ഒരു സ്ഥാപനം, സംഘടന, വ്യക്തിപ്രഭാവമുള്ളയാള്‍ എന്നിവയെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അതാതിന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണ്. ഇതാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നടത്തുന്നതും. ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രം ഫലിക്കുന്നില്ലെന്ന് വന്നപ്പോഴാണ് പുതിയ നീക്കങ്ങളുമായി അവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. ഏതായാലും അത് പിറവിയില്‍ തന്നെ ജഡാവസ്ഥയിലായി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പ്രമേയത്തിലെ രാഷ്ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച് ബോധവാനായതുകൊണ്ടാണ് പ്രമേയം തള്ളിയത്.
ഭരണം പോയതു മുതല്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് എങ്ങനെയും നരേന്ദ്രമോദി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഗതിവശാല്‍ അത് നടപ്പില്ലെന്ന് വന്നതോടെ നട്ടാല്‍ പൊടിക്കാത്ത നുണതന്ത്രങ്ങളുമായി രംഗത്തെത്തി. അതിന് കൂട്ടിന് ഗതികിട്ടാപ്രേതങ്ങളായ കുറെ കക്ഷികളുമുണ്ട്. നീതിന്യായക്കോടതിയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന ധാരണയിലാണ് ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 64 എംപിമാരാണ് അതില്‍ ഒപ്പിട്ടിരുന്നത്. പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന ചുമതലക്കാരനായ ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമ്പോള്‍ മതിയായ കാരണം കാണിക്കേണ്ടതായിരുന്നു.
അതൊന്നും പ്രമേയത്തില്‍ ഒപ്പിട്ട എംപിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. തികച്ചും ദുരുപദിഷ്ടമായ ഒരു നീക്കമാണ് ഇംപീച്ച്മെന്റ് പ്രമേയം വഴി നടത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് തികച്ചും ബോധവാനായ ഉപരാഷ്ട്രപതിക്ക് ഇത്തരം അവസരവാദ കരുനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യാനാവില്ല. ഇപ്പോള്‍ ഇത്തരമൊരു പ്രമേയത്തിന് അനുമതി നല്കി തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ അത് ഒരു കറുത്ത അധ്യായമായി എന്നും ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ടിരിക്കും. ജനാധിപത്യബോധമുള്ള ഒരാള്‍ക്കും അത് അനുവദിച്ചുകൊടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കും.
ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസും ഇടതുകക്ഷികളും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കപില്‍ സിബല്‍ എന്ന കോണ്‍ഗ്രസ് ബുദ്ധിരാക്ഷസന്റെ മനസ്സില്‍ കുരുത്ത കുരുട്ടുബുദ്ധിയെ തികച്ചും ജനാധിപത്യ നടപടിക്രമങ്ങളിലൂടെ തകര്‍ത്തെറിഞ്ഞതില്‍ പാര്‍ലമെന്റിന് അഭിമാനിക്കാം. കാരണം ഭരണഘടനാ സാധുതയുള്ള സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്ത് നാട്ടില്‍ അരാജകത്വമുണ്ടാക്കാനുള്ള കളികള്‍ അനവരതം നടക്കുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം ഇതും ഒരു രാഷ്ട്രീയക്കളിയായിരുന്നു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്നിടത്തോളം ആ കോടതിയില്‍ താന്‍ പ്രവേശിക്കില്ല എന്ന കബില്‍ സിബലിന്റെ പ്രസ്താവന മാത്രം മതി ഇംപീച്ച്മെന്റ് പ്രമേയത്തിന്റെ രാഷ്ട്രീയ മുഖം കാണാന്‍. ആ രാഷ്ട്രീയത്തിന്റെ ഉള്ള് ശരിക്കു മനസ്സിലാക്കിയതുകൊണ്ടാണ് ഉപരാഷ്ട്രപതി അതിന് അനുമതി കൊടുക്കാഞ്ഞതും. ഇനി സുപ്രീംകോടതിയെ സമീപിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. അവിടെ നിന്നും വേറിട്ട തീരുമാനം പ്രതീക്ഷിക്കുക വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: