ന്യൂദല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി സീ ജിന്‍പിങ്ങും തമ്മില്‍ നടക്കാനിരിക്കുന്ന അനൗദ്യോഗിക ഉച്ചകോടിയെ സ്വാഗതം ചെയ്ത് ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. വുഹാന്‍ സിറ്റിയില്‍ 27, 28 തീയതികളിലാണ് ഇരു രാഷ്‌ട്രനേതാക്കളും തമ്മില്‍ സുപ്രധാനമായ കൂടിക്കാഴ്ച നടക്കുന്നത്.
ഇരു രാഷ്‌ട്രങ്ങള്‍ക്കും പരസ്പരം നശിപ്പിക്കാനുള്ള കഴിവില്ലെന്നും അയല്‍രാജ്യങ്ങളെന്ന നിലയില്‍ ഇരുരാജ്യങ്ങളും സൗഹൃദത്തോടെ മുന്നോട്ടുപോവുകയാണെന്ന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബിരുദദാന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പരമ്പരാഗത അറിവുകള്‍ അക്കാദമിക്ക് കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നയരൂപീകരണത്തിനായി വിദ്യാഭ്യാസ വിദഗ്ധര്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംസ്ഥാനങ്ങള്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി നോക്കണം.
സ്വയംഭരണാവകാശം എന്ന ആവശ്യത്തെ ചൈന അംഗീകരിക്കുകയാണെങ്കില്‍ ടിബറ്റില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ മടങ്ങിയെത്തി അവിടെ ജീവിക്കുമെന്നും ചൈനയിലെ ബുദ്ധമതവിശ്വാസികള്‍ ഇന്ന് ടിബറ്റന്‍ ബുദ്ധമതത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















