”നം പൂരയതേ ഇതി നമ്പൂതിരി” നമ്പൂതിരി എന്ന വാക്ക് അര്‍ത്ഥം ഇങ്ങിനെയാണു വിഗ്രഹിക്കുന്നത്. ‘നം’ എന്ന പദത്തിനു അര്‍ത്ഥം വേദം, ജ്ഞാനം എന്നെല്ലാമാണു. വേദത്തെ പോഷിപ്പിക്കുന്നവന്‍ എന്ന് സാമാന്യമായി ഇതിനര്‍ത്ഥം പറയാം. വിശ്വാസം എന്ന് അര്‍ത്ഥം വരുന്ന ‘നമ്പുക’ എന്ന ദ്രാവിഡ ക്രിയാപദത്തോട് സ്ഥാനം, പദവി എന്ന് അര്‍ത്ഥം വരുന്ന ‘തിരി’ എന്ന വാക്ക് ചേര്‍ന്നാണു നമ്പൂതിരി എന്ന പദം വന്നിരിക്കുന്നത് എന്ന് പ്രശസ്ത ഭാഷാ പണ്ഡിതനായ ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നുണ്ട്. വിശ്വാസയോഗ്യന്‍ എന്ന് അദ്ദേഹം ഇതിനു അര്‍ത്ഥം നല്‍കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ രാജാക്കന്മാരുടെ ഏറ്റവും വിശ്വസ്തര്‍ ഇവരായിരുന്നു എന്നും, വിശ്വസ്തര്‍ എന്ന നിലയ്ക്ക് വളരെ തന്ത്രപ്രധാന പദവികളില്‍ ഇവരെ നിയമിച്ചിരുന്നു എന്നും മലബാര്‍ മാന്വല്‍ രചിച്ച വില്ല്യം ലോഗനും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വേദങ്ങള്‍ നാലാണു എങ്കിലും കേരളത്തില്‍ ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം എന്നീ വേദങ്ങളില്‍ പെട്ടവര്‍ മാത്രമേയുള്ളൂ. എന്നാല്‍ നാലു വേദങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്ന പല പ്രമുഖരും കേരളത്തിലും ഉണ്ടായിരുന്നു. രണ്ട് വേദങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരായവരെ ദ്വിവേദി എന്നും, മൂന്നും കൈകാര്യം ചെയ്യുന്നവരെ ത്രിവേദി എന്നും, നാലിലും പാണ്ഡിത്യമുള്ളവരെ ചതുര്‍വേദിയെന്നും ആയിരുന്നു വിളിച്ചിരുന്നത്. ഭാരതത്തിന്റെ ഇതര ദേശങ്ങളില്‍ ഇത്തരത്തിലുള്ള ദ്വിവേദികളും, ത്രിവേദികളും, ചതുവേദികളും എല്ലാം എന്നും സാധാരണയായി തന്നെ കാണാം. കുടുംബത്തില്‍ ആരെങ്കിലും ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ വേദങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പിന്മുറക്കാര് ആ ‘പേരു’ പാരമ്പര്യമായി നിലനിര്‍ത്തുന്ന സമ്പ്രദായം അവിടങ്ങളില്‍ എല്ലാം ഉണ്ട്. എന്നാല്‍ ആ സമ്പ്രദായം കേരളത്തില്‍ നിലവില്‍ ഇല്ല. ഒന്നില്‍ കൂടുതല്‍ വേദങ്ങളില്‍ പ്രാവീണ്യം തെളിയിച്ച് ആര്‍ജ്ജിച്ച ആ പദവികള്‍ അവരുടെ കാലശേഷം അനന്തര തലമുറയിലേക്ക് പകരുന്ന പതിവ് കേരള നമ്പൂതിരിമാര്‍ക്കിടയില്‍ ഇല്ല. ജനിച്ച് വളര്‍ന്ന തറവാട് പരമ്പരയായി ഏത് വേദമണൊ സ്വീകരിച്ച് ആചരിച്ച് വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ ആണു ഒരു വ്യക്തി ഏത് വേദിയാണു എന്ന് നിര്‍ണ്ണയിക്കുന്നത്. സ്വന്തം വേദം പഠിച്ച് കഴിഞ്ഞ ശേഷം അടുത്ത വേദം പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് എന്നാല്‍ സ്വന്തം വേദം പഠിക്കാതെ മറ്റൊരു വേദത്തെ സ്വീകരിക്കുവാന്‍ അയാള്‍ക്ക് അര്‍ഹതയില്ല. ഒന്നില്‍ കൂടുതല്‍ വേദങ്ങള്‍ പഠിച്ചു എങ്കില്‍ കൂടിയും തന്റെ വേദത്തിനനുസരിച്ചായിരിക്കും അവരുടെ നിത്യ ചടങ്ങുകളും, മറ്റ് ആചാരങ്ങളും അനുവര്‍ത്തിച്ച് വരുന്നത്.
ഗ്രാമ വ്യവസ്ഥ
ഒരു പറ്റം ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശം. ഇതാണു ഗ്രാമം എന്ന പദത്തിനു സാമാന്യമായി കൊടുക്കുന്ന അര്‍ത്ഥം. എന്നാല്‍ ഈ ഒരു സാമാന്യ സങ്കല്‍പ്പത്തില്‍ നമ്പൂതിരി ഗ്രാമങ്ങളെ വിലയിരുത്തുവാന്‍ സാധിക്കുകയില്ല. ഭൂമി അല്ലെങ്കില്‍ പ്രദേശം അല്ല നമ്പൂതിരി അധിവാസ ഗ്രാമങ്ങളുടെ മാനദണ്ഡം. അത് പോലെ തന്നെ ഒരു പ്രദേശത്ത് വസിക്കുന്ന ജനസംഘയും ഇവിടെ ഗ്രാമം എന്ന സംജ്ഞയില്‍ ഒരു മാണദണ്ഡമല്ല. മുകളില്‍ പറഞ്ഞ രണ്ട് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണെങ്കില്‍ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളും വലിപ്പത്തിലും, ജനസംഖ്യയിലും ഏതാണ്ടൊക്കെ തുല്ല്യത പാലിക്കുമായിരുന്നേനേ.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് ഒരു കുടുംബം എന്നാണല്ലോ കണക്കാക്കുന്നത്. അത് പോലെ തന്നെ നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്നത് ഒരു കുടുംബം എന്നതിലപ്പുറം ഒരു ഇല്ലം അഥവാ ഒരു തറവാട് ആണു. ഒരു ഇല്ലം അല്ലെങ്കില്‍ ഒരു ഭവനം എന്നതൊരു കുടുംബത്തിന്റെ വാസസ്ഥാനമായി സാമാന്യമായി കണക്കാക്കാമെങ്കിലും ഒരു നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്ന നിലയ്ക്ക് ഒരു ഭവനത്തിനെ കണക്കാക്കുമ്പോള്‍ അത് കേവലം ആ ഭവനത്തില്‍ വസിക്കുന്ന കുടുംബാംഗങ്ങളെ മാത്രം കണക്കാക്കിയാല്‍ പോര. ആ തറവാട്ടില്‍ വസിക്കുന്ന കുടുംബാംഗങ്ങള്‍, അവരുടെ ഭൂസ്വത്ത്. കുടുംബ ക്ഷേത്രം, സ്ഥാവര ജംഗമങ്ങള്‍, ആ കുടുംബാംഗങ്ങളുടെ ക്ഷേമത്തിന്നായി നിയുക്തരായ പരിചാരകര്‍, അവരുടെ കുടുംബാംഗങ്ങള്‍, അവരുടെ ജന്മം അംഗീകരിച്ച കുടിയാന്മാര്. ഇതൊക്കെ ഒരു ഇല്ലം എന്ന യൂനിറ്റിന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങള്‍ ആണു. കുടിയാന്മാര് ഉള്‍പ്പടെ ഇതില്‍ വരുന്നു എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ കേരളത്തില്‍ നടന്ന പല ഭൂദാന പട്ടയങ്ങളിലും ഭൂമിക്കൊപ്പം കുടിയാന്മാരേയും കൈമാറിയതായുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും എന്നത് ഇതിനു ഒരു തെളിവാണു. ഓരോ ഇല്ലം എന്ന യൂനിറ്റുകളും സ്വയം പര്യാപ്തങ്ങള്‍ ആയ ഘടകങ്ങള്‍ അയിരുന്നു. ഓരോ തറവാടുകളുടേയും ദൈനംദിനമോ അല്ലാതെയോ ഉള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റ് ഇല്ലങ്ങളിലെ പരിചാരകരുടെ ആവശ്യം ഇല്ലായിരുന്നു. ഒരോ ഇല്ലത്തിന്റേയും നിത്യ പരിചാരകര്‍ക്ക് പുറമേ അലക്ക്, മരപ്പണി, കല്‍പ്പണി, ലോഹ വസ്തുക്കള്‍, ക്ഷൗരം, എന്നിങ്ങിനെ സകല പ്രവര്‍ത്തികള്‍ക്കും ആ ഇല്ലത്തിന്റെ പരിധിയില്‍ തന്നെ പ്രത്യേകം നിയുക്തരായ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രസ്തുത കുടുംബത്തിലെ പ്രസ്തുത തൊഴിലിന്റെ ജന്മാവകാശികള് എന്ന അര്‍ത്ഥത്തില്‍ ‘ജന്മാരികള്‍’ എന്നോ ‘ജന്മം’ കൊണ്ടവര്‍ എന്നോ (പ്രാദേശികമായി ഈ പദത്തിനു വ്യത്യാസങ്ങള്‍ ഉണ്ടാകാം.) ഒക്കെയുള്ള വിശേഷണത്താല്‍ അറിയപ്പെട്ടിരുന്നു.
ഒരു ഇല്ലം അല്ലെങ്കില്‍ ഒരു തറവാടും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ചേര്‍ന്നതാണു ഒരു ഗ്രാമത്തിന്റെ ഏറ്റവും ചെറിയ ഘടകമെങ്കില്‍ അടുത്ത തട്ട് ഒരു ‘ദേശം’ ആണു. മുകളില്‍ പറഞ്ഞത് പ്രകാരം സ്വയം പര്യാപ്തമായ ഏറ്റവും ചുരുങ്ങിയ പക്ഷം ഏഴ് ഇല്ലങ്ങള്‍ എങ്കിലും ചേരുന്ന ഒരു യൂനിറ്റിനെയാണു ദേശം എന്ന് പറയുന്നത്. ഓരോ ദേശത്തിനും അതത് ദേശങ്ങളിലെ ഇല്ലങ്ങള്ക്ക് കൂട്ട് ഉടമസ്ഥതയുള്ള ഒരു ക്ഷേത്രമുണ്ടാകും. അത് ദേശക്ഷേത്രം എന്ന ഗണത്തിലാണു പെടുക. ദേശത്തെ മുഴുവന്‍ പ്രജകളുടേയും നാഥനായിട്ട് ആ ക്ഷേത്ര ദേവനെ പരിഗണിക്കുകയും, വാരം, ഓത്തൂട്ട് തുടങ്ങിയ വിശിഷ്ട വേദഘോഷങ്ങളും ഒക്കെ നടത്തുകയും ചെയ്യുക പതിവാണു. ആ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച ഒരു ഭരണ വ്യവസ്ഥയായിരിക്കും ആ നാട്ടിലെ പൊതു ജീവിത വ്യവഹാരങ്ങളെ കൈകാര്യം ചെയ്തിരുന്നത്.
ഇനി ഇതേ ക്രമത്തില്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിനാലു ദേശങ്ങള്‍ എങ്കിലും ചേരുന്ന ഒരു വലിയ യൂനിറ്റിനെയാണു ഒരു ഗ്രാമം എന്ന് പറയുന്നത്. ഓരോ ഗ്രാമത്തിനും ആ ഗ്രാമത്തിന്റെ ആകെയായി ഒരു ഗ്രാമ ക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥയാണു ആ ഗ്രാമത്തിന്റെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഒരു അര്‍ത്ഥത്തില്‍ ഓരോ ഗ്രാമങ്ങളുടേയും തലസ്ഥാനമോ ഭരണ സിരാ കേന്ദ്രമോ ആയിരുന്നു ഗ്രാമക്ഷേത്രങ്ങള്‍. ഗ്രാമസഭകളും ഭരണ നിര്‍വ്വഹണവും ഈ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്.
മുഴുവന്‍ ദേശങ്ങളില്‍ നിന്നും പ്രാധിനിഥ്യമുള്ള ഒരു ഭരണ സമിതിയാണു ഈ ഗ്രാമ ഭരണം കയ്യാളിയിരുന്നത്. ബ്രഹ്മസ്വം എന്ന് പൊതുവില്‍ ഈ ഭരണതലത്തെ അറിയപ്പെടുന്നു. എല്ലാ ഗ്രാമങ്ങളും പരിപൂര്‍ണ്ണമായും സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ ആയിരുന്നു. അവരുടെ നിത്യവൃത്തിക്ക് എന്നത് പോലെ തന്നെ വൈദീകം, സ്മാര്‍ത്തം, താന്ത്രികം, മാന്ത്രികം, അദ്ധ്യയനം തുടങ്ങി ഒന്നിനും മറ്റ് ഗ്രാമങ്ങളെ അശ്രയിക്കാതെ തന്നെ നിലനില്ക്കാന് സാധിക്കുന്ന വിധമായിരുന്നു ഓരോ ഗ്രാമങ്ങളുടേയും ഘടന. ഓരോ ക്ഷേത്രങ്ങളുടെ നിലനില്പ്പിന്നായി ദേവസ്വം ഭൂമികളും ഉണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന ആദായങ്ങള്‍ക്ക് പുറമെ ഗ്രാമത്തിലെ ഇല്ലങ്ങളില്‍ ഇന്ന് അവരുടെ കൃഷി ആദായത്തിന്റെ ഇത്ര ശതമാനം ക്ഷേത്രങ്ങളിലേക്ക് സമര്‍പ്പിക്കുക എന്ന സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഗ്രാമ ക്ഷേത്രങ്ങളെ സമ്പന്നമാക്കി.
ഏതാണ്ട് ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള കുറച്ച് നൂറ്റാണ്ടുകളില്‍ ആണു ഈ ഗ്രാമവ്യവസ്ഥിതി ഏറ്റവും പ്രബലമായി നിലനിന്നത് എന്ന് മനസിലാക്കുവാന്‍ സാധിക്കും. കേരളത്തിന്റെ മുഴുവന്‍ ഭാഗധേയവും നിര്‍ണ്ണയിക്കപ്പെട്ടത് ഇത്തരത്തിലുള്ള മുപ്പത്തിരണ്ട് മഹാക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സമ്പത്തും അധികാരവും ക്ഷേത്രങ്ങളിലേക്ക് കുമിഞ്ഞ് കൂടി. കലയുടേയും, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടേയും മുഖ്യ കേന്ദ്രങ്ങളായി ഓരോ ഗ്രാമക്ഷേത്രവും. എന്തായാലും കേരള ചരിത്രത്തിന്റെ വളരെ നിര്‍ണ്ണായകമായ തന്നെയായിരുന്നു ഈ ക്ഷേത്രങ്ങള്‍ ഓരോന്നും.
(തുടരും)
ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
കേരള സാമൂഹിക നിര്‍മ്മിതിയില്‍ നമ്പൂതിരി കുടിയേറ്റത്തിന്റെ സ്വാധീനം
നമ്പൂതിരി ഇതര ബ്രാഹ്മണരില്‍ നിന്ന് വ്യത്യസ്ഥനാകുന്നത് എന്ത്കൊണ്ട്..?
നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം ഒരു പലായനമായിരുന്നോ..?
കേരളത്തിലെ നമ്പൂതിരി കുടിയേറ്റം
ദുര്‍ബ്ബലമാകുന്ന ആര്യന് സിദ്ധാന്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: