സിനിമയില്‍ അച്ഛനും മകനും ഒരുമിച്ച് അരങ്ങേറ്റം കുറിക്കുക, ഇത് അപൂര്‍വ ഭാഗ്യമാണ്. പ്രവാസിയായ കൊല്ലം കാരിക്കോട് പാര്‍ത്ഥസാരഥിയില്‍ പിങ്കുപിള്ളയ്ക്കും മകന് അര്‍ജുനും ഈ ഭാഗ്യമാണിപ്പോള് കൈവന്നിരിക്കുന്നത്.
ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. മിമിക്രി കലാകാരന് കൂടിയായ പിങ്കുവിനും സിനിമാറ്റിക് ഡാന്‍സിലൂടെ വേദി കീഴടക്കുന്ന അര്‍ജുനും അപ്രതീക്ഷിതമായിരുന്നു ആ അവസരം.
പുതുമുഖങ്ങളെ തേടി ദുബായ്യില് നടത്തിയ ഓഡിഷനിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. സിനിമ ഈ മാസം അവസാന വാരം റിലീസ് ചെയ്യും. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖം ആശാ ശ്രീകാന്താണ്.
അബുദാബിയില്‍ മുസ്സഫയില്‍ മോട്ട് മാക് ഡൊണാള്‍ഡ് കമ്പനി കണ്‍സള്‍ട്ടന്റാണ് പിങ്കുപ്പിള്ള. അര്ജുന് അബുദാബി ഇന്ത്യന്‍ സ്കൂള്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി.
സ്കൂള്‍, കോളേജ് കാലഘട്ടത്തില്‍ മിമിക്രി കലാകാരനായിരുന്നു പിങ്കു. നാട്ടിലെ ക്ലബുകളിലും സജീവമായിരുന്നു. കൊല്ലം പ്രതിഭയുടെ നൃത്തനാടകങ്ങളിലും ചെറു വേഷങ്ങള്‍ ചെയ്തിരുന്നു. 14 വര്‍ഷം മുന്‍പ് ജോലിതേടി വിദേശത്തേക്ക് പോയതോടെ കലാജീവിതത്തോട് താത്ക്കാലികമായി വിടപറഞ്ഞു. കുടുംബ സമേതം അബുദാബിയില്‍ താമസിക്കുന്ന പിങ്കു ഇടവേളകളില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ മിമിക്രി അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.
അബുദാബി മുസ്സഫയില്‍ മലയാളികള്‍ രൂപീകരിച്ച മാസില്‍ അഞ്ച് വര്‍ഷം മുന്‍പ് അംഗമായതോടെയാണ് പിങ്കുവിന്റെ കലാപ്രകടനങ്ങള്‍ കൂടുതല്‍ കയ്യടി നേടിയത്. സുഹൃത്തുക്കളുടെ പ്രേരണയാല്‍ പിങ്കു നിരവധി സ്കിറ്റുകള്‍ അവതരിപ്പിച്ചു. മാസിന്റെ സാംസ്കാരിക പരിപാടികളില്‍ പിങ്കുവിന്റെ മിമിക്രിയും അര്‍ജുനന്റെ സിനിമാറ്റിക് ഡാന്‍സും പതിവായി.
കഴിഞ്ഞ ഏപ്രിലിലാണ് ദുബായ് ഹിറ്റ് 96.7 എഫ്എം-ല്‍ മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടിയുള്ള പരസ്യം വന്നത്. സുഹൃത്തുക്കള്‍ ഇരുവരെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. രണ്ടായിരത്തോളം പേര് പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
ജൂലൈയില്‍ പാലക്കാട് മങ്കരയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനായി അവധിയെടുത്ത് ഒരുമാസത്തോളം നാട്ടിലായിരുന്നു. അഞ്ച് വര്‍ഷമായി സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്ന അര്ജുനന് മൂന്ന് വര്‍ഷം മുന്‍പ് അബുദാബിയില്‍ നടന്ന ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ചലച്ചിത്രതാരം മുകേഷാണ് സമ്മാനം നല്‍കിയത്. ആദിത്യ കൃഷ്ണയാണ് അര്‍ജുനന്റെ സഹോദരന്.
രണ്ട് പാട്ട് സീനിലും അച്ഛനും മകനും അഭിനയിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പിങ്കുവിന്റെ അച്ഛന് ആദിച്ചനല്ലൂര്‍ പ്ലാക്കാട് വീട്ടില്‍ സദാശിവന്‍പിള്ള, അമ്മ പ്രസന്ന പിള്ള, ഭാര്യ രഞ്ജിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: