സന്തോഷ് ട്രോഫി ഫുട്ബോള്‍ എന്നും മലയാളികള്‍ക്ക് ഒരു വികാരമാണ്. ആ വികാരത്തെയാണ് കഴിഞ്ഞ ദിവസത്തെ കിരീട വിജയത്തോടെ കേരളത്തിന്റെ കുട്ടികള്‍ തൊട്ടുണര്‍ത്തിയത്. അനിവാര്യമായ സമയത്തായിരുന്നു അതെന്നത് ആറാം ചാമ്പ്യന്‍ പട്ടത്തിന്റെ തിളക്കം കൂട്ടുന്നു; അതും പരാജയമറിയാതെയുള്ള കിരീടധാരണം. രാഹുല്‍ വി. രാജ് നയിച്ച ടീമിനും, രണ്ടു സ്പോട് കിക്കുകള്‍ തടഞ്ഞിട്ട് ഫൈനലിലെ ഹീറോയായ ഗോള്‍ കീപ്പര്‍ വി. മിഥുനും, അവരെ ഒരുക്കിയിറക്കിയ കോച്ച് സതീവന്‍ ബാലനും അഭിനന്ദനങ്ങള്‍!
ഫൈനല്‍ വിജയം ഷൂട്ടൗട്ടിലായിരുന്നു എന്നത് നേട്ടത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. എതിരാളികള്‍ ബംഗാള്‍ ആയിരുന്നു എന്നത് മാറ്റുകൂട്ടുന്നുണ്ടുതാനും. അവരുടെ ഫുട്ബോള്‍ തലസ്ഥാനമായ കൊല്ക്കത്തയില്വച്ചുതന്നെ നേടിയ ജയത്തിനു പിന്നെയും കൊടുക്കണം മാര്‍ക്ക്. കീഴടക്കാനാവാത്ത മഹാമേരുവായി ബംഗാള്‍ നമുക്കുമുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന കാലമുണ്ടായിരുന്നു. അവര്‍ക്കെതിരെ ഒരു ഗോളടിക്കുന്നതുപോലും വലിയ സംഭവമായിരുന്ന കാലം. ആ പഴയകാലം മനസ്സിലുള്ളവര്‍ക്ക് ഈ വിജയം ഒരുതരം പകപോക്കലിന്റെ സുഖം നല്‍കും. കളിക്കാര്‍ക്ക് ഈ ജയം നല്കുന്ന ആത്മവിശ്വാസവും ചെറുതല്ല.
അന്നത്തെ സന്തോഷ് ട്രോഫിയല്ല ഇന്നത്തേത് എന്നത് ശരിതന്നെ. വളര്‍ന്നുവരുന്ന യുവനിരയുടെ പോരാട്ടവേദിയാണ് ഇന്ന് സന്തോഷ്ട്രോഫി. വളര്‍ച്ചയെത്തിയ താരങ്ങളുടെ പോരാട്ടവേദിയല്ല അത്. അതുകൊണ്ടുതന്നെ, ഐഎസ്എല്‍, ഐ ലീഗ് എന്നിവയുടെ നിലവാരം സന്തോഷ് ട്രോഫിക്ക് ഉണ്ടാവുകയുമില്ല. പക്ഷേ, അവിടെയാണ് അതിന്റെ പ്രസക്തി. നാളെയുടെ താരങ്ങള്‍ വിരിയുന്ന പൂന്തോപ്പാണ് ഇന്ന് ഈ ചാമ്പ്യന്‍ഷിപ്പ്. സൂക്ഷ്മദൃഷ്ടിയോടെ കളിക്കാരെ നിരീക്ഷിക്കേണ്ട വേദി. ആ ചുമതല ഫുട്ബോള്‍ സംഘടനയാണ് ഏറ്റെടുക്കേണ്ടത്. ആരാധകര്‍ ആവേശവും വികാരവും കൊള്ളട്ടെ. കളിയെ നിയന്ത്രിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ണു തുറന്ന് നോക്കിക്കാണേണ്ടത് ഭാവിയിലേക്ക് കരുതിവയ്ക്കാവുന്ന മികവുള്ള കളിക്കാരെയാണ്. സെലക്ഷന് മത്സരമായിക്കൂടി ഈ ചാമ്പ്യന്‍ഷിപ്പിനെ കാണണമെന്ന് ചുരുക്കം.
ആരാധകരുടെ മനസ്സ് പ്രാദേശിക ചിന്തയ്ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു എന്നതാണ് കേരള ഫുടബോളിന്റെ ഏറ്റവും വലിയ നേട്ടം. നാളെ ഈ കുട്ടികളെ ഐഎസ്എല്ലിലോ ഐ ലീഗിലോ കളിക്കുന്ന മറുനാടന്‍ ക്ലബ്ബ് ടീമുകളില്‍ കണ്ടാലും അവര്‍ അവരെ നെഞ്ചോട് ചേര്‍ക്കും.
ബംഗാള്‍ ഫുട്ബോളിന്റെ പതനത്തിന്റെ ചിത്രം കൂടിയുണ്ട് അവരുടെ ഈ തോല്‍വിയില്‍. ഭൂരിഭാഗവും ആളൊഴിഞ്ഞ ഗാലറികള്‍ക്ക് മുന്നിലായിരുന്നു ഫൈനല്‍ മത്സരം പോലും. അങ്ങനെ ബംഗാളും കൈവിട്ട ഇന്ത്യന്‍ ഫുട്ബോളിനെ കേരളം ഇന്നും താലോലിക്കുന്നെങ്കില്‍, ഇന്ത്യയുടെ ഫുട്ബോള്‍ തലസ്ഥാനം ഇനി എവിടെ വേണമെന്ന് കളി ഭരിക്കുന്നവര്‍ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അവിടെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ പ്രസക്തിയേറുന്നു. കളിക്കാരെ ചടങ്ങിന് അനുമോദിക്കുന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കരുത്. ഭാവിയിലെ മികവിലേക്ക് അവരെ ദിശാബോധം നല്കി നയിക്കണം. അവര്‍ക്കു പിന്നാലെ പുതുനിരയെ ഒരുക്കിക്കൊണ്ടുവരണം. ഇവരുടെ നേട്ടത്തിലൂടെ കേരളത്തിന്റെ ഫുട്ബോള്‍ പ്രേമവും പാരമ്പര്യവും ആദരിക്കപ്പെടണം. അതായിരിക്കും ഈ ചാമ്പ്യന്മാര്ക്കു നല്കാവുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: