പശുവളര്‍ത്തല്‍ ഇനി രക്ഷയില്ലെന്ന് ക്ഷീരകര്‍ഷകര്‍ തലയില്‍ കൈവെച്ചു പറയുമ്പോള്‍, തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാലക്കാട് വണ്ണാമടയില്‍ നിന്നുള്ള ക്ഷീരകര്‍ഷകന്റെ വിജയഗാഥ. മൂന്നില്‍ നിന്നും പത്തിലെത്തി പത്തില്‍ നിന്നും മുപ്പതിലെത്തി മുപ്പതില്‍ നിന്നും അറുപതില്‍ എത്തി നില്‍ക്കുകയാണ് വണ്ണാമട മൂലക്കട ശിവകുമാറിന്റെ തൊഴുത്തിലെ പശുക്കളുടെ എണ്ണം.
അഞ്ചുവര്‍ഷമായി ക്ഷീരകാര്‍ഷിക മേഖലയില്‍ സജീവമായി നില്‍ക്കുന്ന ശിവകുമാറിന് പശുക്കള്‍ ചുരത്തി നല്‍കിയത് ലാഭം മാത്രമാണ്. കേവലം ലാഭത്തിനു മാത്രമല്ല ഇവര്‍ പശുവിനെ വളര്‍ത്തുന്നത്, കൂടുതല്‍ പേരെ ക്ഷീരകാര്‍ഷിക മേഖലയിലേക്കു എത്തിക്കുന്നതിന് വേണ്ട ശ്രമങ്ങളും നടത്തുണ്ട്. പശുപരിപാലനം നേരില്‍ കണ്ട് മനസിലാക്കാനും ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിരലില്‍ എണ്ണാവുന്ന പശുക്കളുമായിട്ടാണ് ശിവകുമാര്‍ ക്ഷീരകാര്‍ഷിക മേഖലയിലേക്കു കടന്നുവന്നത്. ആദ്യഘട്ടത്തില്‍ പ്രതിസന്ധികള്‍ ധാരാളമായിരുന്നു. എന്നാല്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായി പ്രതിസന്ധികളെ ബഹുദൂരം പിന്നിലാക്കി ഫാം എന്ന സ്വപ്‌നത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഫാമില്‍ 35 കറവപ്പശുക്കളും പ്രസവിക്കാറായ പത്തു പശുക്കളും ഇരുപത് കിടാരികളും അടക്കം 60 പശുക്കളാണുള്ളത്.
ചിറ്റൂര്‍ ബ്ലോക്കിന് കീഴിലുള്ള കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ദിവസവും 350 ലിറ്റര്‍ പാലാണ് അളക്കുന്നത്. ഇതിലൂടെ സഹകരണ സംഘത്തിന്റെ പ്രധാനപ്പെട്ട വിഭവസ്രോതസ്സുകൂടിയായിരിക്കുകയാണ് ശിവകുമാറിന്റെ ഫാം. നാടന്‍ ഇനമായ കങ്കായം, ഗുജറാത്തില്‍ നിന്നുള്ള നാടന്‍ ഇനത്തില്‍പ്പെട്ട ഗിര്‍, വിദേശയിനങ്ങളായ ജഴ്‌സി, എച്ച്.എഫ് തുടങ്ങിയ പശുക്കളാണ് ഫാമിലുള്ളത്. ക്ഷീരവികസനത്തിലൂടെ ഒരു ജൈവകൃഷിരീതിയും ഇവിടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ചെലവുകള്‍ ചുരുക്കി, മികച്ച ആദായം ലക്ഷ്യമാക്കിയുള്ള മൃഗപരിപാലനമാണ് ഫാമില്‍ നടക്കുന്നത്. ഫാമിനോട് ചേര്‍ന്ന 13 ഏക്കര്‍ പുരയിടത്തില്‍ പശുവിന് ആവശ്യമായ തീറ്റപ്പുല്‍ കൃഷിചെയ്യുന്നുണ്ട്. കോയമ്പത്തൂരില്‍നിന്ന് എത്തിച്ച സി.ഒ.ഫോര്‍ വിഭാഗത്തില്‍പ്പെട്ട തീറ്റപ്പുല്ലാണ് വിളയിക്കുന്നത്. ചാണകവും ഗോമൂത്രവും ഇതിന് വളമായി ഉപയോഗിക്കുന്നു. രാവിലെയും വൈകിട്ടുമായി ഒരു പശുവിന് അമ്പത് കിലോഗ്രാം പുല്ലാണ് തീറ്റയ്‌ക്കായി നല്‍കുന്നത്. തെങ്ങില്‍ നിന്നുള്ള ആനുകൂല്യം കുറഞ്ഞപ്പോള്‍ മൂന്നേക്കര്‍ വരുന്ന തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴയും കൃഷിചെയ്യുന്നുണ്ട്.
ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍, ക്ഷീരവികസന വകുപ്പ് ഓഫീസര്‍ എന്നിവര്‍ ഫാം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ശിവകുമാറിനെ സഹായിക്കാന്‍ ബിരുദധാരിയായ മകന്‍ ബിബിനും ഭാര്യ അന്നക്കിളിയും ഒപ്പമുണ്ട്.
ശിവകുമാര്‍: 8547625880
വാഴകൃഷിയുടെ വഴികൾ
മലയാളികള്‍ക്ക് പഴവര്‍ഗങ്ങളില്‍ ഏറ്റവും പ്രിയം വാഴപ്പഴങ്ങളോടാണ്. ഏത്തപ്പഴം, ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ തുടങ്ങി കദളിപ്പഴം വരെ എല്ലാവരും ദിവസേന ഉപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ വാഴകൃഷിയും കേരളത്തില്‍ വ്യാപകമായി ചെയ്യുന്നു. വാഴപ്പഴത്തിന് വേണ്ടി ഇന്നും ഇതരസംസ്ഥാനങ്ങളെയാണ് നമ്മള്‍ കൂടുതലും ആശ്രയിക്കുന്നത്.
ലളിതവും ചെലവ് കുറഞ്ഞതുമായ വാഴകൃഷിക്ക് ആദ്യം വേണ്ടത് അനുയോജ്യമായ കാലാവസ്ഥയാണ്. വാഴകൃഷിക്ക് 20 -30 ഡിഗ്രി സെല്‍ഷ്യസ് ആണ് അനുയോജ്യം. എന്നാല്‍ സസ്യവളര്‍ച്ചക്ക് 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ഊഷ്മാവും, കുലവളരുന്നതിനും കായകളുടെ വികാസത്തിനും 20-30 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവുമാണ് മികച്ചത്. 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായി ഊഷ്മാവ് അനുഭവപ്പെട്ടാല്‍ ഫലങ്ങള്‍ പഴുക്കുന്നതിന്റെ സൂചനയായി കണക്കാക്കാം. നടീല്‍ സമയവും കാലാവസ്ഥയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. മണ്‍സൂണ്‍ കാലമായ ജൂണ്‍-സപ്തംബര്‍ വരെയുള്ള സമയമാണ് നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമം.
വാഴകൃഷിയില്‍ പ്രധാനപ്പെട്ട ഘടകമാണ് ജലസേചനം. വളര്‍ച്ചയുടെ കാലയളവില്‍ 1200ലിറ്റര്‍ ജലം അത്യന്താപേക്ഷിതമാണ്. അത്രയും ജലം മഴയിലൂടെയോ ജലസേചനം വഴിയോ ലഭ്യമാക്കണം. അല്ലാത്തപക്ഷം വിളനശിക്കാന്‍ ഇടവരും. ഡ്രിപ് ഇറിഗേഷനും, തോട്ടകൃഷിയില്‍ സാധാരണയായി തടങ്ങളിലൂടെ വെള്ളം ഒഴുക്കിവിട്ടുള്ള ജലസേചനരീതിയും തടമെടുത്ത് നനയ്‌ക്കുന്ന രീതിയും വാഴകൃഷിക്ക് അനുയോജ്യമാണ്.
വിവിധ വാഴയിനങ്ങള്‍
വിവിധയിനങ്ങളിലുളള വാഴപ്പഴങ്ങള്‍ നമുക്കിന്ന് വിപണിയില്‍ ലഭ്യമാണ്. അവയെല്ലാം വാഴകൃഷിയുടെ സാധ്യതകളെ വിപുലീകരിക്കുന്നു.
നേന്ത്രന്‍: കേരളത്തില്‍ സുലഭമായി ലഭ്യമാവുന്ന, കാലാവസ്ഥ അനുയോജ്യമായ, വാണിജ്യസാധ്യതകളുള്ള ഒരിനമാണ്. നീളവും വണ്ണവുമുളള ഈ ഫലം 5-10 ദിനങ്ങള്‍ വരെ കേടുകൂടാതെയിരിക്കും എന്ന സവിശേഷതയുമുണ്ട്.
ഞാലിപ്പൂവന്‍: നെയ്‌പൂവന്‍, രസകദളി, വടക്കന്‍ കദളി, എല്‍കിബെയ്ല്‍, സേഫ്ഡ് വെല്‍ച്ചി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള, വണ്ണം കുറഞ്ഞ, മഞ്ഞനിറത്തിലുളള സുഗന്ധമുളളതും സ്വാദിഷ്ഠവുമായ ഫലമാണ് ഞാലിപ്പൂവന്‍. ശരാശരി 12 കിലോഗ്രാം ഭാരമുളളവ ലഭിക്കും.
റോബസ്റ്റ: കാറ്റ് അധികം ബാധിക്കാത്ത ഇടത്തരം ഉയരമുള്ള, പഴത്തിനുവേണ്ടി വളര്‍ത്തുന്ന പ്രധാന ഇനമാണ് റോബസ്റ്റ. കൂടുതല്‍ വിളവ് തരുന്ന ഇവയില്‍ ഇടതൂര്‍ന്ന പഴങ്ങളാണ്. 14 കി.ഗ്രാം ആണ് ഒരു ശരാശരി കുലയുടെ ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: