധേയമായിരുന്നു. ‘പാഞ്ചജന്യ’ എന്ന ഹിന്ദി വാരികയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 1999-ല്‍ ദല്‍ഹിയില്‍ നടന്ന ആഘോഷ പരിപാടിയിലാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്. അന്ന് വൈകുന്നേരം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സ്വവസതിയില്‍ നല്കിയ വിരുന്നില്‍ ഞങ്ങള്‍ ഒരേ മേശയ്ക്കു ചുറ്റുമിരുന്നാണ് സല്ലപിച്ചത്. ‘കേസരി’ പത്രാധിപര്‍ പി.കെ. സുകുമാരനുമുണ്ടായിരുന്നു. അരുണ്‍ ഷൂരിയായിരുന്നു മൂന്നാമത്തെയാള്‍. ഷൂരിയുടെ പ്രതിവാര ലേഖനങ്ങള്‍ ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചുവന്നത് സംസാരവിഷയമായി. വിവര്‍ത്തനത്തെപ്പറ്റി പരമേശ്വര്‍ജി അദ്ദേഹത്തോട് പ്രശംസിച്ച് സംസാരിച്ചുവെന്നു പറഞ്ഞത് എനിക്കും ചാരിതാര്‍ത്ഥ്യമായി.
മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ടി.വി.ആര്. ഷേണായിയെപ്പോലെ സംഘപരിവാറിനോട് താല്പര്യം തുറന്നുതന്നെ കാട്ടിയ മറ്റൊരാള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സംവേദന പ്രകടിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലായാലും കേന്ദ്രത്തിലായാലും അതിനനുസൃതമായ സന്നദ്ധതയുണ്ടായോ എന്ന് സംശയമാണ്. ‘തപസ്യ’യുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന അനുസ്മരണ പരിപാടി മറക്കുന്നില്ല. ദേശീയ മാധ്യമരംഗത്തെ കരുത്തുറ്റ ഒരു സ്തംഭമാണ് ഷേണായിയുടെ വിയോഗത്തോടെ മറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: