ഭാരതത്തിന്റെ ആത്മാവ് ആത്മീയതയാണ്. ആര്‍ഷ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ആത്മീയത സന്മാര്ഗദര്ശനമാണ്. അത് വില്പന ചരക്കോ വ്യാജവ്യാപാരത്തിനുള്ള ഉപാധിയോ അല്ല. നിര്‍ഭാഗ്യവശാല്‍ ചിലര്‍ കാവിയും കമണ്ഡലുകളുമൊക്കെ സ്വാര്‍ത്ഥലാഭത്തിനായി ദുരുപയോഗപ്പെടുത്തുന്നു. അത്തരത്തില്‍ പലരും ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് മരണംവരെ തടവ് ശിക്ഷ ലഭിച്ച ആസാറാം ബാപ്പു.
2013ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതാണ് കേസ്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ആശ്രമത്തില്‍ താമസിച്ച് പഠിക്കവെയാണ് പീഡനം. ഗുജറാത്തിലും ആസാറാമിനെതിരെ പീഡനക്കേസുണ്ട്. സൂറത്തിലുള്ള രണ്ട് സഹോദരിമാരാണ് ആസാറാമിനും മകന് നാരായണ്‍ സായിക്കുമെതിരെ പരാതി നല്‍കിയത്. അനുയായികള്‍ അക്രമമഴിച്ചുവിടാന്‍ സാധ്യതയുണ്ടായതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. കഴിഞ്ഞ ആഗസ്തില്‍ ഗുര്‍മീത് റാം റഹീമിനെ ശിക്ഷിച്ചപ്പോള്‍ ഹരിയാനയില്‍ അക്രമം അരങ്ങേറിയിരുന്നു. ആസാറാം ബാപ്പുവും ഗുര്‍മിതും ഏറെ അനുയായികളും അതിലേറെ സമ്പത്തുമുള്ള ആശ്രമ ഉടമകളുമായിരുന്നു. അവയൊന്നും കുറ്റകൃത്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് തടസമല്ലെന്നാണ് ഇരുവരുടെയും അറസ്റ്റും നടപടികളും വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ആസാറാം തന്നെ മാനഭംഗപ്പെടുത്തിയെന്നു 16 വയസ്സുകാരിയായ അന്തേവാസി വിളിച്ചുപറഞ്ഞതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകള്‍ പുറംലോകമറിഞ്ഞത്. 2008 ല്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം വെട്ടിമുറിച്ചനിലയില്‍ ആശ്രമത്തിനു സമീപമുള്ള അഴുക്കുചാലില്‍ നിന്നു ലഭിച്ചതു മുതല്‍ ആസാറാം സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ, അവയ്ക്കൊന്നും വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചില്ല. ആഭിചാരക്രിയകള്‍ ചെയ്യുന്നതിനിടെയാണ് അസാറാം തന്നെ മാനഭംഗപ്പെടുത്തിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ശാരീരിക ബന്ധത്തിലൂടെ ദൈവത്തിലേക്ക് അടുക്കാന്‍ സാധിക്കുമെന്നു പറഞ്ഞ ആസാറാം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തനിക്കെതിരെ സംസാരിച്ചവരെയൊക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിന്റെ കഥകളും മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞ് ‘നിനക്കും വരും അവരുടെ വിധി’യെന്ന താക്കീതും. എന്നാല്‍, ധൈര്യം കൈവിടാതിരുന്ന പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെയും പിന്നീടു പൊലീസിനെയും അറിയിച്ചു. രണ്ടു മാസത്തിനുശേഷം ആസാറാമിനും മകന് നാരായണ്‍ സായിക്കുമെതിരെ മാനഭംഗ പരാതിയുമായി രണ്ടു സഹോദരിമാര്‍ രംഗത്തെത്തി. ഇരുവരും ചേര്‍ന്ന് അഞ്ചുവര്‍ഷം തങ്ങളെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
രാജ്യത്തിനകത്തും പുറത്തും ആത്മീയ പ്രവര്‍ത്തനങ്ങളും ആശ്രമങ്ങളും നിരവധിയുണ്ട്. അവയില്‍ മഹാഭൂരിപക്ഷവും ത്യാഗവും സേവനവും നടത്തുന്നവയാണ്. ധര്‍മ്മത്തെയാണ് അവയെല്ലാം മുറുകെപിടിക്കുന്നത്. പൗരാണിക കാലത്തെപ്പോലെ ആത്മീയതയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ജീവിതത്തിലും സത്യസന്ധമായി പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് കളങ്കമായി ചില കള്ളനാണയങ്ങള്‍ പലേടത്തുമായി നിലനിന്നതിന്റെ ഉദാഹരണമായിരുന്നു റാം റഹിമും ആസാറാം ബാപ്പുമാരുമൊക്കെ. അധികാരവര്‍ഗത്തിന്റെ പരിലാളനയില്‍ ശക്തിയും സ്വാധീനവും വര്‍ധിപ്പിച്ച ഇത്തരക്കാരെ തൊടാന്‍ പോലും കെല്‍പ്പില്ലാത്ത കാലമുണ്ടായിരുന്നു. ചന്ദ്രസ്വാമിയെപ്പോലുള്ളവരുടെ ചരിത്രം വിസ്മരിക്കാനാവില്ല. കൂടാതെ, മന്ത്രിമാരുടെയും എന്തിന് പ്രധാനമന്ത്രിമാരുടെയെല്ലാം സ്വന്തക്കാരും സംരക്ഷകരുമായി വിലസിയ ഒരുപാട് പേരുകള്‍ പറയാന്‍ സാധിക്കും. അവരുടെ അംഗുലീചലനത്തിനൊത്ത് ഭരണചക്രം കറങ്ങിയ കാലവും ഉണ്ടായിരുന്നു. ഇന്നതിന് പ്രസക്തിയില്ല. കള്ളപ്പണമെന്നപോലെ കപടവേഷധാരികളും പിടിക്കപ്പെടുന്നു. സത്യമേവ ജയതേ എന്ന ആപ്തവാക്യം വര്‍ത്തമാന കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുമെന്നാണ് ആസാറാം ബാപ്പുവിനെതിരായ വിധി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: