പോലീസുകാരെക്കുറിച്ചുള്ള ധാരണ അപരിഷ്കൃത നിലപാടില്‍ നിന്ന് മാറ്റേണ്ടതില്ല എന്ന് തോന്നുന്നു. അത്തരം സംഭവഗതികളാണ് തുടരെത്തുടരെയുണ്ടാകുന്നത്. ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ നിന്നുള്ള ദുരന്തമാണ് പോലീസിനുമേല്‍ പതിച്ചിരിക്കുന്ന കരിനിഴല്‍. ശ്രീജിത്ത് എന്ന 26 കാരനാണ് അവരുടെ കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അതും കേസില്‍ ഉള്‍പ്പെടാത്ത നിരപരാധി. ഒരു കുടുംബത്തിന്റെ താങ്ങും തണലുമാകേണ്ട നവയൗവനത്തെ ഔദ്യോഗിക സംവിധാനം ചവിട്ടിയരച്ചതിന് ആരാണ് മറുപടി പറയേണ്ടതെന്നതിനെക്കുറിച്ച് തര്‍ക്കത്തിന്റെ ആവശ്യമില്ല.
കാലങ്ങളായി സര്‍ക്കാരിന്റെ മര്‍ദ്ദനോപാധിയെന്ന നിലയിലാണ് പോലീസിനെ കാണുന്നതും പരിശീലിപ്പിക്കുന്നതും. പോലീസിന്റെ പണി ജനങ്ങളെ അടിച്ചൊതുക്കി പരുവപ്പെടുത്തുകയെന്ന നിലയിലെത്തിയിരിക്കുന്നു. സംസ്കാര സമ്പന്നമായ സംസ്ഥാനമെന്ന് മേനിപറയുന്ന കേരളത്തില്‍ എത്രയെത്ര പേരെയാണ് പോലീസുകാര്‍ ആയുസ്സൊടുങ്ങും മുമ്പ് കാലപുരിക്കയച്ചിരിക്കുന്നത്. ഓരോ സംഭവത്തിനുശേഷവും അന്വേഷണവും തുടര്‍നടപടികളുമെന്ന പ്രഹസനമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ല. വരാപ്പുഴയില്‍ ഒരു മധ്യവയസ്കന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്യുന്നത്. കേസിലുള്‍പ്പെട്ട ശ്രീജിത്തിന് പകരമാണ് മറ്റൊരു യുവാവിനെ പിടിക്കുന്നത്.
കാര്യകാരണങ്ങള്‍ അറിയുംമുമ്പ് അടിയും തെറിയും കുത്തുമെന്ന കീഴ്വഴക്കമാണ് പോലീസിനുള്ളത്. വരാപ്പുഴയിലും സംഭവിച്ചത് അതുതന്നെ. അമ്മയുടെയും ഭാര്യയുടെയും മുമ്പിലിട്ട് ചവിട്ടിക്കൂട്ടിയ ശ്രീജിത്തിന് കുടിവെള്ളംപോലൂം നിഷേധിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്. സ്റ്റേഷനിലെത്തിയ അമ്മയുടെ മുമ്പില്‍ അവശനായി നിന്ന ശ്രീജിത്തിന് വെള്ളം കൊടുക്കാന്‍ പോലും അനുവദിച്ചില്ലെന്നത് ക്രൂരതയുടെ അങ്ങേത്തലമല്ലേ? പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞവരാണ് പണ്ടൊക്കെ പോലീസില്‍ ചേര്‍ന്നിരുന്നതെങ്കില്‍, ഇന്ന് വിദ്യാസമ്പന്നരാണ് എത്തുന്നത്. അവര്‍ പോലും മൃഗീയവാസനകള്‍ക്ക് അടിപ്പെടുന്നുണ്ടെങ്കില്‍ നിശ്ചയമായും പരിശീലനത്തില്‍ ഗുരുതരമായ പാളിച്ചയുണ്ടാവും.
മറ്റൊന്ന് പോലീസിലെ രാഷ്ട്രീയവല്‍ക്കരണമാണ്. ഓരോ സര്‍ക്കാരിന്റെയും ചൊല്‍പ്പടിക്കു നില്ക്കുന്ന പോലീസ് സേന വേണമെന്ന് ശഠിക്കുമ്പോള്‍ അഴിഞ്ഞാട്ടത്തിനുള്ള ലൈസന്‍സായി പോലീസ് അത് മാറ്റുന്നു. രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടി സര്‍ക്കാര്‍ രസിക്കുമ്പോള്‍ നിരപരാധികളുടെ ചോരകൊണ്ട് പോലീസ് സേന ഹോളി കുളിക്കുന്നു. കേസിലെ പ്രതിയായി കഴിഞ്ഞാല്‍ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്കുവരെയുള്ളത്. പാലക്കാട്ടെ സമ്പത്തിനെ തല്ലിക്കൊന്നത് സാദാ പോലീസുകാരായിരുന്നില്ല. ഡിഐജിയും എസ്പിയും വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഒടുവില്‍ അതൊക്കെ ഒന്നുമല്ലാതെയായിപ്പോവുന്നു എന്നതാണ് ദുരന്തം. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
പാര്‍ട്ടി കേഡര്പോലെ പോലീസ് കേഡര്വല്ക്കരണത്തിന് ശ്രമിക്കുന്ന ഇന്നത്തെ സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രധാന കുറ്റവാളികളാണ്. എന്തു ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന ഉറപ്പുള്ളതിനാല്‍ പാര്‍ട്ടി ഗുണ്ടകള്‍ക്കൊപ്പം സര്‍വസ്വാതന്ത്ര്യത്തോടെ അവര്‍ അഴിഞ്ഞാടുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകം അതുകൊണ്ടുതന്നെ അവസാനത്തേതാവില്ല എന്ന ഭീതിയാണ് ഞങ്ങള്‍ക്കുള്ളത്. ശ്രീജിത്തിന് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നുവെന്ന് ബന്ധപ്പെട്ട റൂറല്‍ എസ്പി മുന്‍കൂര്‍ ജാമ്യം എടുത്തതില്‍ നിന്ന് അത് വ്യക്തമായി മനസ്സിലാക്കാനാവും. ഏതായാലും മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെട്ടതിനാല്‍ ശ്രീജിത്തിന്റെ കുടുംബത്തിന് നീതികിട്ടുമെന്ന് പ്രത്യാശിക്കാം.
ആ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുത്ത് സംരക്ഷിക്കുകയും, ഇനിയുമൊരു പൗരന്റെ മേല്‍ പോലീസിന്റെ കൈക്കരുത്ത് പരീക്ഷിക്കാതിരിക്കാനുള്ള നടപടിയുണ്ടാവുകയും വേണം. പോലീസിലെ ഗുണ്ടകള്‍ക്കും കൂടിയുള്ളതാണ് ജയില്‍ എന്ന് പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കുകയും, തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്യട്ടെ. അതിനൊപ്പം ഡിജിപി പദവിയുള്ള എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞ വാക്കുകള്‍ എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. ”ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ പോലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നു” എന്നതാണത്. ആളുകളെ തല്ലിക്കൊന്ന് രസിക്കുന്നവരുടെ രീതികള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കണം. അതിന് ഈ സര്‍ക്കാരിന് ആര്‍ജവമുണ്ടെന്ന് പ്രതീക്ഷിക്കാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: