പാസ്റ്റുറല്ല അണുബാധ: വാക്സിന്‍ മൃഗാശുപത്രികളില്‍ ലഭിക്കും
ആലപ്പുഴ: ചെറുതന പഞ്ചായത്തില്‍ താറാവുകള്‍ക്ക് പാസ്റ്റുറല്ല, റൈമെറുല്ല എന്നീ അണുബാധ മൂലമുള്ള രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകളും രോഗം ചെറുക്കുന്നതിനുള്ള പാസ്ചെറുല്ല വാക്സിനും മൃഗാശുപത്രികളില്‍ ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
അതിനിടെ വാക്‌സിന്‍ ലഭിക്കാതെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ താറാവ് കര്‍ഷകന്‍ ചെറുതന ആയാപറമ്പ് താനക്കണ്ടത്തില്‍ ദേവരാജന്‍ ഇന്നലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലെത്തി. ഈയാളുടെ 3500 ഓളം താറാവുകളാണ് ചത്തത്. നോക്കി നില്‍കെ വായില്‍ നിന്നും പതയും നുരയും വന്ന് കുഴഞ്ഞു വീഴുകയും ചാകുകയുമായിരുന്നെന്ന് ദേവരാജന്‍ പറഞ്ഞു.
രണ്ടോ മൂന്നോ താറാവുകള്‍ മാത്രമാണ് ചത്തതെന്നും കണക്കുകകള്‍ പെരുപ്പിച്ച് പറയുകയാണെന്നും അധികൃതര്‍ ആക്ഷേപിച്ച സാഹചര്യത്തിലാണ് ചത്ത താറാവുകളെ കൂട്ടത്തോടെ വാഹനത്തില്‍ ഇവിടെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി വാക്‌സിനുകള്‍ ലഭ്യമാക്കാമെന്നും പ്രതിരോധ മരുന്നുകള്‍ നല്‍കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ദേവരാജന്‍ തയ്യാറായത്.
















