തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ തിരുപ്പത്രിപ്പുലിയൂരിലാണ് പാതാളേശ്വരര്‍ ക്ഷേത്രം.ആത്മീയനേട്ടങ്ങള്‍ എളുപ്പം കൈവരിക്കാന്‍ കഴിയുന്ന ദിവ്യദേശങ്ങളില്‍ ഒന്നത്രെ ഈ പ്രദേശം-ശൈവപുണ്യ ദേശം.
തങ്ങള്‍ക്ക് സമാധാനത്തോടെ തപസ്സനുഷ്ഠിക്കാന്‍ കഴിയുന്ന ഒരു പ്രദേശം കാണിച്ചുതരണം എന്ന് ശ്രീപരമശിവനോട് അപേക്ഷിച്ച് ഏതാനും മഹര്‍ഷിമാര്‍ ധ്യാനിച്ചുകൊണ്ടിരുന്നു. അത്തരം ഒരു സ്ഥലം കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് വിശ്വസ്രഷ്ടാവായ ബ്രഹ്മാവിനോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ബ്രഹ്മാവ് ദര്‍ഭപ്പുല്ലുകൊണ്ട് ഒരു ചക്രം ഉണ്ടാക്കി മന്ത്രം ജപിച്ച് അതിന് ശക്തി നല്കി. ആത്മീയമായ ഉന്നതി ലഭ്യമാക്കുന്ന പവിത്രത അനുഭവപ്പെടുന്ന സ്ഥലം തേടി, അത്തരം ഒരു സ്ഥലം കണ്ടെത്തിയാല്‍ അവിടെ നില്‍ക്കണമെന്നും ചക്രത്തിന് നിര്‍ദ്ദേശം നല്കി. ഗംഗാനദിയുടെ വടക്കേക്കരയില്‍ ഒരിടത്ത് ചക്രം നിലയുറപ്പിച്ചു. ഈ സ്ഥലം നൈമിഷാരണ്യം എന്നറിയപ്പെടുന്നു.
മഹര്‍ഷിമാര്‍ അവിടെ ധ്യാനവും തപസ്സും തുടങ്ങി. ആദ്ധ്യാത്മിക മാര്‍ഗത്തില്‍ മഹര്‍ഷിമാരുടെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് അറിയുന്നതിനായി സുതമുനി അവിടം സന്ദര്‍ശിക്കാനെത്തി. തീവ്ര ശിവഭക്തനായ സുതമുനി വേദവ്യാസന്റെ പ്രധാന ശിഷ്യനായിരുന്നു. ദേഹമാകെ ഭസ്മം വാരിപ്പൂശി രുദ്രാക്ഷമാല പിടിച്ച് സദാ നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രം ജപിച്ചുകൊണ്ടാണ് മുനിയുടെ നടത്തം. പതിനെട്ട് പുരാണങ്ങളും വശമാക്കിയിരുന്നു അദ്ദേഹം. മുനിയുടെ സാന്നിദ്ധ്യം തപസ്സിലാണ്ടിരുന്ന മഹര്ഷിമാര്ക്ക് ഉണര്‍വേകി. തങ്ങളുടെ ആഗ്രഹം സാക്ഷാത്കരിച്ച സംതൃപ്തി അവര്‍ക്ക് അനുഭവപ്പെട്ടു.
സുതമുനി വേദവ്യാസനില്‍നിന്നാണ് പതിനെട്ട് പുരാണങ്ങളും അഭ്യസിച്ചത്. വേദവ്യാസനാകട്ടെ സനത്കുമാരനില്‍നിന്നും, സനത് കുമാരന് ശിവന്റെ മുഖ്യ സഹായിയായ നന്ദിയില്‍നിന്നുമാണ് ഇത് അഭ്യസിച്ചത്. ഗുരുപരമ്പരയില്‍നിന്ന് നേരിട്ട് അഭ്യസിച്ച ശിഷ്യന് എന്ന നിലയ്ക്ക് മനുഷ്യരെ ഇത് പഠിപ്പിക്കുവാന്‍ സുതമുനി നിയുക്തനായി. ശ്രീപരമശിവന് ഏറെ പവിത്രത തോന്നുന്ന ഒരു സ്ഥലത്തെക്കുറിച്ച് വിശദീകരിക്കാന്‍ മഹര്‍ഷിമാര്‍ സുതമുനിയോട് ആവശ്യപ്പെട്ടു. സ്വര്‍ഗത്തിലെ കല്പവൃക്ഷത്തിന് തുല്യമായ പാതിരിവൃക്ഷത്തെക്കുറിച്ച് വേദവ്യാസന് പറഞ്ഞിട്ടുള്ളത് അപ്പോഴാണ് സുതമുനി അവരോട് പറഞ്ഞത്. പാതിരിവൃക്ഷങ്ങള്‍ തിങ്ങിവളരുന്ന തിരുപ്പത്രിപ്പുലിയൂര്‍ എന്ന പുണ്യദേശത്തെക്കുറിച്ചും അദ്ദേഹം അവരോട് പറഞ്ഞു. സ്വന്തം പാപങ്ങള്‍ കഴുകിക്കളയാനും ആഗ്രഹങ്ങള്‍ നിറവേറപ്പെടാനുമായി ദേവന്മാര്‍പോലും ഇവിടുത്തെ തീര്‍ത്ഥക്കുളങ്ങളില്‍ മുങ്ങിക്കുളിക്കാന്‍ എത്താറുള്ള കാര്യവും അദ്ദേഹം അവരോട് സൂചിപ്പിച്ചു. മറ്റുള്ളവര്‍ സ്വന്തം പാപങ്ങള്‍ കഴുകി ആ പാപഭാരങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങുന്ന പുണ്യനദിയായ ഗംഗപോലും സ്വയം ശുദ്ധീകരിക്കുന്നതിനായി ഇവിടെയുള്ള തീര്‍ത്ഥക്കുളങ്ങളില്‍ നിത്യവും എത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈലാസത്തില്‍ പാര്‍വതീ പരമേശ്വരന്മാര് വിനോദത്തിനായി ചതുരംഗം കളിച്ചുകൊണ്ടിരിക്കെ ശിവന് തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ജയിക്കാന്‍ കഴിയാതായപ്പോള്‍ ശിവന് കള്ളക്കളിക്ക് ഒരുങ്ങി. അത് ശരിയല്ലെന്ന് പറഞ്ഞ ഉമ ഒരു മധ്യസ്ഥന്‍ കളി വിലയിരുത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. അങ്ങനെ മഹാവിഷ്ണു അതിന് നിയുക്തനായി. വീണ്ടും തുടര്‍ച്ചയായി തോല്‍വി പറ്റിയ ശിവന് സഹായാഭ്യര്‍ത്ഥനയോടെ മഹാവിഷ്ണുവിനെ നോക്കി. കളി ജയിച്ച ഉമ വിഷ്ണു തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചു. ശിവന്റെ പിരിച്ചിട്ട ജട ശ്രദ്ധിച്ച താന്‍ കളി ശരിക്ക് കണ്ടില്ലെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ശിവന്റെ കണ്ണുകള്‍ നുണപറയില്ലെന്നുറപ്പുണ്ടെന്ന് പറഞ്ഞ് ഉമ ശിവന്റെ കണ്ണുകള്‍ മൂന്നും നിമിഷാര്‍ദ്ധനേരം അടച്ചുപിടിച്ചു. പെട്ടെന്ന് ആകെ ഇരുള് വ്യാപിച്ചു. പ്രകൃതിയെ സ്തംഭിപ്പിച്ച പാപഭാരം ഉമയ്ക്ക് മേലായി. തനിക്ക് ശാപമോചനം നല്‍കണമെന്ന് ഭര്‍ത്താവിനോട് അഭ്യര്‍ത്ഥിച്ചു. ഭൂമിയില്‍ 1008 ശിവാലയങ്ങള്‍ സന്ദര്‍ശിച്ച് തന്നെ ഭജിക്കണമെന്നും എവിടെയെങ്കിലും എത്തുമ്പോള്‍ ഇടതുകണ്ണിനും ഇടതുകൈയ്ക്കും ഉണര്‍ച്ച തോന്നുന്ന പക്ഷം അവിടെ താമസിച്ച് തപസ്സനുഷ്ഠിക്കണമെന്നും പിന്നീട് താന്‍ അവിടെയെത്തി വീണ്ടും ഒന്നിക്കാമെന്നും അറിയിച്ചു ശിവന്.
ശിവപത്നിയായ ഉമ സപ്തമാതൃക്കളുമൊത്ത് തീര്‍ത്ഥങ്ങളില്‍ കുളിച്ച് ശിവസന്നിധികളില്‍ തൊഴുതിറങ്ങി. തീര്‍ത്ഥയാത്ര തുടര്‍ന്നുവെങ്കിലും പെട്ടെന്നൊന്നും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. യാത്ര തുടരവെ, ഒരുനാള്‍, കാറ്റില്‍ പുഷ്പങ്ങളുടെ നറുസൗരഭ്യം ഉമയ്ക്ക് അനുഭവപ്പെട്ടു. അവിടം ലക്ഷ്യമാക്കി ഉമയും കൂട്ടുകാരികളും നടന്നു. അവിടെ എത്തിയപ്പോഴാകട്ടെ ആയിരക്കണക്കിന് മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിക്കുകയും യാഗങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് കണ്ടത്. അവിടെ സിംഹങ്ങളും കടുവകളും എല്ലാം വളര്‍ത്തുമൃഗങ്ങളെപ്പോലെ യാഗഭൂമിക്കു ചുറ്റും കാവല്‍നിന്നിരുന്നു. പക്ഷികള്‍ പഞ്ചാക്ഷര മന്ത്രമാണ് ഉരുവിട്ടിരുന്നത്. കുരങ്ങന്മാരാകട്ടെ യജ്ഞാവശ്യത്തിനുള്ള പഴങ്ങള്‍ സംഭരിക്കുകയും യാഗാഗ്നി ജ്വലിപ്പിക്കാനുള്ള ചമത ശേഖരിക്കുകയും ചെയ്തു. അവിടെ ധാരാളം ശിവലിംഗങ്ങളും ഉണ്ടായിരുന്നു. ദേവി ഉദ്യാനത്തില്‍ കാലുകുത്തിയ ഉടന്‍ ഇടതുകണ്ണിനും കൈക്കും ഉണര്‍ച്ച അനുഭവപ്പെട്ടു.
സമീപത്തെ കേദില, പെണ്ണൈ, പാലോടൈ നദികളില്‍ മുങ്ങിക്കുളിച്ച ദേവി പാതിരിവൃക്ഷച്ചുവട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന പാതാളേശ്വരനു മുന്നില്‍ കഠിന തപസ്സാരംഭിച്ചു. കഠിനവേനലിലും കൊടും മഴയിലും തപസ്സ് അനസ്യൂതം തുടര്‍ന്നു. ഫലം കാണാതെ ഒടുവില്‍ ദേവി ശീര്ഷാസനത്തില് തപസ്സ് തുടര്‍ന്നതായും പറഞ്ഞുവരുന്നുണ്ട്. സംപ്രീതനായ ശിവന് പ്രത്യക്ഷപ്പെട്ട് ദേവിയോട് അരുളി: ഈ പ്രദേശത്ത് കാല് കുത്തിയാല്‍ എത്ര വലിയ പാപവും, ചിന്തയിലോ, വാക്കാലോ, പ്രവൃത്തിയാലോ ചെയ്തത് എന്തും ആ നിമിഷം ഇല്ലാതാകും, ശാശ്വതമായ മുക്തി ലഭിക്കുകയും ചെയ്യും. വിനോദത്തിനാണെങ്കില്‍പോലും തന്റെ മേല്‍ ഒരു കൂവള ഇല വലിച്ചെറിയുന്നവര്‍ പോലും സ്വര്‍ഗത്തില്‍ എത്തും. ഭക്തിപൂര്‍വം ഭഗവാനു മുമ്പില്‍ ശിരസ്സ് നമിച്ച ഉമ ആ ജ്യോതിയില്‍ ലയിച്ചു.
പാതാളേശ്വരനും ദേവി പാതാളനായികയുമായുള്ള വിവാഹം തൊട്ടടുത്ത ആടിമാസത്തിലെ (ജൂലായ്-ആഗസ്റ്റ്) പൂരം നാളില്‍ നടന്നു.
സിദ്ധന്റെ രൂപം ആര്‍ജിച്ച ശിവന് ഇവിടെ മണലില്‍ കൈ വച്ചപ്പോള്‍ വെള്ളത്തിന്റെ ഉറവ ഉണ്ടായി എന്നും ഇത് പിന്നീട് ശിവകരൈ എന്ന തീര്‍ത്ഥക്കുളമായെന്നും പറയുന്നു. ഈശാനകോണ് എന്നറിയപ്പെടുന്ന വടക്കുകിഴക്കു ഭാഗത്താണ് ഈ തീര്‍ത്ഥം. കൂടാതെ ദിക്പാലക, ദക്ഷിണ പിനാകിനി, കേദില, പാലോടൈ എന്നീ തീര്‍ത്ഥങ്ങളുമുണ്ട്.
തനിക്ക് ശിവപൂജ നടത്തുന്നതിന് പൂക്കള്‍ ഇറുക്കാന്‍ എളുപ്പം പാതിരിവൃക്ഷത്തില്‍ കയറുന്നതിനായി പുലിയുടെ പാദങ്ങള്‍ നല്‍കണമെന്ന് മാദ്യനന്ദനഋഷി പ്രാര്‍ത്ഥിച്ചുപോല്‍. വ്യാഘ്രപാദമുനിക്ക് മോക്ഷം സിദ്ധിച്ച സ്ഥലമായതുകൊണ്ടാണ് തിരുപ്പത്രിപ്പുലിയൂര്‍ എന്ന പേരുണ്ടായതെന്ന് പറഞ്ഞുവരുന്നു.
ദേവി ഉമയ്ക്ക് കൂട്ടായെത്തിയ സപ്തമാതൃക്കളുടെ ക്ഷേത്രവും തൊട്ടടുത്തുതന്നെയുണ്ട്.അമ്മ ഉമയെ ശിവപൂജ ചെയ്യാന്‍ സഹായിക്കുന്നതിനായി പാതിരിപുഷ്പങ്ങള്‍ കൈയില്‍ പിടിച്ചുനില്‍ക്കുന്ന വിനായകനാണ് ഇവിടെ. അതുകൊണ്ട് കന്നിവിനായകന്‍ എന്നും പറയാറുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വിനായകസന്നിധി. വൈകാശി മാസത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിശാഖോത്സവം വളരെ പ്രധാനമാണ് ഇവിടെ. വെള്ളികൊണ്ടുള്ള ഋഷഭ വാഹനത്തിലും സ്വര്‍ണ്ണംകൊണ്ടുള്ള കൈലാസ വാഹനത്തിലും ഭഗവാനെ എഴുന്നള്ളിക്കുന്നു.
മാശി മാസത്തിലെ മകം നാളും തൈമാസത്തിലെ അമാവാസിയും പ്രത്യേകമാണിവിടെ. തമിഴ് പുതുവത്സരങ്ങളും കേമമായി ആഘോഷിക്കുന്നു.ആടിമാസത്തിലെ പൂരം, നവരാത്രി ദിനങ്ങള്‍, ധനുമാസത്തിലെ തിരുവാതിര, പ്രദോഷം എന്നിവയും പ്രാധാന്യമുള്ള ദിവസങ്ങളാണ്.
കന്നിവനനാഥന്‍, ഉത്തരേശന്‍, പാതാളനാഥന്‍ എന്നും ഭഗവാനെ പറയാറുണ്ട്; തോന്‍ട്ര തുണൈനാഥന്‍ എന്നും.അഞ്ചുപ്രാകാരങ്ങളിലായാണ് ക്ഷേത്രം. പുറത്തെ, അഞ്ചാമത്തെ പ്രാകാരം രാജവീഥി എന്നാണ് അറിയപ്പെടുന്നത്.നല്ലെണ്ണ, പാല്, തൈര്, പഴങ്ങളുടെ നീര്, ഇളനീര് എന്നിവകൊണ്ട് ഭഗവാന് അഭിഷേകം പതിവുണ്ട്.
വില്ലുപുരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, പോണ്ടിച്ചേരിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ, ചിദംബരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: