‘ഒന്നും ശ്രീനാരായണചാരുപദം
നാവുപദം
നാവോടു നമ്മുടെ ദുരിതപദം
ഇല്ലം വല്ലം തിരുവല്ലം തിരുനെല്ലി
തിരുവൈക്കം തിരുവേറ്റുമാനൂര്‍
കാശിരാമേശ്വരം ശോഭാവാരിപൊന്നമ്പല-
മെന്നോതുകില്നന്നല്ലൊ.” ചെറുപ്പത്തില്‍ സന്ധ്യാനാമം ചൊല്ലിവന്നതില്നിന്ന് ഓര്‍മയില്‍ നില്ക്കുന്ന വരികളാണിവ. ഈ പുണ്യസ്ഥലങ്ങളില്‍ തിരുനെല്ലിയില്‍ പോകാന്‍ ഈയിടെ അവസരമുണ്ടായി. വിശേഷിച്ചെന്തെങ്കിലും കാരണമുണ്ടായിട്ടല്ല. അച്ഛന്റെ അനുജന്റെ മകന് ബാലചന്ദ്രനും, എന്റെ മകന് അനുവും ചേര്‍ന്ന് പരിപാടിയിട്ടതായിരുന്നു. ആദ്യം ബസ്സില്‍ പോകാന്‍ തീരുമാനിച്ച് പിന്നീട് അത് കാറിലാക്കി. അപ്പോള്‍ രണ്ടുമൂന്നുപേര്‍ക്കുകൂടി ഇടമുണ്ടായിരുന്നത് നിറയ്ക്കാന്‍ ഞങ്ങള്‍ മൂന്നുപേരും കൂടി. അങ്ങനെ ഉത്സാഹപൂര്‍വം യാത്ര. ഇക്കുറി താമരശ്ശേരി വഴി പോകുന്നതിനുപകരം പേരാമ്പ്ര കുറ്റ്യാടി തൊട്ടില് പാലം പക്രംതളം വഴിയായിരുന്നു യാത്ര. അരനൂറ്റാണ്ടിനപ്പുറത്ത് ഗതാഗതസൗകര്യങ്ങള്‍ തീരെ കുറവായിരുന്നപ്പോള്‍ ഈ ഭാഗങ്ങളില്‍ സംഘപ്രചാരകനായി കടവുകള്‍ കടന്നും, പദയാത്രയായും ദിവസവും നാഴികകള്‍ നീണ്ട യാത്രകള്‍ നടത്തി എത്തിയിരുന്ന സ്ഥലങ്ങളിലൂടെ ഒന്നാന്തരം സ്റ്റേറ്റ് ഹൈവേകളില്‍ കൂടി പാഞ്ഞുപോകുന്ന അനുഭവം രസകരമായി.
മലബാര്‍ പ്രചാരകനായി ശ്രീശങ്കര്‍ ശാസ്ത്രി പ്രവര്‍ത്തിച്ചുവന്ന അന്‍പതുകളുടെ ആദ്യപകുതിയില്‍ വയനാട്ടിലെ വെള്ളമുണ്ടയില്‍ കല്പ്പറ്റയിലെയും പനമരത്തെയുംമറ്റും സ്വയംസേവകര്‍ക്കായി നടത്തിയ സഹലില്‍ പങ്കെടുക്കാന്‍, അന്ന് തലശ്ശേരിയില്‍ പ്രചാരകനായിരുന്ന രാമചന്ദ്രന് കര്‍ത്തായുടെ നേതൃത്വത്തില്‍ കുറ്റ്യാടി ഭാഗത്തെ കായക്കൊടി, തളിക്കര, ദേവന്‍കോവില്‍ മുതലായ ശാഖകളിലെ സ്വയംസേവകര്‍ നടന്ന് ചുരംകയറി പോയ കഥ അവിടത്തെ കാര്യകര്‍ത്താക്കളായ എം.പി. കണാരനും, പൂളക്കണ്ടി രാമന് മാസ്റ്ററും ചാത്തുനായരും സി. പൊക്കനും ഇ.കെ. കുഞ്ഞിക്കേളുക്കുറുപ്പും മറ്റും ആവേശപൂര്‍വം വിവരിച്ചത് ഇന്നും മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. തൊട്ടില്പാലത്തുനിന്നും പത്രംതളത്തിലേക്ക് കയറിപ്പോകാന്‍ ഞാന്‍ നടത്തിയ ശ്രമത്തെ ആ സ്വയംസേവകര്‍ പിന്തിരിപ്പിച്ചു. ആ ചുരം തെളിക്കാന്‍ ബ്രിട്ടീഷുകാര്‍ പണി ചെയ്യുന്നതിനിടെ രത്നഖചിതമായ പിടിയുള്ള ഒരു വാള് കിട്ടിയെന്നും, അത് മദിരാശി പുരാവസ്തു ശേഖരത്തിലുണ്ടെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ കാര്‍ യാത്ര സുഗമമായി നീങ്ങി. ഒരിടത്തും വനത്തിന്റെ ലാഞ്ചനപോലും കണ്ടില്ല. തേയിലത്തോട്ടങ്ങളും കുടിയേറ്റക്കാരായ ‘പാലാ മീനച്ചി’ ചേട്ടന്മാരുടെ ഫലസമൃദ്ധമായ കൃഷിയിടങ്ങളും മാത്രം. ഈസ്റ്റര്‍ ദിനമായതിനാല്‍ വിശ്വാസി സമൂഹത്തിന്റെ നീണ്ട യാത്രകള്‍ എല്ലായിടത്തും കാണാന്‍ കഴിഞ്ഞു.
മാനന്തവാടി വഴി കാട്ടിക്കുളത്തേക്കു പോകുന്നതിനിടെ തൃശ്ശിലേരിയില്‍ നക്സലൈറ്റ് ആക്രമണം നടന്ന വാര്യരുടെ വസതിയുടെയും വധിക്കപ്പെട്ട സുബ്രഹ്മണ്യ അഡിഗയുടെ മഠത്തിന്റെയും സമീപത്തുകൂടിയാണ് പോയത്. ആ സംഭവത്തിനുശേഷം കെ.ജി. മാരാരുമൊരുമിച്ച് ആ വീടുകളില്‍ പോയതും, പ്രദേശത്ത് നിലനിന്ന ഭീതിപ്രദമായ അന്തരീക്ഷവും ഓര്‍മയില്‍ വന്നു. കാട്ടിക്കുളത്തു വില്പന നികുതി ചെക്ക് പോസ്റ്റില്‍ കുറേ വര്‍ഷങ്ങള്‍ കര്‍ത്താ സാര്‍ ജോലി നോക്കിയിരുന്നു. അദ്ദേഹത്തെ അവിടെ ചെന്നുകണ്ട് ഭാസ്കര്‍ റാവുജി, ഏതു പരിതസ്ഥിതിയിലും നര്‍മബോധം വിടാതെ പരിസ്ഥിതിയോടിണങ്ങിപ്പോകുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി പറയുമായിരുന്നു.
കാട്ടിക്കുളത്തുനിന്ന് തിരുനെല്ലിയിലേക്ക് ആനക്കാട്ടിലൂടെയുള്ള യാത്രയും മറക്കാനാവില്ല. ഒരു പറ്റം മാന്കൂട്ടത്തെയല്ലാതെ, പറഞ്ഞുകേട്ടതുപോലെ ആനക്കൂട്ടങ്ങളെ കണ്ടില്ല. റോഡ് വൈദ്യുത വേലിയാല്‍ സുരക്ഷിതമാണ്. വേനലിന്റെ കാഠിന്യം ആനകളെ വെള്ളം തേടിയുള്ള യാത്രകളില്‍ മുഴുകിക്കഴിയാന്‍ പ്രേരിപ്പിച്ചിരിക്കും. ഒറ്റ ഇല പോലുമില്ലാതെ ഉണങ്ങിയ ഇടതൂര്‍ന്ന തേക്കിന് തോട്ടത്തില്‍ അങ്ങിങ്ങായി പൂത്തുലഞ്ഞ് നില്ക്കുന്ന കണിക്കൊന്നകള്‍ ഹൃദയഹാരിയായ കാഴ്ചതരുന്നു. അവിടെ കുരങ്ങന്മാര് വേണ്ടുവോളമുണ്ട്. കുറേക്കൂടി തണുപ്പുള്ള കാലാവസ്ഥയില്‍ കടുവകളും ആനകളും സാധാരണ കാഴ്ചയായിരിക്കുമത്രെ.
ബ്രഹ്മഗിരിമലകളുടെ മടിത്തട്ടിലാണ് തിരുനെല്ലി ക്ഷേത്രം. വന്മലകള് ചൂഴ്ന്ന് നില്ക്കുന്ന സമതലമാണ് ക്ഷേത്രഭൂമി. ഗിരിസാനുവിലെ വരാഹഗിരിയില്‍ നിന്നൂറുന്ന വെള്ളം കരിങ്കല്പാത്തികളിലൂടെ ക്ഷേത്രത്തിന്റെ തിരുമുറ്റത്തെത്തിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ജലസംവിധാനം ആ സ്ഥലത്തിന്റെ സാങ്കേതിക കൗശലത്തിനു തെളിവാണ്. ആ സൗകര്യം ഏര്‍പ്പെടുത്തിയ കോലത്തിരി രാജാവിന്റെ കെട്ടിലമ്മയുടെ വാരിക്കര കുടുംബത്തിന് നായനാര്സ്ഥാനം നല്‍കിയെന്ന് പഴമയുണ്ട്. കുലശേഖര ചക്രവര്ത്തിമാരില്പ്പെട്ട ഭാസ്കരരവിവര്‍മ്മയുടെ കാലത്തെ 21 ചെപ്പേട്ടകള് ക്ഷേത്രത്തില്‍നിന്ന് പുരാവസ്തു വിദഗ്ധര്‍ക്ക് ലഭിച്ചത് ലഭിച്ചത് അമൂല്യ രേഖകളാണ്. അന്നത്തെ പുറക്കിഴ്നാട്ടില്പ്പെട്ട സ്ഥലമാണ് തിരുനെല്ലി. ക്ഷേത്രത്തില്‍ നടത്തേണ്ടതായ നിത്യനിദാന ചടങ്ങുകളുടെയും പടിത്തരങ്ങളുടെയും വിവരങ്ങള്‍ ചെപ്പേടുകളിലുണ്ട്. അവിടത്തെ ഉടമ്പടി നടത്തിപ്പുകാരായ അഞ്ഞൂറ്റവരും അയ്യായിരത്തവരും മറ്റും കര്‍മങ്ങളില്‍ പിഴ വരുത്തിയാല്‍ നല്കപ്പെടേണ്ട ശിക്ഷകള്‍ മൂഴിക്കുളം കമ്പത്തിലെ നിയമപ്രകാരം നടത്തേണ്ടതായിരുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കം കണക്കാക്കപ്പെടുന്ന ക്ഷേത്രത്തിലെ പഴയ പല ഭാഗങ്ങളും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താന്‍ തയ്യാറായി നില്ക്കുന്നു. ക്ഷേത്രദര്‍ശനം നടത്തി ഭണ്ഡാരം പെരുക്കി ഞങ്ങള്‍ പുറത്തുവന്നു. പിതൃബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ നൂറുകണക്കിനാളുകള്‍ വരിയായി പുറപ്പെടുന്നു. അതിന്റെ തീര്‍ഥസ്ഥാനമായ പാപനാശിനിയില്‍ വേനലിന്റെ കാഠിന്യംമൂലം നീരൊഴുക്ക് നേര്‍ത്തതാണ്.
നാല്പത്തിരണ്ടു കൊല്ലം മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ കഴിയുന്നതിനിടെ, പനമരത്തെ സ്വയംസേവകരുമൊരുമിച്ച് ക്ഷേത്രദര്‍ശനത്തിന് എത്തിയത് ഓര്‍മ്മയില്‍ വന്നു. പരേതനായ തിരുപ്പതി വാഴക്കണ്ടി ശ്രീനിവാസനും സഹോദരന്മാരായ തിരുപ്പതി എങ്കിട്ടന്, മാച്ചന് എന്നിവര്‍ക്കു പുറമെ രാജേന്ദ്രപ്രസാദും മറ്റുമായി ജീപ്പിലായിരുന്നു യാത്ര. അന്ന് മിസാ തടവിലായിരുന്നതിനാല്‍ അടല്‍ബിഹാരി വാജ്പേയി അന്‍പതാം വയസ്സ് പൂര്‍ത്തിയാക്കുന്ന ദിവസം, ദീര്‍ഘായുസ്സിനും മോചനത്തിനും വേണ്ടി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടത്തണമെന്ന കേന്ദ്രനിര്ദ്ദേശമനുസരിച്ചായിരുന്നു തിരുനെല്ലി യാത്ര. അന്ന് ആനകളെ കാണാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തില്‍ ഒരു സത്രമുണ്ട്. പരിമിത സൗകര്യങ്ങള്‍ മാത്രം. ഭക്ഷണം കഴിക്കാന്‍ ക്ഷേത്രജീവനക്കാരുടെ വീടുകളില്‍ മുന്‍കൂട്ടി ഏര്‍പ്പാടു ചെയ്യണം. നിവേദ്യച്ചോറും പായസവും കിട്ടും. അതുകൊണ്ട് അമൃതേത്തായി കഴിച്ചുകൂട്ടി. മേല്‍ശാന്തിയുടെ അഭിപ്രായം തേടി പുരുഷസൂക്തം ജപിക്കാന്‍ കൊടുത്തു. മടക്കയാത്രയില്‍ ഒരു മധുരനാരകത്തോട്ടത്തില് കയറി, അതിന്റെ ഉടമ ശ്രീനിവാസന്റെ അകന്ന ബന്ധുവും പഴയകാല സ്വയംസേവകനുമായിരുന്നു. സുഭിക്ഷമായി മധുരനാരങ്ങയും വാഴപ്പഴവും അകത്താക്കി കാപ്പിയും കുടിച്ച് മടക്കയാത്ര നടത്തി. അന്നത്തെ ഏകാന്തവും നിശ്ശബ്ദവുമായ തിരുനെല്ലിയല്ല ഇന്ന്. ക്ഷേത്ര പ്രസാദത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ. ബാക്കി സര്‍വത്ര ആധുനിക പരിഷ്കാരങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. വൈകാതെ അവിടം ക്ഷേത്രനഗരമായി ‘വികസിക്കു’മെന്നതില്‍ സംശയമില്ല.
മടക്കയാത്രയില്‍ പനമരത്ത് ആദ്യയാത്രയിലെ സഹയാത്രികന് രാജേന്ദ്രപ്രസാദിന്റെ വീട്ടില്‍ ഇറങ്ങി. അടിയന്തരാവസ്ഥയ്ക്കു മുമ്പ് ഞാന്‍ പതിവായി തങ്ങാറുള്ള വീടാണത്. ഇക്കാലത്തും വയനാട്ടിലെ വിശേഷങ്ങള്‍ അദ്ദേഹത്തില്‍നിന്നാണ് അറിയാറ്. രാജേന്ദ്രപ്രസാദ് സംഘസംബന്ധമായ സകല രേഖകളും, സമ്മേളന പോസ്റ്ററുകള്‍വരെ ഭദ്രമായി സൂക്ഷിച്ചുവരുന്നുണ്ട്. അവശയായി ശയ്യ്യാവലംബിനിയായ അമ്മയെ കണ്ടപ്പോള്‍, അവര്‍ക്കുണ്ടായ വാത്സല്യാതിരേകവും സന്തോഷവും വിവരണാതീതമായിരുന്നു. അവിടെ കഴിഞ്ഞ ഒന്നര മണിക്കൂറില്‍ അരനൂറ്റുാണ്ടുകാലത്തെ സംഭവവിവരണം സംക്ഷിപ്തമായി നടത്തി. ആ വീട്ടുവളപ്പില്‍ അന്ന് കുരങ്ങന്മാരുടെ പരാക്രമം അതികലശലായിരുന്നു. തെങ്ങും മറ്റ് ഫലവൃക്ഷങ്ങളുമൊക്കെ നിരപ്പെ ആക്രമിച്ച് തകര്‍ത്ത് തിമര്‍ത്തുനടന്ന അവയെ കാണാന്‍ നല്ല കൗതുകംതന്നെ.
മടക്കയാത്ര മഞ്ചേരി, പെരിന്തല്‍മണ്ണ, പട്ടാമ്പി വഴിയായിരുന്നു. പട്ടാമ്പിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്റെ വസതിയില്‍ കയറി അല്പസമയം ചെലവഴിച്ചു. 1955 ല്‍ ശ്രീ ഗുരുജി പട്ടാമ്പിയില്‍ ആയുര്‍വേദ ചികിത്സക്കായി വന്നപ്പോള്‍ താമസിച്ചത് ഡോ. ഉണ്ണികൃഷ്ണന്റെ അച്ഛന്റെ അതിഥിയായി അവരുടെ വീട്ടിലായിരുന്നു. ഉണ്ണികൃഷ്ണന്റെ പരേതയായ പത്നി മണിയുടെ അച്ഛനാകട്ടെ മുന്‍കാല ജനസംഘം സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. മാധവമേനോനും. ആ പഴയ സ്മരണകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഏതാനും സമയം ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: