അന്തരിച്ച ഷേണായി സാര്‍ എനിക്ക് ഗുരുവായിരുന്നു. എന്നോട് ഏര്‍െ വാത്സല്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ ഒരംഗത്തെ പോലെ എന്നെ കണക്കാക്കി. ചികിത്സയ്ക്ക് മണിപ്പാലിലേക്ക് പോകുംമുമ്പ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഒടുവില്‍ പോയി കണ്ടിരുന്നു. നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആദരാഞ്ജലികള്‍.
തളിപ്പറമ്പില്‍ വിട്ടപ്പ ഷേണായുടേയും സുനിതാ ഭായുടേയും ഇളയ മകനെ എല്ലാവരും ബാബു എന്നാണ് വിളിച്ചിരുന്നത്. എല്ലാവരുടേയും പ്രിയങ്കരനായിരുന്നു ബാബു. വിട്ടപ്പഷേണായിക്ക് കലശലായ രോഗം കാരണം വൈദ്യരുടെ മരുന്നുമായി എറണാകുളം ജില്ലയിലെ ചെറായിലുള്ള ഭാര്യ വീട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. ഭാര്യ സുനിതാ ഭായ് ഈ സമയം പ്രസവത്തിനായി എറണാകുളം സര്‍ക്കാര്‍ വക ജനറല്‍ ആശുപത്രിയിലായിരുന്നു. രോഗം കലശലായി വിട്ടപ്പ ഷേണായി മരണപ്പെട്ടതിന്റെ പിറ്റേന്നാണ് സുനിതാ ഭായി ബാബുവിന് ജന്മം നല്‍കിയത്.
അമ്മവീട്ടില്‍ വളര്‍ന്ന ബാബു ചെറായിലെ അഴീക്കല്‍ ശ്രീവരാഹ ദേവസ്വം കൊങ്കിണി ക്ഷേത്രത്തില്‍ സംസ്കൃത പണ്ഡിതനില്നിന്നാണ് പഠനം തുടങ്ങിയത്. രണ്ടാം ഫോറം വരെ (ഇന്നത്തെ ഏഴാം ക്ലാസ്) സ്ക്കൂളില്‍ പോകാതെ ചെറായി കൊങ്കിണി ക്ഷേത്രത്തില്‍ ചെന്ന് സംസ്ക്യതം പഠിച്ചു. മാതൃഭാഷയായ കൊങ്കിണിയിലായിരുന്നു വീട്ടില്‍ എല്ലാവരും സംസാരിച്ചിരുന്നെങ്കിലും, പലപ്പോഴും സംസ്കൃതത്തിലും സംസാരിക്കുന്ന പതിവ് തന്നെ വീട്ടില്‍ ഉണ്ടായിരുന്നു. എട്ടാം ക്ലാസില്‍ ചെറായിലെ രാമവര്‍മ്മ സ്ക്കൂളില്‍ മറ്റ് കുട്ടികളോടൊപ്പം പഠിക്കാന്‍ ബാബു ചേര്‍ന്നു. 26ാം വയസില്‍ ഹെഡ്മാസ്റ്ററാകുകയും, പിന്നീട് കെപിസിസി പ്രസിഡന്റും ഗവര്‍ണറുമായി മാറിയ കെ.സി. എബ്രഹാം മാഷായിരുന്നു അവിടുത്തെ ഹെഡ്മാഷ്. മാതൃഭാഷയായ കൊങ്കിണി പോലെ മലയാളം ബാബുവിന് വഴങ്ങിയിരുന്നില്ല.
ബാബു ടിവിആര്‍ ആയ കഥ
പനിമൂലം ഒരിക്കല്‍ ബാബു ക്ലാസില്‍ ചെന്നില്ല. പിറ്റേന്ന് ക്ലാസിന്റെ ചുമതലയുള്ള ഇട്ടി മാണി മാഷ് ചോദിച്ചു “എന്താ ബാബു ഇന്നലെ ക്ലാസില്‍ വരാതിരുന്നത്…?”“മാഷേ… നമ്മള്‍ക്ക് ഇന്നലെ പനി ഉണ്ടായിരുന്നു…” ക്ലാസില്‍ മലയാളം പഠിച്ച ബാബു, പിന്നീട് ഏത് മലയാള പണ്ഡിതരെ പോലും അത്ഭുതപ്പെടുത്തുന്ന മലയാള സ്വാധീനത്തിന് ഉടമയായി. മലയാളത്തിലെ ഒട്ടുമിക്ക ക്ലാസിക്കുകളും വായിച്ച ബാബുവിന് ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളത്തിലും അസാമാന്യ നര്‍മ്മ ബോധമായിരുന്നു.
പഠനത്തില്‍ അതിമിടുക്കനായിരുന്ന ബാബു, പക്ഷെ, എസ്എസ്എല്‍സിക്ക് ഹിന്ദിക്ക് തോറ്റു. പിന്നീട് നല്ല മാര്‍ക്കോടെയാണ് ഹിന്ദി പാസായത്. ബാബു തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും വിജയകരമായി ചെലവിട്ടത് വടക്കേ ഇന്ത്യയിലെ ഹിന്ദി മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകനായിട്ടാണ് എന്നത് ചരിത്രം. ബാബു എന്ന പേര് പ്രായമായവര്‍ക്ക് ചേര്‍ന്നതാണെന്ന തോന്നല്‍ ഒരു പേര് മാറ്റത്തിന് കാരണമായി. ബാബു തന്റെ പേര് രാമചന്ദ്രന് എന്നാക്കി സ്വയം മാറ്റി. അങ്ങനെയാണ് തളിയാടി പറമ്പില്‍ വിട്ടപ്പ ഷേണായി മകന് രാമചന്ദ്രന് ഷേണായി എന്ന പേര് രൂപം കൊള്ളുന്നത്. ബാബു എന്ന രാമചന്ദ്രന് ഷേണായി തന്നെയാണ് നമ്മളറിയുന്ന ടി.വി.ആര്. ഷേണായി എന്ന പേരിന് ജന്മം കൊടുത്തതും.
പത്രലോകത്ത്
ഇതിനിടെ യുവാവായ ഷേണായി നല്ലൊരു വായനാശീലം സ്വായത്തമാക്കിയിരുന്നു. അക്കാലത്ത് ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ ഇംഗ്ലീഷ് പത്രം അപൂര്‍വ്വം ചില വലിയ വാനശാലകളിലാണ് വരുത്തിയിരുന്നത്. ചെറായിക്ക് മൂന്ന് കിലോമീറ്റര്‍ ദൂരത്തുള്ള പറവൂര്‍ മുനിസിപ്പല്‍ പബ്ലിക്ക് ലൈബ്രറിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ മദ്രാസില്‍ നിന്ന് വരും. അവിടെ ചെന്നാല്‍ മറ്റെല്ലാ പത്രങ്ങളും ലഭിക്കും.
ഒന്നോ, രണ്ടോ ദിവസം പഴക്കമുള്ള പത്രങ്ങളാണ് ലഭിച്ചിരുന്നത്. ഇന്നത്തെ പോലെ ടിവിയും മറ്റും ഇല്ലാതിരുന്നതിനാല്‍ പത്രം വായിക്കാന്‍ നല്ല തിരക്കുണ്ടാകും. ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് തിരക്ക് സാമാന്യം കുറവുമാണ്. ഷേണായി എത്തും മുന്‍പ് ഒരു ചെറുപ്പക്കാരന് ആദ്യം ഹിന്ദു കൈവശപ്പെടുത്തും. മണിക്കൂറുകളോളം പത്രം തലതിരിച്ചും, മറിച്ചും വണ്ടിയുടെ സ്റ്റിയറിങ്ങ് തിരിക്കും പോലെ തിരിച്ച് അയാള്‍ പത്രം വായിച്ചിരുന്നു. തനിക്ക് പത്രം വായിക്കാന്‍ തരാതെ ഇങ്ങനെ പത്രം വായിച്ച ചെറുപ്പകാരനോട് ഷേണായി ചോദിച്ചു. “താന്‍ എന്താണ് വായിക്കുന്നത്…” . “വായിക്കുകയോ… ഇംഗ്ലീഷ് പത്രമോ…ഞാനോ… ഞാന്‍ ഡേവിഡ് ലോയുടെ കാര്‍ട്ടൂണ്‍ കാണുകയാണ്… കണ്ട് പഠിക്കുകയാണ് . ഡേവിഡ് ലോയുടെ കാര്ട്ടൂണുകള് പഠിച്ച അയാള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ കാര്‍ട്ടൂണിസ്റ്റ് തോമസ് ആയിരുന്നു. മറ്റെയാള്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ അതികായകനായി. ഷേണായുടെ പ്രിയ കൂട്ടുകാരനായി മാറിയ തോമസിന്, ഇംഗ്ലീഷ് ഭാഷ വശമായിരുന്നെങ്കില്‍ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ ഒന്നാമനായി മാറിയേനേ എന്ന് ഷേണായി സാര്‍ പറയുമായിരുന്നു.
ഇരട്ടപ്പേര് കുട
എറണാകുളം മഹാരാജാസിലായിരുന്നു കോളേജ് പഠനം. ഒരിക്കല്‍ മഹാരാജാസിലെ വിരസമായ ഇംഗ്ലീഷ് ക്ലാസില്‍ റോഡിലെ ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് നോക്കിയിരുന്ന ഷേണായോട് ടീച്ചര്‍ പറഞ്ഞു. മിസ്റ്റര്‍ ഷേണായ്, യു കാന്‍ ഗോ ഔട് ആന്‍ഡ് ട്രൈ ഔട് ദാറ്റ് ജോബ് ദാന്‍ അറ്റന്‍ഡിങ് മൈ ക്ലാസ്. എടുത്തടിച്ച പോലെ ഷേണായി നല്കിയ മറുപടി ക്ലാസില്‍ വലിയ ചിരിക്ക് വക നല്കി: ഇവന് ഐ തിങ്ക് സോ എന്നായിരുന്ന മറുപടി.
പരന്ന വായനയ്ക്ക് ഉടമയായ ഷേണായി ചില അദ്ധ്യാപകരെ കവയ്ച്ച് വെയ്ക്കുന്ന ഭാഷാ പാണ്ഡിത്യവും ഉണ്ടായിരുന്ന വ്യക്തിയാണ്. മാഷ് 80 കിലോമീറ്റര്‍ വേഗതയിലാണെങ്കില്‍ ഷേണായി 100കിലോമീറ്റര്‍ വേഗതയിലാണെന്ന് കൂട്ടുകാര്‍ അക്കാലത്ത് പറയുമായിരുന്നു. ഷര്‍ട്ടിന് പിന്നില്‍ കുടയും തൂക്കി കോളേജിലെത്തുന്ന ടി.വി.ആര്. ഷേണായിയെ കോളേജില്‍ അറിയപ്പെട്ടിരുന്നത് ‘കുട’ എന്ന ചെല്ലപ്പേരിലായിരുന്നു. തന്നെ കളിയാക്കുന്നവര്‍ക്ക് മറുപടിയെന്നോണം ഒരിക്കല്‍ ഷര്‍ട്ടിന് പിന്നില്‍ രണ്ട് കുട തൂക്കി നടന്ന് നീങ്ങിയത് അന്നത്തെ മഹാരാജാസിലുണ്ടായിരുന്നവര് ഇന്നും ഓര്‍ക്കുന്നു.
എതിര് സ്ഥാനാര്‍ത്ഥി, ജീവിതസഖി
മഹാരാജാസ് കോളേജിലെ പഠനകാലത്ത് 1957ല്‍ കോളേജ് ഇലക്ഷനില്‍ കെഎസ്യുവിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായിരുന്നു ഷേണായി. എ.കെ. ആന്റണിയും, വയലാര്‍ രവിയുമായിരുന്നു അക്കാലത്ത് കെഎസ്യു നേതാക്കള്‍. ഇടത്പക്ഷത്തിന്റെ സ്റ്റുഡന്‍സ് ഫെഡറേഷന് സ്ഥാനാര്‍ത്ഥി സരോജാ ദേവിയായിരുന്നു. ആലുവയില്‍ നിന്ന് വന്നിരുന്ന അവര്‍ സുന്ദരിയും ചടുലമായി സംസാരിക്കുകയും ചെയ്യുന്ന പെണ് കുട്ടിയായിരുന്നു. വനിതകള്‍ സാധാരണഗതിയില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന പതിവില്ലാതിരുന്ന കാലത്താണ് സരോജാ ദേവി, കെഎസ്യുവിന്റെ ഷേണായുടെ എതിരാളിയയി മത്സര രംഗത്ത് വന്നത്.
കോളേജ് ഇലക്ഷനില്‍ മാത്രമല്ല, ജീവിതത്തില്‍ എതിരാളിയെ പ്രണയിക്കുന്നതിലും, ജീവിതപങ്കാളി ആക്കുന്നതിലും ടിവിആര്‍ ഷേണായി ജയിച്ചു. പഠനം കഴിഞ്ഞ ഉടനെ ഷേണായിക്ക് ബോംബെയില്‍ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നു ജോലി ലഭിച്ചത്. സിനിമാ കമ്പം ഉണ്ടായിരുന്ന ഷേണായി ആദ്യകാലങ്ങളില്‍ സിനിമാ നിരൂപണങ്ങളാണ് എഴുതിയിരുന്നത്. കോളേജ് ഇലക്ഷനിലെ എതിരാളിയും, പ്രണയിനിയുമായ സരോജാ ദേവിയെ വീട്ടുകാരുടെ സമ്മതത്തോടെ ജോലി കിട്ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹം ചെയ്തു. അങ്ങനെ സരോജാ ദേവി, വിവാഹാനന്തരം സരോജാ ഷേണായി ആയി. ഇവര്‍ക്ക് രണ്ട് മക്കള്‍. അജിത്തും, സുജാതയും. പിന്നീട് മലയാള മനോരമയില്‍ മാധ്യമ പ്രവര്‍ത്തകനായും, ദി വീക്കിന്റെയും, സണ്‍ഡേ മെയിലിന്റെയും എഡിറ്ററായും മാധ്യമ രംഗത്ത് ഇന്ദ്രപ്രസ്ഥത്തില്‍ തിളങ്ങി. ടി.വി.ആര്. ഷേണായിയെ 2003ല്‍ രാഷ്ട്രം പത്മവിഭൂഷന് നല്കി ആദരിച്ചിട്ടുണ്ട്.
(ലേഖകന്‍ സുധീര്‍നാഥ് ദല്‍ഹിയില്‍ താമസിക്കുന്ന മലയാളി കാര്‍ട്ടൂണിസ്റ്റാണ്. ടി.വി.ആര്. ഷോണായിയുമായി ഏറെ അടുത്ത സൗഹാര്‍ദ്ദമുണ്ടായിരുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: