എന്തിനായിരുന്നു അടിയന്തരാവസ്ഥയിലെ അധികാരികളുടെ കിങ്കരന്മാര് അതുചെയ്തത്. ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും അറിയാത്ത കാര്യം സമ്മതിക്കില്ലെന്നും, അവര്‍ ഒരു വിശിഷ്ട വ്യക്തിയാണെന്ന് അറിയാമായിരുന്നിട്ടും. ഒരു സ്ത്രീഭരണാധികാരിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അറിയാമായിരുന്നിരിക്കണം, പോലസ് കസ്റ്റഡിയിലായിരുന്ന സ്നേഹലത റെഡ്ഡിയെ. എന്നിട്ടും…
ആരായിരുന്നു സ്നേഹലതാ റെഡ്ഡി? ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1970 ലെ ദേശീയ അവാര്‍ഡുനേടിയ ‘സംസ്കാര’ എന്ന വിഖ്യാത കന്നഡസിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രി ..മദ്രാസ് പ്ലെയേഴ്സ് എന്ന നാടകസംഘത്തിലൂടെ ഇബ്സന്റെ ‘പീര്‍ ഗിന്തി’നും വില്യം ഷേക്സ്പിയറുടെ ‘ട്വല്‍ത്ത് നൈറ്റി’നും ടെന്നസി വില്യംസിന്റെ ‘നൈറ്റ് ഓഫ് ഇഗ്വാന’യ്ക്കുമെല്ലാം ഇന്ത്യന്‍ രൂപം നല്കിയ കലാകാരി. സമാന്തര സിനിമകളുടെ തലതൊട്ടപ്പന് എന്നറിയപ്പെടുന്ന പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യ. സ്നേഹലതയുടെ വ്യക്തിത്വമാകുന്ന തീജ്വാലകളെ സംരക്ഷിച്ചു നിര്‍ത്തുന്ന തണലായിരുന്നു എന്നും പട്ടാഭി രാമറെഡ്ഡി.
ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതുകൊണ്ട് പ്രദര്‍ശനം വിലക്കപ്പെട്ട ‘സംസ്കാര’ (നോവല്‍ രചന: യു.ആര്. അനന്തമൂര്‍ത്തി, സിനിമയാക്കയത്: പട്ടാഭിരാമ റെഡ്ഡി, മുഖ്യ നടന്: ഗിരീഷ് കാസറവള്ളി, നടി: സ്നേഹലത റെഡ്ഡി) പിന്നീട് വെളിച്ചം കണ്ടതും 1970 ല്‍ രാജ്യത്തെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയതും കന്നടയിലെ സമാന്തര സിനിമാപ്രസ്ഥാനത്തിനു നാന്ദി കുറിച്ചതും ചരിത്രം..
യാതനകള്‍ നിറഞ്ഞ ഒരു ബാല്യം അനുഭവിച്ച സ്നേഹലതയ്ക്ക് സമൂഹത്തിന്റെ വ്യാകുലതകള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അവര്‍ എല്ലാവരെയും സ്നേഹിക്കുകയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്രൂരതയെയും അനീതിയെയും എതിര്‍ക്കുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയോട് കാര്യമായ ബഹുമാനം പ്രകടിപ്പിക്കാതിരുന്ന അവര്‍ വിവേചനങ്ങള്‍ക്കെതിരെയുള്ള നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. …
ആ സ്നേഹലതാ റെഡ്ഡി അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൗഹൃദമായിരുന്നു കാരണം. അറസ്റ്റ് വാറണ്ടുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഒളിപ്പിച്ചവരെന്നു സംശയിച്ചവരിലെ പേരുകാരില്‍ ഒരാളായിരുന്നു സ്നേഹലത. ഫെര്‍ണാണ്ടസിനെ സ്നേഹലത ഒളിപ്പിച്ചെന്നു പോലീസ് ഉറച്ചു വിശ്വസിച്ചു.
അറസ്റ്റ്ചെയ്ത് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച സ്നേഹലതയെ രാത്രിയും പകലും മുഴുവന്‍ നിരന്തരം ചോദ്യംചെയ്തു. അന്ന് മറ്റൊരു സെല്ലില്‍ അതേ ജയിലില്‍ കഴിഞ്ഞ മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷനുമായിരുന്ന മധു ദന്തവാദേ കുറിച്ചു:
”..എല്ലാ രാത്രികളിലും ജയിലില്‍ സ്നേഹലതാ റെഡ്ഡിയുടെ നിലവിളി കേള്‍ക്കാമായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു…”
അതിക്രൂരമായാണ് പോലീസ് സ്നേഹലതയെ ചോദ്യംചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു ..
സ്നേഹലതയുടെ മോചനം ആവശ്യപ്പെട്ട് ഏതാനും സാംസ്കാരികനായകര്‍ ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടപ്പോള്‍, സ്നേഹലതയ്ക്ക് ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ എത്ര ക്രൂരമായി ചോദ്യംചെയ്തിട്ടും, എത്ര അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍ പോലീസ് ഫയല്‍ചെയ്ത കുറ്റപത്രത്തില്‍ സ്നേഹലതയുടെ പേരുപോലും ഉണ്ടായിരുന്നില്ല!!
നിരന്തരമായ ജയില്‍പീഡനത്തെത്തുടര്‍ന്ന് സ്നേഹലത അവശനിലയിലായി. ഒരു കുറ്റവും ചുമത്താനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചതുമില്ല. തീര്‍ത്തും ഗുരുതരനിലയിലായ സ്നേഹലതാ റെഡ്ഡിയെ 1977 ജനുവരി 15 നു പോലീസ് പരോളില്‍ വിട്ടയച്ചു. അഞ്ചു ദിവസം കഴിഞ്ഞു ജനുവരി ഇരുപതിന് സ്നേഹലത മരിച്ചു. മരിക്കുമ്പോള്‍ പത്തും എട്ടും വയസുള്ള രണ്ടു മക്കളുടെ അമ്മയായിരുന്നു നാല്പ്പത്തിയഞ്ചുകാരിയായ സ്നേഹലത.
ഫാസിസത്തിന്റെ വേട്ടപ്പട്ടികളുടെ ഓരോ മര്‍ദ്ദനദിനങ്ങള്‍ക്ക്ശേഷവും വേദന വിട്ടുപോകുംമുന്‍പ്, ഉറക്കംകിട്ടാതെ സ്നേഹലത ജയിലിലിരുന്നു ചെറു കുറിപ്പുകള്‍ എഴുതി. ആ കുറിപ്പുകള്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ ഒരു കുറിപ്പില്‍നിന്ന്:
”..അനാവശ്യമായ അവഹേളനങ്ങള്‍കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത് .അത് നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കുകയെയുള്ളൂ. ഒരു സ്ത്രീയെ അപമാനിച്ചതുകൊണ്ട് നിങ്ങള്‍ക്ക് വിപരീത സംതൃപ്തിയെ കിട്ടുകയുള്ളൂ. നിങ്ങള്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സത്യത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതല്‍ ബാലവത്താക്കുക മാത്രമാണ് ഈ പീഡനങ്ങള്‍ ചെയ്യുന്നത്. എന്റെ ശരീരം നിങ്ങളുടെ കൊടും പീഡനത്തില്‍ തകര്‍ന്നു വീണേക്കാം. എന്നാല്‍ എന്റെ മനസിനെ, മനുഷ്യനെന്ന ബോധത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.. ‘
സ്നേഹലത റെഡ്ഡിയെ ജയിലില്‍ കാണാന്‍ അനുമതി ലഭിച്ച മകള്‍ നന്ദന റെഡ്ഡി പിന്നീട് എഴുതി ..’എനിക്കുനേേര തിരിഞ്ഞ അമ്മ കുലീനയായിരുന്നെങ്കിലും അവരുടെ മനോഹരമായ കണ്ണുകളില്‍ നിന്ന് വേദനയും ദുഃഖവും വായിച്ചെടുക്കാമായിരുന്നു. ഒന്നും സംസാരിക്കാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഞാന്‍ കുറച്ചു നേരം എന്റെ അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു. ഞാന്‍ എത്രമാത്രം കെട്ടിപ്പിടിക്കുന്നോ അത്രമാത്രം ഞങ്ങളെ അകറ്റാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അപ്പോഴേക്കും അമ്മയെ തിരികെ കൊണ്ടുപോകാനായി പോലീസ് എത്തി. ആ വാതിലുകള്‍ അടഞ്ഞതോടെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയായിരുന്നു ‘..
സ്നേഹലത അഭിനയിച്ച ‘സോനേ കന്‍സാരി’ എന്ന സിനിമ മരണശേഷമാണ് പുറത്തുവന്നത് .അതിലെ സ്നേഹലതയുടെ അഭിനയം ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ഉന്നതമായ പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത് …..
ഒരു രാജ്യമെന്ന നിലയില്‍, ഒരു നിയമവ്യവസ്തയെന്ന നിലയില്‍, മഹത്തായ പാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യത്തില്‍, തെറ്റായ വഴിയിലൂടെ അധികാരത്തിലെത്തിയ മുന്‍ ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍, എങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്കൃതരായതെന്നു അക്കാലത്ത് സ്നേഹലതയെപ്പോലെ ആയിരങ്ങള്‍ അനുഭവിച്ച കൊടും പീഡനങ്ങളും കൊലപാതകങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: