തിരുവനന്തപുരം സ്വദേശിയായ സലാഹുദ്ദീന്റെയും സാവിത്രിയുടെയും ഇളയ മകളായ ശ്രുതി (ഇനിയ) നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്തെത്തുന്നത്. സീരിയല്‍ താരമായ ചേച്ചി സ്വാതിയായിരുന്നു പ്രേരണ. ‘കൂട്ടിലേക്ക്’ എന്ന ടെലിഫിലിമിലായിരുന്നു തുടക്കം. തിരുവനന്തപുരം അമൃത വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഡലിങ് രംഗത്തെത്തി. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ശ്രുതി ‘ഓര്‍മ്മ’, ‘ശ്രീ ഗുരുവായൂരപ്പന്’ തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി. ഒമ്പതില്‍ പഠിക്കുമ്പോള്‍ ഡോ. ബിജു സംവിധാനം ചെയ്ത ‘സൈറ’യില്‍ അവതരിപ്പിച്ച അലീനയെന്ന കഥാപാത്രം ശ്രദ്ധനേടി. ‘സീക്രട്ട് ഫെയ്സ്’ എന്ന ഷോര്‍ട്ട് ഫിലിമും ശ്രദ്ധിക്കപ്പെട്ടു. മിസ് ട്രിവാന്‍ഡ്രം പട്ടം ലഭിച്ചതോടെ ശ്രുതിയെ തേടി നിരവധി പരസ്യചിത്രങ്ങളുമെത്തി. അപ്പോഴാണ് ബോളിവുഡില്‍നിന്നും ആ ക്ഷണം. അനില്‍ കപൂറിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം. പഠനത്തെ ബാധിക്കുമെന്ന കാരണത്താല്‍ അവസരം നിരസിച്ചതില്‍ ഇപ്പോഴുമുണ്ട് നഷ്ടബോധം.
മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്ലസ്ടു പഠനക്കാലത്ത് സംവിധായകന് വിജയകൃഷ്ണന്റെ ‘ദലമര്‍മ്മരങ്ങള്‍’, ‘ഉമ്മ’ എന്നീ ചിത്രങ്ങളിലൂടെ ശ്രുതി മലയാള സിനിമയില്‍ ചുവടുറപ്പിച്ചു. തമിഴിലും മലയാളത്തിലും ഒരുപാട് ശ്രുതിമാരുള്ളതിനാല് നിര്മ്മിഷയെന്ന പേര് സ്വീകരിച്ചു. 2010 ലാണ് തമിഴകത്ത് ചുവടുറപ്പിക്കുന്നത്. ‘പാഠകശാലൈ’, ‘യുദ്ധം ശെയ്യ്’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ലഭിച്ച ശ്രുതിയെ തമിഴകത്തിന്റെ സ്വന്തം ഇനിയയാക്കി മാറ്റുന്നത് സര്‍ഗുണം സംവിധാനം ചെയ്ത ‘വാഗൈ സൂഡ വാ’ എന്ന ചിത്രമാണ്. ചിത്രത്തിലെ ‘മതി’ എന്ന കഥാപാത്രം ഇനിയയെ ദേശീയതലത്തിലും ശ്രദ്ധേയയാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇനിയ ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അവസാന റൗണ്ടില്‍ വിദ്യാ ബാലനൊപ്പമെത്തി.
‘വാഗൈ സൂഡ വാ’യുടെ അര്‍ത്ഥം ‘വിജയം വരിച്ചു വാ’ എന്നാണ്. തന്റെ ജീവിതത്തിലും സിനിമയുടെ ആ പേര് അര്‍ത്ഥവത്തായെന്ന് ഇനിയ പറയുന്നു. ”ഇനിയ എന്ന പേര് തന്നതും സംവിധായകന് സര്‍ഗുണമാണ്. ‘കലാവാണി’ എന്ന ചിത്രത്തിനുശേഷം അദ്ദേഹത്തിന്റെ മാനേജറാണ് എന്റെ ചില ഫോട്ടോകള്‍ കണ്ട് അമ്മയെ ഫോണില്‍ ബന്ധപ്പെടുന്നത്. ഓഡിഷന് ചെല്ലാന്‍ പറഞ്ഞു. എനിക്ക് ഓഡിഷനിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. അന്ന് തമിഴും കാര്യമായി അറിയില്ല. എങ്കിലും പോയി. മേക്കപ്പ് ഒക്കെ ഇട്ട് തനി ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ ലുക്ക് ആയി. വൈകിട്ട് പറയാമെന്നു പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെയാണ് മടങ്ങിയത്. എന്നാല്‍ അന്ന് വൈകിട്ട് അമ്മയെ വിളിച്ച് എന്നെ തെരഞ്ഞെടുത്തുവെന്നു പറഞ്ഞു. ‘വാഗൈ സൂഡ വാ’ നേടിത്തന്ന അംഗീകാരം അപ്രതീക്ഷിതമായിരുന്നു. ഭാരതിരാജ സാറടക്കമുള്ളവര്‍ അഭിനന്ദിച്ചത് മറക്കാനാവില്ല.”- ഇനിയ പറയുന്നു.
‘സ്വര്‍ണകടുവ’, ‘ആകാശ മിഠായി’, ‘പുത്തന്‍പണം’ എന്നീ മലയാള സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ‘പരോളി’ലേക്ക് വിളിയെത്തുന്നത്. ”പുത്തന്‍പണത്തില്‍ അഭിനയിച്ചുവെങ്കിലും മമ്മൂട്ടിയുടെ ജോടി അല്ലായിരുന്നു. പ്രൊഡക്ഷനില്‍ നിന്നാണ് ‘പരോളില്‍’ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണമെന്നു പറഞ്ഞ് വിളിക്കുന്നത്. ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്ന് കരുതി ഞാനാദ്യം കോള്‍ കട്ട് ചെയ്തു. വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. വന്ന നമ്പരില്‍ ഒന്നുകൂടി വിളിച്ചു വിശദവിവരങ്ങള്‍ തിരക്കി. അപ്പോഴും സംശയം മാറിയിരുന്നില്ല. ഇതിനിടെ മമ്മൂക്കയുടെ മാനേജര്‍ ജോര്ജേട്ടന് വിളിച്ചു. തുടര്‍ന്ന് സംവിധായകന് ശരതും വിളിച്ചു.
ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യ ആനി എന്ന അച്ചായത്തി പെണ്‍കുട്ടിയാണ്. ഒരു കുട്ടിയുടെ അമ്മയായുള്ള, പിടിവാശിയൊക്കെയുള്ള ഒരു നല്ല കഥാപാത്രം.”
അമ്മ വേഷം പോലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മടിയൊന്നുമില്ലെന്ന് ഇനിയ പറയുന്നു. ”എവര്‍ഗ്രീന്‍ ഹീറോയിനാവണമെന്നോ സ്റ്റൈലിഷ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നോ ഒന്നും ആഗഹമില്ല. ഒരു അഭിനേത്രിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം. അതുകൊണ്ടാണ് മലയാളത്തില്‍ വളരെക്കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്നത്. സെലക്ടീവ് ആയാണ് സിനിമകള്‍ ചെയ്യുന്നത്.”
തമിഴിലും മലയാളത്തിലും അഭിനയിക്കുമ്പോഴും മലയാളത്തോടുതന്നെയാണ് ആത്മബന്ധമെന്ന് ഇനിയ പറയുന്നു. ”മലയാളത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിന് വന്നാല്‍ വേര്‍പിരിഞ്ഞു പോകുമ്പോള്‍ വല്ലാത്ത വിഷമമാണ്. ഒരൊറ്റ ഷെഡ്യൂളില്‍ ഒരു കുടുംബാന്തരീക്ഷത്തിലാണ് മലയാള സിനിമകള്‍ എടുക്കുന്നത്. എല്ലാവര്ക്കും തമ്മില്‍ വല്ലാത്ത ഒരു അടുപ്പം സിനിമ കഴിയുമ്പോള്‍ ഉണ്ടാവും.”
നടിയായില്ലെങ്കില്‍ നര്ത്തകിയാവുമായിരുന്നുവെന്നാണ് ഇനിയയുടെ പക്ഷം. ”ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമാറ്റിക് ഡാന്‍സും അഭ്യസിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ക്ക് അത് അനിവാര്യമാണ്. ബാഡ്മിന്റണും ഡ്രൈവിങ്ങുമാണ് മറ്റ് വിനോദങ്ങള്‍. സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ ചെന്നൈ റോക്കേഴ്സിനുവേണ്ടി പങ്കെടുത്തിരുന്നു.”
മലയാളത്തില്‍ ഈ വര്‍ഷം ഇനിയ സജീവമായുണ്ടാകും. മൂന്നു ചിത്രങ്ങള്‍ ഉറപ്പായികഴിഞ്ഞു. തമിഴില്‍ നടന് ഭരത് നായകനായ ‘പൊട്ട്’ ഉടന്‍ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: