മാറ്റങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രവാദ്യവിശേഷമാണ് പഞ്ചവാദ്യം. ഒരു പ്രദക്ഷിണ സമയത്തിനകം കൊട്ടിത്തീര്ക്കാവുന്ന ഒന്നായാണ് പഞ്ചവാദ്യത്തിന്റെ ആരംഭം തന്നെ. ഉത്സവത്തിന് ഇടയ്ക്ക പ്രദക്ഷിണത്തിലാണ് ഈ വാദ്യപ്രയോഗത്തിന് ഇട. കാലാകാലങ്ങളായി ഇതിന് പല വിദഗ്ദ്ധരുടേയും ധിഷണാ ശക്തിയാല്‍ മാറ്റങ്ങള്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അത് ഇന്നും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. തികച്ചും ജനകീയമായ ഒന്നാണ് പഞ്ചവാദ്യം. ഹരംകൊള്ളിക്കുന്ന ദിവ്യമുഹൂര്‍ത്തങ്ങള്‍ അനവധിയാണ്. കാലം നിരത്തലിലെ, കല മുതല്‍ തിമിലയിടച്ചില്‍ അടങ്ങുന്ന ഭാഗംവരെ ഒട്ടേറെ ഘട്ടങ്ങള്‍ കൊട്ടിത്തീര്ത്താണ് സമാപനം. സംഗീതാത്മകമായ ഈ പഞ്ചവാദ്യം തീര്‍ത്താല്‍ തീരാത്ത സംശയങ്ങളുടെ കൂടാരവുമാണ്. എന്നാലും ഇതിന്റെ ഘടന കാവ്യാനുഭവം തരുന്നു.
അന്നമനട ത്രയം, കുഴൂര്‍ത്രയം, പല്ലാവൂര്‍ ത്രയം തുടങ്ങിയവര്‍ അസാധ്യ പ്രയോക്താക്കളായിരുന്നു. ഉത്സാഹശീലരായ ചെറുപ്പക്കാര്‍ ഒപ്പംനിന്നാലാവും ഇതിന്റെ കൊഴുപ്പ് കവിഞ്ഞൊഴുകുക. തൃശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവ്, പഞ്ചവാദ്യത്തിന്റെ തിലകക്കുറിയാണ്. മഹാപ്രതിഭകളെല്ലാം കൊട്ടിത്തിമിര്‍ത്ത രംഗമാണ് ഇത്. വേദ പാഠശാലയിലെ അകത്തളങ്ങളില്‍ ഇറക്കിപ്പൂജാനന്തരം വേദാലാപനത്തിനൊപ്പം ദേവ വാദ്യം ശംഖധ്വനിയോടെ ആരംഭിക്കും. അത് എരമ്പന്‍ പഞ്ചവാദ്യമായി മുത്തശ്ശിയാലിനുചുവട്ടില് പതികാല ഭാവങ്ങളില്‍ വിരിഞ്ഞിറങ്ങുന്നു.
ഇത് മഠത്തില്‍ വരവിന്റെ പുണ്യരംഗമാണ്. ഈ രംഗത്ത് നാല് പതിറ്റാണ്ട് മുടങ്ങാതെ പങ്കെടുത്ത താരമാണ് തിച്ചൂര്‍ മോഹനന്. ഇടയ്ക്കയുമായി ആസ്വാദക മനസ്സുകളില്‍ ചേക്കേറിയ ഇദ്ദേഹം അറുപത് വയസ്സിലെത്തിയിരിക്കുന്നു. അന്നമനടയിലെ മഹാരഥന്മാര് കാലമിട്ട് തിമിര്‍ത്തിരുന്ന കാലത്തും മോഹനന് പങ്കെടുത്തിട്ടുണ്ട്.
മുന്‍കാലത്ത് യാത്രാസൗകര്യം കുറവ്, പൂരപ്പറമ്പുകള്‍ താണ്ടി നടന്നിരുന്ന കാലത്ത് തിരുവമ്പാടി ക്ഷേത്രത്തിലെ ഭഗവാന്റെ ഉത്സവം. എവിടെനിന്നോ ആശാന്മാര്ക്കൊപ്പം അവിടെ എത്തി. തിരുവമ്പാടിയില്‍ കൊട്ടുകാരനാവണമെങ്കില് അവന് പ്രതിഭാധനനാവണം. അല്ലെങ്കില്‍ ശുപാര്‍ശ വേണം. അന്നമനട ആശാനോട് തിരുവമ്പാടി ഭാരവാഹികളില്‍ പ്രധാനി, കണ്ടപ്പോള്‍ കുശലവുമായി അടുത്തെത്തി. അതിനിടെ അവിടെ ചുവരും ചാരി ഇരിക്കുന്ന മീശമുളയ്ക്കാത്ത ചെറുപ്പക്കാരനെ അദ്ദേഹം ശ്രദ്ധിച്ചു. ഇവനാരാ… അത് തിച്ചൂരുള്ള ചെക്കനാ… ഇടയ്ക്കക്കാരനാണ്, നന്നായി വായിക്കും. എന്നാല്‍ അടുത്ത പൂരത്തിന് നീയും നിന്നോ. അവിടെനിന്നാണ് മോഹനന് എന്ന താരത്തിന്റെ ഉദയം. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത കലാകാരന് എവിടെയും സീറ്റ് ഉറപ്പ്. സകലരും ശ്രദ്ധിക്കും. മോഹനന്റെ പ്രയോഗ സാധ്യതകള്‍ക്ക് ചിറക് മുളച്ചത് അവിടെനിന്നുമാണ്. വേലയ്ക്കും ഉത്സവത്തിനും പങ്കെടുക്കാതെ നേരെ തൃശൂര്‍ പൂരത്തിന് ചേക്കേറിയ കുട്ടിത്താരം മോഹനനാണ്.
നാല്പതു കൊല്ലം പിന്നിട്ടുകാണും മോഹനന് തൃശൂര്‍ പൂരത്തിന്റെ പേരേടില്‍ സ്ഥാനം പിടിച്ചിട്ടുതന്നെ. ഇതിലും വലിയ സ്ഥാനം കിട്ടാനില്ല. സംഗീത സാധ്യത നിറഞ്ഞ തുകല്വാദ്യമെന്നോ തന്ത്രിവാദ്യമെന്നോ ഇടയ്ക്കയെ വിശേഷിപ്പിക്കാം. അതില്‍ വായിച്ചുനിറയ്ക്കാന് മോഹനന് എന്ന കലാകാരന് അദ്വിതീയന്‍ തന്നെയാണ്. സകലരേയും അദ്ഭുതപ്പെടുത്തുന്ന വിധത്തിലാണ് കൊട്ടി നിറയ്ക്കലും പകരലും.
തിച്ചൂര്‍ എന്ന ഗ്രാമം പ്രതിഭാധനന്മാര് നിറഞ്ഞ ദേശമാണ്. അവിടെനിന്ന് ലഭിച്ച കലാഭിനിവേശം ചെറുതല്ല. ക്ഷേത്രത്തില്‍ ഇടയ്ക്ക വായിച്ചു കിട്ടുന്ന പ്രതിഫലത്താലാണ് വീട്ടുകാരുടെ വിശപ്പു തീര്‍ക്കല്‍. അത് കുട്ടിക്കാലം മുതല്‍ ചുമലിലേല്‍ക്കേണ്ടിവന്ന ഒരാളാണ് മോഹനന്. ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക ആണ്‍തരിക്ക് അനുഭവിക്കേണ്ടിവന്ന ഭാരം ചെറുതല്ല. ഉത്സവക്കാലമായാല്‍ കൊട്ടുവാന്‍ ഇറങ്ങും. ക്ലാസ് പിന്നീടാണ്. തിരക്കേറിയതോടെ സ്കൂള്‍ പഠനം ഒഴിയേണ്ടിവന്നു.
ഗുരുവായൂര്‍ ഏകാദശിക്കാലം അങ്ങനെ സര്‍ക്കീട്ടു തുടങ്ങും. ചെണ്ട വായിച്ചാണ് ഈ രംഗത്ത് തുടങ്ങിയത്. ആശാന്മാരായ അന്നമനട അച്യുതമാരാര്‍, പരമേശ്വരമാരാര്‍ തുടങ്ങിയ പ്രതിഭകള്‍ തങ്ങളുടെ ചിറകിനടിയില്‍ നിര്‍ത്തിയാണ് മോഹനനെ വളര്‍ത്തിയത്. പോകുന്നിടത്തെല്ലാം ഒരു കണ്ണ് തന്റെ മേലുണ്ടായിരുന്നുവെന്ന് മോഹനന് പറയും. അതിനാല്‍ വഴിതെറ്റാതെ വളരാന്‍ കഴിഞ്ഞു. അതും ഒരു ഭാഗ്യം തന്നെയായിരുന്നു. പല്ലാവൂര്‍ അപ്പുമാരാര്‍ എന്ന ഇടയ്ക്കയുടെ മൂര്‍ത്തി കൊട്ടിവിട്ടിരുന്ന പിടിവിട്ട എണ്ണങ്ങള്വരെ മോഹനന് അനായാസമായി കൊട്ടിനിറയ്ക്കുവാന് ശ്രദ്ധിച്ചു. പലേകാലത്തും നിലനിന്നിരുന്ന മഹാരഥന്മാരുടെ ഹൃദ്യമായ പ്രയോഗവിശേഷങ്ങള്‍ കണ്ടുംകേട്ടും വളരാനും ഉള്ക്കൊള്ളാനുമായതാണ് തിച്ചൂര്‍ മോഹനന് എന്ന കലാകാരന്റെ സിദ്ധിയെ ഉയര്‍ത്തിയത്. തായമ്പകയും ചെണ്ടമേളവും മോഹനന്റെ പ്രയോഗപരിധിയില് നിറഞ്ഞതായിരുന്നു. ഇടയ്ക്കയില്‍ മാത്രം ഒതുങ്ങുവാന്‍ പലരും ഉപദേശിച്ചു.
വിദേശരാഷ്ട്രങ്ങളിലടക്കം ഒട്ടേറെ പ്രശസ്ത വേദിയിലും ഈ കലാനിപുണന് സിദ്ധിവിശേഷം പകര്‍ന്നു. അസാദ്ധ്യമായ, അനായാസമായ അവതരണത്താല്‍ ഇന്നത്തെ സീനിയര്‍ താരമാണ് മോഹനന്. തൃശൂര്‍ പൂരത്തിന് ചെന്നെത്തിയ കാലം ഓര്മിക്കുവാന് ആവുന്നില്ലെന്ന് മോഹനന്. പങ്കെടുത്തിരുന്ന പ്രശസ്തരായ ആളുകള്‍, മഹാപ്രതിഭകളായ വാദ്യവിദഗ്ദ്ധര്‍, തികഞ്ഞ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്ന ആസ്വാദകര്‍ ഇവരുടെയെല്ലാം ശ്രദ്ധ നേടിയാണ് മോഹനന് ഈ നിലയില്‍ എത്തിയത്.
പ്രതിഭാ വിലാസത്താല്‍ അരങ്ങുനിറഞ്ഞുനില്ക്കാന് തുടങ്ങിയിട്ട് സംവത്സരങ്ങള്‍ ഏറെയായി. വായനയുടെ ഗതിയും, പഞ്ചവാദ്യത്തിന്റെ ശൈലിയും മാറി മാറി വരുന്നതു കാണുവാന്‍ ഈ പ്രമാണിക്കു സാധിച്ചിട്ടുണ്ട്. അനായാസമായി വായിക്കുന്നവരും, ഒന്നിനുപിറകെ ഒന്നായി വരുന്ന സമൃദ്ധമായ എണ്ണങ്ങളാല് ബുദ്ധിപരത പിറക്കുന്നതും, ശ്രദ്ധിക്കുന്ന ഇദ്ദേഹം പറയുന്നു; ഇലത്താളത്തിന്റെ ഭാരം മുന്കാലത്തില്നിന്നും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഇതിന്റെ പ്രയോഗസാധ്യതയ്ക്ക് കാര്യമായ വര്‍ധനയുണ്ടായി. ഇത് പഞ്ചവാദ്യത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചുവത്രെ.
പതികാല സൗന്ദര്യത്തിന്റെ ആദ്യ കൂട്ടിക്കൊട്ടില്നിന്നും ഭാവം മാറുന്ന നേരത്ത് ഇടയ്ക്കയുടെ ശബ്ദസൗന്ദര്യം ഏവരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. ഒരു ചെറിയ കോലിനാല് വരുത്തുന്ന എണ്ണ വിന്യാസങ്ങള്‍ സകലരേയും ശ്രദ്ധാലുവാക്കും. മോഹനന്റെ കൂസലില്ലാത്ത നീക്കങ്ങള്‍ക്ക് ഇവിടെ ഊന്നല്‍ ശക്തമാവും.
ശരിയായ ഇടയ്ക്കയുടെ സാധ്യത നിഴലിച്ചുകാണുന്ന രംഗം തൃപുടയിലാണ്. ഇവിടെനിന്ന് വിളഞ്ഞുവരുന്ന മനോധര്‍മ്മങ്ങള്‍ നിറഞ്ഞാടുകയാണ്. തനിയാവര്‍ത്തനത്തിന്റെ പ്രാമാണിക പദങ്ങള്‍ ഒട്ടും ചോരാതെ കൊട്ടിത്തീര്ക്കുവാന് ഇടയ്ക്കക്കാരന് പ്രാപ്തനാവണം. അതിന് തിച്ചൂര്‍ മോഹനന് മിടുമിടുക്കന്‍ തന്നെയാണ്. കാലപ്പഴക്കത്തിന്റെ സിദ്ധിയാല്‍ ഈ മഹാനായ കലാകാരന് വേറിട്ടുനില്‍ക്കുകയാണ്.
കോമ്പാട്ട് ഗോവിന്ദന്‍കുട്ടി പൊതുവാള് എന്ന അടിയന്തര വാദ്യപ്രയോക്താവായിരുന്നു അച്ഛന്. അമ്മ തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടി. അമ്മാവനില്‍ നിന്ന് ക്ഷേത്രത്തിലെ നിത്യനിദാന പ്രവൃത്തികള്‍ പഠിച്ചു. എങ്കിലും ഉപരിപഠനവും തായമ്പകയും തിയ്യാടി നമ്പ്യാരുടെ ശിഷ്യനായ വരവൂര്‍ കുട്ടന് നായരില്‍നിന്നുമാണ് ആര്‍ജ്ജിച്ചത്. തായമ്പകക്കാരനായാലും, മേളത്തില്‍ വിദഗ്ദ്ധനായാലും മോഹനന് ഒരു പരിധിയിലധികം നിറയാന്‍ സാധ്യതയില്ല. തുലോം വിദഗ്ദ്ധര്‍ കുറവായ ഇടയ്ക്ക എടുത്തതോടെയാണ് നാലാളറിയാന്‍ ഇടവന്നത്. പഞ്ചവാദ്യ സദസ്സില്‍ ശ്രദ്ധേയനായതും. ഗുരുത്വവും ഭക്തിയും നിറഞ്ഞുവിതുമ്പുന്ന അന്തരീക്ഷത്തില്‍ നിലകൊണ്ടതിന്റെ വെളിച്ചത്തിലാണ് തിച്ചൂരിന്റെ താരം വിഖ്യാതനായത്. പകരംവയ്ക്കാനില്ലാത്ത പ്രതിഭയായി ദേവവാദ്യത്തിലെ കവിതയായ ഇടയ്ക്കയുടെ വിശാലതയില്‍ ഉയര്ന്നുനില്പ്പാണ് ഈ വല്ലഭന്. കഥകളി മേളവും ഇദ്ദേഹം കുറച്ചുകാലം അഭ്യസിച്ചിരുന്നു.
തൃശൂര്‍ പൂരത്തില്‍ ഇത്രയേറെ കാലം ഒരു വേദിയില്‍ നിലയുറപ്പിച്ച അപൂര്‍വം പേരില്‍ ഒരാളാണ് ഈ അറുപതുകാരന്. വാദ്യരംഗത്തെ ചക്രവര്‍ത്തി അന്നമനട അച്യുതമാരാര്‍ മുതല്‍ ഒറ്റപ്പാലം ഹരി വരെയുള്ള പ്രമാണിമാര്‍ക്ക് തിച്ചൂര്‍ മോഹനന് വായിച്ചു നിറയ്ക്കും. ഒരു വാദ്യവല്ലഭന്റെ നിറവിനും പഴക്കത്തിനും പ്രാമാണികതയ്ക്കും ഇനി വേറെ ഒരു തെളിവുവേണ്ട. സാധാരണക്കാര്‍ക്കുവരെ ഇദ്ദേഹവുമായി സൗഹൃദത്തോടെ ഇടപഴകാം. തികഞ്ഞ മനുഷ്യത്വമുള്ള കലാകാരനാണ്. അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ, കൊടിയുടെ നിറം നോക്കല്‍ ഇവ ഇക്കാലത്ത് സ്ഥായിയായി നില്ക്കുമ്പോള് മോഹനന് എന്ന കലാനിധിക്ക് കാലുകുത്താന്‍ ഇടം കാണില്ല. അതില്‍ ഒരു ദുഃഖവും ഈ പ്രമാണിക്കില്ല.
എന്നും പരിപാടിയുടെ തിരക്ക്, പ്രധാന വേദികളില്‍ മുഖ്യസ്ഥാനം ഇവയെല്ലാമാണ് ഒരു കലാകാരനുവേണ്ട കോപ്പുകള്‍. അതെല്ലാം പൂര്‍ണതോതില്‍ നിറഞ്ഞുനില്ക്കുന്ന ഇടയ്ക്കയുടെ നായകന് ചേക്കേറുന്ന പൂരപ്പന്തലുകള്‍ ഉയരാനിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: