1970ല്‍ ന്യൂയോര്‍ക്കിലായിരുന്നു ആദ്യ ഭൗമ ദിനാചരണം നടന്നത്. എന്നാല്‍ 1972ലെ സ്റ്റോക്ഹോം പരിസ്ഥിതി സമ്മേളനവും 1992ലെ ഭൗമ ഉച്ചകോടിയുമാണ് ഇരുപതാം നൂറ്റാണ്ടില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും അനിവാര്യതയെ കുറിച്ച് ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചത്. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരുകളും നേതാക്കന്മാരും സന്നദ്ധസംഘടനകളും അന്നുമുതല്‍ ഭൂമിയിലെ ജൈവവൈവിധ്യത്തെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരികയാണ്.
എന്നാല്‍ ഭാരതീയര്‍ക്ക് പരിസ്ഥിതി പരിപാലനമെന്നത് പുതിയ കാര്യമല്ല. സഹസ്രാബ്ദങ്ങള്‍ മുന്‍പ് തന്നെ ഭൂമീ മാതാവിനെ പൂജിക്കുകയും ഭൂമിയിലെ മുഴുവന്‍ ചരാചരങ്ങളുമായുള്ള സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് നാം. ലോക ഭൗമദിനവും പരിസ്ഥിതി ദിനവും ഒക്കെ ആചരിച്ചു തുടങ്ങുന്നതിനും എത്രയോ കാലം മുന്‍പ് നമ്മുടെ വേദങ്ങള്‍ വന നശീകരണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പക്ഷിമൃഗാദികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും സംരക്ഷണം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളെ നശിപ്പിച്ചുകൂടാ എന്നാണ് ഋഗ്വേദം നമ്മെ പഠിപ്പിച്ചത്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും, വയലില്‍ കൃഷി ഇറക്കുന്നതിന് മുന്‍പുമെല്ലാം ഭൂമിപൂജ പോലുള്ള പ്രത്യേക ആചാരങ്ങള്‍ ഭാരതീയര്‍ നടത്തിവരാറുള്ളതാണ്.
ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്ത് പരിസ്ഥിതിക്കിണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേണം നടപ്പിലാക്കാന്‍. സര്‍ക്കാരുകളുടെയും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണമാണ് ഇതിന് ഏറ്റവും ആവശ്യം. വ്യാപകമായി വൃക്ഷങ്ങള്‍ വെട്ടുന്നതും ജല സ്രോതസ്സുകള്‍ കൈയ്യേറുന്നതും ധാതുലവണങ്ങളുടെ ഘനനവും വായു, ജല മലിനീകരണം വര്‍ധിക്കുന്നതും സുസ്ഥിര വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭൂമിയുടെ ഹരിതാഭ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമെന്‍സ് ഇന്‍ഡക്സില്‍ 180 രാജ്യപട്ടികയില്‍ 177ാം സ്ഥാനത്താണ് ഇന്ത്യയെന്നത് ഗൗരവമേറിയ വിഷയമാണ്. വായു മലിനീകരണത്താലുള്ള മരണ സംഖ്യയിലെ വര്‍ധനവും പാരിസ്ഥിതികാരോഗ്യ രംഗത്തെ വീഴ്ചയുമാണ് 144ാം സ്ഥാനത്ത് നിന്ന് ഇന്ത്യയെ 170 എന്ന നിലയിലെത്തിച്ചത്. ഇന്ധനങ്ങള്‍, കല്‍ക്കരി, കാര്‍ഷികാവശിഷ്ടങ്ങള്‍ എന്നിവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ദശലക്ഷക്കണക്കിന് ഭാരതീയര്‍ ശ്വസിക്കുന്ന വായുവിനെ മലിനമാക്കുന്നു എന്നാണ് ലോക സാമ്പത്തിക വേദിയുടെ കണ്ടെത്തല്‍. മലിനീകരണം തടയുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാണെങ്കിലും ഇത് ഇന്നും തുടരുകയാണ്. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സന്നദ്ധസംഘടന ഏപ്രില്‍ 22ന് ലോകമൊട്ടുക്ക് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളാലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഇഡിഎന്നിന്റെ ഈ വര്‍ഷത്തെ ദൗത്യം. ജലത്തിലെ ജൈവവൈവിധ്യം തന്നെ ഇല്ലാതാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണത്തിലൂടെ അകത്തെത്തി നമ്മുടെ ആരോഗ്യവും നശിപ്പിക്കുന്നു. അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഇഡിഎന്‍ പറയുന്നു.
ജൂണ്‍ അഞ്ചിന് നടക്കാനിരിക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഇന്ത്യ ആതിഥ്യമരുളുമെന്നത് ഏറെ സന്തോഷമുളവാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിലും പോളിത്തീന്‍ സഞ്ചികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണെങ്കിലും പ്ലാസ്റ്റിക്കുപയോഗം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത് വരെ ഒരു വിട്ടുവീഴ്ചയ്ക്കും നമുക്ക് തയ്യാറാകാന്‍ ആകില്ല. 500 ബില്യണ്‍ പ്ലാസ്റ്റിക് സഞ്ചികളും എട്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യവുമാണ് ഓരോ വര്‍ഷവും സമുദ്രങ്ങളില്‍ അടിഞ്ഞ് കൂടുന്നത്. ഇതില്‍ അന്‍പത് ശതമാനവും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. 2017ല്‍ ഇന്ത്യയില്‍ ദിവസേന 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉല്പാദിപ്പിക്കപ്പെട്ടതെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. പരിസ്ഥിതി മലിനീകരണം മൂര്‍ച്ഛിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ നാം പുന:ചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പകരം മറ്റ് വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലേക്ക് തിരിച്ചു പോകേണ്ടതുമായുണ്ട്. എന്നാല്‍ മാത്രമേ വരും തലമുറയ്ക്കായി ശുചിത്വമാര്ന്ന ഭൂമിയെ നമുക്ക് കരുതി വെക്കാനാകൂ. യുഗാന്തരങ്ങളായി നമ്മെ പരിപാലിച്ചുപോന്ന ഭൂമീമാതാവിനെ നാം സംരക്ഷിക്കേണ്ട ദിനം വന്നെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: