ആസ്തിയിലും വരുമാനത്തിലും, ഭക്തജനസന്ദര്‍ശനത്തിലും, ലോകത്തിലെ മുന്‍പന്തിയിലാണ് തിരുപ്പതി. എത്തുന്നവര്‍ക്കെല്ലാം സൗജന്യദര്‍ശനത്തന് അവിടെ സംവിധാനമുണ്ട്-സര്‍വ ദര്‍ശന്‍. തിരക്കുള്ളവര്‍ക്കാണ് ടിക്കറ്റ് സംവിധാനം. തിരുനടയിലെത്തിയാല്‍ ആര്‍ക്കും ദര്‍ശനം തുല്യദൂരത്തുനിന്ന്. 50 രൂപ, 100 രൂപ, 300 രൂപ എന്ന് മൂന്നു തരമാണ് ടിക്കറ്റ്. 200 രൂപ മുതല്‍ 1000 രൂപ വരെയുള്ള വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യവും; കല്യാണോല്‍സമാണ് പ്രധാന വഴിപാട.്
സര്‍വദര്‍ശനത്തിന് കാത്തിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമ സൗകര്യങ്ങള്‍, അവിടവിടെ 24 മണിക്കൂറും ലഘു ഭക്ഷണവും ബദാം പാലും മറ്റും സൗജന്യം. മുന്നൂറിലധികം ഇരിപ്പിടമുള്ള മുപ്പതിലധികം ഹാളുകളാണ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. ആവശ്യത്തിന് ശൗചാലയങ്ങള്‍, ശുദ്ധജല ടാപ്പുകള്‍. 24 മണിക്കൂറും വെള്ളം കിട്ടും. സന്നിധാനത്തിലെ തിരക്ക് നോക്കി, ഓരോ കാത്തിരിപ്പുകേന്ദ്രങ്ങളില്‍ നിന്ന് ഭക്തജനങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ ക്യൂവിലേയ്‌ക്ക് കടത്തിവിടുന്നു. വഴിപാടുകളും, ദര്‍ശനവും ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.
ലഡുപ്രസാദ വിതരണത്തിന് 36 കൗണ്ടറുകള്‍, എല്ലാ കൗണ്ടറുകളുടെയും പ്രവര്‍ത്തന നിയന്ത്രണം പൊതുമേഖലാ, സര്‍ക്കാര്‍ ബാങ്കുകള്‍ക്കാണ്. ദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ക്കെല്ലാം അന്നദാനം. രാവിലെ 9 മുതല്‍ രാത്രി 11 മണി വരെ. സൗരോര്‍ജ്ജത്താല്‍ സ്റ്റീം ബോയിലറുകളുടെ സഹായത്തോടെ ആധുനിക സൗകര്യത്തിലാണ് പാചകം.
സേവന പ്രവര്‍ത്തനങ്ങള്‍
ആയുര്‍വേദം, മെഡിക്കല്‍, വെറ്റിനററി, ഫിഷറീസ് വിഭാഗങ്ങള്‍ കൂടാതെ എല്ലാ സയന്‍സ്, ആര്‍ട്‌സ് വിഷയങ്ങളിലും ഗവേഷണപഠനം നടത്തുവാന്‍ കഴിയുന്ന നിരവധി കേളേജുകളും ദേവസ്ഥാനം നടത്തുന്നു. 23,000 ത്തിലധികം കുട്ടികള്‍ ഇവിടെ പഠിച്ചുവരുന്നു. ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയും, ശ്രീ പത്മാവതി മഹിളായൂണിവേഴ്‌സിറ്റിയും ദേവസ്ഥാനത്തിന്റെ വരദാനങ്ങളാണ്. വനസംരക്ഷണം, സാമൂഹ്യവനവല്‍ക്കരണം, മൃഗസംരക്ഷണം എന്നിങ്ങനെ പരിസ്ഥിതി, പ്രകൃതിസംരക്ഷണ മേഖലയില്‍ ദേവസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഭക്തനും കണ്ട് ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങളാണ്. ആന്ധ്രാപ്രദേശ് കേഡറിലെ ഏറ്റവും സീനിയറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മറ്റ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍മാരുടേയും മേല്‍നോട്ടത്തിലാണ് ഇവിടെ ഭരണം നടത്തുന്നത്. എല്ലാ രംഗത്തു നിന്നുമുള്ള പ്രഗത്ഭരുടെ സേവനം ദേവസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. ആദ്ധ്യാത്മിക ആചാര്യന്മാരുടെയും, വിശ്വഹിന്ദുപരിഷത്ത് പോലെയുള്ള ഹൈന്ദവസംഘടനകളുടെ നേതൃത്വം വഹിക്കുന്ന നേതാക്കളുടെയും, നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, ഇവിടത്തെ ഭരണാധികാരികള്‍ തേടുന്നുണ്ട്.
ഐതിഹ്യം
ശ്രീകൃഷ്ണന്റെ സ്വധാമപ്രാപ്തിക്കു ശേഷം കലി വ്യാപരിച്ചതിന്റെ ഫലമായി ഭൂമിയില്‍ ദുഷ്‌കര്‍മ്മങ്ങള്‍ ഏറുകയും മനുഷ്യര്‍ക്ക് പാപകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് യാതൊരു ഭയവുമില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. ജനങ്ങളെ ധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതിനും, ദുഷ്‌കര്‍മ്മങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി കപിലമഹര്‍ഷിയുടെ നേതൃത്വത്തില്‍ മുനീശ്വരന്മാര്‍ ഗംഗാതീരത്ത് ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. ഈ വാര്‍ത്തയറിഞ്ഞ് നാരദമഹര്‍ഷി അവിടെയെത്തുകയും മഹായാഗത്തിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരുന്ന മുനീശ്വരന്മാരോട് ഈ യാഗത്തിന്റെ ഫലം നിങ്ങള്‍ ആര്‍ക്കാണ് സമര്‍പ്പിക്കുവാനുദ്ദേശിക്കുന്നത് എന്ന് സ്വതസിദ്ധമായ ജിജ്ഞാസയോടെ ആരായുകയും ചെയ്തു. കലിയുഗത്തില്‍ മനുഷ്യരെ നേര്‍വഴിക്ക് നയിക്കുന്നതിനും അത്തരത്തിലുള്ളവര്‍ക്ക് മോക്ഷപ്രാപ്തി നല്‍കുന്നതിനും ത്രിമൂര്‍ത്തികളില്‍ ശാന്തസ്വരൂപനും, ആപത്ബാന്ധവനുമായ ഒരു ദേവനു മാത്രമേ കഴിയൂ എന്ന് നാരദമഹര്‍ഷി ഓര്‍മ്മിപ്പിച്ചു. ഇതോടെ യാഗഫലം ആര്‍ക്ക് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ ഏകകണ്ഠമായുള്ള ഒരു തീരുമാനമെടുക്കുവാന്‍ ഋഷീശ്വരന്‍മാര്‍ക്ക് കഴിഞ്ഞില്ല. യാഗഫലം സ്വീകരിക്കുന്നതിന് അര്‍ഹനായത് ത്രിമൂര്‍ത്തികളിലാരാവണം എന്ന് യുക്തിസഹമായി അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് ഋഷിസമൂഹം ഭൃഗുമഹര്‍ഷിയെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ നേരിട്ട് കാണുകയും സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് യാഗഫലം സ്വീകരിക്കുന്നതിന് ഉത്തമനായിട്ടുള്ളത് എന്ന് മൂവരേയും പരീക്ഷിച്ച് ബോദ്ധ്യപ്പെടുകയും ആ വിവരം കപിലമഹര്‍ഷിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍ നിശ്ചയപ്രകാരം ഋഷിമാര്‍ യാഗം നടത്തുകയും ഫലം മഹാവിഷ്ണുവിന് സമര്‍പ്പിക്കുകയും ചെയ്തു. സംപ്രീതനായ മഹാവിഷ്ണു ശേഷാചലത്തില്‍ ശ്രീനിവാസനായി അവതരിച്ചു. തുടര്‍ന്ന് രാമായണത്തിലെ വേദവതിയുടെ പുനര്‍ജന്മവും, ആകാശരാജാവിന്റെ പുത്രിയുമായ പത്മാവതിയെ വളരെ ആര്‍ഭാടമായ ചടങ്ങില്‍ പരിണയിക്കുകയും വിവാഹച്ചിലവിനുള്ള പണം കുബേരനില്‍ നിന്ന് വാഗ്ദത്തപത്രമെഴുതിക്കൊടുത്ത് കടം വാങ്ങി എന്നും ഐതിഹ്യം പറയുന്നു.
കലിയുഗാവസാനം വരെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുകയും, ഭഗവാന്റെ വരുമാനവും ആസ്തിയും ആകാശം മുട്ടെ വളര്‍ന്നാലും കുബേരന്റെ വായ്പാ മുതല്‍ അപ്രകാരം തന്നെ നിലനില്‍ക്കുകയും ചെയ്യുമെന്നാണ് ഐതിഹ്യം. കലിയുഗാവസാനത്തോടെ മുതലും പലിശയും തിരികെ നല്‍കി ഭഗവാന്‍ വൈകുണ്ഠത്തിലെത്തുമത്രെ. ശ്രീനിവാസനെ സംബന്ധിച്ച ഐതിഹ്യങ്ങളില്‍ സാധാരണ യുക്തിക്ക് നിരക്കാത്ത കഥയാണിത്. ശ്രീനിവാസ പത്‌നിമാരില്‍ മഹാലക്ഷ്മി കോലാപൂരിലെ ക്ഷേത്രത്തിലാണ്. പത്മാവതി ദേവിയാകട്ടെ തിരിച്ചന്നൂരിലും. ഭഗവാനാകട്ടെ കുബേരന്റെ കടം വീട്ടുന്നതിനു വേണ്ടി തന്നെ കാണാന്‍ തിരുപ്പതിയിലെത്തുന്ന ഭക്തജനങ്ങളില്‍ നിന്നും കാണിക്കപ്പണം പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥയിലും. അതുകൊണ്ടുതന്നെ ആന്ധ്രയിലെ കൃഷിക്കാരും ബിസിനസുകാരും തങ്ങളുടെ ഒരു ലാഭവിഹിതം വെങ്കിടാചലപതിയുടെ കടം വീടുന്നതിന് മാറ്റി വെയ്‌ക്കുന്നു.
തിരുപ്പതിയിലെ വരുമാനത്തെക്കുറിച്ചും ആസ്തികളെക്കുറിച്ചും ഏകദേശ രൂപമുള്ളവരെ സംബന്ധിച്ചിടത്തോളം ഈ ഐതിഹ്യത്തില്‍ വിരോധാഭാസം ഒളിഞ്ഞു കിടക്കുന്നു. പലിശ എത്ര കുറവാണെങ്കിലും വായ്പാതുക കൂടുതലാണെങ്കില്‍ അത് അടച്ചുതീര്‍ക്കുവാന്‍ മനുഷ്യന് ബുദ്ധിമുട്ടാകുമെന്ന് ഉദ്‌ബോധിപ്പിക്കാനാവാം ഈ ഐതിഹ്യം. കലിയുഗാന്ത്യം വരെ ക്ഷിപ്രപ്രസാദിയായി തിരുപ്പതി വെങ്കിടാചലപതി ഭക്തജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് സദാസന്നദ്ധനായി ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുവാനുമാകാം.
ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ട്രഷറിയിലെയും 28 പൊതുമേഖലാബാങ്കുകളിലെയും ഏറ്റവും വലിയ നിക്ഷേപകന്‍ തിരുമല തിരുപ്പതി ദേവസ്ഥാനമാണ്. നിത്യപൂജകള്‍ക്കും, ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്വര്‍ണവാഹനങ്ങളുടെയും, ആഭരണങ്ങളുടെയും തൂക്കം ക്വിന്റലുകളില്‍ ഒതുങ്ങുന്നില്ല. ക്ഷേത്രത്തിന്റെ മേല്‍ക്കൂരകളും, ഗോപുരങ്ങളും, താഴികക്കുടങ്ങളും, രഥങ്ങളും നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണത്തിനു പുറമേയാണിത്. പതിറ്റാണ്ടുകളായി ലഭിയ്‌ക്കുന്ന രത്‌നങ്ങളെല്ലാം തന്നെ ലിസ്റ്റ് എഴുതി ഓരോരോ സ്‌ട്രോങ് റൂം പണിത് സൂക്ഷിക്കുകയാണിവിടെ. ലക്ഷ്മീപതിയായിരിക്കുകയും, കുബേരനോട് കടപ്പെട്ടിരിക്കുകയും എന്നാല്‍ അതീവസന്തോഷത്തോടു കൂടി ഭക്തപ്രിയനുമായ ഒരു ദേവതാസങ്കല്‍പ്പത്തെക്കുറിച്ചുള്ള വ്യത്യസ്തത തന്നെയാണ് കലിയുഗവരദനായ വെങ്കിടേശ്വരസ്വാമി.
വൈദ്യസഹായവും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും
തിരുമലയിലെ പ്രധാന ജംഗ്ഷനുകളിലും, നടപ്പാത ഘാട്‌റോഡ് മുറിച്ചുകടന്ന് പോകുന്ന ഭാഗങ്ങളിലുമെല്ലാം സഞ്ജീവനി ആംബുലന്‍സുകള്‍ സജ്ജമാണ്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന അശ്വിനി ആശുപത്രിയില്‍ കാഷ്വാല്‍റ്റി വിഭാഗവും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും കൂടാതെ കാര്‍ഡിയാക് ട്രോമാകെയര്‍ സംവിധാനത്തോടെയുള്ള അപ്പോളോ കാര്‍ഡിയാക് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ ചികിത്സ ആവശ്യമായി വരുമ്പോള്‍ തിരുപ്പതിയിലെ ദേവസ്ഥാനം വക മെഡിക്കല്‍ കോളേജ് ആശുപത്രിയായ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലേയ്‌ക്ക് റഫര്‍ ചെയ്യുന്നു. വൈദ്യസഹായം തേടിയെത്തുന്നവരില്‍ അശരണരോ, അഗതികളോ, കൂട്ടത്തില്‍ നിന്ന് പിരിഞ്ഞുപോയവരോ ഉണ്ടെങ്കില്‍ അവരെ പ്രത്യേകമായി താമസിപ്പിക്കുന്നതിനും ദേവസ്ഥാനം സൗകര്യമൊരുക്കിയിട്ടുണ്ട്.
ഭക്തജനത്തിരക്ക് നിയന്ത്രിക്കാനും തിരക്കില്‍ അപകടമുണ്ടാകാതിരിക്കാനും ക്യൂവിനെ ഭാഗിച്ച് സുരക്ഷിത ഖണ്ഡങ്ങളാക്കി കംമ്പാര്‍ട്ടുമെന്റലൈസേഷന്‍ നടത്തിയിരിക്കുന്നു.
ഭക്തജനങ്ങള്‍ക്ക് ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് തടസ്സം കൂടാതെ നീങ്ങാന്‍ ഇത് സഹായകമാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിവിധ സത്രങ്ങളിലേയ്‌ക്കും, കോട്ടേജുകളിലേയ്‌ക്കും, സത്രങ്ങളില്‍ നിന്ന് ദര്‍ശനത്തിനും, തല മുണ്ഡനം ചെയ്യുന്നതിനുള്ള ക്യൂവിലേയ്‌ക്കും, ദര്‍ശനത്തിനു ശേഷം പ്രസാദവിതരണ കൗണ്ടറുകളിലെയും അന്നപ്രസാദവിതരണ ഹാളുകളിലേയ്‌ക്കും, അവിടെ നിന്ന് തിരികെ താമസസ്ഥലങ്ങളിലേയ്‌ക്കും പോകാന്‍ വഴികള്‍ ഒരുക്കുന്നത് ദേവസ്ഥാനത്തിന്റെ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗമാണ്. ഈ സംവിധാനങ്ങള്‍ അനുകരിച്ചാല്‍ ശബരിമലയില്‍ പല നല്ല മാറ്റങ്ങളും നടപ്പാക്കാം.
യാത്രാസൗകര്യങ്ങള്‍
റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങള്‍ക്ക് പദയാത്ര തുടങ്ങുന്ന അലിപിരി ഗേറ്റ് വരെ ദേവസ്വത്തിന്റെ സൗജന്യ ബസ് യാത്രയുണ്ട്. തിരുമലയില്‍ ക്ഷേത്രത്തേയും, സത്രങ്ങള്‍, ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ റിസപ്ഷന്‍ ഓഫീസ് എന്നിവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സൗജന്യ ബസ് സര്‍വ്വീസുകള്‍ 24 മണിക്കൂറും. എപിഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തിരുമലയിലേയ്‌ക്ക് പോകാന്‍ അടുത്തുതന്നെ എസ്‌വി ബസ് ടെര്‍മിനല്‍. ബസുകളില്‍ കണ്ടക്ടര്‍ ഉണ്ടാവാറില്ല. ആയിരക്കണക്കിന് ട്രിപ്പുകള്‍ ദിവസവും നടത്തുന്ന എപിഎസ്ആര്‍ടിസിഇത്തരം സംവിധാനങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നു. തിരുപ്പതിയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന രീതിയാണ്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടു പോലുമില്ല.
തിരുപ്പതി, റണിഗുണ്ട, റെയില്‍വേ സ്റ്റേഷനുകളിലേയ്‌ക്ക് പ്രത്യകം ബസ് സര്‍വ്വീസുകളും ലഭ്യമാണ്. നടപ്പാത തുടങ്ങുന്ന സ്ഥലത്തുള്ള കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ ലഗേജുകള്‍ ഏല്‍പ്പിച്ചാല്‍ അവര്‍ മുകളിലെത്തുമ്പോള്‍ ലഗേജ് അവിടെയെത്തിയിരിക്കും.
താമസ സൗകര്യങ്ങള്‍
50 രൂപ മുതല്‍ 150 രൂപ മാത്രം വാടക ഈടാക്കുന്ന കോട്ടേജുകളും, മുറികളും തിരുമലയിലുണ്ട്. േേറലെ്മീിഹശില.ീൃഴ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ലഭ്യത പരിശോധിക്കാം, ബുക്ക് ചെയ്യാം. 24 മണിക്കൂറും ചൂടുവെള്ളം ദേവസ്വം സത്രത്തില്‍ ലഭ്യം. മുറികളില്‍ രണ്ട് കട്ടില്‍, ബെഡുകള്‍ രണ്ട് വീതം പായ,മുറികളില്‍ താമസിക്കാവുന്ന ആളുകളുടെ എണ്ണത്തിനും നിയന്ത്രണമില്ല. അനേകം സൗജന്യ ഡോര്‍മെറ്ററികളും അതോടൊപ്പം വിലപിടിപ്പുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള ലോക്കറുകളും സൗജന്യമാണ്. കോട്ടേജുകളില്‍ അടുക്കളയുമുണ്ട്.
ഓരോ സത്രസമുച്ചയത്തിലും മുടി വഴിപാടിന് സൗകര്യമുണ്ട്. ഇതുകൂടാതെ കേന്ദ്രീകൃത സംവിധാനമെന്ന നിലയില്‍ കല്യാണകട്ട എന്നറിയപ്പെടുന്ന മുടിവഴിപാട് സമുച്ചയത്തില്‍ ഒരേസമയം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് മുണ്ഡനവഴിപാട് നടത്താം.
ഭക്തജനപരിരക്ഷയ്‌ക്കും, സേവനങ്ങള്‍ക്കും പുറമെ നിരവധി ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ ദേവസ്ഥാനം ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ഹൈന്ദവ സംസ്‌കാരത്തിലെ ഷോഡശവിധിപ്രകാരമുള്ള ചൗളം, വേധം, നാമകരണം, ഉപനയനം, വിവാഹം തുടങ്ങിയ വൈദികചടങ്ങുകള്‍ തിരുപ്പതിയില്‍ നടത്തുന്നതിന് ഭക്തജനങ്ങള്‍ക്ക് തുച്ഛമായ വാടകയ്‌ക്ക് ഹാളുകളും, പൂജാസാധനങ്ങളും ഒരുക്കിക്കൊടുക്കുന്നത് കൂടാതെ പുരോഹിതരുടെ ലഭ്യതയും ഉറപ്പ് നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക