Categories: Agriculture

മട്ടുപ്പാവ് കൃഷി ആദായകരമാക്കാം

Published by

മിക്കവര്‍ക്കും കൃഷി എന്നത് ഉപജീവനമാര്‍ഗമാകുമ്പോള്‍ മറ്റു ചിലര്‍ അതൊരു ശീലവും സമ്പ്രദായവുമാക്കി മാറ്റുക പതിവാണ്. ഈ പുതിയകാലത്ത് തൊഴിലവസരങ്ങളും മുന്തിയ ജീവിതസാഹചര്യവും മുന്നില്‍ക്കണ്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്കും കുറഞ്ഞ വിസ്തൃതിയുള്ള പുരയിടങ്ങളിലും താമസിക്കുന്നവര്‍ക്കും അവരവരുടെ കാര്‍ഷികാഭിരുചികള മുന്നോട്ട് നയിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മട്ടുപ്പാവിലെ കൃഷി.

ഓരോ കുടുംബത്തിനും അവര്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ മട്ടുപ്പാവില്‍ സ്വയം കൃഷിചെയ്‌തെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിപണിയില്‍ നിന്ന് നമ്മള്‍ ഉയര്‍ന്ന വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍തോതില്‍ രാസവളങ്ങളും കൃത്രിമ രാസകീടനാശിനികളും തളിച്ച് ഉത്പാദിപ്പിക്കുന്നവയാണ്. മാത്രമല്ല, ഇത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതിന് ഒരു പരിധിവരെ കാരണമാകുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയുന്ന ഒന്നാണ് മട്ടുപ്പാവിലെ കൃഷി. നമ്മുടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ ചെറിയതോതില്‍ കൃഷിചെയ്‌തെടുക്കാം. അല്ലെങ്കില്‍, പോളിഹൗസുകള്‍ നിര്‍മ്മിച്ചു അല്‍പം ഉയര്‍ന്നതോതില്‍ വിളയിച്ചെടുക്കാം

തക്കാളി, പയര്‍, വെണ്ട, വഴുതന, പാവല്‍, ചീര തുടങ്ങിയവ മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്. പ്ലാസ്റ്റിക് ചാക്കിലോ ഗ്രോബാഗുകളിലോ ആണ് ചെടി നട്ടുവളര്‍ത്തുന്നത്. നിരപ്പായ പ്രതലമുള്ള ഏത് ടെറസ്സിലും പച്ചക്കറികൃഷി ചെയ്യാം. മണ്ണ്, മണല്‍, ചാണകപ്പൊക്കി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ കൂട്ടിയോജിപ്പിച്ചാണ് ചാക്കുകളില്‍ നിറയ്‌ക്കുന്നത്. ഇതിലേക്ക് ഒരു ചക്കിന് 100 ഗ്രാം എല്ലുപൊടി 100 ഗ്രാം ചാരം എന്നിവ ചേര്‍ക്കുന്നതും ചെടിയുടെ വളര്‍ച്ചക്ക് അനുയോജ്യമായിരിക്കും. ഈ മിശ്രിതം നന്നായി യോജിപ്പിച്ചതിനു ശേഷം ചാക്കിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം നിറക്കുക. തുടര്‍ന്ന് ചാക്ക് ചെറുതായി നനച്ചതിനു ശേഷം വിത്ത് പാകാവുന്നതാണ്. ചീര പോലുള്ള വിത്തുകള്‍ക്കൊപ്പം കുറച്ചു അരിപ്പൊടി ചേര്‍ത്ത് വിതച്ചാല്‍ വിത്ത് ഉറുമ്പുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാം. ചീര നടുമ്പോള്‍ ചുവപ്പ് ചീരക്കൊപ്പം പച്ചച്ചീര ചേര്‍ത്ത് നടുകയാണെങ്കില്‍ ചെടിയെ ഇലപ്പുള്ളി രോഗം വരുന്നതില്‍ നിന്ന് സംരക്ഷിക്കാം. തൈകള്‍ മണ്ണില്‍ പിടിച്ചു വരുന്നതുവരെ തണല്‍ ആവശ്യമാണ്. മണ്ണ് നിറച്ച ചാക്കുകള്‍ മൂന്നു ഇഷ്ടിക കൂട്ടിവെച്ചു അതിനുമുകളില്‍ വയ്‌ക്കാം ഇങ്ങനെ ചെയ്യുന്നതിലൂടെ മണ്ണ് ഒലിച്ചു ടെറസ്സ് വൃത്തികേടാവുന്നത് ഒഴിവാക്കാം. രാവിലേയും വൈകുന്നേരവും ചെടികള്‍ നനച്ചു കൊടുക്കാം. ചെടികള്‍ക്ക് മിതമായ ജലസേചനമേ ആവശ്യമുള്ളൂ.

ചെടികള്‍ക്ക് വളമായി ചാണകം, എല്ലുപൊടി, ഗോമൂത്രം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. അസോള എന്ന ചെറിയ സസ്യം ചെടികള്‍ക്ക് നല്ല വളമാണ് ഇത് ടെറസ്സില്‍ തന്നെ ഒരു പോളിത്തീന്‍ കവറില്‍ വെള്ളം നിറച്ചു വളര്‍ത്തിയെടുക്കാം. ഇതു വെള്ളത്തില്‍ നിന്ന് കോരിയെടുത്ത് ചെടിയുടെ ചുവട്ടില്‍ വിതറിയാല്‍ മതി. കീടനിയന്ത്രണത്തിനായി വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു കിലോ ഗ്രാം കടലപിണ്ണാക്ക് ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ വെവ്വേറെ കുതിര്‍ത്തു വെയ്‌ക്കുക. ഒരു കിലോ ഗ്രാം ചാണകം 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് പിണ്ണാക്കുകള്‍ ചേര്‍ത്ത് ഇളക്കി 15 ദിവസത്തിന് ശേഷം അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വേപ്പിന്‍ പിണ്ണാക്ക് ലായനി. ഈ ലായനി തളിക്കുന്നത് ചെടിയുടെ വളര്‍ച്ചക്കും കീട നിയന്ത്രണത്തിനും സഹായിക്കും. പാവല്‍, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍ക്കു പ്ലാസ്റ്റിക് ചരട്, പട്ടിക എന്നിവയുപയോഗിച്ച് കുറഞ്ഞ ചിലവില്‍ ടെറസ്സില്‍ പന്തല്‍ തയ്യാറാക്കാം. കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കായ്കള്‍ സംരക്ഷിക്കുന്നതിനായി അവ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു വെയ്‌ക്കുക. കൃഷി ആരംഭിച്ച് ഒരു മാസത്തില്‍ തന്നെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങാം.

റോസ് വിപണി കീഴടക്കാം

ഏതൊരാളുടെ മനസിനേയും വളരെ വേഗം കീഴടക്കാന്‍ സാധിക്കുന്ന പുഷ്പയിനമാണ് റോസ്. അല്‍പം ശ്രദ്ധയോടെ കൃഷി ചെയ്താല്‍ മികച്ച വരുമാനം നേടാം. റോസില്‍ നിന്നും മികച്ച പനിനീരും ഉണ്ടാക്കാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ ലഭിക്കുന്നതു കൊണ്ടാണ് റോസാപുഷ്പത്തെ പനിനീര്‍ റോസ് എന്നു വിശേഷിപ്പിക്കുന്നത്. സൗന്ദര്യവര്‍ധകങ്ങളുണ്ടാക്കാന്‍ മാത്രമല്ല വാണിജ്യപരമായും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഈ ചെടി കൃഷിചെയ്യുന്നുണ്ട്. പനിനീര്‍ റോസാച്ചെടി മറ്റു റോസകളെപ്പോലെ വേഗത്തില്‍ നട്ടുപിടിപ്പിക്കാന്‍ കഴിയില്ല എന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ അഭിപ്രായം സത്യമല്ലെന്നാണ് റോസാപ്രേമികള്‍ പറയുന്നത്. 

നല്ലവണ്ണം പാകമായ കമ്പുമുറിച്ച് നടാം. ചെടികള്‍ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സാധാരണ റോസാച്ചെടി പോലെ ഇതും വളരും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ചയുമുള്ള സ്ഥലമാണ് അഭികാമ്യം. ചെടിച്ചട്ടികളിലും നടാം. ദിവസവും കൃത്യമായി നനയ്‌ക്കുകയും വളം നല്‍കുകയും ചെയ്താല്‍ റോസ് നന്നായി പുഷ്പിക്കും. ജൈവവളങ്ങളായ കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ഉത്തമം. നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും വെള്ളത്തിലിട്ട് നാലു മുതല്‍ ഏഴു ദിവസം വരെ പുളിപ്പിച്ചത് ഏഴിരട്ടിയോളം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്‍കാം.

രണ്ടോ മൂന്നോ കിലോ നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും അഞ്ച് ലിറ്റര്‍ വെള്ളത്തിലിട്ട് പുളിപ്പിക്കാവുന്നതാണ്. രാസവളം നിര്‍ബന്ധമാണെങ്കില്‍ അധികം കാഠിന്യമില്ലാത്ത റോസ്മിക്‌സ്ചര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെടി ഒന്നിന് ഒരു ടീസ്പൂണ്‍ അളവില്‍ പ്രയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ മാത്രം നല്‍കി തികച്ചും ജൈവ പനിനീര്‍ പുഷ്പം വിടര്‍ത്തിയെടുക്കുന്നവര്‍ ഇന്നുമുണ്ട്. ഇന്നു വിപണിയില്‍ പലതരം പനിനീര്‍ ലഭിക്കാറുണ്ട് എന്നാല്‍ പലതും കൃത്രിമമാണ്. ശുദ്ധമായ പനിനീര്‍ റോസാപ്പുവില്‍ നിന്നു തന്നെ എടുക്കുന്നവരുണ്ട്.

പനീർ നിർമ്മാണം

രാത്രിയില്‍ വിടരാറായ പൂമൊട്ടിനു മേല്‍ നനഞ്ഞ മസ്‌ലിന്‍ തുണി വിടര്‍ത്തിയിടണം. പൂവ് വിടരുന്ന സമയത്ത് പനിനീരിലെ മുഴുവന്‍ സുഗന്ധവും ഈ നനഞ്ഞ തുണിയില്‍ പകര്‍ന്നിരിക്കും. ഈ തുണി പഴിഞ്ഞെടുത്ത് ഏറ്റവും പ്രകൃതിദത്തമായ പനിനീര്‍ സ്വന്തമാക്കാവുന്നതാണ്. ശുദ്ധമായ പനിനീരിനു താരതമ്യേന വലിയ വില ലഭിക്കുന്ന വിപണിയുമുണ്ട്.

ആയുര്‍വേദ ഔഷധങ്ങളിലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നു. ചെടി നന്നായി പൂത്തുതളിര്‍ക്കുവാനായി ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊമ്പ് കോതല്‍ നടത്താം. ഉണങ്ങിയ കമ്പുകളും, രോഗം ബാധിച്ചവയും മുറിച്ചു മാറ്റണം. ആരോഗ്യമുള്ള മുകുളങ്ങളുടെ മുകളിലായി 11.5 സെന്റീമീറ്റര്‍ മുകളില്‍ ചരിച്ചാണ് മുറിക്കേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts