കൊച്ചി: വിഖ്യാത നടൻ പ്രേംനസീറിന് ആ പേരിട്ടത് ആരാണ്. തർക്കമല്ല, ഇല്ലാക്കഥകളുടെ പ്രചാരണമാണേറെ. മലയാള സിനിമയിൽ അഭിനേതാക്കൾക്ക് പേരിട്ടതിന്റെ കുത്തക എങ്ങനെയോ തിക്കുറിശിയിലെത്തി. എന്നാൽ പ്രേം നസീറെന്ന പേരിട്ട താരാണ്? സാജു ചേലങ്ങാട് എഴുതുന്നു.
“പ്രേം നസീറിന്റെ ജന്മദിനം പ്രമാണിച്ച് അദ്ദേഹത്തിന്റെ പേര് മാറ്റത്തെക്കുറിച്ച് ചിലരുടെ അജ്ഞതകളുടെ വിളമ്പലുകളും കാണാനിടയായി. ഉദയാ സ്റ്റുഡിയോയിൽ വിശപ്പിന്റെ വിളിയിൽ അഭിനയിക്കാൻ വന്നപ്പോൾ തിക്കുറിശിയാണ് അബ്ദുൾ ഖാദറെ പ്രേംനസീറാക്കിയതെന്നാണ് കഥ. സത്യത്തിൽ ആദ്യ സിനിമയായ മരുമകളി നായിത്തന്നെ പ്രേംനസീറെന്ന പേര് അദ്ദേഹം സ്വീകരിച്ചിരുന്നു.
അതേ സമയം മരുമകളാണോ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ എന്ന് ചോദിച്ചാൽ റിലീസ് ചെയ്ത ആദ്യത്തെ സിനിമയെന്ന് പറയുന്നതാവും ശരി. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ആദ്യമായിമുഖത്ത് ചായം തേച്ചത് കൗമുദി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണൻ നിർമാതാവായെത്തിയ ത്യാഗസീമയ്ക്ക് വേണ്ടി ആയിരുന്നു.
എന്നാൽ ഈ സിനിമ പൂർത്തിയായില്ല. ഇറങ്ങിയിരുന്നെങ്കിൽസത്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാകുമായിരുന്നു ഈ സിനിമ. നായകസ്ഥാനമായിരുന്നു സത്യന് ഈ സിനിമയിൽ. ത്യാഗസീമയുടെ പരസ്യത്തിലും (ഇതോടൊപ്പം അത് നൽകുന്നു) പ്രേംനസീറെന്ന പേരാണ് ഖാദർ സ്വീകരിച്ചത്. പിന്നെങ്ങനെ തിക്കുറിശിക്ക് ഇക്കാര്യത്തിൽ അവകാശവാദമുന്നയിക്കാൻ കഴിയും?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: