മഞ്ഞകണ്ട് കൊതിക്കുന്നത് കൊന്നപ്പൂക്കള്‍ അവയുടെ മരശിഖരങ്ങളില്‍ നേര്‍ത്ത കാറ്റില്‍ ഊയലാടുമ്പോഴാണ്. ഏത് ആധിയുടെ മധ്യധരണ്യാഴിയും ആ മോഹമഞ്ഞയില്‍ വറ്റിപ്പോകും. മനുഷ്യമനസിലെ അകാരണശോകങ്ങളുടെ കാര്‍മേഘങ്ങളെല്ലാം പറത്തിവിട്ട് ആഹ്ളാദ നീലിമപരത്താന് മഞ്ഞക്കണ്ണു തുറന്നപോലെ കൊന്നപ്പൂക്കള്ക്കുള്ള വശീകരണ മന്ത്രം ഒന്നുവേറെ തന്നെ.
വഴിയോരത്തെ തിക്കിലും തിരക്കിലുംപെട്ട് മടുപ്പിക്കുന്ന നേരങ്ങളില്‍ പെട്ടെന്നുകാണുന്ന ഒരുകൊന്നമരം തരുന്ന ആനന്ദഹര്ഷം അനവദ്യസുന്ദരമാണ്. ദൈവം ഭൂമിയില്‍നട്ട അപൂര്‍വ മരങ്ങളിലൊന്നായ കൊന്നയില്‍ വാരിവിതറിയപോലുണ്ടാകുന്ന മഞ്ഞപ്പൂക്കാഴ്ച മനസില്‍പ്പരക്കുന്ന സ്വര്‍ഗമായിത്തീരുന്നു. കൊന്നപോലും കാലംതെറ്റി പൂക്കുന്നുവെന്നു നമ്മള് പരിഭവിക്കുമ്പോള്‍ ആശങ്കകള്‍ ഒഴിയാന്‍ നേരമില്ലാത്ത നമുക്ക് കൊന്നപ്പൂകണ്ട് ആശ്വസിക്കാനായിരിക്കും എപ്പോഴും പൂക്കാന്‍ പ്രകൃതി അവയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഈ മോഹമഞ്ഞയും വിഷുപ്പാട്ടും മഞ്ഞക്കിളികളുമൊക്കെ കേരളത്തിനുമാത്രമുള്ള വിഷു ആസ്തിയാണ്.
വിഷുവിനെ കാത്തിരിക്കുന്നത് സ്വയമെഴുതിയ ക്ഷണക്കത്തുപോലെ ഓരോ മലയാളിയും ആയുസില്‍ സൂക്ഷിക്കുന്ന ഓമനത്വമാണ്. ബാല്യം മുതല്‍ ബാല്യം വിടാതെ തന്നെ വാര്ധക്യത്തോളമെത്തുന്നൊരു ഓര്‍മ്മയും കരുതലും കൈമാറ്റവുമുണ്ടതില്. തലമുറയ്ക്കു പിന്തുടരാന് നല്കുന്ന ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും വിഷുഫലമെന്ന അനുഗ്രഹമാണത്. വിഷുക്കണിയൊരുക്കവും ഭഗവാനെ കണ്ണുതുറന്നു കണികാണുന്നതും വിഷുക്കൈനീട്ടം കൊടുക്കുന്നതുമെല്ലാം ഈ ആഹ്ളാദോല്സവത്തിന്റെ ആചാരങ്ങളാണ്. വിഷുമുതല്‍ അടുത്ത വിഷുവരെയുണ്ടാകുന്ന സല്ഫലങ്ങള്ക്കായുള്ള മുന്നോടിയാണ് ഇത്തരം ഭക്തിസാന്ദ്രമായ ചടങ്ങുകള്‍. പണ്ട് വീടുകളുടെ മുന്നില്‍ വെളുപ്പാന്‍കാലത്തിന്റെ ഇരുട്ടില്‍ ഭഗവാനെ മുന്നില്‍വെച്ച് മറഞ്ഞിരുന്നു കണികാണും നേരം…പാടി ഉറക്കത്തില്‍നിന്നുണരുന്ന വീട്ടുകാരെ കണികാണിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അയല്ക്കാരന്റെ ഹൃദയമിടിപ്പുപോലും പരസ്പരം അറിയാവുന്ന അന്നത്തെക്കാലത്ത് ഇത്തരം നാട്ടുനടപ്പുകള്‍ സ്വാഭാവികമായിരുന്നു. അന്നത്തെ കുട്ടിക്കൂട്ടങ്ങള്‍ ഇന്നത്തെ മുതിര്ന്നവരായതും ഇത്തരം രീതികള്‍ കാലമാറ്റംകൊണ്ട് ഇല്ലാതായതുമൊക്കെ പഴയ നാട്ടുസങ്കല്പ്പമായി വിഷുക്കാലത്ത് അയവിറക്കാമെന്നുമാത്രം.
ആശങ്കകള്‍ സ്വകാര്യസ്വത്തായി മനുഷ്യന് ചുമന്നുകൊണ്ടുനടക്കുന്ന ഇക്കാലത്തിന്റെ ആധികളുടെ ഇന്നാളുകളില്‍ വിഷുനല്‍കുന്ന ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും പ്രതീക്ഷകള്‍ സ്വപ്നത്തില്‍നിന്നും ഊര്ന്നുപോകാതെ തടുത്തുകൂട്ടുകയാണ് മലയാളി. വിത്തും കൈക്കോട്ടുമായി പഴയ വിഷുപ്പക്ഷിപ്പാട്ടുകള് പുതിയ മഞ്ഞക്കിളികള്‍ ഇന്നും പാടുന്നുണ്ട്. ഒന്നു ചിറകനക്കി ചിലച്ച്, നോക്കുമ്പോള്‍ മിന്നായംപോലെ പറന്നകലുന്ന വിഷുപ്പക്ഷികള്‍ നമുക്കായി ഭൂതകാലം നോറ്റവയും കൂടിയായിരിക്കണം. പി.കുഞ്ഞിരാമന് നായരും ഒഎന്‍വിയും എന്നുവേണ്ട വിഷുക്കവിത എഴുതാത്ത കവികളില്ല നമുക്ക്. ആനന്ദം എല്ലാവര്ക്കും ഒരുപോലെയാണെന്നു പറയുംപോലെ ഓരോമലയാളിയും ഉള്ളില്‍ അറിയാതെ എഴുതിപ്പോകുന്ന വിഷുക്കവിതയാണ് കണിയായി ഭഗവാനു മുന്നില്‍ വെക്കുന്നത്. ഒരുകൊതി മഞ്ഞയാല്‍ ആപാദചൂഡം ഹര്ഷമാകുന്ന നാളെയിലേക്കുള്ള നന്മയുടെ വാതിലാണ് കര്ണ്ണികാരത്താല് വിഷുനാളില്‍ നാം തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: