ന്യൂദല്‍ഹി: ചോഗം (കോമണ്‍വെല്‍ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്) യോഗത്തില്‍ പങ്കെടുക്കാന്‍ നാലു ദിവസത്തേക്ക് ലണ്ടനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ നാലു ദിവസത്തെ യോഗത്തിനു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ യുമായി മോദി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് നടക്കുന്ന പൊതു സംഭാഷണമായ ഭാരത് കീ ബാത്, സബ് കേ സാഥില്‍ പ്രമുഖരെയാണ് ബ്രിട്ടീഷ് സമിതി ക്ഷണിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വാഗത പരിപാടി വിപുലമാണ്. ചാള്‍സ് രാജകുമാരന്‍ പ്രത്യേക സ്വീകരണ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് കിരീടാവകാശത്തിലെ പിന്തുടര്‍ച്ചാവകാശി ചാള്‍സ്, ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ആദ്യത്തെ വൈദ്യുതി ഇന്ധനമായ ജാഗ്വാര്‍ കാര്‍ ഓടിക്കും. ഇന്ത്യ-ബ്രിട്ടണ്‍ സാങ്കേതിക സഹകരണത്തിന്റെ പ്രതീകമായാണിത്.
ബ്രിട്ടീഷ്, ഇന്ത്യ പ്രധാനമന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത് 10 ഡൗണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച കാലത്താണ്. വിവിധ ഔദ്യോഗിക വിഷയങ്ങള്‍ മോദിയും മേയും ചര്‍ച്ച ചെയ്യും. വിസ പ്രശ്‌നം മുതല്‍ഭീകരവാദം വരെ വിഷയമാകും. 2014-ല്‍ കാലാവധ അവസാനിച്ച, അനധികൃത കുടിയേറ്റക്കാരെ കൈമാറുന്നതുസംബന്ധിച്ച ധാരണാപത്രം പുതുക്കും. ആധുനിക ബയോ മെട്രിക് സംവിധാനപ്രകാരം തിരിച്ചറിയല്‍ സമ്പ്രദായം നടപ്പാക്കിയേക്കും.
5000 വര്‍ഷത്തെ ശാസ്ത്ര വളര്‍ച്ചയടയാളപ്പെടുത്തുന്ന ലണ്ടന്‍ സയന്‍സ് മ്യൂസിയം മോദി സന്ദര്‍ശിക്കും. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ആയുര്‍വേദയും ബ്രിട്ടനിലെ കോളെജ് ഓഫ് മെഡിസിനും സംയുക്തമായി സ്ഥാപിക്കുന്ന ആയുര്‍വേദിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് മോദി ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച തെംസ് നദീതീരത്തെ ബസവേശ്വര പ്രതിമയില്‍ ഉപചാരം അര്‍പ്പിക്കും. 2015-ല്‍ ആദ്യ സന്ദര്‍ശന വേളയില്‍ മോദി ഉദ്ഘാടനം ചെയ്തതാണ് ഇത്.
















